SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.00 AM IST

എന്നിട്ടും നമ്മളെന്തേ നാരായനെ ആഘോഷിച്ചില്ല ?

narayan

അക്ഷരങ്ങളിൽ മായം ചേർക്കാത്ത നാരായൻ വിടവാങ്ങി. കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ എഴുത്തുകാരനാണ്. എന്നിട്ടും, മുഖ്യസാഹിത്യവേദികളിൽ നിന്നും ആരൊക്കെയോ ബോധപൂർവം മാറ്റിനിറുത്തിയ സാഹിത്യകാരനായിരുന്നു നാരായൻ. പാർശ്വവൽകരിക്കപ്പെടുന്നവർക്ക് നൽകാറുള്ള വിലാസം പോലെയാണ് 'ദളിത് സാഹിത്യകാരൻ' എന്ന ലേബൽ നാരായന് വന്നുചേർന്നതെന്ന് ആ ജീവിതം വായിക്കുമ്പോൾ തോന്നും.

''നമ്മുടെ നാട്ടിൽ എത്രയോ സാഹിത്യപരിപാടികൾ നടക്കാറുണ്ട്. അതിലേക്കൊന്നും ആരും എന്നെ വിളിക്കാറില്ല. ഇനി വിളിച്ചാൽത്തന്നെ മിക്കവാറും ഒരു ഇരിപ്പിടം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഞാൻ പോകാറുമില്ല. ഇപ്പോൾ ഒരു പരാജയബോധമുണ്ട്. എത്ര ഓടിയാലും ഞങ്ങളൊക്കെ ഒരിടത്തും എത്തില്ലെന്ന തോന്നലുണ്ട്.''- അദ്ദേഹത്തിന്റെ ഈ വാക്കുകളിലുണ്ട് സാംസ്കാരിക കേരളം ഈ സാഹിത്യകാരനോട് എങ്ങനെ പെരുമാറി എന്നതിനുള്ള ഉത്തരം.

ആദിവാസികളെക്കുറിച്ച് ഒരു ആദിവാസി എഴുതിയ നോവലെന്ന നിലയ്ക്കാണ് നാരായന്റെ ആദ്യ നോവൽ 'കൊച്ചരേത്തി' ശ്രദ്ധേയമാവുന്നത്. അത്രമേൽ സത്യസന്ധമായിരുന്നു ആഖ്യാനം. ആദിവാസി ജീവിതം എന്തെന്ന് അറിയാത്തവർ കൗതുക കാഴ്ചക്കാരായി നിന്നുകൊണ്ട് പടച്ചുവിട്ട കൃതികളായിരുന്നു അന്നുവരെ ആദിവാസി ജീവിതത്തെ കുറിച്ചുണ്ടായവയിൽ മിക്കവയും.

സിനിമയിലും ടെലിവിഷനിലും പ്രദർശിപ്പിക്കപ്പെടുന്ന ആദിവാസി ജീവിതത്തിനു സത്യവുമായി പുലബന്ധം പോലുമില്ലെന്നുമില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് താനുൾപ്പെട്ട ജനവിഭാഗത്തിന്റെ ജീവിതകഥ നാരായൻ ലോകത്തിനു സമർപ്പിച്ചത്. നോവൽ പൂർത്തിയാക്കി 15 കൊല്ലം കഴിഞ്ഞാണ് അച്ചടിമഷി പുരണ്ടത്. വായനക്കാരും നിരൂപകരും ഹൃദ്യമായി സ്വീകരിച്ച നോവലിനു പിന്നീടു പല പതിപ്പുകളുണ്ടായി.

പിന്നീട് 'ദ അരയ വുമൺ' എന്ന പേരിൽ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. അപൂർവം എഴുത്തുകാർക്ക് കിട്ടുന്ന അവസരം. 1999ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഈ നോവലിന്റെ ഹിന്ദി പരിഭാഷ കേന്ദ്രസാഹിത്യ അക്കാഡമിയാണ് പുറത്തിറക്കിയത്. എന്നിട്ടും നമ്മളെന്തേ
നാരായനെ ആഘോഷിച്ചില്ല ?

മലയോരത്ത് ചട്ടി, കലം, ഉണക്കമീൻ തുടങ്ങിയവ ചുമന്നുകൊണ്ടുവന്ന് അമിതവിലയ്ക്കു വിറ്റ് പകരം കുരുമുളക്, കശുഅണ്ടി, കാപ്പിക്കുരു എന്നിവയൊക്കെ കുറഞ്ഞവിലയ്ക്ക് വാങ്ങി കൊള്ളലാഭം നേടിയിരുന്ന നടന്നുകച്ചവടക്കാർ ചെറുപ്പക്കാരായ ആദിവാസി അമ്മമാരെ വിളിച്ചിരുന്ന പേരാണ് കൊച്ചരേത്തി.

നാരായന്റെ അമ്മയും ഒരു കൊച്ചരേത്തിയായിരുന്നു. എഴുത്തുകാരനു രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ചെറുപ്പക്കാരിയായ അമ്മ മരിച്ചു. അമ്മ കൊച്ചുകുട്ടിക്കാണ് നാരായൻ നോവൽ സമർപ്പിച്ചിരിക്കുന്നത്. അമ്മയെ നഷ്ടപ്പെട്ട പരാജയബോധത്തിൽ പിറന്ന ഓർമ്മകളിൽ നിന്നാണ് തന്റെ എഴുത്ത് തുടങ്ങിയതെന്ന് നാരായൻ പലവട്ടം പറഞ്ഞിട്ടുണ്ട്.

'പാമ്പുകടിയേറ്റാണ് അമ്മ മരിച്ചത്. അമ്മയെ കണ്ട ഓർമ്മ എനിക്കില്ല. എന്റെ അമ്മയും ഒരു കൊച്ചരേത്തിയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ അമ്മയ്ക്ക് എന്തൊക്കെ പറയാനുണ്ടാകുമായിരുന്നെന്ന് ഞാൻ എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു. അമ്മയെ ഓർത്ത് എഴുതിയതുകൊണ്ടു തന്നെയാണ് ആദ്യസൃഷ്ടിക്ക് ഞാൻ കൊച്ചരേത്തി എന്നു പേരിട്ടത് '

കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ, അങ്ങിങ്ങു ചിതറിക്കിടക്കുന്ന മലയോരങ്ങളിൽ ജീവിക്കുന്നവരാണു മലയരയൻമാർ. മലകളിലേക്ക് ആട്ടിയോടിക്കപ്പെട്ടവരാണ് അവർ. അവരോട് അങ്ങനെ ചെയ്തതാരെന്ന ചോദ്യത്തിനു നാരായന് ഉത്തരമില്ല. മനുഷ്യരാകാം, ദൈവമാകാം, ജീവിക്കാനനുവദിക്കാത്ത, അതിനു സമ്മതിക്കാത്ത ദൈവവും മനുഷ്യരുമാകാം എന്നാണ് എഴുത്തുകാരന്റെ നിരീക്ഷണം.

സ്കൂൾ പഠനം നടത്തിയത് കടം വാങ്ങിക്കിട്ടിയ പഴയ പാഠപുസ്തകങ്ങളെ ആശ്രയിച്ച്. അടക്ക പറിയ്‌ക്കാൻ സഹായിയായി പോകുന്നതിനിടയ്‌ക്കാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് തപാൽ വകുപ്പിൽ ക്ലർക്കായി ജോലി ലഭിച്ചു. അക്ഷരങ്ങൾ വായിച്ചുതുടങ്ങിയ കാലത്ത് വായനയിലുള്ള താത്പര്യം തിരിച്ചറിഞ്ഞ ഒരു വായനാശാല സെക്രട്ടറിയാണ് പുസ്തകങ്ങൾ നൽകിയത്. പേൾ എസ്. ബക്കിന്റെ 'നല്ല ഭൂമി' നോവൽ പ്രചോദനമായി. അങ്ങനെയായിരുന്നു 'കൊച്ചരേത്തി' പിറന്നത്. നാരായന്റെ ജീവിതത്തിൽ തന്നെ നോവലിന്റെ എല്ലാ ഘടകങ്ങളുമുണ്ട്.

കൊച്ചരേത്തി

സിനിമയാകും മുൻപേ...

'കൊച്ചരേത്തി' സിനിമയായി കാണാനുള്ള ആഗ്രഹം ബാക്കി വച്ചാണ് നാരായൻ വിടപറഞ്ഞത്. സിനിമയ്ക്കു വേണ്ടി നോവലിന്റെ തിരക്കഥ രചന പൂർത്തിയായിരുന്നു. മറ്റ് ചർച്ചകളും നടക്കുകയായിരുന്നു.

'കൊച്ചരേത്തി' നോവൽ എഴുതിക്കഴിഞ്ഞ്, അച്ചടി മഷി പുരളും മുൻപേ അത് സിനിമയാക്കാനായി നാരായൻ ചലച്ചിത്ര സംവിധായകരുടെ വീടുകളും ഓഫീസുകളും കയറിയിറങ്ങിയിരുന്നു. പലരും കഥപോലും കേൾക്കാൻ തയ്യാറായില്ല. നോവലിന്റെ പകർപ്പ് തന്നേക്കൂ, ആലോചിക്കാമെന്നായി ചിലർ. പിന്നെ ആ വഴി പോയില്ല.

അതുവരെ കണ്ട സിനിമയിലൊന്നും യഥാർത്ഥ ആദിവാസി ജീവിതമില്ലെന്ന ബോദ്ധ്യത്തിലാണ് നാരായൻ

ആദിവാസി വിഭാഗത്തിലെ മലയരയരുടെ ജീവിതമെഴുതിയ തന്റെ ആദ്യനോവൽ 'കൊച്ചരേത്തി' സിനിമയാക്കാൻ പരിശ്രമിച്ചത്. ആ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായി 'കൊച്ചരേത്തി' 1998 ൽ പുസ്തകമായത്.

1995ൽ തപാൽ വകുപ്പിൽനിന്ന് സ്വയം വിരമിക്കുമ്പോൾത്തന്നെ നോവൽ നാരായൻ പൂർത്തിയാക്കിയിരുന്നു.

ഡിസി കിഴക്കേമുറിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് നോവൽ പുസ്തകമായത്. അടുത്ത വർഷം (1999)​ലെകേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ശേഷം രണ്ടു പ്രസാധകരിലൂടെ 12 പതിപ്പുകളുമിറങ്ങി.

ഇത്രത്തോളമായപ്പോൾ 'കൊച്ചരേത്തി' സിനിമയാക്കാൻ പലരും മുന്നോട്ടു വന്നു. അന്ന് അത്ര താത്പര്യപ്പെട്ടില്ല. നാരായന്റെ പഴയ പരിശ്രമം അറിയാവുന്ന സുഹൃത്തുക്കളിൽ ചിലർ നോവലിന്റെ തിരക്കഥയെഴുതാൻ പ്രേരിപ്പിച്ചു. മലയരയരുടെ ഭാഷയും സംസ്‌കാരവും അതേപടി പ്രതിഫലിക്കണമെന്നതിനാലാണ് എഴുത്ത് നാരായൻ ഏറ്റെടുത്തത്. 19 അദ്ധ്യായങ്ങളുള്ള നോവലിന്റെ തിരക്കഥയിൽ 60 സീനുകളാണുള്ളത്. ഹിറ്റൊന്നുമായില്ലെങ്കിലും 'കൊച്ചരേത്തി' സാഹിത്യലോകത്തുണ്ടാക്കിയ ചലനം സിനിമയിലും ഉണ്ടാക്കുമെന്ന കാര്യത്തിൽ നാരായന് സംശയമുണ്ടായിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARAYAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.