SignIn
Kerala Kaumudi Online
Friday, 19 April 2024 10.44 AM IST

തട്ടിപ്പിന്റെ പൊടിപൂരം

swathik-raheem

പൂരങ്ങളുടെ നാടെന്നും സാംസ്കാരികതലസ്ഥാനമെന്നും പേരും പെരുമയും കൊണ്ട തൃശൂർ നഗരം തട്ടിപ്പുകളുടെ സ്വന്തം നാടായി മാറിയിട്ട് നാളേറെയായി. സ്വർണ്ണപ്പണിക്കാരുടേയും ജ്വല്ലറികളുടേയും നഗരമായ തൃശൂരിൽ ഏതാണ്ട് ഒരു പതിറ്റാണ്ടു മുൻപേ സ്വർണാഭരണ തട്ടിപ്പുകൾ തുടങ്ങിയിരുന്നു. തൊട്ടുപിന്നാലെ റിയൽ എസ്റ്റേറ്റ് മാഫിയയും തഴച്ചുവളർന്നു. മുക്കിലും മൂലയിലും ഫ്ളാറ്റുകൾ കൂണുപോലെ മുളച്ചുപൊന്തി. മണ്ണും പൊന്നുമെല്ലാം തട്ടിപ്പുകൾക്ക് വളമായി. സിനിമ-രാഷ്ട്രീയബന്ധങ്ങളും തട്ടിപ്പുകാർ നല്ലപോലെ ഉപയോഗിച്ചു. ആദ്യമാദ്യം ഉയരുന്ന പരാതികളെല്ലാം പറഞ്ഞൊതുക്കി. പിന്നെ പണം കൊടുത്ത് ഒതുക്കി. ചിലപ്പോൾ ഭീഷണിയായി. നാണക്കേടോർത്ത് ഇരയായത് മൂടിവെച്ചു. അതും തട്ടിപ്പുകാർക്ക് വളമായി.

പണത്തിനും സ്വർണ്ണത്തിനും ഭൂമിയ്ക്കും ആർത്തിയുള്ളവർ കൂടിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഒടുവിൽ എല്ലാവരും വരിവരിയായി പൊലീസ് വലയിൽ കുടുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പിന്നെ പരാതികളുടെ പ്രവാഹമായി. പൊലീസിന് ഇരിക്കാനും നിൽക്കാനും നേരമില്ലാത്ത തരത്തിലാണ് തട്ടിപ്പുകേസുകളിലെ പരാതികൾ സ്റ്റേഷനുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്.

കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ സേഫ് ആൻഡ് സ്ട്രോംഗ് ഉടമ പ്രവീൺ റാണയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പുകാരുടെ നിരതന്നെ വലയിലാകാൻ തുടങ്ങിയത്. അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്ത എ.എസ്‌.ഐയ്ക്ക് സസ്‌പെൻഷൻ കൂടി ലഭിച്ചതോടെ പൊലീസും പ്രതിക്കൂട്ടിലായി.

പ്രവീൺ റാണയുടെ നിക്ഷേപ പദ്ധതികൾ തട്ടിപ്പാണെന്ന് തൃശൂർ സിറ്റി പൊലീസിലെ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർആദ്യം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും റാണയെ നായകനാക്കി പൊലീസുകാരൻ സിനിമ സംവിധാനം ചെയ്തത് വാർത്താ പ്രാധാന്യം നേടിയിരുന്നു. 'ചോരൻ ' എന്ന സിനിമ പുറത്തിറങ്ങിയോടെ മേലുദ്യോഗസ്ഥ‍ർ ഇടപെട്ട് തൃശൂർ റൂറൽ പൊലീസ് ആസ്ഥാനത്തുനിന്ന് സാന്റോയെ വലപ്പാട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന് പിന്നാലെയായിരുന്നു ഈ സ്ഥലം മാറ്റം.

റാണയുമായി സാന്റോ അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് വിവരം. സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലും സാന്റോ പങ്കെടുത്തിരുന്നു. റാണയുടെ ഹോട്ടൽ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്‌ളാറ്റിൽ പൊലീസ് ചോദ്യം ചെയ്യുന്ന സമയത്തു തന്നെ മുകളിലെ ഫ്‌ളാറ്റിൽ റാണയുണ്ടായിരുന്നെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. വിദഗ്ദ്ധമായി പൊലീസിനെ വെട്ടിച്ചു കടന്നുകളയുന്നത് ആഭ്യന്തര വകുപ്പിലെ ചിലരുടെ സഹായം കൊണ്ടാണെന്ന ആരോപണം ഇതോടെ ശക്തമായി.

വ്യക്തതയില്ലാത്ത

തട്ടിപ്പുകൾ

പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും തട്ടിപ്പിന്റെ വ്യാപ്തിയും പ്രവീൺ റാണയുടെ ബിനാമികളെയും സ്വത്തു വിവരങ്ങളും പൂർണ്ണമായി കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പ് എത്ര കോടിയുടേതാണെന്നതിൽ ഇതുവരെ വ്യക്തമായിട്ടുമില്ല. നിക്ഷേപകരും ജീവനക്കാരും കണക്കുകൂട്ടുന്നത് 100 കോടിയിലേറെയാണെങ്കിലും പൊലീസിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ല. പരാതിക്കാരായ ഇരുനൂറോളം പേരുടെ നിക്ഷേപത്തുകകൾ കണക്കുകൂട്ടിയപ്പോൾത്തെന്നെ 86 കോടിയിലേറെയുണ്ട്. സമൂഹത്തിലെ ഉന്നതനിലയിലുള്ളവരൊന്നും പരാതി നല്‍കാൻ തയ്യാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടു തന്നെ യഥാർത്ഥ തട്ടിപ്പിന്റെ പകുതിയോളം മാത്രമാണ് കണക്കിൽ വരാൻ സാദ്ധ്യതയുള്ളത്. സോണുകൾ തിരിച്ചാണ് പണം തട്ടിച്ചതെന്ന് ചിലർ മൊഴി നല്‍കിയിട്ടുണ്ട്. തൃശൂർ സോണിൽ 50 കോടിയോളം രൂപ പിരിച്ചതായും പറയുന്നു. തട്ടിച്ചെടുത്ത തുക ഒന്നിച്ചു ചേർത്ത് കൈകാര്യം ചെയ്തത് റാണയുടെ പ്രധാന സഹായിയാണെന്ന് വ്യക്തമായിട്ടുണ്ട്. സേഫ് ആൻഡ് സ്‌ട്രോംഗിന്റെ തൃശൂർ, കുന്നംകുളം, പാലക്കാട്, മണ്ണാർക്കാട്, കണ്ണൂർ ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തി നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു.

വെറൈറ്റി തട്ടിപ്പുകളും

കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക്സ് ഉപകരണം നൽകുന്ന ആപ്പ് വഴിയും , വൻലാഭം വാഗ്ദാനം ചെയ്ത് ഷെയറിനായി പണം ശേഖരിച്ചും സിനിമാ താരങ്ങളിൽ നിന്നുൾപ്പെടെ കോടികൾ തട്ടിച്ച യുവാവ് അറസ്റ്റിലായതാണ് തട്ടിപ്പുവാർത്തകളിൽ പുതിയത്. വിയ്യൂർ തടിയപ്പറമ്പിൽ വീട്ടിൽ സ്വാതിഖ് റഹീമിനെതിരെ (33) മൂന്ന് പരാതികളിൽ 43 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പറയപ്പെടുന്നതെങ്കിലും, കോടിയിലേറെ രൂപ തട്ടിച്ചതായി സൂചനയുണ്ടെന്ന് പൊലീസ് ഭാഷ്യം.

സിനിമാതാരങ്ങളുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നു. നടന്മാരുടെയും സെലിബ്രിറ്റികളുടെയും കൂടെയുള്ള ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

സ്വാതിഖ് സമാഹരിച്ച ലക്ഷങ്ങൾ ഒരു ചലച്ചിത്രതാരത്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന ആരോപണവുമുണ്ട്. ഒരു കോടി സമാഹരിച്ചതിൽ 75 ലക്ഷത്തോളം നടന് നൽകിയെന്നാണ് പൊലീസിന് നൽകിയ മൊഴി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാനായിരുന്നു ഇത്. ഉപകരണങ്ങൾ ലേലം വിളിച്ചു സ്വന്തമാക്കാമെന്ന,​ കേരളത്തിലെ തന്നെ ആദ്യ അവകാശവാദവുമായിട്ടായിരുന്നു സ്വാതിഖ് റഹിമിന്റെ തട്ടിപ്പുകളുടെ തുടക്കം. 2017ൽ തുടങ്ങിയ സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്ലിക്കേഷൻ വഴിയായിരുന്നു തട്ടിപ്പ്.

ഒരുരൂപ മുതൽ തുടങ്ങുന്ന ലേലം വിജയിക്കുന്നവർക്ക് വൻ വിലക്കുറവിൽ സാധനങ്ങൾ നൽകുമെന്നും വിജയിക്കാത്തയാൾക്ക് ഇതേ പ്രൊഡക്ടുകൾ ഇ-കൊമേഴ്‌സ് സൈറ്റിലൂടെ സ്വന്തമാക്കാമെന്നുമായിരുന്നു വാഗ്ദാനം. വിലക്കുറവിൽ ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങൾ വാങ്ങാൻ പതിനായിരങ്ങൾ ഒരേസമയം ലേലത്തിൽ പങ്കെടുത്തു. പൊടിതട്ടിയെടുത്ത, വിലയും ഗുണമേന്മയും കുറഞ്ഞ ഇലക‌്ട്രോണിക് ഉത്‌പന്നങ്ങൾ വാങ്ങി ആയിരങ്ങളാണ് വഞ്ചിതരായത്.

പ്രമുഖ നടീനടന്മാരെ ബ്രാൻഡ് അംബാസിഡർമാരാക്കി തട്ടിപ്പുകൾ തുടർന്നു. യുവതാരങ്ങൾ പങ്കെടുത്ത പരസ്യങ്ങൾക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ആദ്യ മൂന്ന് ദിവസം പത്തുലക്ഷം ആളുകളാണ് ഈ പരസ്യം കണ്ടതെന്നായിരുന്നു അവകാശവാദം. പല സെലിബ്രിറ്റികളേയും പ്രതിഫലം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു.

2019ലാണ് സേവ് ബോക്‌സ് തുറക്കുന്നത്. സി.ഇ.ഒയും ഫൗണ്ടറുമെല്ലാം സ്വാതിഖ് തന്നെയായിരുന്നു.

സേവ്‌ ബോക്‌സിന്റെ പ്രവർത്തനരീതികളും സോഫ്റ്റ് വെയർ സംവിധാനങ്ങളും പൂർണമായും വികസിപ്പിച്ചത് കേരളത്തിലെ ഐ.ടി പ്രൊഫഷണലുകളായിരുന്നു. തൃശൂരിലും കൊച്ചിയിലെ കാക്കനാട്ടും ഓഫീസുകൾ തുറന്നു. വിവിധ സ്ഥലങ്ങളിൽ ഗോഡൗണുകളും, ഉത്പന്നങ്ങളും ഡെലിവറി ചെയ്യാനുള്ള വാഹനങ്ങളും സ്വന്തമാക്കി.

കൊവിഡിൽ

തട്ടിപ്പുകാരും തകർന്നു

2020ൽ കൊവിഡ് കാലത്താണ് തട്ടിപ്പുകാരുടെ സംരംഭങ്ങളെല്ലാം തകർന്നത്. ആ സമയത്ത് ആരും പരാതിപ്പെടാൻ മുതിർന്നില്ല. എന്നാൽ കൊവിഡ് നിയന്ത്രണവിധേയമായതോടെ തട്ടിപ്പുകൾ പൂർവാധികം ശക്തിപ്പെട്ടു. ഒരാൾ പരാതിയുമായി വന്നതോടെ നൂറുകണക്കിന് പേർ പിന്നാലെയത്തി. തട്ടിപ്പുകാരെല്ലാം പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും യുവാക്കളുമാണെന്നതാണ് പ്രത്യേകത. മംഗളൂരു യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടിയ ശേഷമായിരുന്നു സ്വാതിഖ് തൃശൂരിൽ നിലയുറപ്പിച്ചത്. പരാതിക്കാർ വീട്ടിലെത്തിയപ്പോഴൊക്കെ സ്വാതിഖ് വിദേശത്താണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കേരളത്തിൽത്തന്നെ പുതിയ തട്ടിപ്പുകൾക്ക് കളമൊരുക്കുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി പിടിയിലാവുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONEY FRAUD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.