SignIn
Kerala Kaumudi Online
Thursday, 28 March 2024 7.32 PM IST

പുതിയ പാതയിൽ ഗതാഗതം

photo

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ജനം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ചാണ്. ഗതാഗതവകുപ്പിന്റെ യാത്ര ഈസിയല്ല. എന്നാൽ വകുപ്പിനെ കൂടുതൽ ജനകീയമാക്കാനാണ് മന്ത്രി ആന്റണി രാജുവിന്റെ ശ്രമം.

ഓൺലൈൻ ലേണേഴ്സ്

മോട്ടോർവാഹന വകുപ്പിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വയർലെസ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് നടപ്പിലാക്കി. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ പാനിക് ബട്ടൺ ഉൾപ്പെടെയുള്ള വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ഇന്ത്യയിലാദ്യമായി ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോം സജ്ജമാക്കി. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഉൾപ്പെടെ വാഹന ലൈസൻസ് സംബന്ധമായ 60 ഓളം സേവനങ്ങൾ ഓൺലൈനാക്കി. ഇതിൽ 38 എണ്ണം പൂർണമായും ഓൺലൈനായും ആറെണ്ണം ആധാർ ഓതന്റിക്കേഷൻ വഴിയുമാണ് . എല്ലാ ഓഫീസുകളിലും ഇ - ഓഫീസ് ഫയലിംഗ് സംവിധാനം നടപ്പിലാക്കി. ടൂറിസം വകുപ്പുമായി ചേർന്ന് തുടക്കംകുറിച്ച കാരവൻ ടൂറിസം പദ്ധതിയിലെ കാരവനുകളുടെ നികുതിയിൽ 50 ശതമാനം ഇളവു നൽകി. വിദ്യാഭ്യാസസ്ഥാപന ബസുകളുടെ സുരക്ഷ ഉറപ്പാക്കാൻ 'വിദ്യാ വാഹൻ' എന്ന പേരിൽ പ്രത്യേക ചെക്കിംഗ് ഡ്രൈവ് നടത്തി. മോട്ടോർ വാഹന വകുപ്പിലെ ഫയലുകൾ തീർപ്പാക്കാൻ 'വാഹനീയം' അദാലത്ത് നടത്തി. റോഡപകട മേഖലകളെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.മാരുടെ മേൽനോട്ടത്തിൽ വിശദപഠനം നടത്തി അപകടമേഖലകൾ ഗൂഗിൾ മാപ്പിൽ ബ്ലാക്ക് സ്‌പോട്ട് രേഖപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതിയിൽ ആദ്യ അഞ്ചുവർഷത്തെ നികുതിക്ക് 50 ശതമാനം ഇളവ് നല്കി. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ അഞ്ചുവർഷത്തെ നികുതി ഒഴിവാക്കി. ഇലക്ട്രിക് ഓട്ടോറിക്ഷ രജിസ്റ്റർ ചെയ്യുന്ന വാഹന ഉടമകളുടെ വാർഷിക വരുമാനപരിധി മൂന്നുലക്ഷം രൂപയിൽ താഴെയാണെങ്കിൽ 30,000 രൂപ വരെ സബ്സിഡി അനുവദിച്ചു.

റോഡപകടങ്ങളും ജീവഹാനിയും പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്‌നേഷൻ എന്നീ അത്യാധുനിക സാങ്കേതിക വിദ്യകളോടു കൂടിയ കാമറകൾ, സ്പീഡ് റഡാറുകൾ, വെഹിക്കിൾ മൗണ്ടഡ് സ്പീഡ് റഡാറുകൾ എന്നിവ സ്ഥാപിച്ച് 14 ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി.

കെ.എസ്.ആർ.ടി.സി.സ്വിഫ്ടിന്റെ പ്രവർത്തനമാരംഭിച്ചത് നേട്ടമാണ്. പൊതുജനങ്ങൾക്ക് കൂടി കെ.എസ്.ആർ.ടി.സി. പമ്പുകളിൽനിന്നും ഇന്ധനം ലഭ്യമാക്കുന്ന 'യാത്രാ ഫ്യുവൽസ് ' പദ്ധതി വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരത്തിലെ സുപ്രധാന ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് അനായാസമെത്താൻ 'സിറ്റി സർക്കുലർ' സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയിൽ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ദേശീയപാതയിലേയും, എം.സി. റോഡിലേയും സമാന്തര ബൈപ്പാസുകൾ വഴി യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ 'ബൈപ്പാസ് റൈഡർ' സർവീസുകളും ആരംഭിച്ചു. തൊടുപുഴ, പാല, പത്തനംതിട്ട ഡിപ്പോകളിൽ പുതിയ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവർത്തനമാരംഭിച്ചു. കെ.എസ്.ആർ.ടി.സി.യും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ചേർന്ന് 'കെ.എസ്.ആർ.ടി.സി. ല്യൂബ് ഷോപ്പ് ' പദ്ധതി എറണാകുളം, ആലുവ എന്നിവിടങ്ങളിൽ ആരംഭിച്ചു.

ഫിഷറീസ് വകുപ്പുമായി ചേർന്ന് കെ.എസ്.ആർ.ടി.സി. 'സമുദ്ര' സർവീസ് ആരംഭിച്ചു. കഴിഞ്ഞവർഷം കേന്ദ്രസർക്കാരിന്റെ കീഴിലുളള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ 'സാക്ഷം' ദേശീയ പുരസ്‌‌കാരം കെ.എസ്.ആർ.ടി.സി.യ്ക്ക് ലഭിച്ചു. 2020-21 കാലയളവിൽ ഇന്ധനക്ഷമതാ പുരോഗതി കൈവരിച്ചതിന് ദേശീയതലത്തിൽ രണ്ടാംസ്ഥാനമാണ് കെ.എസ്.ആർ.ടി.സിയ്‌ക്ക്.

കാറ്റമറൈൻ ബോട്ടുകൾ

ഉൾനാടൻ ജലഗതാഗത മേഖലയിലേക്ക് കൂടുതലാളുകളെ ആകർഷിക്കാൻ ചെലവ് കുറഞ്ഞതും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയ 100, 75 പാസഞ്ചർ കപ്പാസിറ്റിയുള്ള കാറ്റമറൈൻ ബോട്ടുകൾ നീറ്റിലിറക്കി. 75 പാസഞ്ചർ കപ്പാസിറ്റിയുളള നാല് സോളാർ ഇലക്ട്രിക് ബോട്ട്, 100 പാസഞ്ചർ കപ്പാസിറ്റിയുളള ഒരു സോളാർ ഇലക്ട്രിക് ക്രൂയിസ് ബോട്ട് എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. 30 പാസഞ്ചർ കപ്പാസിറ്റിയുളള നാല് സോളാർ ഇലക്ട്രിക് ബോട്ടുകൾ വാങ്ങാൻ ഭരണാനുമതി നൽകി.

.........................................................

ജനത്തിന് ഗുണകരമാകുന്ന വിധത്തിലാണ് പരിഷ്കരങ്ങളെല്ലാം നടപ്പിലാക്കുന്നത്. ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ മാനേജ്മെന്റും തൊഴിലാളികളും ഒത്തൊരുമയോടെ പ്രവർത്തിക്കുമ്പോൾ അവസാനിക്കും.

ആന്റണി രാജു

ഗതാഗതവകുപ്പ് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOTOR VEHICLE DEPARTMENT KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.