SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.33 PM IST

വീൽ ചെയറിലും വരും ലഹരി

narcotics

ഏത് സമയത്തും ഏത് വഴികളിലൂടെയും സഞ്ചരിക്കാം. എവിടെയും കയറിച്ചെല്ലാം. കോടികളുടെ ലഹരി കൈമാറി കൂളായി മടങ്ങാം. ഇതൊക്കെ ചെയ്യാൻ ഓൺലൈൻ ഡെലിവറി ബോയി ഉപയോഗിക്കുന്ന വസ്ത്രവും ബാഗും ധരിച്ചാൽ മാത്രം മതി. പൊലീസ് പോലും സംശയിക്കില്ല. ലക്ഷങ്ങളുടെ ഹാഷിഷുമായി മലപ്പുറം സ്വദേശി പിടിയിലായതോടെയാണ് ഡെലിവറി ബോയ്‌സിനെ ഉപയോഗിച്ച് പോക്കറ്റ് വീർപ്പിക്കുന്ന ലഹരി മാഫിയയുടെ പുതിയ തന്ത്രം പുറത്തുവന്നത്.

ഓരോ ദിവസവും ഓരോ തരത്തിലാണ് ലഹരിക്കടത്തും വില്പനയും ആസൂത്രണം ചെയ്യുന്നത്. കേരളത്തിലേക്ക് ലഹരി വരുന്നത് പോലെ ഇവിടെ നിന്നുള്ള കടത്തും നിർബാധം തുടരുകയാണ്. ലഹരി മാഫിയ പൊലീസിന്റെ കണ്ണുവെട്ടിച്ച് ലക്ഷങ്ങൾ കൊയ്യുന്ന സൂത്രവിദ്യകൾ ഇവയാണ്.

പേര് തുണിക്കട

എന്തുകൊണ്ട് ഈ പാർസൽ ചെന്നൈയിൽ നിന്ന് അയച്ചില്ല...?​ എറണാകുളത്തെ വേൾഡ് വൈഡ് എയർ കാർഗോ ഉടമയ്ക്ക് തോന്നിയ സംശയത്തിൽ നിന്നാണ് ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയ്ക്ക് ഏതാനും വർഷം മുമ്പ് കൊച്ചി സാക്ഷിയായത്. ഒരു ഡസനോളം പെട്ടികളാണ് മലേഷ്യയ്ക്ക് കടത്താൻ എറണാകുളത്തെ എയർ കാർഗോയിൽ എത്തിയത്. ചെന്നൈയിൽ നിന്ന് നേരിട്ട് അയയ്ക്കാമെന്നിരിക്കെ കൊച്ചി വഴി അയയ്ക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ കൊറിയർ ഉടമ വിവരം എക്‌സൈസിൽ അറിയിക്കുകയായിരുന്നു. മലേഷ്യയിലെ അഡ്രസും കൊറിയർ ചാർജും ഇവർ നൽകിയതുമില്ല. തുണിത്തരങ്ങൾക്ക് ഇടയിലൊളിപ്പിച്ച് മാരക മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് എക്സൈസ് തകർത്തത്. ചെന്നൈയിലെ പർവീൺ ട്രാവൽസ് വഴി എഗ്‌മൂറിൽനിന്നും രവിപുരത്തെ ഗോഡൗണിലേക്ക് സാരികൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. എക്‌സൈസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ വ്യാജ എക്‌സ്‌‌പോർട്ടിംഗ് ബില്ലിന്റെ മറവിലാണ് ഇവരുടെ കടത്തെന്ന് കണ്ടെത്തി. ജെ.ആർ.ആർ എന്ന കമ്പനിയുടെ പേരിലാണ് കൊച്ചിയിലേക്ക് ലഹരി മരുന്നുകൾ ഒളിപ്പിച്ച പെട്ടികൾ എത്തിയത്. ചെന്നൈയിൽ ജെ.ആർ.ആർ എക്‌സ്‌‌പോർട്ടിംഗ് കമ്പനിയുടെ മേൽവിലാസത്തിൽ പ്രവർത്തിക്കുന്നത് ചെറിയ തുണിക്കടയായിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളിൽ ചെന്നൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് നിരവധിതവണ ലഹരി കയറ്റി അയച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇതെല്ലാം വ്യാജ എക്സ്‌‌പോർട്ട് ലൈസൻസിന്റെ മറവിലായിരുന്നു.

സെൽഫിക്കടത്ത്

ലഹരി ഇടപാടിൽ ഭായി എന്ന് വിളിപ്പേരുള്ള മലയാളിയാണ് കേരളത്തിൽ നിന്ന് വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിന്റെ തലവൻ. വിദേശത്ത് നിന്ന് വാട്സ്ആപ്പ് കാൾ വഴിയാണ് ഇയാൾ ബിസിനസ് നിയന്ത്രിക്കുന്നത്. കടത്തിക്കൊണ്ടുവരുന്ന ലഹരി മരുന്ന് വിമാനത്താവളത്തിൽ എത്തിയശേഷം, കൊണ്ടുവരുന്നയാൾ മൊബൈൽ ഫോണിൽ തന്റെ സെൽഫിയെടുത്ത് 'ഭായി'ക്ക് അയയ്‌ക്കണം. കുറച്ചുകഴിഞ്ഞാൽ, വിദേശത്തേക്ക് പോകുന്നയാൾ അടുത്തെത്തി ബാഗ് കൈപ്പറ്റും. പറഞ്ഞ പണം അക്കൗണ്ടിൽ വീഴുകയും ചെയ്യും. വിദേശത്തേക്ക് കടത്തുന്നതിനെല്ലാം വിദ്ഗ്ദ്ധസംഘം തന്നെ ഇയാൾക്കുണ്ട്. രണ്ട് വർഷം മുമ്പ് 30 കോടിയുടെ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് ഭായിയെയും ഇയാളുടെ ലഹരിക്കടത്ത് രീതികളും പൊലീസ് തിരിച്ചറിഞ്ഞത്.

ലഹരി 'പറക്കും'

വീൽ ചെയറുകൾ

കൊവിഡിന് മുമ്പ് കൊറിയർ വഴി ലഹരിക്കടത്തിന് പിടിയിലായ തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്തപ്പോഴാണ് വീൽചെയറിന്റെ കയറ്റുമതിയുടെ മറവിൽ കൊച്ചി വഴി നടക്കുന്ന കോടികളുടെ ലഹരി കടത്തിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വീൽചെയറിന്റെ ഇരുമ്പ് പൈപ്പുകൾക്കുള്ളിൽ മയക്കുമരുന്ന് തിരുകി കയറ്റിയാണ് കടൽ കടത്തിയിരുന്നത്. ആശുപത്രി ഉപകരണങ്ങൾക്കുള്ളിലും ഈ വിധം ലഹരിമരുന്ന് നിറച്ച് കടത്തിയിരുന്നു. വീൽചെയറുകൾ ആശുപത്രി ആവശ്യങ്ങൾക്കല്ല എത്തിച്ചതെന്ന് കണ്ടെത്തിയെങ്കിലും ഈ കേസിൽ അന്വേഷണം പിന്നീട് ഇഴഞ്ഞു.

കേരളത്തിലേക്ക് ലഹരി വരുന്നത് ഇങ്ങനെ

കഞ്ചാവ്

ആന്ധ്രയിലെ നക്സൽ കേന്ദ്രമായ പഡേരുവാണ് പ്രധാന കേന്ദ്രം. 100 കിലോയ്ക്ക് മുകളിലാണ് ഇടപാട്. പ്രതിദിനം 1000-2000 കിലോ വരെ കാർ, ട്രെയി​ൻ മാർഗം കടത്തുന്നു. മലയാളികളാണ് പ്രധാന ഇടനിലക്കാർ.

ഹെറോയിൻ

അഫ്ഗാനിസ്ഥാനാണ് ഉറവി​ടം. കപ്പലുകളിലും വിമാനങ്ങളിലുമാണ് വരവ്. ഗുജറാത്തി​ലെ മുന്ദ്ര തുറമുഖത്ത് പിടിച്ചെടുത്ത ഹെറോയിൻ വന്നതും അഫ്ഗാനിൽ നിന്നാണ്. ശ്രീലങ്ക - രാമേശ്വരം വഴിയും കേരളത്തി​ലേക്കെത്തുന്നു.

എം.ഡി.എം.എ

ബംഗളൂരുവിലെ കുടുസുമുറികളിൽ ആഫ്രിക്കൻ പൗരന്മാരുടെ സഹായത്തോടെയാണ് എം.ഡി.എം.എ കുക്കിംഗ്. ഗോവയിലും നിർബാധം നടക്കുന്നു. നിയന്ത്രണവും വില്പനയും മലയാളികളാണ്.

മെത്താഫെറ്രമിൻ

ഗോവയും ബംഗളൂരുവുമാണ് കേന്ദ്രങ്ങൾ. ചൈന, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ എഫെഡ്രാ സിനിക്ക എന്ന ചെടിയിൽനിന്നുള്ള എഫ്രഡിൻ ഉപയോഗിച്ചാണ് മെത്താഫെറ്രമിൻ നിർമ്മിക്കുന്നതെങ്കിൽ ഇന്ത്യയിൽ പൂർണമായും രാസപദാർത്ഥങ്ങളാണ് നിർമ്മാണത്തിന് ഉപയോഗിക്കുക.

കൊക്കെയ്ൻ

യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൊറിയ‌ർ വഴിയാണ് കൊക്കെയ്ൻ വരവ്. ഡാർക്ക് വെബി​ലൂടെയാണ് ഇടപാട്. ആവശ്യക്കാ‌രേറെയാണ്.

പിൽസ്

സ്ത്രീകൾ കൂടുതലായും ഉപയോഗിക്കുന്ന പിൽസ് ന്യൂഡൽഹി , ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരും. മെത്താഫെറ്രമിന്റെ ഗുളികരൂപമാണിത്.

( അവസാനിച്ചു )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.