SignIn
Kerala Kaumudi Online
Thursday, 25 April 2024 5.40 PM IST

വിദേശമെഡിക്കൽ പഠനം; ഫീസായി ഒഴുകുന്നത് 45,000കോടി പഠിക്കണം, നാട്ടിൽ ...!

medical-education

യുക്രെയിൻ അനുഭവം പാഠമാക്കി മെഡിക്കൽ വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ രാജ്യത്ത് പുതിയ നയം വന്നേക്കും. ഒരു ഡസനോളം രാജ്യങ്ങളിൽ നമ്മുടെ കുട്ടികൾ എം.ബി.ബി.എസ് പഠിക്കുന്നുണ്ട്. സീറ്റ് കുറവായതിനാൽ ഇവിടെ പ്രവേശനം ലഭിക്കാത്തതും കുറഞ്ഞ ഫീസുമാണ് കാരണം. അനൗദ്യോഗിക കണക്കനുസരിച്ച് പ്രതിവർഷം 45,000 കോടി രൂപ വിദേശപഠനത്തിന് ഫീസായി ചെലവിടുന്നു. യുക്രെയിനിൽ മാത്രം 18,000 വിദ്യാർത്ഥികളുണ്ട്. അയ്യായിരത്തോളം മലയാളികളും. ആറുവർഷത്തെ എം.ബി.ബി.എസ് പഠനത്തിനുശേഷം, അതികഠിനമായ യോഗ്യതാപരീക്ഷ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേ​റ്റ് എക്സാം) വിജയിച്ചാലേ രാജ്യത്ത് പ്രാക്ടീസ് ചെയ്യാനാവൂ.

ഭാഷയും കാലാവസ്ഥയുമടക്കം പ്രതികൂല സാഹചര്യങ്ങൾ വകവയ്ക്കാതെയാണ് കുട്ടികൾ അന്യരാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന് പോവുന്നത്. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 6.55 ലക്ഷം മുതൽ 7.65ലക്ഷം വരെയാണ് ഫീസ്. 86,600 വരെ സ്‌പെഷ്യൽ ഫീസും മറ്റ് നിരവധി ഫീസുകളുമുണ്ട്. രാജ്യത്ത് മറ്റിടങ്ങളിൽ പത്തുലക്ഷവും അതിനു മുകളിലുമാണ് ഫീസ്. ഒരു കോടിയോളം മുടക്കിയാലേ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാനാവൂ. യുക്രെയിനിൽ രണ്ടര മുതൽ നാല് ലക്ഷം രൂപ വരെയാണ് ഫീസ്. ആറുവർഷത്തെ കോഴ്സ് 15 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കാനാവും. മൗറീഷ്യസിലും നെതർലൻഡ്സിലും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാൻ 50–55 ലക്ഷം രൂപയാവും. എന്നാൽ കുറഞ്ഞ ട്യൂഷൻ ഫീസ് , ലളിതമായ പ്രവേശന പ്രക്രിയ, കുറഞ്ഞ ജീവിതച്ചെലവ്, മികച്ച വിദ്യാഭ്യാസ നിലവാരം തുടങ്ങിയ ഘടകങ്ങളാണ് യുക്രെയിനിലേക്ക് കുട്ടികളെ ആകർഷിക്കുന്നത്. പത്തുവർഷത്തിനിടെയാണ് ഏറ്റവുമധികം കുട്ടികൾ യുക്രെയിനിൽ പഠിക്കാനെത്തിയത്.

രാജ്യത്ത് പഠനസൗകര്യം കുറവായതാണ് കുട്ടികളെ വിദേശപഠനത്തിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എഴുതിയത് 15ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ്. ആകെയുള്ള എം.ബി.ബി.എസ് സീ​റ്റ് 88,120. ഇതിൽ 313 സർക്കാർ സ്ഥാപനങ്ങളിലാണ് 50,00ത്തോളം സീ​റ്റുകൾ. നീറ്റ് യോഗ്യത നേടി സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിന് പോവുന്നു. റഷ്യ, ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഫീസ്, താമസം, യാത്ര ചെലവുകളെല്ലാം അടക്കം 25ലക്ഷം രൂപയ്ക്കുള്ളിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാനാവും. ഇതിലും കുറഞ്ഞ ചെലവും അവിടത്തെ യൂറോപ്യൻ സംസ്കാരവുമാണ് യുക്രെയിനിലേക്ക് കുട്ടികളെ ആകർഷിക്കുന്നത്. 33 മെഡിക്കൽ സർവകലാശാലകളാണ് അവിടെയുള്ളത്. ഖാർകിവ്, ഒഡേസ, കൈവ് , വിന്നിറ്റ്‌സ തുടങ്ങിയവ ആഗോള പ്രശസ്തമായ സർവകലാശാലകളാണ്. യുക്രെയിനിൽ പഠിച്ചിറങ്ങിയ നാലായിരത്തോളം പേർ ഇന്ത്യയിലെ യോഗ്യതാ പരീക്ഷയെഴുതുന്നുണ്ട്. ചൈന, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലും മെഡിക്കൽ പഠനത്തിനായി നമ്മുടെ കുട്ടികൾ പോവുന്നുണ്ട്.

വരട്ടെ കൂടുതൽ കോളേജുകൾ

മെഡിക്കൽ വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമൊരുക്കുന്ന നയം സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ചിട്ടുണ്ട്. സ്വകാര്യമേഖലയിൽ മികച്ച സ്ഥാപനങ്ങളുണ്ടായാലേ ആരോഗ്യവിദഗ്ദ്ധരെ കൂടുതലായി സൃഷ്ടിക്കാനാവൂ എന്നും സ്ഥാപനങ്ങൾക്കായി സ്ഥലം അനുവദിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണമെന്നുമാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ഇതിനോട് ചേർന്നുനിൽക്കുന്ന നയമാണ് സംസ്ഥാനത്തിനും. ഒരു പതിറ്റാണ്ടോളമായി തുടരുന്ന അതിശക്തമായ എതിർപ്പ് മാറ്റിവച്ച്, സംസ്ഥാനത്ത് സ്വകാര്യസർവകലാശാലകൾ ആരംഭിക്കുന്നതിന് അനുമതി നൽകുന്നതിനെക്കുറിച്ച് സർക്കാർ പഠിക്കുകയാണിപ്പോൾ. സ്വയംഭരണ പദവിയുള്ള രാജഗിരി കോളജ് ഒഫ് സോഷ്യൽ സയൻസ് കൽപിത സർവകലാശാലയാക്കാൻ അനുമതി തേടിയതിനു പിന്നാലെ ഡൽഹിയിലെ അമിറ്റി ഗ്രൂപ്പ്, ഒരു അതിരൂപത, ഗൾഫിലെ വിദ്യാഭ്യാസ ഗ്രൂപ്പ്, കർണാടകത്തിലെ സർവകലാശാല എന്നിവർ സ്വകാര്യസർവകലാശാലയ്ക്കായി രംഗത്തുണ്ട്.

എന്നാൽ ഇവിടുത്തെ താങ്ങാനാവാത്ത ഫീസാണ് കുട്ടികളെ അകറ്റുന്ന പ്രധാന ഘടകം. പഠനത്തിനു കുട്ടികൾ വിദേശരാജ്യത്തേക്കു പോകുന്നതിലൂടെ കോടികളുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സ്വകാര്യ സംരംഭകർക്ക് ഈ മേഖലയിൽ വലിയ രീതിയിൽ ഇടപെടാൻ സാധിക്കും. ഭാഷ പ്രശ്നമായിട്ടും ചെറുരാജ്യങ്ങളിലേക്ക് കുട്ടികൾ പഠനത്തിന് പോവുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വിദേശത്ത് നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് യോജിച്ച പാക്കേജുകൾ പഠനത്തിനായി തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. ഫീസ്, താമസം, ഭക്ഷണം, ഇൻഷുറൻസ്, മറ്റ് സൗകര്യങ്ങൾ എല്ലാം ചേർന്ന് ഒറ്റപാക്കേജായി നൽകുന്ന സർവകലാശാലകളുമുണ്ട്.

കണ്ടുപഠിക്കാം തമിഴ്നാടിനെ

നാലായിരം കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകളാണ് തിമിഴ്നാട്ടിൽ അടുത്തിടെ ആരംഭിച്ചത്. വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ലുക്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. ഇവിടങ്ങളിൽ 1450 എം.ബി.ബി.എസ് സീറ്റുകൾ അധികമായി കിട്ടും. ആകെ ചെലവിൽ 2145 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി തുക തമിഴ്നാട് സർക്കാരുമാണ് നൽകിയത്. താങ്ങാനാവുന്ന മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ കോളേജുകൾ. ജില്ലാ, റഫറൽ ആശുപത്രികളോട് ചേർന്ന് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഗുണമാണ് തമിഴ്നാട്ടിൽ കണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICAL EDUCATION ABROAD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.