SignIn
Kerala Kaumudi Online
Thursday, 25 April 2024 4.35 PM IST

മാനം കെടുത്തിയ 'നീറ്റ്'

photo

രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനായി നടത്തുന്ന 'നീറ്റ്' പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ചുമാറ്റിയ അത്യന്തം പ്രാകൃതമായ സംഭവം വൻ പ്രതിഷേധത്തിനും പൊലീസ് നടപടികൾക്കും വഴിതെളിച്ചു. കൊല്ലം ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആന്റ് ടെക്‌നോളജിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളെയാണ് പരിശോധനയുടെ പേരിൽ അപമാനിച്ചത്. ഹാളിലേക്ക് കയറും മുമ്പ് നടത്തുന്ന സ്‌കാനിംഗിനിടെ പെൺകുട്ടികളുടെ ഉൾവസ്ത്രത്തിൽ ലോഹഹൂക്ക് ഉണ്ടെന്ന വിചിത്രമായ കാരണം പറഞ്ഞ് അത് ഊരി മാറ്റിച്ച ശേഷമാണ് പരീക്ഷയെഴുതിച്ചത്. സംഭവം വൻ വിവാദമായതോടെ പാർലമെന്റിലടക്കം പ്രതിഷേധം ഉയർന്നു. ഉൾവസ്ത്രം അഴിച്ചുമാറ്റിച്ച സംഭവം തിങ്കളാഴ്ച കേരള എം.പി മാർ പാർലമെന്റിൽ ഉന്നയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറിയോട് ഇതുസംബന്ധിച്ച റിപ്പോർട്ട് തേടി. പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആദ്യം സംഭവം നിഷേധിച്ചെങ്കിലും പിന്നീട് അന്വേഷണത്തിന് ഉത്തരവിടുകയും ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷാകേന്ദ്രത്തിൽ വിദ്യാർത്ഥിനികളെ പരിശോധനയുടെ പേരിൽ ഉൾവസ്ത്രം അഴിപ്പിച്ച 5 സ്ത്രീകളെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട ഇവർ റിമാന്റിലാണ്. വിവാദമായ സംഭവത്തിൽ തിങ്കളാഴ്ച മാർത്തോമ കോളേജിലേക്ക് വിദ്യാർത്ഥി, യുവജനസംഘടനകളും രാഷ്ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധം അക്രമത്തിലും പൊലീസ് നടപടിയിലുമാണ് കലാശിച്ചത്. സംസ്ഥാന മനുഷ്യാവകാശ, വനിത, യുവജന കമ്മിഷനുകളും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ എസ്.പി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം വി.കെ ബീനാകുമാരിയും നിർദ്ദേശിച്ചിട്ടുണ്ട്. കൊട്ടാരക്കര ഡിവൈ എസ്.പി യുടെ നേതൃത്വത്തിലാണ് കേസന്വേഷണം.


'സ്വന്തം ഭാവിയോ

ഉൾവസ്‌ത്രമോ വലുത് ?'


വസ്ത്രം പരിശോധിച്ച സ്ത്രീകൾ 'സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്' എന്ന് ചോദിച്ചത് കേട്ട് മാനസികമായി തളർന്ന പെൺകുട്ടികളിൽ പലരും പരീക്ഷ നന്നായി എഴുതാനായില്ലെന്ന് പറഞ്ഞു. ഊരിമാറ്റിച്ച വസ്ത്രങ്ങളെല്ലാം ഒരു മുറിയിൽ ഒന്നിച്ച് കൂട്ടിയിടുകയും ചെയ്തു. ആദ്യ പരാതി ലഭിച്ചപ്പോൾ തന്നെ ചടയമംഗലം പൊലീസ് പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. അത്യന്തം പ്രാകൃതമായ ഈ നടപടിക്കെതിരെ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പെൺകുട്ടികൾ ലളിതമായ രീതിയിലുള്ള സാൽവാറും സാധാരണ പാന്റ്സും ധരിക്കണമെന്നും ഹീൽ ഇല്ലാത്ത വള്ളിച്ചെരുപ്പ് ഉപയോഗിക്കാമെന്നും നിർദ്ദേശമുണ്ട്.. ബുർഖ, ഹിജാബ് തുടങ്ങിയ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് പ്രത്യേക പരിശോധനയുണ്ട്. പൊതുവിൽ പോക്കറ്റുകൾ ഇല്ലാത്ത ഇളംനിറത്തിലുള്ള ഹാഫ് കൈ കുപ്പായം ധരിക്കണമെന്നാണ് ചട്ടം. ഹെയർ പിൻ, ഹെയർ ബാൻഡ്, ആഭരണങ്ങൾ, കാൽപാദം പൂർണമായി മൂടുന്ന ഷൂസ്, ഏറെ എംബ്രോയിഡറി വർക്കുള്ള വസ്ത്രങ്ങൾ, ഹൈ ഹീൽസ് ചെരിപ്പ് എന്നിവ നിർബന്ധമായും ഒഴിവാക്കണമെന്നും നിബന്ധനയുണ്ട്.


1.20 ലക്ഷം വിദ്യാർത്ഥികൾ


ഞായറാഴ്ച നടന്ന നീറ്റ് യു ജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേഷൻ ) പരീക്ഷയ്ക്ക് കേരളത്തിൽ 1.20 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തുവെന്നാണ് കണക്ക്. മെഡിക്കൽ പ്രവേശനം ലക്ഷ്യമിട്ട് ഏറെക്കാലമായി പരിശീലനം നടത്തിയ ശേഷമാണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. രാജ്യത്താകെ 18 ലക്ഷംത്തോളം പേർ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്‌തെങ്കിലും കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് മാത്രമാണ് രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്ന പരാതി ഉയർന്നത്. നിരവധി വിദ്യാർത്ഥിനികളുടെ ഉൾവസ്ത്രം ഊരി മാറ്റിച്ചെങ്കിലും ശാസ്താംകോട്ട ശൂരനാട് സ്വദേശിനിയായ പെൺകുട്ടിയ്ക്കുണ്ടായ ദുരനുഭവത്തെ തുടർന്ന് ആ കുട്ടിയുടെ രക്ഷിതാക്കൾ മാത്രമാണ് ഞായറാഴ്ച പരാതിയുമായി മുന്നോട്ട് വന്നത്. മാനഹാനി ഭയന്ന് പലരും പുറത്തുപറയാൻ മടിച്ചുവെങ്കിലും സംഭവം വൻ വിവാദമാകുകയും കടുത്ത പ്രതിഷേധം ഉയരുകയും ചെയ്‌തോടെയാണ് കൂടുതൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ട് വന്നത്. വിദ്യാർത്ഥിനികളുടെ ദേഹപരിശോധന നടത്തിയ സ്ത്രീകൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും (ഐ.പി.സി 354), സ്വകാര്യതയിലേക്ക് കടന്നു കയറിയതിനും (509) ആണ് പൊലീസ് കേസെടുത്തത്. തങ്ങൾക്ക് ഇതിൽ യാതൊരു പങ്കും ഇല്ലെന്ന നിലപാടാണ് ആദ്യം മുതലേ കോളേജ് അധികൃതർ സ്വീകരിച്ചത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോളേജിലെ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന കോ - ഓർഡിനേറ്ററെയും പ്രതിയാക്കാൻ തീരുമാനിച്ചു. ഇയാളുടെ നിർദ്ദേശ പ്രകാരമാണ് പെൺകുട്ടികളുടെ ഉൾവസ്ത്രം അഴിപ്പിച്ചതെന്നാണ് അറസ്റ്റിലായ സ്ത്രീകൾ മൊഴിനൽകിയത്.


2013 ൽ നീറ്റ് പരീക്ഷ വന്നതോടെയാണ് രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകൾ ഏകീകരിക്കപ്പെട്ടത്. 2019 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പരീക്ഷ നടത്തുന്നത്. അവർ ഏർപ്പെടുത്തിയ സ്വകാര്യ ഏജൻസിയാണ് ആയൂരിലെ സ്ഥാപനത്തിൽ ദേഹപരിശോധന നടത്തിയത്. ഇതിനായി നിയോഗിച്ച സ്ത്രീകളിൽ ഒരാൾ ചടയമംഗലത്തെ ബേക്കറി ജീവനക്കാരിയായിരുന്നു. പരീക്ഷയിലെ ഡ്രസ് കോഡ് സംബന്ധിച്ച് മുൻ വർഷങ്ങളിലും പ്രശ്നങ്ങളും പരാതികളും ഉണ്ടായിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം എൻ.ടി.എ. നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നീറ്റ് പരീക്ഷാ നടത്തിപ്പിന് തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയാണ് കരാറെടുത്തത്. അവർ നൽകിയ ഉപകരാർ ഏറ്റെടുത്തവർക്ക് പരീക്ഷാ നടത്തിപ്പുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ലെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. രാജ്യത്താകെ നടക്കുന്ന ഒരു മത്സര പരീക്ഷയുടെ നടത്തിപ്പ് ഇത്തരം ഏജൻസികൾക്ക് കരാർ നൽകുന്നതിലൂടെ എൻ.ടി.എ യും പ്രതിക്കൂട്ടിലാകുകയാണ്. മത്സരപരീക്ഷകൾക്കായി മാസങ്ങളുടെ തയ്യാറെടുപ്പുമായെത്തുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകരുന്ന നടപടിയാണ് അധികൃതരിൽ നിന്നുണ്ടാകേണ്ടത്. കേട്ടുകേൾവി പോലുമില്ലാത്ത നടപടികളിലൂടെ വിദ്യാത്ഥികളുടെ ആത്മവീര്യവും ധൈര്യവും ചോർത്തി മാനസികമായി തളർത്തുന്ന നടപടി ആവർത്തിക്കാതിരിക്കാൻ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEET
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.