SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.06 AM IST

നൃൂനപക്ഷ വിഭാഗ സ്‌കോളർഷിപ്പും ഹൈക്കോടതി ഉത്തരവും

hc

കേരള സർക്കാർ 2015 ൽ ഇറക്കിയ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് കം മീൻസ് ( മികവിന്റെ അടിസ്ഥാനത്തിലും വരുമാന പിന്നാക്കാവസ്ഥയും പരിഗണിച്ച് ) സ്‌കോളർഷിപ്പ് ഉത്തരവ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദു ചെയ്തു. സർക്കാർ ഉത്തരവനുസരിച്ച് 80ശതമാനം സ്‌കോളർഷിപ്പ് മുസ്ലിം വിദ്യാർത്ഥികൾക്കും 20ശതമാനം ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട ലാറ്റിൻ പരിവർത്തിത വിഭാഗത്തിനും നൽകണം. അതാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഹൈക്കോടതി ഉത്തരവിൽ കണ്ടെത്തിയ കാരണങ്ങൾ ഇവയാണ്.

1) സർക്കാർ ഉത്തരവ് ഭരണഘടനയുടെ അനുഛേദം 14 ലെ തുല്യത നിയമത്തിന്റെ ലംഘനമാണ്.

2) ഭരണഘടന അനുഛേദം 15 ലെ മതവിഭാഗങ്ങൾ തമ്മിൽ വിവേചനപരമായി വേർതിരിവ് പാടില്ലെന്ന തത്വത്തിന്റെ ലംഘനമാണ്.

3) ഭരണഘടനയുടെ അനുഛേദം 29 ൽ പറയുന്ന സർക്കാർ നൃൂനപക്ഷങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ വിവേചനം പാടില്ലെന്ന തത്വത്തിന്റെ ലംഘനം.

4) എന്തുകൊണ്ട് 80ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ലാറ്റിൻ പരിവർത്തിത വിഭാഗത്തിനും എന്നതിന് യുക്തിസഹമായ പിൻബലമില്ല. ജനസംഖ്യാടിസ്ഥാനത്തിലായിരുന്നു ഈ അനുപാതം നിശ്ചയിക്കേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. അതിനായി 2015 ൽ ന്യൂനപക്ഷ കമ്മിഷൻ അവലംബിച്ച ജനസംഖ്യ കണക്ക് പരിശോധിക്കണമായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

2015 ലെ സർക്കാർ ഉത്തരവ് 2011 ലെ സർക്കാർ ഉത്തരവിന്റ തുടർച്ചയാണ്. 2011 ലെ ഉത്തരവിലാണ് സ്‌കോളർഷിപ്പ് വിതരണത്തിൽ 80ശതമാനം മുസ്ലിം വിഭാഗത്തിനും 20ശതമാനം ലാറ്റിൻ പരിവർത്തിത വിഭാഗത്തിനും നൽകാൻ ഉത്തരവാകുന്നത്. അതുതന്നെ 2015 ലെ ഉത്തരവിലും പിന്തുടർന്നു.

ചരിത്രം

2005 ൽ കേന്ദ്ര സർക്കാർ ജസ്റ്റിസ് രജീന്ദർ സച്ചാറിന്റ നേതൃത്വത്തിൽ ഏഴംഗ കമ്മിറ്റിയെ ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന്റ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹ്യ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിച്ചു. മുസ്ലിം സമുദായത്തിന്റ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും പദ്ധതികളും സർക്കാർ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്മിറ്റിയെ നിയോഗിച്ചത്.

കമ്മിറ്റി ഒന്നരവർഷത്തെ പഠനത്തിന് ശേഷം 2006 ൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ ഉള്ളടക്കം ഇന്ത്യയിലെ മുസ്ലിംങ്ങൾ ജനസംഖ്യയിൽ 13.4ശതമാനം വരുമെന്നും പട്ടികജാതി പട്ടികവർഗ വിഭാഗത്തെക്കാൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നിലാണെന്നുമാണ്. ഏഴെട്ട് മേഖലകളിൽ കാതലായ പരിവർത്തനങ്ങൾ നടത്തുന്നതിനായി പദ്ധതികൾ നടപ്പിലാക്കാനും നിർദ്ദേശിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. അന്നത്തെ ഇടതുപക്ഷ സർക്കാർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ മാർഗനിർദ്ദേശം സമർപ്പിക്കാനായി അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദുകുട്ടിയുടെ നേതൃത്വത്തിൽ 2007ൽ കമ്മിറ്റിയെ നിയോഗിച്ചു. പാലൊളി കമ്മിറ്റി 2008 ൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനും അതിനായി പത്ത് നിർദ്ദേശങ്ങളും അടങ്ങിയ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് നൽകണമെന്ന് നിർദ്ദേശിച്ചു. അതംഗീകരിച്ച് 2011 ൽ സർക്കാർ ഉത്തരവിറക്കി. എന്നാൽ പ്രസ്തുത ഉത്തരവിൽ 80ശതമാനം സ്‌കോളർഷിപ്പ് മുസ്ലിം വിഭാഗത്തിനും 20 ശതമാനം ലാറ്റിൻ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിനും നൽകാൻ നിർദേശിച്ചു.

സത്യത്തിൽ ഈ ഉത്തരവിൽ അടിസ്ഥാന പിശകുണ്ട്. അതായത് പാലൊളി കമ്മിറ്റിയെ നിയമിച്ചത് മുസ്ലിം വിഭാഗത്തിന്റ ഉന്നമനത്തിനായി നിർദ്ദേശങ്ങൾ സമർപ്പിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ പ്രായോഗിക നിർദേശങ്ങൾ പഠിച്ചു സമർപ്പിക്കാനാണ്. പാലൊളി കമ്മിറ്റി നിർദേശിച്ചതും സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനാണ്. അതിനായി പത്ത് നിർദ്ദേശങ്ങളും സമർപ്പിച്ചു. തുടർന്നുള്ള 2011 ലെ ഉത്തരവിൽ എങ്ങനെയാണ് മറ്റ് ന്യൂനപക്ഷ വിഭാഗമായ ലാറ്റിൻ പരിവർത്തിത ക്രിസ്ത്യൻ വിഭാഗം കടന്നുവരുന്നത് ?​ അങ്ങനെയൊരു നിർദ്ദേശം പാലൊളി കമ്മിറ്റി നൽകിയിട്ടില്ല. 20 ശതമാനം അനുപാതം ലാറ്റിൻ പരിവർത്തിത വിഭാഗത്തിന് നൽകേണ്ട സാഹചര്യവുമുണ്ടായിരുന്നില്ല. 100ശതമാനം സ്‌കോളർഷിപ്പ് ആനുകൂല്യവും മുസ്ലിം വിഭാഗത്തിനാണ് നൽകേണ്ടത്. അതാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ പാലൊളി കമ്മിറ്റി നിർദേശിച്ചതും. ലാറ്റിൻ പരിവർത്തിത വിഭാഗത്തിന് പ്രത്യേക ആനുകൂല്യം നൽകണമെങ്കിൽ അവരുടെ ജനസംഖ്യാനുപാതവും സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയും പഠിച്ച് റിപ്പോർട്ട് നൽകാനായി കമ്മിറ്റിയെ നിയോഗിക്കണം. ആ റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ വേണമായിരുന്നു ആനുകൂല്യം നൽകേണ്ടത്. അല്ലാതെ മുസ്ലിം വിഭാഗത്തിനായി പുറപ്പെടുവിച്ച ഉത്തരവിൽ മറ്റ് ന്യൂനപക്ഷ വിഭാഗത്തെ ഉൾപ്പെടുത്തിയതിന് യുക്തിഭദ്രമായ പിൻബലമില്ലെന്നത് ശരിയായ വിലയിരുത്തലാണ്.

ഇപ്പോൾ ഇടതുപക്ഷ സർക്കാർ ജസ്റ്റിസ് ബെഞ്ചമിൻ കോശിയുടെ നേതൃത്വത്തിൽ കേരളത്തിലെ ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യയും സാമൂഹ്യ സാമ്പത്തികാവസ്ഥയും വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷനെ നിയമിച്ചിട്ടുണ്ട്. പ്രസ്തുത കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചശേഷം ആ വിഭാഗത്തിനു നൽകേണ്ട ആനുകൂല്യത്തെ സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്ന പദ്ധതികൾ നടപ്പിലാക്കാം.

സർക്കാരിന്റെ മുന്നിലെ വഴികൾ

1) ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകുന്നതോ പുനഃപരിശോധനാ ഹർജി നൽകുന്നതോ പ്രയോജനകരമാവില്ല. കാരണം മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനായി നിർദ്ദേശങ്ങൾ സമർപ്പിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനായി പാലൊളി കമ്മിറ്റി നിർദേശിച്ച സ്‌കോളർഷിപ്പ് വിതരണത്തിൽ മറ്റ് ന്യൂനപക്ഷ വിഭാഗത്തെ ഉൾപ്പെടുത്തിയതിൽ യുക്തിയില്ല. ലാറ്റിൻ പരിവർത്തിത വിഭാഗത്തിന്റെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിച്ച റിപ്പോർട്ട് സർക്കാരിന്റെ മുന്നിലില്ല.

2) ന്യൂനപക്ഷങ്ങൾക്കിടയിൽ വിവേചനം പാടില്ലെന്ന ഭരണഘടനയുടെ അനുഛേദം 29 ന്റ ലംഘനം സർക്കാർ ഉത്തരവിൽ അടങ്ങിയിട്ടുണ്ട്. അത് മറികടക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

3) ക്രിസ്ത്യൻ മതവിഭാഗത്തിന്റെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാനായി നിയോഗിച്ച ബെഞ്ചമിൻ കോശി കമ്മിഷന്റെ റിപ്പോർട്ട് വരുന്നതുവരെ ക്രിസ്ത്യൻ വിഭാഗത്തിന്റ ഉന്നതിക്കായി പദ്ധതികൾ കൊണ്ടുവരാത്തതാണ് ഉചിതം.

4) ബെഞ്ചമിൻ കോശി കമ്മിഷൻ റിപ്പോർട്ട് വരുന്നതുവരെ മുസ്ലിം സ്‌കോളർഷിപ്പ് വിതരണവും തത്‌കാലം നിറുത്തി വെക്കുന്നതാണ് ഉചിതം. റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ മതന്യൂനപക്ഷത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കി പ്രശ്നം പരിഹരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINORITY, MINORITY SCHOLARSHIP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.