SignIn
Kerala Kaumudi Online
Thursday, 25 April 2024 6.57 AM IST

ലഹരി തകർത്തെറിയുന്ന ജീവിതങ്ങൾ

drugs

മദ്യത്തിന്റെ ലഹരി, കഞ്ചാവിന്റെ ലഹരി, കറുപ്പിന്റെ ലഹരി, മയക്കുമരുന്നുകളുടെ ലഹരി - സ്രോതസുകൾ പലതാണെങ്കിലും ഇവയൊക്കെ ഉപഭോക്താവിനെ ഒരു സ്വപ്‌നലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു . ഈ അവസ്ഥ നൽകുന്ന സന്തോഷമാണ്, വീണ്ടും വീണ്ടും അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. മസ്‌തിഷ്‌കത്തിൽ ഡോപ്പമിൻ (Dopamine) എന്ന രാസപദാർത്ഥം ഉത്‌പാദിപ്പിക്കാൻ കഴിയുന്ന ഏതൊരു വസ്‌തുവും ലഹരിദായകമാണ്.

ലഹരി പൂർണമായും വർജിക്കണോ?

ചരിത്രം വസ്‌തുനിഷ്‌ഠമായി പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് കാണാൻ കഴിയുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. അവ ഇനിപ്പറയുന്നവയാണ്

. കഞ്ചാവും മദ്യവും അടങ്ങുന്ന മിശ്രിതം കുടിപ്പിച്ച ശേഷമാണ് സുശ്രുതമഹാമുനി പല വലിയ ശസ്ത്രക്രിയകളും ചെയ്തിരുന്നത്.

. മദ്യം പല ആയുർവേദ ഔഷധങ്ങളുടെയും അവിഭാജ്യ ഘടകമാണ്.

. അണുനശീകരണത്തിന് ഏറ്റവും ഫലപ്രദം ഈതൈൽ ആൽക്കഹോൾ മിശ്രിതങ്ങളാണ് .

ലഹരിവസ്തുക്കൾ മേൽ വിവരിച്ച കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് മനുഷ്യന് ഹാനികരമല്ല. എന്നാൽ ലഹരിവസ്തുക്കൾ മനുഷ്യനന്മയ്ക്കുള്ള മാർഗങ്ങളൊരുക്കുന്നതിന് പകരം മനുഷ്യനെ മൃഗമാക്കി മാറ്റി ക്രമസമാധാനം തകർത്തെറിയുന്ന ശീലമായി മാറുമ്പോഴാണ് എതിർക്കപ്പെടേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം ലഹരിയോടുള്ള ആസക്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിൽ സ്‌ത്രീകളിലും അല്പാല്പമായിട്ടെങ്കിലും മദ്യപാനശീലം കണ്ടുതുടങ്ങിയിട്ടുണ്ട്.

മദ്യവും മയക്കുമരുന്നുകളും കഞ്ചാവ് തുടങ്ങിയ മറ്റു ലഹരിവസ്തുക്കളും പലപ്പോഴും മനുഷ്യന്റെ വിവേചനശേഷി നഷ്ടമാക്കുന്നു. അവന്റെ പെരുമാറ്റത്തിൽ മാത്രമല്ല, ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ട ഒരു വ്യക്തിയുടെ ഓരോ അവയവവ്യസ്ഥയുടെയും പ്രവർത്തനം വികലമാക്കുന്നു എന്ന് മനസിലാക്കാം.

മസ്‌തിഷ്കവും നാഡിവ്യവസ്ഥയുമാണ് മനുഷ്യശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും കൃത്യമായ താളത്തിൽ ഏകോപിപ്പിച്ചു നിയന്ത്രിക്കുന്നത്. എന്നാൽ ലഹരിവസ്തുക്കൾ ഇവയാകെ താളം തെറ്റിക്കുന്നു. ഉദാഹരണമായി പൊതുവഴിയിൽക്കൂടി നടന്നുപോകുമ്പോൾ മൂത്രശങ്കയുണ്ടായെന്ന് കരുതുക. സാധാരണ വിവേചനശക്തിയുള്ള ഒരാൾ ക്ഷമയോടെ മൂത്രശങ്ക നിയന്ത്രിച്ചു മൂത്രവിസർജനത്തിന് അനുയോജ്യമായ ഒരിടം കണ്ടുപിടിച്ചു അവിടെ മൂത്രവിസർജനം നടത്തുന്നു. മറിച്ച് ലഹരിയുടെ സ്വാധീനത്തിലുള്ള ഒരാൾക്ക് ഇങ്ങനെ നിയന്ത്രിക്കാനുള്ള ശേഷി ലഹരിയുടെ തോതനുസരിച്ച് നഷ്ടപ്പെടുകയും മൂത്രശങ്ക അനുഭവപ്പെടുന്ന നടുറോഡിൽ നിന്നുതന്നെ അതിന് അറുതി വരുത്തുകയും ചെയ്യും. ലഹരിയുടെ അടിമകൾക്ക് പൗരബോധം എങ്ങനെ നഷ്ടപ്പെടുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിത്.

നമ്മുടെ നാട്ടിലുണ്ടാകാറുള്ള റോഡപകടങ്ങളും കുറ്റകൃത്യങ്ങളും വസ്തുനിഷ്ഠമായി അപഗ്രഥിച്ചാൽ, ലഹരി അവയിലൊക്കെ മുഖ്യമായൊരു പങ്ക് വഹിച്ചിട്ടുണ്ടെന്നു കാണാം.

ബന്ധങ്ങളുടെ പവിത്രത

നഷ്ടപ്പെടുന്നു

മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നതിൽ പ്രധാനം മനുഷ്യബന്ധങ്ങൾക്കു നൽകുന്ന പവിത്രതയാണ്. എന്നാൽ മനുഷ്യ മസ്തിഷ്കത്തിൽ മാത്രമുള്ള ഈ ആർജിത കഴിവ് ലഹരിയുടെ സ്വാധീനത്താൽ അപ്രത്യക്ഷമാകുന്നു. അമ്മയെന്നോ സഹോദരിയെന്നോ സ്വന്തം പുത്രിയെന്നോ പോലുമുള്ള വിവേചനമില്ലാതെ നടക്കുന്ന ആഭാസങ്ങളുടെ പിന്നിലെ പ്രേരകഹേതുവും ലഹരിയാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുള്ള വസ്തുതയാണ്.

മദ്യത്തിന്റെ മാരകശേഷി

വിശ്വദാർശനികനായ അരിസ്റ്റോട്ടിൽ കരളിനെ സ്നേഹവായ്‌പിന്റെ അവയവമായി വിശേഷിപ്പിച്ചിട്ടുള്ളതായി എവിടെയോ വായിച്ചിട്ടുണ്ട്. എന്നാൽ ഈ കരളിന്റെ മൃദുലത ഇല്ലായ്മ ചെയ്ത് കട്ടിയുള്ള സിറോസിസ് ലിവർ എന്ന മഹാരോഗത്തിന്റെ ഉറവിടമാക്കി മാറ്റാൻ ലഹരിവസ്തുക്കൾക്ക് പ്രത്യേകിച്ച് മദ്യത്തിന് കഴിവുണ്ട്.

പുകവലി ഹൃദയാഘാതത്തിലേക്ക്

ലഹരിവസ്തുക്കൾ ഹൃദയത്തെയും വെറുതെ വിടുന്നില്ല. ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന മുഖ്യഘടകങ്ങളിൽ ഒന്ന് പുകവലിയാണ്. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ സങ്കോച - വികാസ ശക്തി നഷ്ടപ്പെടുത്തി ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തെ അടിയന്തരഘട്ടങ്ങളിൽ ആവശ്യത്തിന് വർദ്ധിപ്പിക്കാൻ കഴിയാത്ത രീതിയിൽ കട്ടിയുള്ളവയാക്കുന്നു. ആൽക്കഹോളിക് കാർഡിയോ മയോപ്പതി മദ്യപാനികളെ ബാധിക്കുന്ന മാരകമായ മറ്റൊരു ഹൃദ്രോഗമാണ്.

ലഹരിവസ്തുക്കളും

കാൻസറും

ലഹരിവസ്തുക്കൾ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മറ്റൊരു മാരകരോഗം കാൻസറാണ്. പുകയിലയുടെ ഉപയോഗത്തിലൂടെ വായിലും തൊണ്ടയിലും അന്നനാളത്തിലും ആമാശയത്തിലും കാൻസർ ഉണ്ടാകാം. ഇവയ്ക്കു പുറമേ പുകവലിയും പൊടിവലിയുമാണ് ശ്വാസകോശ കാൻസർ ഉണ്ടാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്.

അങ്ങനെ നോക്കുമ്പോൾ മദ്യവും മയക്കുമരുന്നുകളും മനുഷ്യശരീരത്തിലെ സമസ്ത അവയവ വ്യവസ്ഥകളെയും ദോഷകരമായി ബാധിച്ച് ഇഞ്ചിഞ്ചായി ശരീരത്തെയും മനസിനെയും കാർന്നുതിന്നുന്നു.

മദ്യം വ്യക്തിയേയും സമൂഹത്തേയും ഒരുപോലെ നാശത്തിലേക്കു നയിക്കുന്നു എന്ന അർത്ഥത്തിലാണ് ശ്രീനാരായണ ഗുരുദേവൻ, 'മദ്യം വിഷമാണ്" എന്ന് അർത്ഥശങ്കയ്ക്കിടവരാതെ പ്രഖ്യാപിച്ചത്. അതിനാൽ മദ്യവും മയക്കുമരുന്നും പുകയില ഉത‌്‌പന്നങ്ങളും വർജിക്കാൻ കഴിഞ്ഞാൽ വരുംതലമുറയ്ക്ക് ലഹരിയുടെ കെണിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും.

ലേഖകൻ കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടറാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.