SignIn
Kerala Kaumudi Online
Thursday, 25 April 2024 9.00 PM IST

നെൽകൃഷി സംരക്ഷണത്തിന് സർക്കാർ

nellu

മിഥുന മാസത്തിലെ തിരുവാതിര ഞാറ്റുവേലയ്ക്ക് ഇന്ന് തുടക്കം. സമയവും ദിവസവും കാലാവസ്ഥയും അറിയാൻ പഴമക്കാർ തയാറാക്കിയ കാർഷിക കലണ്ടറാണ് ഞാറ്റുവേലകൾ. ശാസ്‌ത്രവളർച്ച ഞാറ്റുവേലകളുടെ പ്രാധാന്യത്തിൽ കുറവുവരുത്തിയെങ്കിലും കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായി അവ ഇന്നും നിലനില്ക്കുന്നു.

2016 - 2021 കാലഘട്ടം കാർഷികമേഖല വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നെൽപ്പാടങ്ങളുടെ വിസ്തൃതിയിൽ വലിയ വർദ്ധനവുണ്ടായി. കരനെൽകൃഷി പ്രാവർത്തികമാക്കി. വിളകൾക്ക് ന്യായവില നൽകാൻ നടപടി സ്വീകരിച്ചു. നെല്ല് സംഭരണം കാര്യക്ഷമവും ഊർജ്ജിതവുമാക്കിയതിലൂടെ വലിയ വിഭാഗം കർഷകരെ നെൽകൃഷിയിലേക്ക് മടക്കിക്കൊണ്ടുവരാനായി.

സപ്ലൈകോ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന നെല്ല് സംഭരണ പദ്ധതിക്ക് മില്ലുടമകളുടെ വലിയ തോതിലുള്ള സഹകരണം ലഭിക്കുന്നു.
നെൽകൃഷി അഭിവൃദ്ധിപ്പെടുത്താനും കർഷകരെ സംരക്ഷിക്കാനുമായി 2005 ലാണ് സർക്കാർ സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി നെല്ല് സംഭരണം ആരംഭിച്ചത് . കടലാസിലായിരുന്ന പദ്ധതിയ്ക്ക് ജീവൻ പകർന്നത് 2006ൽ വന്ന എൽ.ഡി.എഫ്. സർക്കാരാണ്. സപ്ലൈകോ സംഭരിക്കുന്ന നെല്ല് സ്വകാര്യ മില്ലുകളുടെ പങ്കാളിത്തത്തോടെ അരിയാക്കി റേഷൻകടകൾ വഴി വിതരണം ചെയ്യുന്നു. നെല്ല് സംഭരണത്തിന്റെ ആരംഭകാലത്ത് നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് ഏഴ് രൂപയിൽ താഴെയായിരുന്നത് 28 രൂപയായി. മാറിനിന്ന കർഷകർ വലിയതോതിൽ നെല്ലുത്പാദനത്തിൽ ഏർപ്പെട്ടതോടെ ഉത്‌പാദനവും വർദ്ധിച്ചു.
മില്ലുടമകൾ പാടശേഖരങ്ങളിൽ പോയി നെല്ല് സംഭരിച്ച് മില്ലുകളിലെത്തിച്ച് അരിയാക്കി സപ്ളൈകോയ്ക്ക് കൈമാറുന്ന രീതിയാണ് കേരളത്തിലേത്. മറ്റ് സംസ്ഥാനങ്ങളിൽ വിളകൾ കർഷകർ ഗോഡൗണുകളിൽ എത്തിക്കണം. സംഭരണ വിലയിൽ രണ്ട് പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു. മിനിമം സപ്പോർട്ട് പ്രൈസും സ്റ്റേറ്റ് ഇൻസന്റീവ് ബോണസും. കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള കമ്മിഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആന്റ് പ്രൈസസ് ശുപാർശ ചെയ്യുന്ന പ്രകാരം മിനിമം സപ്പോർട്ട് പ്രൈസ് നിശ്ചയിക്കുമ്പോൾ, പ്രോത്സാഹന ബോണസ് സംസ്ഥാനം ബഡ്ജറ്റ് വിഹിതമായി നൽകുന്നു. നിലവിൽ കിലോയ്ക്ക് 27.48 രൂപ എന്ന നിരക്കിലാണ് നെല്ല് സംഭരണം. ഇതിൽ കേന്ദ്രവിഹിതം 18.68 രൂപയും സംസ്ഥാന സർക്കാരിന്റേത് 8.80രൂപയുമാണ്. സംഭരണത്തിൽ സംസ്ഥാനം നൽകുന്ന വിഹിതം ഏപ്രിൽ ഒന്ന് മുതൽ 52 പൈസ വർദ്ധിപ്പിച്ചതിനാൽ അടുത്ത സീസൺ മുതൽ കർഷകർക്ക് ഒരു കിലോ നെല്ലിന് 28 രൂപ ലഭിക്കും.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ നിലവിൽ പൂർണമായും കമ്പ്യൂട്ടർവത്കൃതമാണ്. ഇതിനായി https://supplycopaddy.in/ എന്ന വെബ്‌ സൈറ്റ് പ്രവർത്തന സജ്ജമാണ്. സൈറ്റിൽ നിന്നും നെല്ല് സംഭരണത്തിലെ എല്ലാ വിവരങ്ങളും വളരെ കൃത്യതയോടെ അറിയാം. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വിളവെടുപ്പ് ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ വരെ സംഭരിക്കുന്നു. നെല്ല് സംഭരണത്തിനായി ആഗസ്റ്റ് ഒന്ന് മുതൽ സെപ്തംബർ 15 വരെ കർഷകർക്ക് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാം. സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള വിളവെടുപ്പ് ജനുവരി മുതൽ ജൂൺ വരെ സംഭരിക്കുന്നു. ഈ കാലയളവിലെ സംഭരണത്തിനായി ഡിസംബർ ഒന്ന് മുതൽ ജനുവരി 15 വരെയും, മാർച്ച് ഒന്ന് മുതൽ മാർച്ച് 31 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അഞ്ചേക്കർ വരെ കൃഷിചെയ്യുന്ന വ്യക്തിഗത കൃഷിക്കാരിൽ നിന്നും 15ഏക്കർ വരെ കൃഷി ചെയ്യുന്ന പാടശേഖര സമിതികളിൽ നിന്നും സപ്ലൈകോ നെല്ല് സംഭരിക്കുന്നു. സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള മില്ലുകളാണ് കർഷകരിൽ നിന്നും നെല്ല് നേരിട്ട് സംഭരിക്കുന്നത്. സംഭരിച്ച നെല്ല് നിർദ്ദേശങ്ങൾ പാലിച്ച് അരിയാക്കി മില്ലുടമകൾ സപ്ലൈകോയ്ക്ക് നൽകണം. ഇതിനുള്ള ചെലവിനായി കർഷകർക്ക് കയറ്റുകൂലി ഇനത്തിൽ നൽകേണ്ട 12 രൂപ സഹിതം, 214 രൂപയാണ് ഒരു ക്വിന്റലിന് മില്ലുടമകൾക്ക് നൽകുന്നത്.
സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയ്ക്കു വേണ്ടി മില്ലുടമകൾ കർഷകന് പാഡി റസീറ്റ് ഷീറ്റ് നൽകുന്നു. പ്രസ്തുത പി. ആർ. എസ് സപ്ലൈകോയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പാഡി മാർക്കറ്റിങ് ഓഫീസർ പരിശോധിച്ച് സപ്ലൈകോയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള ബാങ്കുകൾ വഴി വായ്പയായി കർഷകർക്ക് നെല്ലിന്റെ വില നൽകുന്നു. പ്രസ്തുത തുക പലിശ സഹിതം സപ്ലൈകോ ബാങ്കുകൾക്ക് നൽകുന്നു. ഇപ്രകാരം കർഷകന് സമയബന്ധിതമായി വില ലഭിക്കുന്നു. മില്ലുടമകൾ കർഷകരിൽ നിന്നും സംഭരിക്കുന്ന 100 കിലോ നെല്ലിന് 64.5 കിലോ അരി തിരികെ നൽകണം. 100 കിലോയ്‌ക്ക് 68 കിലോ അരി തിരികെ നൽകണമെന്നതാണ് കേന്ദ്ര നിലപാട്. മില്ലുടമകൾ സംഭരിച്ച് നൽകുന്ന അരിയുടെ അളവിലുണ്ടായ 3.5 കിലോയുടെ വ്യത്യാസത്തിന്റെ ബാദ്ധ്യതയും സംസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്.
ഈ വർഷം നെല്ല് സംഭരിച്ചതിന്റെ 1710 കോടി രൂപ കർഷകർക്ക് നൽകി. ബാക്കി 400 കോടി നൽകാനുള്ള നടപടി സ്വീകരിച്ച് വരുന്നു. കൊവിഡ്, വെള്ളപ്പൊക്കം എന്നിവ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ കാരണം പാടശേഖര സമിതികളിൽ നിന്നും സമയബന്ധിതമായി കണക്കുകൾ ശേഖരിക്കുന്നതിലും ബാങ്കിങ് ഇടപാടുകളിലുണ്ടായ കാലതാമസവുമാണ് തുക നൽകാൻ തടസമായത്.
കാലംതെറ്റിയ മഴകാരണം കൃത്യമായി കൊയ്തു നടത്താൻ കഴിയാത്തതും നെല്ല് നനഞ്ഞ് കേടാകുന്നതും സംഭരണത്തെ ദോഷകരമായി ബാധിക്കുന്നു. നനഞ്ഞ നെല്ല് ഉണക്കിയെടുക്കുമ്പോൾ ഗുണനിലവാരം കുറയുന്നതിനാൽ മടക്കി നൽകേണ്ട അരിയുടെ അളവിൽ കുറവ് വേണമെന്ന് മില്ലുടമകളും അതിനു കഴിയില്ലെന്ന കർഷകരുടെ നിലപാടും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ നേരിട്ട് ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നെല്ല് സംഭരണത്തിൽ കർഷകരെയും മില്ലുടമകളെയും വിശ്വാസത്തിലെടുത്ത് അവരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമായിരിക്കും സർക്കാരിന്റേത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NELLU SAMBHARANAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.