SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.05 PM IST

ചലിക്കുന്ന നാലാം തൂണുകൾ

adavela

രണ്ട് സുപ്രധാന വെളിപ്പെടുത്തലുകൾ രാജ്യത്താകെ രാഷ്ട്രീയ ഭൂമികുലുക്കം സൃഷ്ടിക്കുന്നതാണ് കണ്ടുവരുന്നത്. ഒന്നാമത്തേത് രണ്ട് ദശാബ്ദം മുമ്പ് നടന്ന ഗുജറാത്തിലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തൽ. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി അഥവാ ബി.ബി.സിയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ നാൾവഴികളിലേക്ക് വെളിച്ചം വീശുന്ന മൂന്ന് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങൾ വന്നുകഴിഞ്ഞു. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വെറുതെ പറഞ്ഞ് പോവുകയല്ല ബി.ബി.സി ചെയ്യുന്നത്. കൃത്യമായ സാഹചര്യത്തെളിവുകൾ നിരത്തിയാണ് അതിന്റെ സഞ്ചാരം. കലാപത്തിനിരയായവരുടെ കുടുംബാംഗങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ പങ്കുവയ്ക്കുന്ന ഓർമ്മകളുണ്ടിതിൽ.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റകരമായ അനാസ്ഥ കാണിച്ചെന്ന് സമർത്ഥിക്കുന്നുണ്ട് ഡോക്യുമെന്ററി. രണ്ട് ദിവസം കലാപത്തിന് മൂകസാക്ഷിയായി നിൽക്കാൻ സംസ്ഥാന പൊലീസിനെ ആര് പ്രേരിപ്പിച്ചെന്ന ചോദ്യം പ്രസക്തമാണ്. നരേന്ദ്രമോദിയുടെ അഭിമുഖം ഡോക്യുമെന്ററിയിലുണ്ട്. ഇപ്പോഴത്തേതല്ല. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തേത്. ബി.ബി.സി ഇപ്പോൾ പുറത്തുവിട്ട തെളിവുകൾക്കായി നടത്തിയ അന്വേഷണത്തിനിടെ നടത്തിയത്. അതിൽ മോദി ബി.ബി.സിയെയും ആരോപണങ്ങളെയും അടച്ചാക്ഷേപിച്ച് സംസാരിക്കുന്നത് കാണാം. അഭിമുഖകാരിയായ ബി.ബി.സി ലേഖികയുടെ കണ്ണുകളിലേക്ക് രൂക്ഷമായി തുറിച്ചുനോക്കുന്ന മോദിയുടെ മുഖഭാവമുണ്ടിതിൽ.

രാജ്യവ്യാപകമായി ഈ ഡോക്യുമെന്ററി മതനിരപേക്ഷ മനസുകളെ പൊള്ളിക്കുമെന്ന് സംഘപരിവാർ ഭരണകൂടത്തിന് നല്ല ബോദ്ധ്യമുണ്ട്. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉണ്ട്. അതുകൊണ്ടാണ് ഡോക്യുമെന്ററിക്ക് ആദ്യമേ രാജ്യത്ത് വിലക്ക് കല്പിച്ചതും ബി.ബി.സിയുടേത് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഹാംഗോവറെന്ന് വിമർശിച്ച് തള്ളിയതും. പക്ഷേ, പ്രതിപക്ഷ യുവജന സംഘടനകളും മറ്റും രാജ്യവ്യാപകമായി ഇതിന്റെ പ്രദർശനം വിലക്ക് ലംഘിച്ച് ഏറ്റെടുത്തതോടെ പ്രതിരോധവുമായി സംഘപരിവാർ സംഘടനകളും രംഗത്തിറങ്ങി.

കേരളത്തിൽ ഇതേച്ചൊല്ലി വലിയ കോലാഹലമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജെ.എൻ.യു, ജാമിയ മില്ലിയ പോലുള്ള സർവകലാശാലാ കാമ്പസുകളിലും ബഹളങ്ങളുണ്ടായി.

ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രം വളരെ ഫലപ്രദമാക്കി നാട് ഭരിക്കുന്ന സംഘപരിവാർ അധികാരമേറിയ ശേഷം രാജ്യത്തുണ്ടായ മാറ്റം ഭയാനകമാണ്. ഇന്ത്യൻ ജനതയെ കൃത്യമായി വർഗീയമായി ധ്രുവീകരിക്കപ്പെട്ട സമൂഹമായി മാറ്റിയെടുക്കുന്ന തന്ത്രത്തിൽ കഴിഞ്ഞ എട്ടുവർഷം കൊണ്ട് സംഘപരിവാർ ബഹുദൂരം മുന്നോട്ടുപോയി.

ഈ ഘട്ടത്തിലാണ് രാഹുൽഗാന്ധി നയിക്കുന്ന ഭാരതത്തെ ഒന്നിപ്പിക്കാനുള്ള സന്ദേശമുയർത്തുന്ന യാത്രയ്ക്ക് ജാതി,മത, രാഷ്ട്രീയ ഭേദമെന്യേ നാനാകോണുകളിൽ നിന്ന് പിന്തുണ ലഭിക്കുന്നത്. ഇതിന് ലഭിക്കുന്ന സ്വീകാര്യത സംഘപരിവാറിനെ പൊറുതിമുട്ടിച്ചതിന് പിന്നാലെയാണ് ഡോക്യുമെന്ററിയുടെ വരവ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമായ കൂറ്റൻ വിജയം എളുപ്പമല്ലെന്ന തിരിച്ചറിവിലേക്ക് സംഘപരിവാറിനെ നയിക്കുന്നതാണ് ഈ സംഭവവികാസങ്ങൾ. ഡോക്യുമെന്ററി പ്രദർശനം ഹിന്ദുവർഗീയവീര്യം ഉണർത്തുകയേ ഉള്ളൂവെന്നും ഇതിനകം ഉത്തരേന്ത്യയിൽ ഫലപ്രദമായി പരീക്ഷിക്കപ്പെട്ട വിഭജനരാഷ്ട്രീയത്തിലൂടെ ഉണർന്ന ഈ വീര്യം ബി.ജെ.പിക്ക് ഗുണമേ വരുത്തൂ എന്നും വാദിക്കുന്നവരുണ്ട്. എന്നാൽ എല്ലാ ഇന്ത്യൻ മനസുകളും ഹിന്ദുവർഗീയവാദികളാണോ എന്ന മറുചോദ്യത്തിന് അവിടെ ഉത്തരമില്ല. മുസ്ലിം വംശഹത്യയാണല്ലോ ഗോധ്ര കലാപം. അത് മോദിക്ക് അവതാരപുരുഷന്റെ പരിവേഷം നൽകുന്നുവെന്ന് വിശ്വസിക്കുന്ന വർഗീയ വിഷലിപ്തമനസുകൾ ധാരാളമുണ്ടായിട്ടുണ്ട് സമൂഹത്തിൽ. പക്ഷേ പുതുതലമുറ അപ്പാടെ ഇതെല്ലാം വിഴുങ്ങുമെന്ന് കരുതുകവയ്യ.

അതിനിടയിലും 2024നെ തിരിച്ചുപിടിച്ച് വരുതിയിൽ നിറുത്താനായി ജനപ്രിയ സോപ്പുകൾ എടുത്തിടാൻ ബി.ജെ.പി ശ്രമം തുടങ്ങി എന്നതും കാണാതിരിക്കാനാവില്ല. പരീക്ഷാ പേ ചർച്ചയൊക്കെ അതിനുദാഹരണമാണ്. കുട്ടികളുമായി പരീക്ഷാസംവാദം നടത്തി നരേന്ദ്രമോദിയൻ ഇമേജ് കുടുംബങ്ങളിലേക്ക് നേരിട്ട് കടന്നുചെല്ലുകയാണ്. ഇത്രയും കാലം കൂട്ടിക്കൊണ്ടേയിരുന്ന ഇന്ധനവില ഇനി തിരഞ്ഞെടുപ്പ് പ്രമാണിച്ച് കുറയ്ക്കുന്ന ഏർപ്പാടിലേക്കും മോദിസർക്കാർ നീങ്ങുമെന്നുറപ്പാണ്. മറ്റ് ജനപ്രിയപ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. എന്നാലും എല്ലാം ശുഭകരമെന്ന് പറയാനാവുമോ?

അദാനി ഗ്രൂപ്പിനെതിരെ ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപ ഗവേഷണസ്ഥാപനം രണ്ട് വർഷത്തെ ഗവേഷണം നടത്തി പുറത്തുകൊണ്ടുവന്ന ഞെട്ടിക്കുന്ന തട്ടിപ്പുവിവരങ്ങൾ ഓഹരിവിപണിയിലുണ്ടാക്കിയ ആഘാതം സമീപദിവസങ്ങളിൽ കണ്ടു. അദാനി ഗ്രൂപ്പും നരേന്ദ്രമോദിയും തമ്മിലുള്ള ചങ്ങാത്തം ആരും പറയാതെതന്നെ ബോദ്ധ്യമുള്ളതാണ്. ചങ്ങാത്ത മുതലാളിത്തം തകർത്താടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അദാനി, അംബാനിമാരുടെ ക്ഷേമമാണ് മുഖ്യമെന്ന് വരുത്തിത്തീർക്കുന്നതിലേക്ക് ഇന്ത്യൻ അവസ്ഥയെ ഭരണകൂടം പരുവപ്പെടുത്തിയെടുത്തിരിക്കുന്നു. അതിനിടയിലാണ് ഹിൻഡെൻബെർഗിന്റെ സർജിക്കൽ സ്ട്രൈക്കും.

അവിടെ മോദിക്കും പൊള്ളും എന്നതിനാലാണ് 2024 അങ്ങനെ പ്രതീക്ഷിക്കുന്നത് പോലെ ആവില്ലെന്ന് സംഘപരിവാർ ക്യാമ്പുകളും ചിന്തിച്ച് തുടങ്ങുന്നത്.

ഹിൻഡെൻബെർഗിന്റെ കണ്ടെത്തൽ

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹിൻഡെൻബെർഗിന്റെ സ്ഥാപകൻ നഥാൻ ആൻഡേഴ്സൺ ആണ്. കോർപ്പറേറ്റ് മേഖലയിലെ തട്ടിപ്പുകൾ വെളിച്ചത്ത് കൊണ്ടുവരുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കിയത് രണ്ടുവർഷത്തെ ഗവേഷണത്തിനൊടുവിലാണെന്നാണ് ഹിൻഡെൻബെർഗ് റിസർച്ചിന്റെ അവകാശവാദം.

അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് ഇവരുടെ പ്രധാന കണ്ടെത്തൽ. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ ഓഹരിവിപണി കുത്തനെ ഇടിഞ്ഞു. അദാനി ഗ്രൂപ്പ് ദശാബ്ദങ്ങളായി വൻതോതിലുള്ള സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പ് പദ്ധതിയിലും ഏർപ്പെട്ടിരുന്നുവെന്നാണ് ഹിൻഡെൻബെർഗിന്റെ ആരോപണം. അദാനി ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്യപ്പെട്ട ഏഴ് കമ്പനികളെയാണ് ഇവർ പഠനവിധേയമാക്കിയതത്രേ. ഈ കമ്പനികളുടെയെല്ലാം വ്യാപാരം യഥാർത്ഥമൂല്യത്തേക്കാൾ 85 ശതമാനത്തോളം ഉയർന്നാണ് നിൽക്കുന്നതെന്നും ഓഹരിവില ഉയർന്നതിലൂടെ മൂന്ന് വർഷം കൊണ്ട് ഗൗതം അദാനിയുടെ ആസ്തി വർദ്ധിച്ചത് 100 ദശകോടി ഡോളറിലധികമാണെന്നും ഹിൻഡെൻബെർഗ് റിപ്പോർട്ട് പറയുന്നു.

ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ആരോപണത്തിലുറച്ച് നിൽക്കുന്നെന്നും എന്ത് നിയമനടപടിയും നേരിടാമെന്നുമാണ് ഹിൻഡെൻബെർഗിന്റെ വെല്ലുവിളി.

കോർപ്പറേറ്റ് പ്രീണനം മുഖ്യ അജൻഡയാക്കിയ ഭരണകൂടം നയിക്കുന്ന രാജ്യത്ത് അദാനിഗ്രൂപ്പിന് മേലുണ്ടായ ആക്രമണം രാഷ്ട്രീയമായും ചലനമുണ്ടാക്കുമെന്നിടത്താണ് അതിന്റെ മാനം മാറുന്നത്. ബി.ബി.സി ഡോക്യുമെന്ററിയിലൂടെ അന്താരാഷ്ട്രതലത്തിൽ പ്രധാനമന്ത്രിയുടെയും മറ്റും പ്രതിച്ഛായക്ക് മങ്ങലേൽക്കാനിടയുണ്ടെന്ന വിലയിരുത്തൽ ഒരു ഭാഗത്തുണ്ട്. അതിനിടയിലാണ് ഹിൻഡെൻബെർഗ് ആഘാതവും.

ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധി സ്വന്തം പ്രതിച്ഛായ വലിയ തോതിൽ മെച്ചപ്പെടുത്തുന്നതിന് ഈ നാളുകൾ സാക്ഷ്യം വഹിക്കുന്നതും നാം കാണുന്നു.

കല്ലുകടിപ്പിച്ച

അനിൽ ആന്റണി

ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ വിമർശനവുമായെത്തിയ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ മുൻ കൺവീനർ അനിൽ ആന്റണി കോൺഗ്രസ് നേതൃത്വത്തെയാകെ വെട്ടിലാക്കാൻ ശ്രമിച്ചതാണ് ഇതിനിടയിലുണ്ടായ മറ്റൊരു വഴിത്തിരിവ്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനാണ് അനിൽ ആന്റണി.

കോൺഗ്രസിൽ പലരും പ്രതീക്ഷിക്കാത്ത വിധമുള്ള കടുത്ത പ്രതികരണമാണ് അനിൽ ആന്റണിക്കെതിരെ ഉയർന്നുവന്നത്.

രാഷ്ട്രീയമായി ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ സ്വന്തം യുദ്ധതന്ത്രത്തിന് വിഘാതമേൽപ്പിക്കുന്ന ഇടപെടലുണ്ടായാൽ എന്താണ് ചെയ്യേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമടക്കമുള്ളവർ അനിലിനെ തള്ളിപ്പറഞ്ഞു. എ.ഐ.സി.സി ജനറൽസെക്രട്ടറി ജയറാം രമേശിൽനിന്നുണ്ടായ പ്രതികരണമാണ് അദ്ഭുതപ്പെടുത്തിയത്. ആന്റണിയെ അദ്ദേഹം മാനിച്ചതേയില്ല. ഒരു മുൻ മുഖ്യമന്ത്രിയുടെ മകൻ നഗ്നപാദനായി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള യാത്രയിൽ പങ്കാളിയാവുമ്പോൾ മറ്റൊരു മുൻമുഖ്യമന്ത്രിയുടെ മകൻ അതിനെ ഗൗനിക്കുക പോലും ചെയ്യാതെ വേറെ പണിയെടുക്കുന്നു എന്ന ധ്വനിയിലാണ് ജയറാം രമേശ് പ്രതികരിച്ചുകളഞ്ഞത്.

താൻ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആക്രമണമുണ്ടായതോടെ അനിൽ ആന്റണി സ്ഥാനമൊഴിഞ്ഞ് പോകുന്നതായി പ്രഖ്യാപിച്ചു. ഭാഗ്യവശാലോ നിർഭാഗ്യവശാലോ അതിനോടും ബാദ്ധ്യത ഒഴിയട്ടെ എന്ന മട്ടിലായിരുന്നു കോൺഗ്രസിനകത്ത് നിന്നുതന്നെയുണ്ടായ പ്രതികരണങ്ങൾ.

ഒരുപക്ഷേ ബി.ബി.സി ഡോക്യുമെന്ററി കണ്ടിരുന്നെങ്കിൽ അനിൽ ആന്റണിക്ക് ഇത്തരമൊരു ബാലിശപ്രതികരണം നടത്താൻ തോന്നുമായിരുന്നില്ലെന്ന് ചിന്തിക്കുന്ന നിഷ്പക്ഷമതികളും സമൂഹത്തിലുണ്ട്. അത് ബി.ബി.സി ഡോക്യുമെന്ററി മുന്നോട്ടുവയ്ക്കുന്ന വിശ്വാസ്യതയുടെ ബലം കൊണ്ടുകൂടിയാണ്.

അതുകൊണ്ട് നിസാരവത്കരിച്ച് തള്ളിക്കളയാവുന്നതല്ല നാലാം തൂണുകളിൽ നിന്നുണ്ടായ രണ്ട് സമീപകാല വെളിപ്പെടുത്തലുകൾ.

അതെ, ചലിക്കുന്ന നാലാം തൂണുകൾ സങ്കല്‌പമല്ല, യാഥാർത്ഥ്യം തന്നെയാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MODI AND BBC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.