SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.15 PM IST

ആവേശത്തിര തിരികെയെത്തുമ്പോൾ

fj

കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ മുങ്ങിപ്പോയ കുട്ടനാടിന് ഉയിർത്തെഴുന്നേൽപ്പിനുള്ള ഊർജ്ജമാവുകയാണ് രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന നെഹ്റുട്രോഫി ജലോത്സവം. ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച്ച നെഹ്റുട്രോഫി വള്ളംകളിയെന്ന കീഴ്‌വഴക്കം കഴിഞ്ഞ വർഷങ്ങളിൽ പ്രളയവും കൊവിഡും ചേർന്നാണ് തിരുത്തിയത്. ചാമ്പ്യൻസ് ലീഗ് മത്സരനടത്തിപ്പ് കൂടി പരിഗണിച്ച് ഇത്തവണയും പതിവ് തീയതിയിൽ സംഘാടകർ മാറ്റം വരുത്തിയിരിക്കുകയാണ്. സെപ്‌തംബർ നാലിനാണ് പുന്നമടക്കായലിൽ 68ാമത് ജലപ്പൂരം അരങ്ങേറുക. നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് ചമ്പക്കുളത്താറ്റിലെ മൂലം ജലോത്സവത്തോടെ ഈ സീസണിലെ ജലമാമാങ്കത്തിന് തുടക്കമായിട്ടുണ്ട്. 2018ലെ വെള്ളപ്പൊക്കത്തെ തുട‌ർന്ന് ജലോത്സവം ആഗസ്റ്റിൽ നടത്താനായില്ലെങ്കിലും നവംബറിൽ മത്സരം അരങ്ങേറി. 2019 ലും സമാനമായിരുന്നു സ്ഥിതി. ആഗസ്റ്റ് 31നായിരുന്നു മത്സരം. അതിനൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗിനും (സി.ബി.എൽ) തുടക്കമായി. എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ കൊവിഡ് വിലങ്ങുതടിയായതോടെ ജലോത്സവ പ്രേമികൾ നിരാശയിലായി. അതുകൊണ്ട് തന്നെ വലിയ കാത്തിരിപ്പിന് ശേഷം തിരികെയെത്തുന്ന ജലമാമാങ്കത്തിന് വമ്പിച്ച വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് ജലോത്സവ പ്രേമികൾ.

കളിവള്ളങ്ങൾ കരിനാഗങ്ങൾ കണക്കെ മാരിവില്ല് തീർക്കുന്ന കാഴ്ച ഒരുകാലത്ത് കുട്ടനാടൻ കരക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. മത്സരിക്കാനെത്തുന്ന ഓരോ ചുണ്ടനു പിന്നിലും ഒരു കരയുടെ മുഴുവൻ പ്രാർത്ഥനയും പ്രയ്തനവും നിറഞ്ഞുനിന്നിരുന്നു. പരിശീലനശേഷം വള്ളം സൂക്ഷിക്കുന്ന വള്ളപ്പുരയെ ദേവസ്ഥാനമായി കണ്ട് വണങ്ങുന്ന രീതിയായിരുന്നു പണ്ടുകാലത്ത്. മറ്റേതൊരു വള്ളംകളിയേക്കാളും ആവേശകരമായ ഒരുക്കമാണ് നെഹ്‌റു ട്രോഫിക്കു വേണ്ടി നടത്തുന്നത്. ഇടത്തോടുകളിൽ ചെറുവള്ളംകളി മത്സരങ്ങൾ നടത്തിയായിരുന്നു അന്ന് ഓരോ കരക്കാരും തുഴച്ചിലുകാരെ കണ്ടെത്തിയത്. ഭക്ഷണമല്ലാതെ ഒരുരൂപ പോലും കൂലി വാങ്ങില്ലെന്നതും കരക്കാർ മത്സരാർത്ഥികളായിരുന്ന കാലത്തെ പ്രത്യേകതയാണ്. കളിയിൽ പ്രൊഫഷണലിസം കൂടിയതോടെ പങ്കായം കരക്കാരിൽ നിന്നും ക്ലബുകളുടെ കൈകളിലെത്തി. ആദ്യകാലത്ത് കുട്ടനാട്ടിലും കുമരകത്തുമുള്ള ക്ലബ്ബുകൾ മാത്രം പയറ്റിയിരുന്ന മത്സരത്തിലേക്ക് ഇപ്പോൾ വടക്കൻജില്ലകളിൽ നിന്നു വരെ ക്ലബ്ബുകൾ എത്തുന്നു. ഇതോടെ മത്സരത്തിനു പുറമേ അഭിമാന പോരാട്ടമായി മാറി ജലോത്സവങ്ങൾ. കൈക്കരുത്തിനായി സായുധസേനാംഗങ്ങളെ വരെ ടീമുകളിൽ ഉൾപ്പെടുത്തുന്നു. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് പരിശീലനം നടത്തുന്ന ക്ലബ്ബുകൾ പോലുമുണ്ട്. ഒരു മാസത്തിലധികം നീളുന്ന പരിശീലനം പൂർത്തിയാക്കിയാണ് ഇവർ മാമാങ്കത്തിനിറങ്ങുന്നത്.

ചുണ്ടൻവള്ള സമിതികൾക്കും ഭാരിച്ച ചെലവുകളുടെ കാലമാണ്. വള്ളങ്ങൾക്ക് വാടകനൽകി ടീമുകൾ കൊണ്ടുപോയിരുന്ന സാഹചര്യം മാറി, ലക്ഷങ്ങൾ മുടക്കി സമിതികൾക്ക് വള്ളം കളിപ്പിക്കേണ്ട അവസ്ഥയാണ്. ഒരു ദിവസം പരിശീലനത്തിന് കൂലി, ഭക്ഷണം, താമസം ഉൾപ്പെടെ 1.5 ലക്ഷത്തോളം രൂപ ചെലവാകും. പ്രാദേശിക വള്ളംകളിക്ക് നാലഞ്ച് ദിവസം പരിശീലിക്കണമെങ്കിൽ 7.5 ലക്ഷം രൂപ കുറഞ്ഞത് ഓരോ സമിതിക്കും ചെലവാകും. നെഹ്‌റുട്രോഫിക്ക് ചെലവുകൾ 30 മുതൽ 80 ലക്ഷം വരെ പോകും. ഇത് നികത്താൻ ബോണസ് തുകയോ, പ്രൈസ് മണിയോ മതിയാകുകയുമില്ല. ഈ സാഹചര്യത്തിന് അൽപ്പം ആശ്വാസമായത് ചാമ്പ്യൻസ് ബോട്ട് ലീഗ് വന്നപ്പോഴാണ്. പക്ഷേ കൂടുതൽ വള്ളങ്ങൾക്ക് ഉപകാരപ്പെടണമെങ്കിൽ, സി.ബി.എല്ലിൽ 15 ചുണ്ടൻ വള്ളങ്ങളെങ്കിലും കുറഞ്ഞത് പങ്കെടുക്കുകയും വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങൾക്ക് കൂടുതൽ അവസരം ഒരുക്കുകയും വേണം. മുൻകാലങ്ങളിൽ വിജയിച്ചില്ലെങ്കിലും ടീമുകൾക്ക് ബോണസ് ലഭിക്കുമായിരുന്നു. വിജയികൾക്ക് മാത്രം ബോണസ് തുകയെന്ന തീരുമാനം വന്നതോടെ ബോട്ട് ക്ലബ്ബുകൾ എങ്ങനെയും ജയിക്കുകയെന്ന ലക്ഷ്യത്തോടെ അരയും തലയും മുറുക്കിയാണ് രംഗത്തിറങ്ങുന്നത്.

തിരിച്ചെത്തുന്ന വള്ളംകളി സീസൺ ഓരോ ക്ലബ്ബുകൾക്കും നൽകുന്ന പ്രതീക്ഷ ചെറുതല്ല. പലർക്കും ലക്ഷങ്ങളുടെ കടം വീട്ടാനുണ്ട്. പ്രളയം മൂലം വള്ളംകളി മാറ്റിവെയ്ക്കേണ്ടി വന്നപ്പോൾ തുഴച്ചിൽ സംഘത്തിന്റെ പരിശീലനത്തിനുൾപ്പടെ ചെലവായ വൻ തുക ബാദ്ധ്യതയായവരുണ്ട്. സാമ്പത്തിക നഷ്ടത്തിനും നേട്ടത്തിനുമപ്പുറം കൂട്ടായ്മയുടെയും ആവേശത്തിന്റെയും ഓർമ്മകൾ കൂടിയാണ് ജലോത്സവ കാലം. മാനസികമായും, കായികമായും ഓരോ കളിക്കാരെയും ആരോഗ്യവാന്മാരാക്കുന്നത് ക്യാമ്പുകളാണ്. ഇന്ന് ക്യാമ്പുകളുടെ പ്രതിദിന ചെലവ് ലക്ഷങ്ങളിലേക്ക് കടന്നതോടെയാണ് പോക്കറ്റിൽ പണമില്ലാത്തവർക്ക് ക്ലബ്ബ് രൂപീകരണം വെല്ലുവിളിയായത്.

ഒരു ചുണ്ടൻവള്ള ടീമിൽ 110 -120 പേരുണ്ടാകും. ദിവസക്കൂലി കുറഞ്ഞത് 1000 രൂപയാണ്. മത്സരദിനം മാത്രം ചെലവ് രണ്ട് ലക്ഷം കവിയും. ഇക്കാരണത്താൽ പലപ്പോഴും ടീമുകൾ ട്രയലുകലുടെ എണ്ണം വെട്ടിച്ചുരുക്കും. ഇത് ഫൈനൽ പ്രകടനത്തെ ബാധിക്കുമെന്നതാണ് വെല്ലുവിളി. ഗാംഭീര്യം നിറഞ്ഞ ചുണ്ടൻ വള്ളങ്ങൾ ഓരോ ഗ്രാമത്തിന്റെയും അഭിമാനമാണ്. ഏതാണ്ട് 20 ചെറുതും വലുതുമായ വള്ളംകളികൾ അരങ്ങേറുന്ന ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിൽ കുട്ടനാടൻ പ്രദേശത്തെ ജനങ്ങളുടെ മനസ്സിൽ നിറയുന്നത് വള്ളംകളിയാണ്. കുട്ടനാട്ടിലെ ജലോത്സവം അത്യപൂർവമായ ആഘോഷമാണ്. ഒരു സ്‌പോർട്‌സ് എന്ന നിലയ്ക്ക് ഒരേ ടീമിൽ ഇത്രയധികം അംഗങ്ങൾ പങ്കെടുക്കുന്ന മറ്റൊരിനമില്ല. 111 തുഴകളുടെ സമന്വയ ചലനത്തിനായി സ്വാഭാവികസിദ്ധിയും ദീർഘനാളത്തെ പരിശീലനവും ആവശ്യമാണ്. പ്രതിസന്ധികൾ തരണം ചെയ്ത് ആവേശപ്പൂരത്തിനെത്തുന്ന വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ്, ബോണസ് എന്നിവ വർദ്ധിപ്പിച്ച് ടീമുകൾക്ക് പിന്തുണയേകുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടത്. ഓരോ വള്ളംകളിക്കാലവും കേരളത്തിന്റെ ടൂറിസം രംഗത്തിനും മികച്ച ഉണർവാണ് പകരുന്നത്.

ഐ.പി.എൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. സെപ്റ്റംബർ നാലിന് നെഹ്റുട്രോഫിയിൽ തുടങ്ങി നവംബർ 26ന് കൊല്ലം പ്രസിഡൻസി വള്ളം കളിയോടെയാവും സി.ബി.എല്ലിന്റെ സമാപനം. ഒന്നാം ലക്കത്തിൽ വലിയ സമ്മാനത്തുകയാണ് ബോട്ട് ക്ലബ്ബുകൾക്ക് ലഭിച്ചത്. ഒന്നാം സ്ഥാനക്കാ‌ർക്ക് മാത്രം 1.31 കോടി രൂപ ലഭിച്ചു. കൂടുതൽ അവസരങ്ങളും, സമ്മാനങ്ങളും കായികമേളയുടെ ആവേശം കൊഴുപ്പിക്കുമെന്നതിൽ സംശയം വേണ്ട. വള്ളംകളി പ്രേമികൾക്ക് രണ്ടു വർഷമായി നഷ്‌ടപ്പെട്ടുപോയ താളവേഗ കൊഴുപ്പിന്റെ കാഴ്ചകൾ തിരികെയെത്തുന്നു എന്നത് വിനോദസഞ്ചാര മേഖലയ്‌ക്ക് കൂടിയാണ് ഉണർവേകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEHRU TROPHY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.