SignIn
Kerala Kaumudi Online
Thursday, 18 April 2024 5.46 PM IST

ഫലകപ്രതിഷ്‌ഠയിലൂടെ ഗുരു പടർത്തിയ പ്രകാശം

guru

ശ്രീനാരായണ ഗുരുദേവന്റെ വിഗ്രഹേതര പ്രതിഷ്‌ഠകളിൽ

ഏറെ പ്രാധാന്യമുള്ള മുരുക്കുംപുഴ ഫലകപ്രതിഷ്‌ഠയുടെ 101 -ാം വാർഷികം ഇന്ന് . ബ്രാഹ്മണ്യത്തിന്റെയും പൗരോഹിത്യത്തിന്റെയും അപ്രമാദിത്വം തകർത്തുകൊണ്ട് 1888- ൽ ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ നവോത്ഥാന കേരളത്തിന്റെ കേളികൊട്ടായിരുന്നു. ബഹുഭൂരിപക്ഷം ജനത ജാതിവ്യവസ്ഥയുടെ കരാളതയിൽ ഞെരിഞ്ഞമർന്ന അക്കാലത്ത് അരുവിപ്പുറം പ്രതിഷ്ഠ നൽകിയ ആത്മീയവും സാമൂഹ്യവുമായ ഉണർവ് വിപ്ളാത്മകമായിരുന്നു. ഇൗഴവർ മുതൽക്കിങ്ങോട്ടുള്ള ജാതിക്കാർക്ക് സ്വന്തമായി കിടപ്പാടമുണ്ടാക്കാനോ ഭൂമി കൈവശം വയ്ക്കാനോ വാങ്ങാനോ അവകാശമില്ലായിരുന്നു. എന്തിനേറെ വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലായിരുന്നു. സ്ത്രീകൾ മാറുമറയ്ക്കാൻ പാടില്ലായിരുന്നു. ഇവിടത്തെ ജാതിവ്യവസ്ഥ ഇൗ മനുഷ്യരെ ഇരുകാലി മൃഗങ്ങളെപ്പോലെ അധമജീവിതം നയിക്കാൻ നിർബന്ധിതമാക്കി.

അയിത്തജാതിക്കാർക്ക് ഇൗശ്വരാരാധനയ്ക്ക് സവർണ ക്ഷേത്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ സങ്കടകരമായിരുന്നു. ക്ഷേത്ര പരിസരത്തുകൂടി നടക്കാൻ അവകാശമില്ല. അകലെ നിന്നുവേണം പ്രതിഷ്ഠകണ്ട് സായൂജ്യമടയാൻ. അതുകൊണ്ടുതന്നെ അയിത്ത ജാതിക്കാർ ഏറെയും ആരാധിച്ചിരുന്നത് പ്രാകൃത ദൈവങ്ങളെയായിരുന്നു. പലയിടങ്ങളിലും മദ്യമാംസാദികൾ നേർച്ച നൽകിക്കൊണ്ട് ആരാധിച്ചിരുന്ന മാടനും മറുതയും കാളിയുമൊക്കെയായിരുന്നു പ്രതിഷ്ഠ.

പ്രാകൃതാചാരങ്ങൾ മാറ്റാൻ ഒരുപക്ഷേ സന്മൂർത്തികൾക്കാകുമെന്ന് ഗുരു ചിന്തിച്ചു. കുളത്തൂർ കോലത്തുകരയിലൊക്കെയുണ്ടായിരുന്ന കാളി പ്രതിഷ്ഠ മാറ്റി ശിവപ്രതിഷ്ഠ നടത്തി. മുരുക്കുംപുഴയിൽ ഫലകപ്രതിഷ്ഠയും കളവംകോടത്തും ഉല്ലലയിലും കണ്ണാടി പ്രതിഷ്ഠയും കാരമുക്കിൽ നിലവിളക്കും പ്രതിഷ്ഠിച്ചു. അതിലൊരാൾക്കും എതിർപ്പുണ്ടായില്ല. മാറ്റം വിശ്വാസരീതികളിൽനിന്ന് തുടങ്ങിയാൽപ്പിന്നെ മറ്റെല്ലാം കുറേക്കൂടി ലളിതമാകുമെന്ന് ഗുരു കണ്ടു. അങ്ങനെ ക്ഷേത്ര സംസ്ഥാപനവും പ്രതിഷ്ഠാസ്ഥാപനവുമായി മുന്നോട്ടുപോയി. അതിനായി ഗുരുവിന് മുപ്പത്തിമൂന്ന് ക്ഷേത്രങ്ങൾ സ്ഥാപിക്കേണ്ടിവന്നു. വിഗ്രഹത്തിൽനിന്ന് അക്ഷരങ്ങളിലേക്കെത്തുന്ന വലിയൊരു പ്രക്രിയയാണ് ഗുരു നിർവഹിച്ചത്. ഇൗ മാറ്റത്തിലേക്കുള്ള ഒരു സുപ്രധാന ഘട്ടത്തിന് സാക്ഷ്യം വഹിക്കാനായി മുരുക്കുംപുഴയുടെ മണ്ണിൽ അതിനനുകൂലമായ പശ്ചാത്തലമൊരുക്കപ്പെട്ടു. അതിന് നിദാനമായത് മുരുക്കുംപുഴ എന്ന പ്രദേശത്തിന്റെ സാമൂഹ്യമായ സവിശേഷതകളായിരുന്നു.

മുരുക്കുംപുഴയുടെ

ചരിത്ര പ്രാധാന്യം

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വൈക്കം തുടങ്ങിയ പ്രദേശങ്ങളെപ്പോലെ സവിശേഷമായി അടയാളപ്പെടുത്തേണ്ട ഒരു പ്രദേശമാണ് മുരുക്കുംപുഴ. നവോത്ഥാന പ്രക്രിയയിലെ നിർണായക ഘടകമായിരുന്ന ഇൗഴവരിലാണ് സാമൂഹ്യമായും ജാതിഘടനാപരവുമായ പരിവർത്തനം പ്രധാനമായും നടന്നത്. അതേറ്റവും പ്രകടമായ രൂപത്തിൽ പ്രവർത്തിച്ചതായി മുരുക്കുംപുഴ പ്രദേശത്തെ ഇൗഴവരുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും.

കടലും കായലും ഇടകലർന്നു കിടക്കുന്ന കഠിനംകുളത്തോടു ചേർന്ന് ശാസ്ത്രപരമായ പ്രത്യേകതകൾ മുരുക്കുംപുഴ പ്രദേശത്തെ സമ്പന്നമാക്കിയിരുന്നു. കരകൃഷിയും തെങ്ങിൻതോപ്പും കയർ വ്യവസായവും മത്സ്യബന്ധനവുമായിരുന്നു പ്രദേശവാസികളുടെ പ്രധാന സമ്പത്തുത്‌പാദന മാർഗങ്ങൾ. താണജാതിയിൽപ്പെട്ട, മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ച പരവതർ തുടങ്ങിയ സമുദായത്തിൽപ്പെട്ടവർ 11-ാം നൂറ്റാണ്ടിൽ ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മുരുക്കുംപുഴ പ്രദേശത്തെ ജനങ്ങളുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന മൂന്ന് ക്ഷേത്രങ്ങളുണ്ട്. കോഴിമട, ഇരട്ടക്കുളങ്ങര, പുത്തൻകോവിൽ എന്നീ ക്ഷേത്രങ്ങളാണത്. ഇൗ ക്ഷേത്രങ്ങളിൽ നിലനിന്ന ആചാരങ്ങൾ പലതും അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെകൂടി പ്രതിഫലനങ്ങളാണ്. കോഴിമടക്ഷേത്രം പരമ്പരാഗതമായി നായർ ഭരണത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇൗഴവർ മുതലിങ്ങോട്ടുള്ള താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപരിസരത്ത് പ്രവേശനം നിഷിദ്ധമായിരുന്നു.

ഇൗഴവർ നടത്തിയിരുന്ന ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലാകട്ടെ താഴ്ന്ന ജാതിക്കാർക്ക് അയിത്തം കല്പിച്ചിരുന്നു. ഇൗ സമൂഹത്തിലും പരമ്പരാഗതമായി നിലനിന്നിരുന്ന വേർതിരിവുകളും അയിത്തദൂരവും പാലിക്കപ്പെട്ടിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്. പുത്തൻകോവിലിന്റെ ചരിത്രം ഇൗശ്വരാരാധനയിൽ ഇൗഴവർ അന്നനുഭവിച്ചിരുന്ന അധമത്വാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിവൃദ്ധിക്കായി വ്രതം നോക്കാൻ ഒരു ശിവക്ഷേത്രം ആവശ്യമാണെന്ന അദമ്യമായ ആഗ്രഹം ഇൗഴവർക്കുണ്ടായിരുന്നു. അതിന് ഇൗ കോവിലിലെ കാളീപ്രതിഷ്ഠ മാറ്റി ശിവപ്രതിഷ്ഠ നടത്തണം. അതിനായി കാളീപ്രതിഷ്ഠ കഠിനംകുളത്തേക്ക് മാറ്റി സ്ഥാപിച്ചു. പകരം ശിവനെ പ്രതിഷ്ഠിക്കാനാണ് ഗുരുവിനെ അവർ അവിടേക്ക് ക്ഷണിച്ചത്.

ഗുരുവാകട്ടെ ക്ഷേത്രപ്രതിഷ്ഠകളിലൂടെ ജനങ്ങളെ ഉദ്ധരിക്കുന്നത് അവസാനിപ്പിക്കാനുള്ല തീരുമാനത്തിലെത്തിയിരുന്നു. വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടതെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. പുത്തൻകോവിലിൽ പ്രതിഷ്ഠാകർമ്മത്തിനായി എത്തിയ ഗുരു ജനങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പഞ്ചലോഹനിർമ്മിതമായ ഒരു വൃത്താകാരത്തകിടിൽ സത്യം, ധർമ്മം, ദയ, ശാന്തി എന്നെഴുതി അത് സ്ഥാപിക്കുകയായിരുന്നു. വിശ്വമാനവികതയുടെ ശാന്തി മന്ത്രമാണ് ഗുരു ആലേഖനം ചെയ്തത്. ഭക്തരാരും അതിനെ എതിർത്തില്ല. ശ്രീകാളകണ്ഠേശ്വര ക്ഷേത്രം എന്ന പേരിൽ ക്ഷേത്രം അറിയപ്പെട്ടുതുടങ്ങി. അന്നുമുതൽ അയിത്തജാതിക്കാർക്ക് പ്രവേശനമില്ലായിരുന്ന ശ്രീകോവിലിന്റെ വാതിൽ അവർക്കായി തുറന്നുകൊടുത്തു.

ജാതിഭ്രാന്ത് മൂത്തുപോയ കേരളത്തിൽ, ഭ്രാന്താലയമെന്ന് വിവേകാനന്ദൻ വിളിച്ച അതേ കേരളത്തിലാണ് ഗുരുവിന്റെ നേതൃത്വത്തിൽ തൊട്ടുകൂടാത്തവർക്കും തീണ്ടിക്കൂടാത്തവർക്കും ദൃഷ്ടിയിൽപ്പെട്ടാൽപോലും ദോഷമുള്ളോർക്കും മുമ്പിൽ ശ്രീകോവിലിന്റെ വാതിൽ മലർക്കെ തുറന്നത്. അതൊരു മഹത്തായ വിപ്ളവമായിരുന്നു. മുരുക്കുംപുഴയിലെ ഇൗഴവ സമൂഹത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും സമത്വബോധത്തിന്റെയും വലിയ നിദർശനമായി പുത്തൻകോവിൽ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു.

ലേഖകന്റെ ഫോൺ - 8157902203

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURUKKUMPUZHA BHALAKA PRATHISHTA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.