SignIn
Kerala Kaumudi Online
Friday, 26 April 2024 2.04 AM IST

കടൽ കടന്നെത്തുന്ന ലഹരി

dj

കേരളം ലഹരിച്ചുഴിയിൽ മുങ്ങിത്താഴുന്നത് നാം അറിയാതെ പോവുകയാണോ... രാജ്യത്ത് ഏറ്റവും അധികം ലഹരിക്കൈമാറ്റവും വില്പനയും നടക്കുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് നമ്മൾ. ദൈവത്തിന്റെ സ്വന്തം നാട് ലോകത്തെവിടെയുമുള്ള മയക്കുമരുന്നുകൾ ഒരു ക്ളേശവുമില്ലാതെ ലഭിക്കുന്ന ഇടമായി മാറി. 'ലഹരിച്ചുഴിയിൽ താഴുന്ന ജീവിതങ്ങൾ ' പരമ്പര ഇന്ന് മുതൽ

അതിശക്തമായ സ്വാധീനവും വൻ സാമ്പത്തിക ശേഷിയുമുള്ളവരാണ് പുതിയ കാലത്ത് വളർന്നുപടരുന്ന മയക്കുമരുന്ന് മാഫി​യ. ബി​സി​നസ്, സി​നി​മ, ഉദ്യോഗസ്ഥ മേഖലയി​ലുള്ളവരുടെ സാന്നി​ദ്ധ്യം ഈ സംഘങ്ങളിലുണ്ട്.

പിടിയിലാകുന്നവർ മാഫിയയുടെ അവസാന കണ്ണികളായിരിക്കും. സംരക്ഷിക്കാൻ ഭരണത്തിലും അന്വേഷണ ഏജൻസികളിലും ആളുകളുള്ളതാണ് ബുദ്ധികേന്ദ്രങ്ങളും മൊത്തക്കച്ചവടക്കാരും ഒളിവിടങ്ങളിൽ സുരക്ഷിതരായിരിക്കാൻ കാരണം.

സിന്തറ്റിക്ക് മയക്കുമരുന്ന് ഇരകളിൽ ബഹുഭൂരിപക്ഷവും സമർത്ഥരും വിദ്യാസമ്പന്നരും ഉയർന്ന ജോലിയും സാമ്പത്തികശേഷിയുള്ളവരുമാണ്.
മുൻ മിസ് കേരള അൻസി കബീ‌റും റണ്ണറപ്പ് അഞ്ജന ഷാജനും നേരിട്ട ദുരന്തം മയക്കുമരുന്നു മാഫിയയുടെ സ്വാധീനശേഷിയുടെ ബാക്കിപത്രമാണ്.

കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് കോടികളുടെ മയക്കുമരുന്ന് പിടിച്ച കേസ് അട്ടിമറിക്കാൻ എക്‌സൈസിലെ ഒരു വിഭാഗം നടത്തിയ ശ്രമം വൻവിവാദമായിരുന്നു. പ്രതികളെ രക്ഷിക്കാനും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ ചിലത് ഒളിപ്പിക്കാനും കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ അളവ് കുറച്ചുകാണിക്കാനും ശ്രമമുണ്ടായി. അഞ്ച് മൊബൈൽ ഫോണുകൾ, വിലകൂടിയ ഇനം നായ്ക്കൾ, പണം, ലാപ്‌ടോപ്പ് എന്നിവ മഹസറിൽ രേഖപ്പെടുത്താതെ പോയി​. ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്ത്, നാലുപേരെ സ്ഥലംമാറ്റിയാണ് എക്‌സൈസ് മുഖം രക്ഷിച്ചത്.

ഡാൻസാഫ് വേട്ട

ലഹരിമാഫിയയെ ഒതുക്കാൻ രൂപീകരിച്ച രഹസ്യ പൊലീസാണ് ഡാൻസാഫ്. എന്നാൽ ഇവർ ലഹരി മാഫിയയുടെ തോളിൽ കൈയിട്ട് ലഹരിവേട്ട നടത്തുന്നവരായി മാറി. തലസ്ഥാനത്തായിരുന്നു രഹസ്യപ്പൊലീസിന്റെ ലഹരിക്കൂട്ടുകെട്ട്. ലഹരിമാഫിയയെ കൂട്ടുപിടിച്ച് വ്യാജ കേസുകളുണ്ടാക്കി പേരെടുക്കാനായിരുന്നു ഡാൻസാഫി​ന്റെ ശ്രമം.

മയക്കുമരുന്ന് മാഫിയ ബന്ധമുള്ള രണ്ട് ഗുണ്ടകളെ കൂട്ടുപിടിച്ച് തമിഴ്‌നാട്ടിലും ആന്ധ്രയിലും പോയി കഞ്ചാവും അവി​ടുത്തെ ചി​ല ഇടപടുകാരെയും പൊലീസ് വാഹനങ്ങളിൽ ഉൾപ്പടെ കൊണ്ടുവരികയായിരുന്നു പതിവ്. ഇത് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൊണ്ടുവച്ച് ലോക്കൽ പൊലീസിനെക്കൊണ്ട് കേസെടുപ്പിക്കും. കൂട്ടികൊണ്ടുവരുന്ന പ്രതികളെ ലോക്കൽ പൊലീസിന് മുന്നിൽ ഹാജരാക്കും. ബാക്കി​ കഞ്ചാവ് ലഹരി സംഘത്തിന് കൈമാറും. ഡാൻസാഫി​ന്റെ പ്രവർത്തനത്തി​ൽ ലോക്കൽ പൊലീസ് സംശയമുന്നയിച്ചതോടെയാണ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയത്.

വാഴുന്ന മാഫിയ

ഉയർന്ന വിദ്യാഭ്യാസം നേടിയ ഫോർട്ടുകൊച്ചി സ്വദേശി സുസ്മിത ഫിലിപ്പ് സ്വകാര്യ സ്കൂളിൽ ടീച്ചറായിരുന്നു. വിവാഹശേഷം സുസ്മിത ഭർത്താവിനൊപ്പം കോട്ടയത്തേക്ക് താമസം മാറി. ദാമ്പത്യം പ്രശ്നമായപ്പോൾ സുസ്മിത കൊച്ചിയിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. അന്നേവരെ ലഹരി കൈകൊണ്ട് തൊട്ടിട്ടില്ലാത്ത സുസ്മിത, മാനസിക സംഘർഷങ്ങളിൽ നിന്ന് ഒളിച്ചോടാൻ സൗഹൃദങ്ങളിൽ ഒളിച്ചു. ടീച്ചറെന്ന് വിളിപ്പേരുള്ള സുസ്മിത മദ്യപാനത്തിലേക്കും മയക്കുമരുന്നി​ലേക്കും എത്താൻ അധികം താമസമുണ്ടായില്ല. സുഹൃത്തായ ഇടനിലക്കാരൻ നല്‌കിയ സമ്മാനം ചുരുങ്ങിയ നാൾകൊണ്ട് ഇവരുടെ ജീവി​തം മാറ്റിയെഴുതി​. കൊച്ചിയിലെ ഹോട്ടലുകളിലേക്കടക്കം ലഹരി കൈമാറുന്ന കണ്ണിയായി ടീച്ചർ അതിവേഗം വള‌ർന്നു. എക്സൈസി​ന് കളങ്കമായ കാക്കനാട് ലഹരിക്കേസ് അന്വേഷണമാണ് ടീച്ചറിന്റെ അറിയാക്കഥകൾ പുറത്തുകൊണ്ടുവന്നത്.

കുടുംബസമേതമെന്ന വ്യാജേന വിലകൂടിയ നായ്ക്കളുമായി യാത്ര പോകുകയും മടങ്ങുമ്പോൾ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തലുമായിരുന്നു പരിപാടി. നായ്ക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സുസ്മിതയെ കുടുക്കിയത്. ഇതൊരു സുസ്മിതയുടെ മാത്രം കഥയല്ല. നിരവധി യൗവനങ്ങളാണ് ലഹരിമാഫിയയുടെ നീരാളിക്കൈകളിൽ പെട്ടുപോകുന്നത്. മോഡലുകളുടെ മരണത്തിന്റെ ഉത്തരം തേടിപ്പോയ പൊലീസ് ഫോ‌ർട്ടുകൊച്ചിയിലെ നമ്പ‌ർ 18 ഹോട്ടലിലെ നിശാപാ‌ർട്ടിയിലാണ് ചെന്നുനിന്നത്. കാതപ്പടിക്കുന്ന പാശ്ചാത്യസംഗീതം ഒഴുകിയ പാ‌ർട്ടിയിൽ ലഹരിയുടെ ഉന്മാദത്തിൽ 100ലധികം പേർ അന്ന് ഇവരോടൊപ്പം ആടിത്തിമർത്തി​രുന്നു. റേവ് പാ‌ർട്ടിയിൽ മയക്കുമരുന്ന് എത്തിച്ചവരെ കസ്റ്റംസിന് വ്യക്തമായി​ അറി​യാം. ഇവരി​ൽ വമ്പന്മാരുമുണ്ട്. ഇവരെ പൂട്ടാനുള്ള ഊ‌ർജിതശ്രമത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി.

2021 ഏപ്രിൽ 19ന് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് വി​ഭാഗം എക്സൈസുമായി കൊച്ചിയിലെ നാല് ഹോട്ടലുകളിൽ ഒരേസമയം മിന്നൽ റെയ്ഡ് നടത്തി നിരവധി​പ്പേരെ പിടികൂടിയിരുന്നു. കസ്റ്റംസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു സംസ്ഥാന സേനയുമായി ചേ‌ർന്ന് ഇത്തരമൊരു ഓപ്പറേഷൻ. തുടക്കത്തിൽ ലഹരി മാഫിയയെ റെയ്ഡ് വിറപ്പിച്ചെങ്കിലും അന്വേഷണം എക്സൈസിന്റെ കൈകളിലേക്ക് എത്തിയതോടെ എല്ലാം പഴയപടിയായി. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലഹരി നിർ‌ബാധം കടൽ കടന്നെത്തുന്നു. എത്ര വില കൊടുത്തായാലും ലഹരി സ്വന്തമാക്കാൻ ആളുമുണ്ട്.

(തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.