SignIn
Kerala Kaumudi Online
Saturday, 20 April 2024 4.53 AM IST

അന്വേഷണം നിലച്ചു; 2,​000 കോടി തട്ടിയവർ കാണാമറയത്ത്

malappuram

ആട്, തേക്ക് ,മാഞ്ചിയം മുതൽ മലയാളി പറ്റിക്കപ്പെട്ട വൻതട്ടിപ്പുകൾക്ക് കണക്കില്ല. എത്രകൊണ്ടാലും പഠിക്കില്ലെന്ന് പറയും പോലെയാണ് തട്ടിപ്പുകൾക്ക് ഇരയാവുന്ന മലയാളിയുടെ കാര്യം. എത്രയും പെട്ടെന്ന് കാശുണ്ടാക്കണമെന്ന അതിമോഹമാണ് ഇത്തരം തട്ടിപ്പുകൾക്ക് തലവയ്ക്കാനുള്ള പ്രധാന കാരണം. തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാലും പരാതിയുമായി പോവാൻ മിക്കവരും തയ്യാറാവുന്നില്ലെന്നത് ഇത്തരം തട്ടിപ്പുകൾ കൂൺ പോലെ പൊട്ടിമുളയ്ക്കാൻ വഴിവയ്ക്കുന്നുണ്ട്.

മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്ത് മണി ചെയിൻ മാതൃകയിൽ 1,200 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. തട്ടിപ്പിന് ഇരയായവർ പരാതി നൽകാൻ മുന്നോട്ടു വരാത്തതാണ് അന്വേഷണം തടസ്സപ്പെടാൻ കാരണം. ഇഡി അറസ്റ്റ് ചെയ്ത രണ്ടുപേർ അടക്കം 11 പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. എന്നാൽ പ്രധാന സൂത്രധാരന്മാർ ഇപ്പോഴും പുറത്ത് വിലസുകയാണ്. മോറിസ് കോയിൻ തട്ടിപ്പിൽ ഏറ്റവും കൂടുതൽ പേർ ഇരകളാക്കപ്പെട്ടത് മലപ്പുറം ജില്ലയിലാണ്. എന്നാൽ പൊലീസ് സ്വമേധയാ എടുത്ത ഒരു കേസല്ലാതെ ഒരാൾ പോലും പരാതിപ്പെടാൻ തയ്യാറായിട്ടില്ല. പൊലീസെടുത്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ലോംഗ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി നിഷാദ് കളിയിടുക്കിലിലാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ. പ്രൈസ് ചിറ്റ്സ് ആന്റ് മണി സർക്കുലേഷൻ സ്‌കീംസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ പൊലീസ് സ്വമേധയാ എടുത്ത ഒരുകേസ് മാത്രമാണ് നിലവിൽ ജില്ലയിലുള്ളത്. ഇതിനു പിന്നാലെ ജാമ്യമെടുത്ത് ഇയാൾ ഗൾഫിലേക്ക് കടന്നുകളയുകയായിരുന്നു. പതിനായിരത്തിലധികം പേർ തട്ടിപ്പിന് ഇരയായിട്ടും പരാതിയുമായി ഒരാൾ പോലും വന്നില്ലെന്നതാണ് അത്ഭുതം.

ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 300 ദിവസം പൂർത്തിയാവുന്നതോടെ 81,000 രൂപ ലാഭമായി ലഭിക്കുമെന്ന വാഗ്ദാനമാണ് തട്ടിപ്പ് സംഘം ഉയർത്തിയിരുന്നത്. ആദ്യം ചേർന്ന പലർക്കും പണം ലഭിച്ചതോടെ ഇവർ മുഖാന്തിരം തട്ടിപ്പിന്റെ കണ്ണി അതിവേഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചു. കിടപ്പാടം പണയപ്പെടുത്തി പോലും പണം നൽകിയവർ ഇക്കൂട്ടത്തിലുണ്ട്. കോടികൾ വരെ നൽകിയവരുമുണ്ട്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാർ പല സ്ഥലങ്ങളിലും തങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രദേശവാസികളായ യുവാക്കളെ ജീവനക്കാരാക്കി നിയമിച്ചിരുന്നു. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തതോടെ കുടുംബങ്ങളെ അടക്കം ഉൾപ്പെടുത്തി ഇവരും അറിഞ്ഞോ അറിയാതയോ തട്ടിപ്പിന്റെ ഭാഗമായി. മുഖ്യസൂത്രധാരന്മാർ പണവുമായി മുങ്ങിയതോടെ സ്വന്തം നാട്ടിൽ പോലും നിൽക്കാനാവാതെ ഒളിച്ചോടേണ്ടി വന്നിട്ടുണ്ട് പലർക്കും.


പണം

വിദേശത്തേക്ക്

മോറിസ് കോയിന്റെ പേരിൽ തട്ടിയെടുത്ത 1,200 കോടിയിൽ നല്ലൊരു ഭാഗം വിദേശത്തേക്ക് കടത്തിയെന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ച വിവരം. ഹവാല മാർഗമാണ് പണം കടത്തിയതെന്നാണ് സൂചന. പിന്നാലെ പ്രധാന പ്രതികളിൽ ഒരാളായ നിഷാദ് കിളിയിടുക്കലും ഗൾഫിലേക്ക് കടന്നു. തട്ടിപ്പിന്റെ വ്യാപ്തി പുറത്തറിഞ്ഞത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിലാണ്. അമേരിക്കൻ എക്സ്‌ചേഞ്ചിന്റെ പട്ടികയിൽ മോറിസ് കോയിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ ഇന്ത്യയിലും വിനിമയം നടത്താൻ അനുമതി ഉടൻ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് സംഘം വലവിരിച്ചത്. രാജ്യത്തെ കടകളിലെല്ലാം മോറിസ് കോയിൻ വിനിമയം നടത്താനാവുമെന്നും ഇവർ വിശ്വസിപ്പിച്ചു. അമേരിക്കയിൽ മോറിസ് കോയിൻ അംഗീകരിച്ചെന്ന് പറയുന്ന അവിടത്തെ പ്രമുഖന്റെ വ്യാജ വീഡിയോയും തട്ടിപ്പ് സംഘം പുറത്തിറക്കിയിരുന്നു. വിവിധ മേഖലകളിൽ പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചും സാധാരണക്കാരുടെ വിശ്വാസം നേടി.


കേരളത്തിൽ

ഒതുങ്ങില്ല തട്ടിപ്പ്

കൂടുതൽ ഇരകളും മലപ്പുറം ജില്ലക്കാരാണെങ്കിലും തട്ടിപ്പിൽ കണ്ണിചേർക്കപ്പെട്ടവർ കർണ്ണാടകയിൽ വരെയുണ്ട്. പ്രധാന സൂത്രധാരൻ നിഷാദിന്റെ പൂക്കോട്ടുംപാടത്തെ വീടിന് മുന്നിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളടക്കം പ്രതിഷേധവുമായി എത്തിയിരുന്നു. വീടിന് പൊലീസ് സംരക്ഷണമുള്ളതിനാൽ ഇവരെ സ്‌റ്റേഷനിലേക്ക് മാറ്റി പരാതി എഴുതി വാങ്ങുകയായിരുന്നു. മംഗലാപുരം, കൊടുക്, കോഴിക്കോട്, കാസർഗോഡ് ഭാഗങ്ങളിൽ നിന്നുള്ള 40 ഓളം പേരടങ്ങുന്ന സംഘമാണ് വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്താനെത്തിയിരുന്നത്. പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഇവർ മടങ്ങിപോയത്. എന്നാൽ വർഷം ഒന്നര കഴിഞ്ഞിട്ടും പ്രതികളെല്ലാം കാണാമറയത്താണ്. കടം മേടിച്ചും വായ്പയെടുത്തും തട്ടിപ്പ് സംഘത്തിന് പണം നൽകിയവർ നിൽക്കകള്ളിയില്ലാതെ ഓടുകയാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ഇനിയെങ്കിലും ശക്തമായ നടപടി ഉണ്ടായിട്ടില്ലെങ്കിൽ പല പേരുകളിൽ തട്ടിപ്പിന് ഇറങ്ങുന്നവർക്ക് കളമൊരുക്കുന്ന നടപടിയാവുമത്. പരാതി നൽകാനുള്ള ധൈര്യമെങ്കിലും കുറഞ്ഞപക്ഷം ഇരകൾ കാണിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONEY FRAUD SCHEMES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.