SignIn
Kerala Kaumudi Online
Thursday, 28 March 2024 5.59 PM IST

അർബൻ തട്ടിപ്പുകളുടെ പുത്തൻ 'വാഗ്ദാനങ്ങൾ'

urban-nidhi

പറ്റിക്കപ്പെടാൻ പാകത്തിൽ ഒരു വിഭാഗം ജനങ്ങൾ സമൂഹത്തിലുണ്ടെന്ന കണ്ടെത്തലാണ് വിവിധ തട്ടിപ്പ് സംരംഭങ്ങൾ തുടങ്ങാൻ പലരെയും പ്രേരിപ്പിക്കുന്നത്. എത്രയൊക്കെ പുരോഗമിച്ചെന്ന് പറയുമ്പോഴും യുക്തിരഹിതമായ വാഗ്ദാനങ്ങളെ തിരിച്ചറിയാൻ വിദ്യാസമ്പന്നർ കൂടുതലുള്ള കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുന്നില്ല. മോഹനവാഗ്ദാനങ്ങളിൽ മയങ്ങി പണവും സ്വത്തും നഷ്ടമായ പുതിയ വാർത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. എത്രയെത്ര അനുഭവങ്ങളുണ്ടായാലും പാഠം പഠിക്കാത്ത സമൂഹമായി മാറുകയാണ് കേരളം.

ബൈബിളിൽ പരാമർശിക്കുന്ന മോശയുടെ അംശവടി ഉൾപ്പടെ യേശുവിനെ ഒറ്റുകൊടുക്കാൻ യൂദാസ് വാങ്ങിയ വെള്ളിക്കാശും,​ ടിപ്പുവിന്റെ സിംഹാസനവുമെല്ലാം എന്റെ പുരാവസ്തു ശേഖരത്തിലുണ്ടെന്ന് മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പ് വീരൻ പറഞ്ഞപ്പോൾ അവയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതും മോൻസനെ വാനോളം പുകഴ്ത്തിയതും വിദ്യാസമ്പന്നത കൊണ്ടും ഉദ്യോഗസ്ഥ പദവികൾ കൊണ്ടും ഉന്നതസ്ഥാനത്തുള്ളവരായിരുന്നു. ഏതുതരം തട്ടിപ്പും ചൂടപ്പം പോലെ വിറ്റഴിക്കുന്ന തട്ടിപ്പുകാരുടെ സ്വന്തം നാടായി മാറി കേരളം. ജാതിയും മതവും പദവിയും തൊഴിലുമൊന്നും തട്ടിപ്പുകാർക്ക് മാനദണ്ഡമല്ല. ടോട്ടൽ ഫോർ യു തട്ടിപ്പും,​ പോപ്പുലർ ഫിനാൻസ് തട്ടിപ്പും, ലിസ് തട്ടിപ്പും തുടങ്ങി നിരവധി ചിട്ടിതട്ടിപ്പുകളുടെ കയ്പുനീർ കുടിച്ചവർ പുതിയ തട്ടിപ്പുകാർക്കും ഇടം കൊടുക്കുന്നു. മോൻസനേയും ശബരീനാഥനേയും ലാബല്ല രാജനേയുമൊക്കെ ശപിച്ചവർ തട്ടിപ്പിന്റെ പുത്തൻ സാദ്ധ്യതകളുമായി വരുന്ന പുതിയ ആളുകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. കണ്ണൂരിലെ അർബൻ നിധിയും സഹസ്ഥാപനമായ എ.ടി.എം(എനി ടൈം മണി)​യും തൃശ്ശൂരിലെ സേഫ് ആന്റ് സ്ട്രോങ്ങുമൊക്കെ അത്തരം തട്ടിപ്പുകളുടെ പുതിയ ഉദാഹരണമാണ്.

കാസർകോഡ് നിന്ന് പുറത്തു വന്നത് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരാണ്. എല്ലാം കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത്.

കബളിപ്പിക്കപ്പെട്ടത് ആയിരങ്ങൾ

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ നിധിയുടെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പാണ്. ഇതുവരെ 510 പരാതികളിൽ നിന്നായി 40 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ കാസർകോഡ്,​കണ്ണൂർ,​വയനാട്,​കോഴിക്കോട് ജില്ലകളിലായി ആയിരത്തിലധികം നിക്ഷേപകർ സ്ഥാപനത്തിനുണ്ട്. മുഴുവൻ ആളുകൾക്കും നഷ്ടപ്പെട്ട തുക തിട്ടപ്പെടുത്തിയാൽ 150 കോടിയോളം വരുമെന്നാണ് കരുതുന്നത്. നിക്ഷേപിക്കുന്ന തുകക്ക് 12 ശതമാനമെന്ന ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനത്തിലേക്ക് ആളുകളെ ആകർഷിച്ചത്. കസ്റ്റമേഴ്‌സിന്റെ വിശ്വാസം പിടിച്ചുപറ്റാൻ ഗവര്‍ണറുടെയും മുൻ മന്ത്രി ഇ.പി ജയരാജന്റേതുമുൾപ്പെടെയുള്ള ചിത്രങ്ങൾ ഉപയോഗിച്ചു.

ഇ. പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ അർബൻ നിധിയുടെ ഐ.ടി ഡയറക്ടർക്ക് ബിസിനസ് എക്സലൻസ് അവാർഡ് കൊടുക്കുന്ന ചിത്രമാണ് വ്യാപകമായി ഉപയോഗിച്ചത്. ഒരു സ്വകാര്യചാനലില്‍നിന്ന് ലഭിച്ച അവാര്‍ഡ് പ്രമോട്ട് ചെയ്തും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുണ്ടെന്ന് പ്രചരിപ്പിച്ചും ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തു. പതിന‌ഞ്ച് ലക്ഷം നിക്ഷേപം നേടിയെടുക്കുന്നവർക്ക് ഉയർന്ന ശമ്പളത്തിൽ ജോലി കൊടുത്തും ലാപ്‌ടോപ്പുകൾ ഉൾപ്പെടെ സമ്മാനങ്ങൾ നൽകിയും തൊഴിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഇത്തരത്തിൽ ആസൂത്രിതമായ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ എല്ലാ വിഭാഗം ജനങ്ങളേയും സ്ഥാപനത്തിലേക്കടുപ്പിക്കാൻ അർബൻ നിധിക്ക് കഴിഞ്ഞു. അദ്ധ്യാപകരും ഡോക്ടർമാരും വിവിധ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരും ദിവസവേതനക്കാരുമെല്ലാം കമ്പനിയുടെ നിക്ഷേപകരായി.

ഇ.ഡി 'ഹോൾഡ്'

ചെയ്യാൻ പറഞ്ഞ

അക്കൗണ്ടുകളും

അർബൻനിധി റെയ്ഡിൽ പിടിച്ചെടുത്ത കംപ്യൂട്ടർ പരിശോധിച്ചപ്പോൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കമ്പനി ഡയറക്ടർമാർക്കയച്ച ഇ-മെയിൽ സന്ദേശങ്ങൾ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിലെ ചില ബാങ്ക് അക്കൗണ്ടുകളിൽ ദുരൂഹതയുണ്ടെന്നും 'ഹോൾഡ്' ചെയ്യാൻ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളാണ് കണ്ടെത്തിയത്. ഈ അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്തരുതെന്നു സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ അർബൻ നിധി നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേകസംഘം ഇ.ഡിയുടെ ഇമെയിൽ സന്ദേശത്തിൽ പറയുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എൻഡോസൾഫാൻ

ദുരിതാശ്വാസ പണവും

കണ്ണൂർ തോട്ടടയിൽ വാടകക്ക് താമസിക്കുന്ന കാസർകോട് പള്ളിക്കര സ്വദേശി എ.സുജാതക്ക് നഷ്ടമായത് നാല് ലക്ഷം രൂപ. സുജാതയുടെ മകൾക്ക് എൻഡോസൾഫാൻ ദുരിതാശ്വാസമായി ലഭിച്ച അഞ്ച് ലക്ഷത്തിൽ നിന്നാണ് നാലുലക്ഷം അർബൻ നിധിയിൽ നിക്ഷേപിച്ചത്. ദുരിതാശ്വാസമായി ലഭിച്ച തുക എസ്.ബി.ഐയിൽ നിക്ഷേപിച്ചതറിഞ്ഞ അർബൻ ബാങ്ക് ജനറൽ മാനേജരും തട്ടിപ്പ് കേസിലെ പ്രതിയുമായ ജീനയും സുഹൃത്തും കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് സുജാതയെ സമീപിച്ചത്. സുജാതയെ ഭർത്താവുപേക്ഷിച്ചതാണ്.

ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡ്

2020ലാണ് കാസർകോഡ് ജില്ലയിലെ കുണ്ടംകുഴിയിൽ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് അഥവാ ജി.ബി.ജി പ്രവർത്തനം ആരംഭിക്കുന്നത്. പതിവുപോലെ മോഹനവാഗ്ദാനങ്ങൾ നൽകിത്തന്നെയാണ് നിക്ഷേപകരെ സമീപിച്ചത്. നിക്ഷേപം സ്വീകരിച്ച് പത്തുമാസം കൊണ്ട് 80 ശതമാനം ലാഭമെന്നായിരുന്നു വാഗ്‌ദാനം. ഒരു ലക്ഷം നിക്ഷേപിച്ചവർക്ക് ആഴ്ചയിൽ 2000 രൂപ വീതം ബോണസും പ്രഖ്യാപിച്ചു. മാസം 8000 രൂപയും 10 മാസം കൊണ്ട് 80000 രൂപയും എന്ന കണക്കിന് വിതരണം ചെയ്യാൻ കമ്പനിയുടെ ആദ്യ നാളുകളിൽ സാധിച്ചിരുന്നു. ഇത്തരത്തിൽ തുക നൽകിയത് നിക്ഷേപകരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വൻ തുകകൾ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. കാസർകോഡിനപ്പുറം കണ്ണൂരിലും കമ്പനിക്ക് നിക്ഷേപകരെ കിട്ടി. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം സ്ഥാപനം തകർന്നു. ഏകദേശം 400 കോടിയുടെ തട്ടിപ്പാണ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡ് എന്ന കമ്പനി മുഖാന്തരം നടന്നതെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ.

സേഫ് ആൻഡ് സ്ട്രോങ്

അവിശ്വസനീയമായ കാര്യങ്ങൾ വിശ്വസിപ്പിച്ച മോൻസൻ മാവുങ്കലിനെപ്പോലെയാണ് സേഫ് ആന്റ് സ്‌ട്രോങ്ങ് എന്ന സ്ഥാപനത്തിൽ കൂടി കോടികൾ തട്ടിയ പ്രവീൺ റാണയുടെ പ്രവർത്തനങ്ങൾ. പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള കഴിവും വ്യാജ പ്രതിച്ഛായയിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും ഉപയോഗിച്ച് സേഫ് ആന്റ് സ്ട്രോങ്ങ് എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. 100 കോടിക്ക് മുകളിലുള്ള തട്ടിപ്പിൽ കണ്ണൂരിൽ കമ്പനിക്ക് ബ്രാഞ്ച് തുറന്നിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് നിരവധിപേരാണ് സേഫ് ആന്‍ഡ് സ്‌ട്രോംഗില്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. ഇയാള്‍ക്ക് വേണ്ടി ജില്ലയിൽ ഏജന്റുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കമ്പനി തകര്‍ന്നതോടെ പലരും ഒളിവില്‍ പോയിരിക്കുകയാണ്.

സർക്കാരും കുറ്റക്കാർ

അനുഭവങ്ങൾ പാഠമാക്കാത്ത ജനതയോടൊപ്പം ഇത്തരം തട്ടിപ്പുകാർക്ക് പേടിക്കാതെ പ്രവർത്തിക്കാൻ സാധിക്കുന്ന അന്തരീക്ഷം ഉണ്ടാക്കുന്നതിന് സർക്കാരും ഉത്തരവാദിയാണ്. പറ്റിക്കപ്പെട്ട നിക്ഷേപകൻ പരാതിയുമായി വരുന്നതുവരെ സർക്കാരിന്റേയും മന്ത്രിമാരുടേയും പരിലാളനയിലും തണലിലുമാണ് ഇത്തരം സ്ഥാപനങ്ങൾ വളരുന്നത്. അറിഞ്ഞോ അറിയാതെയോ സർക്കാർ സംവിധാനങ്ങൾ ഈ സ്ഥാപനങ്ങളുടെ പ്രമോഷന്റെ ഭാഗം പോലുമാകുന്നു. സമൂഹത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ തിരിച്ചറിയാനും തടയാനും സാധിച്ചില്ലെങ്കിൽ പുതിയ ക്രമക്കേടുകൾ ഇനിയും ആവർത്തിക്കുമെന്നതിൽ സംശയമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONEY SCAMS IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.