ദൈവികതയുടെ സ്ത്രൈണഭാവത്തിലൂടെ ജീവിതത്തെ സമീപിച്ചുകൊണ്ട്, ജീവന്റെയും സൃഷ്ടിയുടെയും നാനാഭാവങ്ങളോടുമുള്ള ആദരവ് വളർത്താനുള്ള സവിശേഷ മുഹൂർത്തമാണ് നവരാത്രി ആഘോഷം. മുൻകാലങ്ങളിൽ, സമൂഹങ്ങൾ സ്ത്രൈണതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധമുള്ളവയായിരുന്നു. ഏറ്റവും പുരാതനമായ ആരാധനാരീതിയാണ് ദേവീആരാധന. ഇന്ത്യ, യൂറോപ്പ്, അറേബ്യ, ആഫ്രിക്കയുടെ വലിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ അത് അഭിവൃദ്ധിപ്പെട്ടു. എന്നാൽ സ്ത്രൈണതയെ ആരാധിക്കുന്ന ഒരേയൊരു സംസ്കാരം ഇന്നും നിലനിൽക്കുന്നത് ഇന്ത്യയിൽ മാത്രമാണ്. നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് ദേവതകളെ സൃഷ്ടിക്കാൻ സ്വാതന്ത്ര്യം നൽകിയ സംസ്കാരം കൂടിയാണിത്.
പ്രതിഷ്ഠാപനത്തിന്റെ ശാസ്ത്രം ഓരോ ഗ്രാമത്തെയും അവയുടെ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് സ്വന്തം ക്ഷേത്രം നിർമ്മിക്കാൻ പ്രാപ്തമാക്കി. ദക്ഷിണേന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഒരു അമ്മൻ അല്ലെങ്കിൽ ദേവീക്ഷേത്രം കാണാം. ഏതാനും ദേവതകളൊഴികെ, ബാക്കിയുള്ളവർ, രാകിണി, ഡാകിനി, ലക്കിനി, ചിന്നമസ്താ, ചണ്ഡി, കാളി, ഭൈരവി എന്നിങ്ങനെ ഭയാനക രൂപങ്ങളാണ്. സാധാരണയായി അവർ നാവ് നീട്ടി വായിൽനിന്ന് രക്തം ഒലിച്ചിറങ്ങുന്ന രീതിയിൽ ചിത്രീകരിക്കപ്പെടുന്നു, ഉഗ്രരൂപിണികളായ അവരെ നാം ആരാധനാ യോഗ്യരാക്കിയത് അവർക്കുള്ള ചില ഗുണങ്ങൾ കൊണ്ടാണ്.
ഒരു സ്ത്രീക്ക് ഈ ലോകത്തിന് നൽകാൻ കഴിയുന്നത് അവളിലെ അഗ്നിയാണ്. ഇന്ത്യൻ സംസ്കാരം സ്ത്രീകളെ തീക്ഷ്ണവും വന്യവുമാകാൻ പ്രോത്സാഹിപ്പിച്ചു. 'ഒരു മെരുക്കിയെടുക്കപ്പെട്ട സ്ത്രീയെക്കൊണ്ട് എന്ത് പ്രയോജനം' എന്ന് ഈ നാട്ടിലെ പ്രാചീനകവികൾ അവരുടെ സാഹിത്യങ്ങളിൽ പറയുന്നത് കാണാം. ലിംഗഭൈരവി വന്യയും അത്യധികം തീക്ഷ്ണതയുള്ളവളും ഒപ്പം കരുണയുള്ളവളുമാണ്. ലിംഗഭൈരവി ശുദ്ധമായ ജീവൻ മാത്രമാണ്; എന്നാൽ അവൾ ഒരു ഗർജ്ജനമാണ്, ഒരു മുഴക്കമാണ്. അവൾ സൗമ്യയല്ല, നിങ്ങൾക്ക് ഒരിക്കലും ലിംഗഭൈരവിയെ മെരുക്കിയെടുക്കാൻ കഴിയില്ല.
ഞാൻ പല ദേവീക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. ഗ്രാമങ്ങളിൽപ്പോലും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രതിഷ്ഠ ചെയ്യപ്പെട്ട ക്ഷേത്രങ്ങൾ ഇപ്പോഴും സജീവമായി നിലനിൽക്കുന്നത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ദേവിമാർ വ്യത്യസ്ത കഴിവുകളുടേയും തീവ്രതയുടേയും ഗുണങ്ങളുടേയും ജീവനുള്ള സ്ത്രൈണശക്തികളാണ്. സൗമ്യയായത് മുതൽ ഉഗ്രയായത് വരെ ദേവിമാരിലുണ്ട്. ഈ നവരാത്രിയിൽ, ദേവിയുടെ ഊർജ്ജം ഉപയോഗപ്പെടുത്തുകയും സ്ത്രൈണതയെ ആഘോഷിക്കുകയും ചെയ്യുക. എങ്കിൽ മാത്രമേ ജീവിതത്തിന്റെ ഭംഗി അറിയാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |