SignIn
Kerala Kaumudi Online
Friday, 29 March 2024 2.18 PM IST

രാഷ്‌ട്രീയ അതിപ്രസരം നേപ്പാളിനോട് ചെയ്യുന്നത്

photo

നേപ്പാളിന്റെ 16 ാം ലോകതന്ത്ര ദിവസമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ 24 .നേപ്പാളി കലണ്ടർ അനുസരിച്ച് ബൈശാഖി 11 ാം തീയതി. 2006 ൽ ഈ ദിവസമാണ് നേപ്പാളിൽ രാജവാഴ്ച അവസാനിക്കുകയും ജനാധിപത്യം പുനസ്ഥാപിക്കപ്പെടുകയും ജ്ഞാനേന്ദ്ര മഹാരാജാവ് നാരായണ ഹിതി ഡർബാറിന്റെ പടിയിറങ്ങുകയും ചെയ്തത്. പിന്തിരിഞ്ഞു നോക്കുമ്പോൾ ചരിത്രം കുറിച്ച ആ മാറ്റങ്ങൾ കൊണ്ട് നേപ്പാൾ എന്ന രാഷ്ട്രത്തിന് എന്തു ഗുണമുണ്ടായെന്ന് രാജ്യവാസികൾ ചിന്തിച്ചുപോയാൽ അദ്ഭുതപ്പെടാനില്ല. രണ്ടാഴ്ചകൾക്ക് ശേഷം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ വേളയിൽ അത്തരമൊരു തിരിഞ്ഞുനോട്ടത്തിന് വലിയ സാംഗത്യമുണ്ട്. ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു എന്നതു തന്നെ വലിയ നേട്ടം. എന്നാൽ, ജനാധിപത്യ പ്രക്രിയയിലൂടെ നേപ്പാളിന് ശക്തമായ ഒരു ഭരണസംവിധാനം പ്രദാനം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ16 വർഷങ്ങൾക്കുള്ളിൽ എത്ര സർക്കാരുകളും പ്രധാനമന്ത്രിമാരും മാറിയെന്ന് ചോദിച്ചാൽ ഒരു നിമിഷം ആലോചിച്ച ശേഷമേ മറുപടി പറയാൻ കഴിയുകയുള്ളൂ.

രാഷ്ട്രീയ അതിപ്രസരം കാരണം വികസനമാണ് കഷ്ടത്തിലായത്. അതോടൊപ്പം പല സാമ്പത്തിക പ്രശ്‌നങ്ങളും ഉയർന്നുവന്നു, മഹാമാരിയുടെ രണ്ടുവർഷങ്ങളിൽ പ്രവാസികളിൽ നിന്നുള്ള വരുമാനം തീരെ കുറഞ്ഞു. വിനോദസഞ്ചാരമാണ് നേപ്പാളിന് വരുമാനം നൽകുന്ന പ്രധാന മേഖല. കഴിഞ്ഞ രണ്ടുവർഷമായി വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതു മൂലം വരുമാനത്തിന്റെ ഉറവിടവും വറ്റി. അങ്ങനെ പലവിധ ദുരിതങ്ങൾ വരുത്തിവച്ചാണ് മഹാമാരിക്കാലം കടന്നുപോയത്. ഇതിന്റെയൊക്കെ ഫലമായി നേപ്പാളിലും സമീപരാജ്യങ്ങളായ ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേതു പോലെ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നു എന്ന ഭയം ഉയർന്നു വന്നിരിക്കുന്നു. നേപ്പാൾ രാഷ്ട്ര ബാങ്ക് ഗവർണർ മഹാപ്രസാദ് അധികാരിക്കെതിരായ ആരാേപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ പാനലിനെ നിയോഗിക്കാൻ ഏപ്രിൽ എട്ടിന് സർക്കാർ തീരുമാനിച്ചതോടെയാണ് നേപ്പാളും പ്രതിസന്ധിയിലേക്ക് കടക്കുന്നുവെന്ന അഭിപ്രായം ജനമദ്ധ്യത്തിൽ പരന്നത്. ആരോപണങ്ങളിൽ പ്രധാനമായത് ആഡംബരവസ്തുക്കളുടെ ഇറക്കുമതി നിരോധിക്കാൻ ധനകാര്യ മന്ത്രാലയം എടുത്ത തീരുമാനം മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു എന്നുള്ളതാണ്. ധനകാര്യമന്ത്രി ജനാർദ്ദൻ ശർമ്മയും രാഷ്ട്ര ബാങ്ക് ഗവർണറും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നുള്ളത് ഒരു രഹസ്യമായിരുന്നില്ല. നേപ്പാൾ രാഷ്ട്ര ബാങ്കിന്റെ അടുത്ത കാലത്തെ ചില റിപ്പോർട്ടുകൾ രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശ്രീലങ്കയെ കുടുക്കിയ ചൈനീസ് കടക്കെണി നേപ്പാളിനെയും കുടുക്കുമോ എന്ന ഭയം ജനമദ്ധ്യത്തിൽ ആശങ്ക വളർത്തുന്നു. 2017 ൽ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ പങ്കാളിയാക്കാനുള്ള കരാറിൽ നേപ്പാൾ ഒപ്പു വച്ചിരുന്നു.എന്നാൽ, ആ പദ്ധതി ഒട്ടുംതന്നെ മുന്നോട്ടു പോയില്ല. ചൈനയുടെ നേപ്പാൾ അടുപ്പം കൂടുന്നതു കണ്ട് അമേരിക്ക മുന്നോട്ടുവച്ച മില്ലേനിയം ചാലഞ്ച് കോ ഓപ്പറേഷൻ പ്രോഗ്രാമും ചൈനാ സ്‌നേഹികളായ പാർട്ടിക്കാരുടെ എതിർപ്പിനെ മറികടന്ന് 2022 ഫെബ്രുവരിയിൽ നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു. കൂടാതെ ഇന്ത്യയോട് എന്നും അടുത്തു നിന്നിട്ടുള്ള ഷേർ ബഹാദൂർ ദേവബയുടെ സർക്കാർ അദ്ദേഹത്തിന്റെ അടുത്ത കാലത്തെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഇന്ത്യയുടെ സഹായത്തോടെ മുന്നോട്ടു പോകാനുള്ള താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നേപ്പാൾ സന്ദർശിച്ചപ്പോൾ ബി.ആർ.ഐ പ്രൊജക്ടിന്റെ കാര്യം സംസാരിച്ചതേയില്ല.

ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ നേപ്പാളിന്റെ സാമ്പത്തിക സ്ഥിതി ശ്രീലങ്കയുടേതു പോലെ അത്ര പരിതാപകരമാണെന്ന് കണക്കാക്കേണ്ട കാര്യമില്ല. മാന്ദ്യമുണ്ട്, പ്രശ്‌നങ്ങളുണ്ട് എന്നത് വാസ്തവമാണ്. പ്രവാസി നേപ്പാളികളോട് ധനകാര്യമന്ത്രി നടത്തിയ വികാഭരിതമായ അഭൃർത്ഥനയും ആഡംബരവസ്തുക്കളുടെ ഇറക്കുമതി തടയലും കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നുവെങ്കിലും വിദേശനാണ്യ ശേഖരം കാര്യമായി കുറയുന്നുവെന്നത് പേടിക്കേണ്ടതില്ലെന്ന് ചില വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റെ നിരക്ക് പ്രതിവർഷം 1.7 ശതമാനം കുറയുന്നു എന്നത് ശരിതന്നെ. പക്ഷേ, ഇതൊരു ഹ്രസ്വകാല പ്രശ്‌നമാണ്. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കപ്പെടുകയും വിനോദസഞ്ചാരം വീണ്ടും വളരുകയും ചെയ്യുമ്പോൾ ഈ പ്രശ്‌നങ്ങളുടെ കാഠിന്യം കുറയുമെന്ന് വിദഗ്ദ്ധർ പറയുന്നു. മില്ലേനിയം ചാലഞ്ച് കോ ഓപ്പറേഷൻ യോജനപത്രത്തിന്റെയും 800 ലക്ഷം രൂപയുടെ യു.എസ് എയിഡ് ഗ്രാന്റിന്റെയും ബലത്തിൽ വിദേശ്യനാണ്യ റിസർവ് മെച്ചപ്പെട്ട നിലയിലാകും. വിദേശകടം സംബന്ധിച്ചിടത്തോളം നേപ്പാളിന്റെ കടം കൂടുതലും മൾട്ടിലാറ്ററൽ ഏജൻസികളോടാണ്. ഇവരുമായുള്ള തിരിച്ചടയ്‌ക്കൽ വ്യവസ്ഥകൾ പുനഃപരിശോധിക്കുന്നതിനുള്ള സാദ്ധ്യതകൾ കൂടുതലാണ്. കുറച്ചുകൂടി ദയാപരമായ നിലപാടുകൾ സ്വീകരിക്കാൻ അവർ പൊതുവേ തയ്യാറാണ്. അതുകൊണ്ട് ഇന്നത്തെ സാമ്പത്തിക പ്രശ്‌നം വിദേശനാണ്യ റിസർവല്ല, പണ ലഭ്യതയാണെന്ന് വിദഗ്ദ്ധർ വാദിക്കുന്നു. സർക്കാർ ചെലവ് കുറയ്ക്കുകയും പണ ലഭ്യത വേണ്ടവിധം കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്. അപ്രകാരം ചെയ്താൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് നേപ്പാളിന് കരകയറാൻ സാധിക്കും.

( ലേഖകൻ റോ മുൻ മേധാവിയാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEPAL ECONOMIC CRISIS, HORMIS THARAKAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.