SignIn
Kerala Kaumudi Online
Friday, 29 March 2024 11.45 AM IST

മുസ്‌ലിം ലീഗ് ഭരണഘടന ; എന്തിനോ വേണ്ടി ഒരു ഭേദഗതി

sadikali

ഏറെക്കാലത്തിന് ശേഷം മുസ്‌ലിം ലീഗിന്റെ ഭരണഘടന ഭേദഗതി ചെയ്തപ്പോൾ കാതലായ എന്ത് മാറ്റമാണുണ്ടായത് ? ഉത്തരം ഒട്ടും പ്രതീക്ഷയേകുന്നതല്ല. 21 അംഗ സെക്രട്ടറിയേറ്റും അഞ്ചംഗ അച്ചടക്ക സമിതിയും രൂപീകരിച്ചെങ്കിലും സംസ്ഥാന പ്രസിഡന്റിന്റെ അധികാരം പരമാധികാരമാക്കി ഊട്ടിയുറുപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് തീരെ ഭൂഷണമല്ലാത്ത വിധം അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെടുന്നു. ഇതിന് പാർട്ടി ഭരണഘടന പിന്തുണയുമേകുന്നു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി അദ്ധ്യക്ഷനായ ഭരണഘടന ഭേദഗതി സമിതി ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ഭരണഘടന ഭേദഗതി തയ്യാറാക്കിയതെന്നായിരുന്നു ലീഗ് നേതൃത്വം മേനി പറഞ്ഞിരുന്നത്. നിലവിൽ സി.പി.എമ്മിനാണ് സുശക്തമായ സെക്രട്ടറിയേറ്റ് സംവിധാനമുള്ളത്. ലീഗിനും സെക്രട്ടറിയേറ്റ് സംവിധാനം വരുന്നതോടെ തീരുമാനങ്ങളെടുക്കുന്നതിൽ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുമെന്നും ലീഗ് നേതൃത്വം അവകാശപ്പെട്ടിരുന്നു. പാർട്ടി അദ്ധ്യക്ഷന് എന്ത് തീരുമാനവും എടുക്കാൻ കഴിയുന്നവിധം അധികാരങ്ങൾ നൽകുന്നതിനാണോ ഇത്രയധികം കൊട്ടിഗ്ഘോഷിച്ച് ഭരണഘടന ഭേദഗതി നടപ്പാക്കിയതെന്ന് മാത്രം ലീഗ് നേതാക്കളോട് ചോദിക്കരുത്. എണ്ണപ്പെട്ട നേതാക്കൾ മാത്രം ഉൾപ്പെട്ടതും പാർട്ടി ഭരണഘടനയിൽ ഇല്ലാത്തതുമായി ഉന്നതാധികാര സമിതി നിർണ്ണായകമായ പല വിഷയങ്ങളിലും തീരുമാനമെടുക്കുന്നു എന്നതായിരുന്നു സമീപകാലത്ത് ലീഗിനുള്ളിലും പുറത്തും ഉയർന്ന പ്രധാന ആക്ഷേപം. സെക്രട്ടറിയേറ്റ് വരുന്നതോടെ ഈ രീതിക്ക് മാറ്റം വരുമെന്ന പ്രചാരണവുമുണ്ടായി.

പ്രയോഗത്തിന്

വിലക്ക് !

ഭരണഘടന ഭേദഗതിയോടെ ഉന്നതാധികാര സമിതിയെന്ന പ്രയോഗം ഇനിയുണ്ടാവില്ല. എന്നാൽ മറ്റൊരു തലത്തിൽ ഈ ഉന്നതാധികാരം പാർട്ടിക്ക് മുകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമെന്നതാണ് രസകരമായ വസ്തുത. കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന കൗൺസിൽ യോഗം കോഴിക്കോട് വച്ച് ചേർന്നിരുന്നു. ഭരണഘടന ഭേദഗതിക്ക് അംഗീകാരമേകുക എന്നതായിരുന്നു പ്രധാന അജൻഡ. ഈ യോഗത്തിൽ ഉന്നതാധികാര സമിതി സംബന്ധിച്ച് നേതൃത്വമേകിയ വിശദീകരണം മാത്രം മതി ഭരണഘടന ഭേദഗതിയുടെ അകകാമ്പ് വെളിപ്പെടാൻ. ഉന്നതാധികാര സമിതിയെന്നത് സംസ്ഥാന അദ്ധ്യക്ഷന് കൂടിയാലോചന നടത്താനുള്ള വേദി മാത്രമാണെന്നും അങ്ങനെ ഒരുസമിതി രൂപീകരിച്ചിട്ടില്ല, ഇത് മാദ്ധ്യമ സൃഷ്ടിയാണെന്ന് കൂടി നേതൃത്വം വിശദീകരിച്ചു. സംസ്ഥാന അദ്ധ്യക്ഷന് കൂടിയാലോചന നടത്താനുള്ള സമിതിയെ തള്ളാനാകില്ലെന്നും ഇത് സംസ്ഥാന അദ്ധ്യക്ഷന്റെ വിവേചനാധികാരമാണെന്ന് കൂടി പറഞ്ഞുവച്ച് ഇതു സംബന്ധിച്ച ചർച്ചകൾക്ക് കൗൺസിൽ യോഗത്തിൽ ഫുൾസ്റ്റോപ്പിട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വിവേചനാധികാരത്തെ ആരും ചോദ്യം ചെയ്യില്ലെന്നും അല്ലെങ്കിൽ ചോദ്യം ചെയ്യാൻ ധൈര്യപ്പെടില്ലെന്നും ഇക്കാര്യം വിശദീകരിച്ചവർക്ക് നന്നായറിയാം. പിന്നാലെ ഉന്നതാധികാര സമിതിയെ ഭരണഘടനാപരമാക്കി കൂടെ എന്ന് കൂടി ചോദിക്കാനുള്ള സാഹസത്തിന് കൂടി ചിലർ മുതിർന്നു. നൂറംഗ പ്രവർത്തക സമിതി,​ അഞ്ഞൂറ് അംഗ സംസ്ഥാന സമിതി എന്നിവയാണ് മുസ്‌ലിം ലീഗിന്റെ ഭരണഘടന പ്രകാരമുള്ള മേൽത്തട്ടിലെ സംഘടനാ സംവിധാനം. ഈ സമിതികളിലൂടെ എല്ലാം കടന്നുപോയതിന് ശേഷമാണ് നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ടത്.

മുസ്‌ലിം ലീഗിന്റെ ഭരണഘടനയിൽ ഉന്നതാധികാര സമിതിയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.
" ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും ജില്ലാ കൗൺസിലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് വരുന്ന പ്രതിനിധികളും സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് നോമിനേറ്റ് ചെയ്യുന്ന അഞ്ച് പേരും എക്സ് ഒഫീഷ്യോ മെമ്പർമാരും ഉൾപ്പെടുന്ന സമിതിയാണ് സ്റ്റേറ്റ് കൗൺസിൽ. സംഘടനയുടെ ഉന്നതാധികാര സഭയും നയരൂപീകരണ സമിതിയും സ്റ്റേറ്റ് കൗൺസിലാകുന്നു (ആർട്ടിക്കിൾ 23)."

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും ദേശീയ ഭാരവാഹികളും മലപ്പുറം ജില്ലാ പ്രസിഡന്റും ഉൾപ്പെടുന്ന പത്ത് പേരാണ് ഉന്നതാധികാര സമിതിയെന്ന പേരിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതുവരെ പ്രവർത്തിച്ചിരുന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ പലരും ഈ സമിതിക്ക് പുറത്താണ്. സമിതിയിലെ പത്തുപേരിൽ എട്ട് പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവർ. എറണാകുളത്ത് നിന്ന് വി.കെ.ഇബ്രാഹീം കുഞ്ഞും, കോഴിക്കോട് നിന്ന് എം.കെ.മുനീറും മാത്രമാണ് ഇതിന് അപവാദം. ഇതിൽ ഇബ്രാഹീം കുഞ്ഞ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ പ്രതിനിധിയാണ് എം.കെ.മുനീർ. ലീഗിന്റെ എക്കാലത്തെയും മികച്ച നേതാക്കന്മാരിലെ മുൻനിരയിലുള്ള സി.എച്ച്. മുഹമ്മദ് കോയയുടെ മകനെ പുറത്തിരുത്തുക അത്ര എളുപ്പവുമല്ല.

ലീഗിന്റെ മുൻഅദ്ധ്യക്ഷന്മാരായ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളും സയ്യിദ് പൂക്കോയ തങ്ങളുമെല്ലാം അന്തിമ തീരുമാനങ്ങൾ എടുത്തിരുന്നത് മണിക്കൂറുകൾ നീണ്ടുനിന്ന പ്രവർത്തക സമിതി യോഗങ്ങൾക്ക് ശേഷമായിരുന്നു. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ആവശ്യമെങ്കിൽ അഭ്യുദയകാംക്ഷികളുമായി കൂടിയാലോചിച്ചുമായിരുന്നു തീരുമാനങ്ങൾ പ്രഖ്യാപിച്ചിരുന്നത്. പാണക്കാട് കുടുംബത്തിനേകിയ അധികാരം ജനാധിപത്യ രീതിയിൽ പ്രയോഗിക്കുന്നതിൽ ഏറെ ശ്രദ്ധപുലർത്തിയ നേതാക്കളായിരുന്നു അവരെല്ലാം. ലീഗ് അതിന്റെ രാഷ്ട്രീയം കൂടുതൽ പ്രകടമാക്കിയതും ദേശീയതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതുമെല്ലാം ഇവരുടെ കാലങ്ങളിലായിരുന്നു. ഇന്ന് കൂടിയാലോചനകൾ ഉന്നതാധികാര സമിതിയിൽ തട്ടിനിൽക്കുന്നു എന്ന് മാത്രമല്ല, കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിനെത്തന്നെ മറന്ന മട്ടാണ്. പാണക്കാട്ടോ അതല്ലെങ്കിൽ മു‌സ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചോ യോഗങ്ങൾ ചേരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. കാഴ്ചപ്പാടുകളില്ലാത്ത നിലവിലെ നേതൃത്വം ലീഗിനെ മലപ്പുറം പാർട്ടിയാക്കി ചുരുക്കുന്നു എന്ന ആരോപണം ഉയരുന്നു.

അച്ചടക്കം പഠിപ്പിക്കും!

അച്ചടക്കം ഏതൊരു പാർട്ടിയുടെയും കെട്ടുറപ്പാണ്. സമീപകാലത്തായി ലീഗിൽ ഈ കെട്ടുറപ്പിന് ഇളക്കം തട്ടി തുടങ്ങിയിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.എം.ഷാജി ലീഗ് വേദികളിലടക്കം വിമർശനങ്ങൾ ഉയർത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഹംസയ്‌ക്കെതിരെ അച്ചടക്ക വാൾ പ്രയോഗിച്ചതും കണ്ടു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ ലീഗ് നേതാക്കൾ തീർത്തും വിഭിന്നമായ അഭിപ്രായ പ്രകടനങ്ങളാണ് നടത്തിയത്. ഒരുപക്ഷത്തെ മാത്രം നിരോധിക്കുന്നത് ശരിയായ നിലപാടല്ല, സംഘപരിവാറിനെ കൂടി നിരോധിക്കാൻ തയ്യാറാവണമെന്നായിരുന്നു സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കേന്ദ്രനടപടിയെ സ്വാഗതം ചെയ്താണ് എം.കെ.മുനീർ രംഗത്തെത്തിയത്. പോപ്പുലർ ഫ്രണ്ടിനെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത്തരത്തിൽ ഭിന്നാഭിപ്രായങ്ങൾ പല കോണുകളിൽ നിന്നുയർന്നു.

നേതാക്കളുടെ ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നെന്നും ഇത് ആവർത്തിക്കരുതെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുന്നറിയിപ്പേകിയിട്ടുണ്ട്. ഭരണഘടന ഭേദഗതിയോടെ അഞ്ചംഗ അച്ചടക്ക സമിതിക്ക് അംഗീകാരം നല്കി. എന്നാൽ അച്ചടക്ക സമിതി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനും തള്ളാനും പാർട്ടി അദ്ധ്യക്ഷന് അധികാരമുണ്ടാവും!. ഈ സ്ഥിതി വിശേഷത്തിലാണ് സെക്രട്ടറിയേറ്റും അച്ചടക്ക സമിതിയും രൂപീകരിച്ച് കൂടുതൽ ജനാധിപത്യ സ്വഭാവത്തോടെയും കൂട്ടായ തീരുമാനത്തോടെയും ലീഗ് മുന്നോട്ടുപോവുമെന്ന് നേതാക്കൾ ആവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSLIM LEAGUE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.