SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.47 AM IST

ആഴക്കടൽ പോലെ അമ്മ

modi

ഒരുപാട് അർത്ഥങ്ങളുടെ പുഴകൾ ഒഴുകിച്ചേർന്നൊരു കടലാണ് അമ്മ എന്ന വാക്ക്. സ്നേഹം, ക്ഷമ, വാത്സല്യം, വിശ്വാസം...അങ്ങനെ ഒരുപാട് പദങ്ങൾ! എന്റെ എല്ലാ നല്ല ശീലങ്ങളും അച്ഛനമ്മമാരിൽ നിന്നു കിട്ടിയതാണ്. എന്റെ അമ്മ ഹീരാബെൻ നൂറാം വയസിലേക്കു കടന്നു. ആ വിശേഷം ഞാൻ പങ്കുവയ്ക്കുന്നത് അതിയായ ആഹ്ളാദത്തോടെയാണ്. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ കഴിഞ്ഞയാഴ്ച അദ്ദേഹവും നൂറാം പിറന്നാൾ ആഘോഷിച്ചേനെ.

അസാധാരണമാം വിധം ലാളിത്യമുള്ള വ്യക്തിയാണ് എന്റെ അമ്മ; എല്ലാ അമ്മമാരെയും പോലെ! ഇതു വായിക്കുമ്പോൾ സ്വന്തം അമ്മയുടെ ചിത്രം നിങ്ങളും മനസിൽ കാണും. അമ്മയുടെ തപസ്സാണ് ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുന്നത്. അമ്മയുടെ വാത്സല്യമാണ് കുട്ടിയിൽ മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും നിറയ്ക്കുന്നത്. അമ്മ ഒരു വ്യക്തിയോ വ്യക്തിത്വമോ അല്ല. അമ്മയെന്ന അവസ്ഥ ഒരു ഗുണമാണ് അഥവാ എല്ലാ ഗുണങ്ങളുടെയും സമുദ്രമാണ്.

എന്റെ അമ്മ ജനിച്ചത് ഗുജറാത്തിലെ മെഹ്സാനയിലാണ്. സ്പാനിഷ് ഫ്ലൂ ബാധിച്ച് ചെറുപ്രായത്തിൽ അമ്മൂമ്മ മരിച്ചിരുന്നു. അതുകൊണ്ട് സ്വന്തം അമ്മയുടെ മുഖമോ വാത്സല്യമോ അവർക്ക് ഓർമ്മയില്ല. സ്‌കൂളിൽ പോകാനോ എഴുത്തും വായനയും പഠിക്കാനോ കഴിഞ്ഞില്ല. ദാരിദ്ര്യം നിറഞ്ഞതായിരുന്നു അമ്മയുടെ ബാല്യം. കുട്ടിക്കാലത്ത് അവർ കുടുംബത്തെ മുഴുവൻ പരിപാലിച്ചു. എല്ലാ ജോലികളും ചെയ്തു. വിവാഹത്തിനു ശേഷവും ഈ ഉത്തരവാദിത്വങ്ങളെല്ലാം ഏറ്റെടുത്തു. വഡ്‌നഗറിൽ, ജനൽ പോലുമില്ലാത്തൊരു ചെറിയ വീട്ടിലാണ് ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നത്. കക്കൂസ്, കുളിമുറി പോലുള്ള ആഡംബരങ്ങളും ഇല്ലായിരുന്നു.

അമ്മയുടെ കഠിനാദ്ധ്വാനം കണ്ട്,​ അവരെ സഹായിക്കുക എന്നത് പ്രധാന കടമയായി ഞങ്ങൾ,​ മക്കൾ കരുതി. വീട്ടുചെലവുകൾക്കായി അമ്മ ചില വീടുകളിൽ പാത്രങ്ങൾ കഴുകാൻപോയി. ചർക്ക കറക്കി അധിക വരുമാനം കണ്ടെത്തി. മഴക്കാലത്ത് ഞങ്ങളുടെ മൺവീട് ചോർന്നൊലിക്കും. ഞങ്ങൾ നനയാതിരിക്കാൻ മേൽക്കൂരയിൽ കയറി ഓടുകൾ നന്നാക്കും. എങ്കിലും മേൽക്കൂര ചോരും. അമ്മ ചോർച്ചയുള്ളിടത്ത് ബക്കറ്റുകളും പാത്രങ്ങളും വയ്ക്കും.

വീട് അലങ്കരിക്കാൻ അമ്മയ്ക്ക് ഇഷ്ടമായിരുന്നു. പഴയ കടലാസും പുളിയും വെള്ളത്തിൽ മുക്കി പേസ്റ്റ് ഉണ്ടാക്കി,​ ചുവരുകളിൽ കണ്ണാടിക്കഷണങ്ങൾ ഒട്ടിച്ച് അമ്മ മനോഹരമായ പെയിന്റിംഗുകൾ സൃഷ്ടിക്കും. കിടക്കയിൽ ഒരു പൊടി പോലും സഹിക്കില്ല. നേരിയ ചുളിവുണ്ടായാൽപ്പോലും വീണ്ടുമെടുത്ത് കുടഞ്ഞു വിരിച്ചിടും. ഇന്നും, ഈ പ്രായത്തിലും ഇക്കാര്യം അമ്മ പാലിക്കുന്നു. എല്ലാ ജോലികളും തനിയെ ചെയ്യാൻ ശ്രമിക്കുന്നു. ഞാൻ ഗാന്ധിനഗറിൽ ചെല്ലുമ്പോഴെല്ലാം സ്വന്തം കൈകൊണ്ട് എനിക്ക് മധുരം നല്കും. എനിക്ക് ഒരു കൊച്ചുകുട്ടിക്കെന്നതു പോലെ മുഖം തുടച്ചുതരും. മക്കൾ എത്ര വലുതായാലും അമ്മയ്ക്ക് അവർ കുഞ്ഞു തന്നെ!

വഡ്‌നഗറിലെ വീടിനോടു ചേർന്നുള്ള അഴുക്കുചാൽ വൃത്തിയാക്കാൻ വരുന്നവർക്ക് ചായ നൽകാതെ അമ്മ വിടില്ലായിരുന്നു. ജോലിക്കാർക്കിടയിൽ അമ്മയുടെ ചായ അങ്ങനെ പ്രശസ്‌തമായി. എല്ലാ വേനലിലും പക്ഷികൾക്കായി അമ്മ ജലപാത്രങ്ങൾ വയ്ക്കും. ചുറ്റുമുള്ള തെരുവുനായ്ക്കൾക്ക് വിശക്കില്ലെന്ന് ഉറപ്പുവരുത്തും. പശുക്കൾക്ക് വീട്ടിലുണ്ടാക്കിയ റൊട്ടി കൊടുക്കും. ഭക്ഷണം പാഴാക്കരുതെന്ന് വീട്ടിൽ നിയമമുണ്ടായിരുന്നു. ഇന്നും അമ്മ ഒരു കഷണം പോലും പാഴാക്കില്ല.

എന്റെ അച്ഛന്റെ സുഹൃത്ത് മരിച്ചപ്പോൾ മകൻ അബ്ബാസ് ഞങ്ങൾക്കൊപ്പം താമസിച്ചാണ് പഠനം പൂർത്തിയാക്കിയത്. അബ്ബാസിനോട് അമ്മയ്ക്ക് വാത്സല്യവും കരുതലുമുണ്ടായിരുന്നു. പെരുന്നാളിന് അമ്മ അവന്റെ ഇഷ്ടവിഭവങ്ങൾ വീട്ടിലുണ്ടാക്കി. സന്ന്യാസിമാരെ അമ്മ പതിവായി ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമായിരുന്നു. എന്നിട്ട് കുട്ടികളായ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്ന് അഭ്യർത്ഥിക്കും.

മകൻ പ്രധാനമന്ത്രിയായതിൽ അഭിമാനമുണ്ടോ എന്ന് പലരും അമ്മയോട് ചോദിക്കാറുണ്ട്. ഇങ്ങനെയായിരിക്കും അമ്മയുടെ മറുപടി: ഞാനും നിങ്ങളെപ്പോലെ അഭിമാനിക്കുന്നു. ഒന്നും എന്റേതല്ല; ദൈവത്തിന്റെ പദ്ധതികളിലെ ഒരു ഉപകരണം മാത്രമാണ് ഞാൻ! അതാണ് അമ്മ. ഒരിക്കലും ഒരു സർക്കാർ പരിപാടിക്കും പൊതുപരിപാടിക്കും അമ്മ എനിക്കൊപ്പം വരാറില്ല. വന്നത് രണ്ടു തവണ മാത്രം- ഏകതായാത്രയ്ക്കു ശേഷം അഹമ്മദാബാദിലെ ഒരു പൊതു ചടങ്ങിലും,​ 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും.

എല്ലാ തിരഞ്ഞെടുപ്പുകളിലും അമ്മ വോട്ട് ചെയ്തിട്ടുണ്ട്. ജനസേവനം തുടരാൻ ആരോഗ്യകരമായ ജീവിതശൈലി നയിച്ച്,​ വ്യക്തിപരമായ സൗഖ്യം ഉറപ്പാക്കണമെന്ന് അമ്മ എന്നെ ഓർമ്മിപ്പിക്കാറുണ്ട്. ജീവിതത്തിൽ ഒന്നിനെക്കുറിച്ചും ഒരിക്കലെങ്കിലും അമ്മ പരാതിപ്പെടുന്നത് കേട്ടിട്ടില്ല. ആരെക്കുറിച്ചും പരാതിയില്ല. ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കുന്നുമില്ല. അമ്മയുടെ പേരിൽ സ്വത്തുക്കളൊന്നുമില്ല. സ്വർണ്ണാഭരണങ്ങൾ ധരിക്കാറില്ല. തന്റെ ചെറിയ മുറിയിൽ,​ വളരെ ലളിതമായൊരു ജീവിതം ജീവിക്കുകയാണ് അമ്മ.

ഒരു പുതിയ പാതയിലേക്ക് ഇറങ്ങിയപ്പോൾ മുതൽ അമ്മ എന്നെ 'താങ്കൾ' എന്ന് അഭിസംബോധന ചെയ്തു തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ അമ്മ പറഞ്ഞു. "താങ്കൾ ഒരിക്കലും കൈക്കൂലി വാങ്ങരുതെന്ന് ആഗ്രഹിക്കുന്നു." ഡൽഹിയിൽ വന്ന് ഫോണിൽ സംസാരിക്കുമ്പോഴും അമ്മ പറയും: ഒരിക്കലും ആരോടെങ്കിലും തെറ്റോ ചീത്തയോ ചെയ്യരുത്, പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുക!

അമ്മയെയും അമ്മയെപ്പോലുള്ള കോടിക്കണക്കിനു സ്ത്രീകളെയും നോക്കുമ്പോൾ, ഇന്ത്യൻ സ്ത്രീകൾക്ക് അപ്രാപ്യമായി ഒന്നുമില്ലെന്ന് ഞാൻ കണ്ടെത്തുന്നു. ഇല്ലായ്മയുടെ എല്ലാ കഥകൾക്കും അപ്പുറമാണ് അമ്മ എന്ന മഹത്തായ കഥ, എല്ലാ സമരങ്ങൾക്കും മുകളിലാണ് അമ്മയുടെ ദൃഢനിശ്ചയം. പ്രിയപ്പെട്ട അമ്മേ, ഈ മകന്റെ ജന്മദിനാശംസകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MODIS MOTHER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.