SignIn
Kerala Kaumudi Online
Friday, 19 April 2024 10.09 AM IST

നവോത്ഥാനത്തെ ചവിട്ടിത്തെറിപ്പിക്കരുത്

navodhanam

മലയാളികൾക്ക് അങ്ങേയറ്റം അപമാനമുണ്ടാക്കുന്ന ക്രൂരകൃത്യമാണ് വ്യാഴാഴ്ച വൈകുന്നേരം തലശേരിയിൽ സംഭവിച്ചത്. കാറിൽ ചാരിനിന്നു എന്ന ഒറ്റക്കാരണത്താൽ ഗണേഷ് എന്ന ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച മുഹമ്മദ്‌ ഷിനാദിന്റെ മനോനില ഞെട്ടിപ്പിക്കുന്നതാണ്. സ്വബോധമുള്ള ഏതൊരാളിലും ഈ പ്രവൃത്തി അമ്പരപ്പുണ്ടാക്കും എന്നുറപ്പ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് കാലത്തെ പ്രവൃത്തികൾ പരിശോധിച്ചാൽ മലയാളികളുടെ മനോഘടനയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് മനസിലാകും.

സാമ്പത്തിക അഭിവൃദ്ധിക്കായി ആഭിചാരം നടത്തി മനുഷ്യനെ കൊന്നതും, ഫലസിദ്ധിക്കായി പാചകം ചെയ്ത മനുഷ്യമാംസം കഴിച്ചതും മലയാളികളാണ്. പ്രണയനിരാസത്തിന്റെ പേരിൽ പലതരത്തിൽ കൊലപാതങ്ങൾ നടക്കുന്നു. പെട്രോൾ ഒഴിച്ച് പെൺകുട്ടികളെ കൊല്ലാൻ ശ്രമിക്കുന്നത് ഇക്കാലത്ത് സ്ഥിരം വാർത്തയാണ്. പ്രണയം നിഷേധിച്ചതിന്റെയും സംശയത്തിന്റെയും പേരിൽ വീട്ടിനുള്ളിൽ കയറി കാമുകിയുടെ തലയറുക്കുന്ന അവസ്ഥയിലേക്ക് വരെയെത്തി കാര്യങ്ങൾ. അതേ കാരണത്താൽ മധുരപാനീയത്തിലും കഷായത്തിലും വിഷം കലർത്തി കാമുകനെ ഇഞ്ചിഞ്ചായി കൊല്ലുന്ന കാമുകിയെപ്പറ്റിയും നമ്മൾ അറിഞ്ഞു. എറണാകുളം ജില്ലയുടെ മാത്രം കാര്യമെടുത്താൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആറോ ഏഴോ കൊലപാതകങ്ങൾ നടന്നു. കേരളത്തിൽ എല്ലായിടത്തും ഇതുപോലുള്ള അക്രമവാസന വളർന്നു വരികയും കുറേയധികം ജനങ്ങൾക്ക് നിയമ വാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നതാണ് നമ്മൾ കാണുന്നത്. തെറ്റ് ചെയ്യുന്നവരെ ശിക്ഷ നടപ്പാക്കാൻ തയ്യാറാവുന്ന ഒരു കൂട്ടം ആളുകൾ ഉയർന്നു വരുന്നതും യഥാർത്ഥത്തിൽ നിയമ വാഴ്‌ചയോടുള്ള വെല്ലുവിളിയാണ്.

കുറച്ചുകാലം കൂടി പിന്നോട്ട് സഞ്ചരിച്ചാൽ, പാലക്കാട്‌ വിക്ടോറിയ കോളേജ് പ്രിൻസിപ്പലിനു പ്രതീകാത്മക കുഴിമാടം ഒരുക്കിയ കാര്യവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവവും നമുക്ക് ഓർമ വരും. കോളേജുകളുടെ ഔദ്യോഗികഭരണ സംവിധാനങ്ങളെ വെല്ലുവിളിച്ച് അവയുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കാൻ ഒരുകൂട്ടം ആളുകൾ രംഗത്തുവരുന്നു. അദ്ധ്യാപകന്റെ കാൽമുട്ട് അടിച്ചു പൊളിക്കാനോ, അവരെ മണിക്കൂറുകളോളം പൂട്ടിയിടാനോ ഒന്നും വിദ്യാർത്ഥി സംഘടനാ നേതൃത്വത്തിന് തെല്ലും ഭയമില്ലാത്ത അവസ്ഥ. ഒറ്റക്കുത്തിനു കൊല്ലാൻ പരിശീലനം കൊടുക്കുകയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ആ രീതിയിൽ കൊല നടപ്പിലാക്കുകയും ചെയ്യുന്ന കേരളത്തിന് എന്താണ്‌ സംഭവിച്ചതെന്ന് സംശയിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.! കാരണം എന്തായാലും അക്രമവാസന കൊണ്ട് പ്രശ്നങ്ങളെ നേരിടുന്ന മനോഘടനയിലേക്ക് മലയാളികൾ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.

മയക്കുമരുന്നിന്റെ ഉപയോഗത്തിലെ വർദ്ധനയും അതിന്റെ ഉപയോഗം മൂലം സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥയും നാൾക്കുനാൾ വർദ്ധിക്കുകയാണ്. കുമാരനാശാൻ പറഞ്ഞതുപോലെ 'വ്യാപാരമേ ഹനനം' എന്നതായി കേരളത്തിന്റെ അവസ്ഥ.

ഹിംസാത്മകമായ അന്തരീക്ഷം സമൂഹത്തിൽ വികസിപ്പിക്കുന്ന ഒരു മനോഘടന മലയാളികൾക്കിടയിൽ രൂപപ്പെട്ടു വന്നിരിക്കുകയാണ്. അതിന് രാഷ്ട്രീയമോ, മതതീവ്രവാദമോ, പ്രണയ നൈരാശ്യമോ, സ്വാർത്ഥതയോ എന്ന വകഭേദമില്ല. ഇതിന്റെയൊക്കെ അടിസ്ഥാനപരമായ കാരണങ്ങളിൽ ഒന്ന് നിയമം അനുസരിക്കാൻ തയ്യാറല്ലാത്ത സമൂഹം വളർന്നു വരുന്നു എന്നതാണ്. പൊലീസ് അകമ്പടിയുള്ള ഒരു വൈസ് ചാൻസലറെപ്പോലും ജോലിയിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മറ്റെന്ത് കാരണം കൊണ്ടാണ്? നിയമപാലകർക്കു പോലും അത്‌ സംരക്ഷിക്കാൻ സാധിക്കാതെ വരുന്ന ഭയാനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നിയമം നടപ്പിലാക്കാൻ സാധിച്ചാൽ മാത്രമേ നീതിലഭ്യമാവൂ. ഈ നാട്ടിൽ സ്വസ്ഥതയോടെ ജീവിക്കാനുള്ള ഓരോരുത്തരുടെയും അവകാശമാണ് നീതി. നിയമവാഴ്ചയുടെ അഭാവം മൂലം സ്വാഭാവികനീതി പലപ്പോഴും നിഷേധിക്കപ്പെടുന്നു.

ഒരു ഉറുമ്പിന് പോലും പീഡയുണ്ടാക്കരുതെന്ന് ആഹ്വാനം ചെയ്ത ശ്രീ നാരായണ ഗുരുദേവന്റെ കേരളത്തിലാണ് ഇത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഉൾകൊള്ളാൻ കഴിയുന്ന കാര്യമല്ല. പക്ഷേ അതാണ് വസ്തുത. ശ്രീനാരായണ ഗുരുദേവൻ പറഞ്ഞതിന്റെ അർത്ഥം അറിയാഞ്ഞിട്ടല്ല. എന്നാൽ ഇന്ന് വാക്കും പ്രവൃത്തിയും രണ്ടായിരിക്കുന്നു. ശങ്കരാചാര്യർ, ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, ബ്രഹ്‌മാനന്ദ സ്വാമി ശിവയോഗി, വാഗ്ഭടാനന്ദൻ,​ ചാവറ അച്ചൻ, തുടങ്ങിയ ആത്മീയനേതാക്കളായ നവോത്ഥാന നായകർ കാണിച്ചുതന്ന വഴിയിൽനിന്ന് മാറി നടക്കാൻ തുടങ്ങിയിരിക്കുന്നു. കുമാരനാശാനും പണ്ഡിറ്റ്‌ കറുപ്പനും സഹോദരൻ അയ്യപ്പനും മന്നത്ത് പത്മനാഭനുമൊക്കെ നവോത്ഥാന ആശയങ്ങളെ പിൻപറ്റി നാടിനെ മുന്നോട്ട് നയിച്ചവരാണ്. എന്നാൽ അവർക്ക് പിന്തുടർച്ച ഉണ്ടാകുന്നില്ല എന്നതാണ് ഈ കാലഘട്ടത്തിന്റെ പരാജയം. മനുഷ്യർ വികർഷിച്ച് അകന്നുപോകേണ്ടവരല്ല, ഒരുമിച്ച് മുന്നേറേണ്ടവരാണ് എന്ന ബോദ്ധ്യം അവരിൽ ഉണ്ടാക്കിയ ആത്മീയ പരിസരത്തുനിന്ന് അകന്നു തുടങ്ങിയപ്പോഴാണ് ഹിംസയുടെ വഴിയിൽ എത്തിച്ചേർന്നത്.

ഈ മാറ്റത്തെ വളരെ ഗൗരവമായി പരിഗണിച്ച് ചർച്ചചെയ്യേണ്ടിയിരിക്കുന്നു. ഒരുകാലത്തു മനുഷ്യനെ ഏറ്റവും കൂടുതൽ തമ്മിലടിപ്പിച്ച ജാതിഭേദത്തെ ഉടച്ചുവാർക്കാൻ നമ്മെ സഹായിച്ച ഗുരുപരമ്പരയിലേക്ക് നമ്മൾ മടങ്ങിപ്പോകണം. ശങ്കരാചാര്യരേയും, ശ്രീനാരായണ ഗുരുവിനെയും എഴുത്തച്ഛനേയും കുമാരനാശാനേയും ഓർക്കണം. ആത്മീയതയിലൂന്നി നാടിനെ നയിച്ച നവോത്ഥാന നായകരുടെ ഓരം ചേർന്നു നടന്നാൽ സ്വാഭാവികമായും നീതി നടപ്പിലാക്കപ്പെടും, ഹിംസാത്മകത ഇല്ലാതാക്കപ്പെടും. നമ്മുടെ സർക്കാർ അതിനാണ് പരിശ്രമിക്കേണ്ടത്. ജനങ്ങളെ കേൾക്കുകയും അവരെക്കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രവർത്തന പദ്ധതികൾ രൂപീകരിക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVODHANAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.