SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.06 PM IST

നാഥനില്ലാതെ പച്ചക്കോട്ട

malappuram

' കരുത്തുറ്റ നേതൃത്വം ' അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഭാരവാഹിയുമായ സയ്യിദ് മുഈൻ അലി തങ്ങൾ മാർച്ച് 17ന് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം അബ്ബാസലി ശിഹാബ് തങ്ങളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തിയായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്. നിരവധിപേരിലേക്ക് പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടു. ആയിരത്തിലധികം കമന്റുകളാലും നിറഞ്ഞു. സാദിഖലി തങ്ങൾക്കും അബ്ബാസലി തങ്ങൾക്കും ആശംസകൾ നേർന്നായിരുന്നു ലീഗ് പ്രവർത്തകരുടെ കമന്റുകൾ. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ബാസലി ശിഹാബ് തങ്ങളെന്ന കൃത്യമായ സന്ദേശം നൽകുന്നതായിരുന്നു മുഈനലിയുടെ പോസ്റ്റ്. മലപ്പുറം ജില്ലാ പ്രസിഡന്റ് ആരെന്നതിൽ മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപെ ഉള്ള ഫേസ്‌ബുക്ക് പോസ്റ്റ് യാദൃശ്ചികമല്ല. മുസ്‌ലിം ലീഗ് നിലവിൽ പിന്തുടരുന്ന പാതയനുേസരിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ യാതൊരു അസ്വാഭാവികതയുമില്ല. കീഴ്‌വഴക്കമനുസരിച്ച് സാദിഖലി ശിഹാബ് തങ്ങളുടെ അനിയനായ അബ്ബാസലി ശിഹാബ് തങ്ങളാണ് മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത്.

ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടർന്ന് സയ്യിദ് പി.എം.എസ്.എ പുക്കോയ തങ്ങളിലൂടെ ആണ് ആദ്യമായി പാണക്കാട്ടെ തറവാട്ടിലേക്ക് മുസ്‌ലിം ലീഗിന്റെ അദ്ധ്യക്ഷ പദവിയെത്തുന്നത്. ക്യാൻസർ ബാധിതനായി പൂക്കോയ തങ്ങൾ വിട പറഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനം എത്തിയത് അദ്ദേഹത്തിന്റെ മകൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കരങ്ങളിലേക്ക്. തുടർന്നിങ്ങോട്ട് മുസ്‌ലിം ലീഗ് സ്വീകരിച്ച പാത പരിശോധിച്ചാൽ അബ്ബാസലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാവണം. മൂന്ന് പതിറ്റാണ്ടിലധികം ലീഗിനെ നയിച്ച,​ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെ അദ്ദേഹത്തിന്റെ അനിയൻ ഹൈദരലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തിയിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഹൈരദലി ശിഹാബ് തങ്ങൾ സംസ്ഥാന പ്രസിഡന്റായപ്പോൾ സഹോദരൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മലപ്പുറം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. ആശയ കുഴപ്പങ്ങളോ, തീരുമാനം പ്രഖ്യാപിക്കാൻ കാലതാമസമോ ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ മുസ്‌ലിം ലീഗിലെ സ്ഥിതി ഇതല്ലെന്ന് വ്യക്തമാക്കുന്നതാണ് പാണക്കാട് മുഈനലി തങ്ങളുടെ ഫേസ്ബുക്ക് പോസ്‌റ്റും ഇതിനെ ചുറ്റിപറ്റിയുള്ള അടക്കംപറച്ചിലുകളും.

തുടർന്നുപോരുന്ന നയപ്രകാരം അബ്ബാസലി ശിഹാബ് തങ്ങളാണ് ജില്ലാപ്രസിഡന്റ് ആവേണ്ടതെങ്കിലും ഈ സ്ഥാനത്തിനായി പാണക്കാട് കുടുംബാംഗങ്ങൾക്കിടയിൽ മത്സരം നടക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അന്തരിച്ച ഉമറലി തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരും ജില്ലാ പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്നവരാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിന് തൊട്ടുപിന്നാലെ മാർച്ച് ഏഴിന് പാണക്കാട്ട് അടിയന്തര നേതൃയോഗം ചേർന്നാണ് സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇത് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും മലപ്പുറം ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞിട്ടില്ല. പാണക്കാട് കുടുംബാംഗങ്ങൾക്കിടയിലെ ഭിന്നസ്വരമാണ് ഇതിന് കാരണം.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി രംഗത്തുള്ളത് മുനവ്വറലി ശിഹാബ് തങ്ങളാണ്. അന്തരിച്ച മുസ്‌ലിം ലീഗ് മുൻസംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനാണ് മുനവ്വറലി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റെന്ന നിലയിലും സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യമാണ് മുനവ്വറലി ശിഹാബ് തങ്ങൾ. പുതുതലമുറയുമായി സംവദിക്കുന്നതിൽ പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ട്. മികച്ച സംഘാടകൻ കൂടിയാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിലെ പൊതുസ്വീകാര്യതയാണ് മുനവ്വറലിയുടെ പ്രത്യേകത. യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി വൈകാതെ തീരും. ഇനിയും ഒരുവട്ടം കൂടി ഈ സ്ഥാനത്തേക്ക് വരാനുമാവില്ല. യൂത്ത് ലീഗിൽ നേതാക്കൾ ചേരിതിരിഞ്ഞ് പോരാടുമ്പോൾ ഇത് അത്ര എളുപ്പവുമല്ല. മുനവ്വറലിയുടെ പ്രായവും മറ്റൊരു തടസ്സമാണ്. ഇതോടെ പാർട്ടിയിൽ പ്രധാന സ്ഥാനങ്ങളൊന്നും മുനവ്വറലിക്ക് ഉണ്ടാവില്ല. അതേസമയം മുനവ്വറലിയിലൂടെ ജില്ലയിൽ പാർട്ടിയെ കൂടുതൽ സജീവമാക്കാനാവുമെന്ന വിലയിരുത്തിൽ ലീഗ് നേതാക്കൾക്കിടയിലുണ്ട്. ഇത് മുൻനിർത്തിക്കൂടിയാണ്‌ മുസ്‌ലിം ലീഗ് ജില്ലാ പ്രസി‌ഡന്റ് സ്ഥാനത്തേക്കുള്ള മുനവ്വറലിയുടെ നീക്കം.

അബ്ബാസലി ശിഹാബ് തങ്ങളാവട്ടെ സ്ഥാനമാനങ്ങൾക്ക് വാദിക്കുന്ന വ്യക്തിത്വവുമല്ല. ആത്മീയരംഗങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ച് മുന്നോട്ടുപോവുന്ന ശൈലിയാണ് അദ്ദേഹത്തിന്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക്, തന്നെ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും യാതൊരു പ്രതിഷേധങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് അടുപ്പക്കാർ പറയുന്നത്. എന്നാൽ പാണക്കാട്ടെ പുതുതലമുറക്കാർക്ക് അബ്ബാസലി തങ്ങൾ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനോടാണ് കൂടുതൽ താത്പര്യം. മുഈനലിയുടെ പോസ്റ്റും ഇതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ജില്ലാ പ്രസി‌ഡന്റായി ആരെ തിരഞ്ഞെടുത്താലും പാണക്കാട് കുടുംബത്തിനുള്ളിലെ അഭിപ്രായ ഭിന്നത പുറംലോകത്ത് ചർച്ചയാവില്ലെങ്കിലും ലീഗ് നേതൃത്വം വലിയ പ്രതിസന്ധിയിലാണ്. സമീപകാലത്തൊന്നും ഇല്ലാത്ത വിധത്തിൽ പാണക്കാട്ടെ കുടുംബാംഗങ്ങൾക്കിടയിൽ ഉയർന്ന ഭിന്നസ്വരം ഏത് വിധത്തിൽ പരിഹരിക്കുമെന്നതാണ് ലീഗിന് മുന്നിലെ വെല്ലുവിളി. അബ്ബാസലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് ജില്ലാ പ്രസി‌ഡന്റായി തിരഞ്ഞെടുത്താൽ പകരം മുനവ്വറലിക്ക് അനുയോജ്യമായി പദവി നൽകേണ്ടി വരും. പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിൽ നാഥനില്ലാതെ അധികകാലം മുന്നോട്ടുപോവാൻ കഴിയില്ലെന്നതിനാൽ അന്തിമ തീരുമാനം വൈകില്ലെന്നാണ് ലീഗ് കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSLIM LEAGUE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.