SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.58 PM IST

ആർക്കാണ് ആയിശമാരെ പേടി?

photo

സ്ത്രീയും പുരുഷനും പൊതുവേദി പങ്കിട്ടാൽ എന്തു സംഭവിക്കും?. പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല എന്നാണ് ഉത്തരമെങ്കിൽ സമസ്ത എ.പി.വിഭാഗം നേതാക്കൾക്ക് കാര്യങ്ങൾ അങ്ങനെയല്ല. ഒക്ടോബർ 17 മുതൽ 19 വരെ കോഴിക്കോട് പുതുപ്പാടിയിലെ മർക്കസ് നോളജ് സിറ്റിയിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ വിദേശ വനിതകൾ പങ്കെടുത്തതിൽ സംഘാടകരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് സമസ്ത എ.പി സുന്നി വിഭാഗം. സ്ത്രീയും പുരുഷനും ഒരിക്കലും പൊതുവേദി പങ്കിടരുത്. പൊതുവേദികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്നാണ് പരമോന്നത നേതാവ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ നിലപാടെന്നും ഇത് ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ സംഘാടകരോട് വിശദീകരണം ചോദിച്ചത്.

എ.പി വിഭാഗം സുന്നികളുടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് മർകസ്. പരമോന്നത നേതാവായ കാന്തപുരം എ.പി.അബൂബക്കർ മു‌സ്‌ലിയാരുടെ മകൻ എ.പി.അബ്ദുൽ ഹക്കീം അസ്ഹരിയുടെ നിയന്ത്രണത്തിലുള്ള മർകസ് നോളജ് സിറ്റിയിൽ സ്ത്രീകളും പുരുഷന്മാരും ഒരേ വേദി പങ്കിട്ടതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. സ്ത്രീകൾ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന നിലപാടിൽ ഒരുമാറ്റവും വരുത്തിയിട്ടില്ലെന് സമസ്ത എ.പി വിഭാഗം നേതാക്കൾ അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. 40 രാഷ്ട്രങ്ങളിൽ നിന്നുള്ള ഇരുന്നൂറിലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം എന്ന വിഷയത്തിലായിരുന്നു ഉച്ചകോടി. പങ്കെടുത്ത ഓരോരുത്തരും ഒരുപോലെ യോഗ്യതയുള്ളവർ. ഒരു പൊതുവേദിയിൽ അതും സമകാലിക ലോകം നേരിടുന്ന അതീവഗൗരവമുള്ള വിഷയം ചർച്ച ചെയ്യാൻ ഒത്തുകൂടിയവരെ ലിംഗ അതിർവരമ്പുകൾ തിരിച്ച് വിവാദങ്ങൾ സൃഷ്ടിക്കുന്നവർ കുറഞ്ഞപക്ഷം പ്രവാചകൻ മുഹമ്മദ് നബിയുടെ പത്നി ആയിശ ബീവിയുടെ ചരിത്രമെങ്കിലും വായിക്കണമെന്ന് മുസ്‌ലിം പണ്ഡിതർ തന്നെ ചൂണ്ടിക്കാട്ടുന്നു.

മദ്രസയുടെ വാർഷിക പരിപാടിയിൽ ഉന്നതവിജയം നേടിയതിന് പുരസ്‌കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ പത്താം ക്ലാസുകാരിയെ നിറഞ്ഞ സദസ്സിന് മുന്നിൽ സമസ്ത ഇ.കെ വിഭാഗം സംസ്ഥാന സെക്രട്ടറി എം.ടി.അബ്ദുള്ള മു‌സ്‌ലിയാർ പരസ്യമായി അപമാനിച്ച സംഭവം അരങ്ങേറിയത് അടുത്തിടെയാണ്. ''ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ചുതരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്'' ഇതായിരുന്നു ആ ആക്രോശം. മുസ്‌ലിം സമുദായത്തിലെ പ്രബല വിഭാഗമായ ഇ.കെ, എ.പി വിഭാഗങ്ങൾ തങ്ങൾക്കിടയിലെ ഭിന്നതകൾക്കിടയിലും സ്ത്രീകളെ നിയന്ത്രിക്കണമെന്ന തീരുമാനത്തിൽ ഒറ്റക്കെട്ടാണ്.

മുസ്‌ലിം സമുദായത്തിലെ മറ്റ് സംഘടനകളായ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി എന്നിവയ്ക്ക് വനിതാ വിംഗുകൾ ഉണ്ടെങ്കിൽ സമസ്തയിലെ ഇരുവിഭാഗങ്ങൾക്കും ഇതില്ല. സ്ത്രീകൾ ഒതുങ്ങി ജീവിക്കേണ്ടവരാണെന്ന നിലപാടാണ് ഇതിന് കാരണം. ഇരുസമസ്തകളുടെയും കീഴിലുള്ള പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനവുമില്ല. യാത്രക്കാരായ സ്ത്രീകൾക്ക് നമസ്‌കരിക്കാൻ പള്ളി പരിസരത്ത് മറ്റൊരു ചെറിയ കെട്ടിടമുണ്ടാക്കി സൗകര്യം ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ പ്രവണത തുടങ്ങിയത് തന്നെ അടുത്ത കാലത്താണ്. ഇതിന് മുമ്പ് പള്ളിയുടെ പരിസരങ്ങളിൽ സ്ത്രീകളെ അടുപ്പിച്ചിരുന്നില്ല. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങളുടെ പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശിക്കാനും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും സൗകര്യങ്ങളുണ്ട്. ഇവരുടെ പൊതുപരിപാടികളിലും സംഘടനയ്ക്കുള്ളിലും സ്ത്രീകൾ സജീവമാണ്. പുതിയകാലത്തെ യുവതയും മാറുന്ന സാഹചര്യങ്ങളും ഇരുസമസ്തകളെയും ചില മാറ്റങ്ങൾക്കെങ്കിലും നിർബന്ധിക്കുന്നുണ്ടെങ്കിലും നേതൃതലത്തിലെ കടുംപിടുത്തക്കാരാണ് തടസ്സം.


വേണം ആയിശമാരെ

സ്ത്രീകൾ പൊതുവേദികളിൽ പങ്കെടുക്കരുതെന്ന് പറയുന്നവർ പ്രവാചകപത്നി ആയിശ ബീവിയെ മാതൃകയാക്കണമെന്ന് ഈ നിലപാടിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഖലീഫ ഉസ്മാന്റെ ഘാതകരെ ശിക്ഷിക്കാതെ അലിയെ ഖലീഫയായി തിരഞ്ഞെടുക്കരുതെന്ന അഭിപ്രായത്തിൽ നിന്ന് ഉരുണ്ടുകൂടിയ ജമൽ യുദ്ധത്തിന് നേതൃത്വം വഹിച്ചത് പ്രവാചക പത്നി ആയിശയായിരുന്നു. ആയിരങ്ങളെ പിന്നിൽ അണിനിരത്തി ഒരു വനിത യുദ്ധം നയിച്ചിട്ടുണ്ടെങ്കിൽ മുസ്‌ലിം വനിതകൾ പൊതുവേദിയിൽ പങ്കെടുത്തതിനെ എങ്ങനെ എതിർക്കുമെന്നാണ് ലളിതമായ ചോദ്യം.

'' ആയിശ ബീവി പുറപ്പെട്ടത് യുദ്ധം ലക്ഷ്യം വെച്ചായിരുന്നില്ല. മുസ്‌ലിങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായപ്പോൾ ഇതു പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് അവർ രംഗത്തെത്തിയത്. ആയിഷയും അലിയും സന്ധി സംഭാഷണം നടത്തി പ്രശ്നങ്ങൾ പരിഹരിച്ച് യുദ്ധത്തിൽ നിന്ന് പിന്തിരിയുന്നതിനിടെ ഇരുകൂട്ടർക്കുമിടയിൽ നുഴഞ്ഞുകയറിയ പ്രശ്നക്കാരാണ് യുദ്ധത്തിലേക്ക് വീണ്ടും കാര്യങ്ങളെത്തിച്ചത്.'' സമസ്ത നേതൃത്വത്തിന്റെ ഈ വാദം അംഗീകരിച്ചാൽ തന്നെ പ്രശ്ന പരിഹാരം തേടി ഒരു ജനത എന്തുകൊണ്ട് ഒരു സ്ത്രീയെ സമീപിച്ചു എന്നതിനെങ്കിലും ഉത്തരം നൽകേണ്ടി വരും. ഇസ്‌ലാമിക ചരിത്രത്തിലെ എത്രയോ പ്രഗത്ഭർ ജീവിച്ചിരുന്ന കാലത്താണ് ഒരു വനിതയെ ജനം ആശ്രയിച്ചത്. യുദ്ധരംഗത്തും മറ്റും പട പൊരുതുന്നവർക്ക് സഹായികളായി വർത്തിക്കുവാൻ മുസ്‌ലിം വനിതകൾ രംഗത്തുണ്ടായിരുന്നതിന് നിരവധി തെളിവുകൾ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. മുറിവേറ്റവരെ ശുശ്രൂഷിച്ചിരുന്നതും ഇവരാണ്. സന്നിഗ്ധ ഘട്ടങ്ങളിൽ സമരമുഖത്തിറങ്ങാനും തയ്യാറായിരുന്നവർ ഇക്കൂട്ടത്തിലുണ്ടായിരുന്നെന്നും ഇസ്‌ലാമിക ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.

പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന സ്വഹാബിമാരിൽ(അനുചരന്മാർ) പ്രമുഖർ പോലും ഇസ്‌ലാമിക കാര്യങ്ങൾ സംബന്ധിച്ച സംശയ ദുരീകരണത്തിന് ആയിശയെ സമീപിക്കാറുണ്ടായിരുന്നു. ഖലീഫമാർക്ക് ശേഷം പണ്ഡിതർ ആശ്രയിച്ചിരുന്നതും ആയിശയെ ആയിരുന്നു. ഇസ്‌ലാമിക വിജ്ഞാനം, ഖുർആൻ വ്യാഖ്യാതാവ്, ഹദീസ് നിരൂപക എന്നിവയിൽ മാത്രമല്ല ചരിത്രം, സാഹിത്യം, കല, കവിത, വൈദ്യം എന്നിവയിലും ആയിശ അഗ്രഗണ്യയായിരുന്നു. മികച്ച പ്രാസംഗികയുമായിരുന്നു. ജമൽ യുദ്ധത്തിന് ഒരുങ്ങുന്നതിനിടെ തന്റെ പ്രസംഗ വൈഭവത്തിലൂടെ എതിർപക്ഷത്തുള്ളവരെ പോലും തന്റെ പക്ഷത്താക്കാൻ ആയിശയ്ക്ക് സാധിച്ചിരുന്നെന്ന് ഇസ്‌ലാമിക ചരിത്രത്തിൽ രേഖപ്പെടുത്തുന്നതായി പണ്ഡിതർ പറയുന്നു. വീട്ടകങ്ങളിൽ ഒതുങ്ങികഴിയുന്ന ഒരുസ്ത്രീക്ക് എങ്ങനെ ഇത്തരം കഴിവുകൾ ആർജ്ജിച്ചെടുക്കാൻ കഴിയും. പുതിയകാലത്ത് സ്ത്രീകളെ വീട്ടകങ്ങളിലേക്ക് തിരിച്ചയക്കാൻ വെമ്പൽകൊള്ളുന്നവ‌ർ ഈ ചരിത്രമെങ്കിലും ഓർക്കണം. ആൺ-പെൺ സ്വാതന്ത്രമെന്നത് മതമോ സംഘടനകളോ വ്യക്തികളോ അനുവദിക്കേണ്ടതല്ലെന്ന ബോദ്ധ്യം മറന്നല്ല ചരിത്രത്തിലേക്ക് നടത്തിയ ഈ തിരിഞ്ഞുപോക്ക്. സ്ത്രീകളെ അടക്കിയൊതുക്കി ജീവിക്കാൻ ശ്രമിക്കുന്നവർ മതചരിത്രം പോലും മനഃപ്പൂർവ്വം മറക്കുമ്പോൾ ഓർമ്മിപ്പിച്ചെന്ന് മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYISA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.