SignIn
Kerala Kaumudi Online
Friday, 19 April 2024 5.26 AM IST

വജ്രജൂബിലി തിളക്കത്തിൽ എൻ.ജി.ഒ യൂണിയൻ

photo

"എൻ.ജി.ഒമാർക്ക് ശമ്പള വർദ്ധനവും അലവൻസും പ്രധാനമാണ്. എന്നാൽ അതിലേറെ പ്രധാനമായി എനിക്ക് തോന്നുന്നത് അത് ചോദിക്കാനുള്ള അവകാശമാണ് "- ഇ.എം.എസിന്റെ ഈ വലിയ ആഹ്വാനം കേരളത്തിൽ മഹത്തായ അവകാശസംരക്ഷണ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കപ്പെട്ടു എന്നതാണ് ചരിത്രം. 1957ൽ ഉത്തരകേരള എൻ.ജി.ഒ അസോസിയേഷന്റെ പാലക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഇ.എം.എസിന്റെ ആഹ്വാനം. 1962 ഒക്ടോബറിൽ എൻ.ജി.ഒ യൂണിയൻ എന്ന സർവീസ് സംഘടനാപ്രസ്ഥാനം രൂപമെടുത്തു. അതുവരെ വിവിധ തട്ടുകളിലായി കിടന്നിരുന്ന സംഘടനകളെല്ലാം ചേർന്ന് ഒറ്റസംഘടനയെന്ന ബോധത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത് ഇ.എം.എസിന്റെ മേല്പറഞ്ഞ ആഹ്വാനം തന്നെയായിരുന്നു. അദ്ധ്യാപകസംഘടനകളൊഴികെ, അന്നുണ്ടായിരുന്ന 14 സംഘടനകളാണ് ഒന്നിച്ചൊരു കുടക്കീഴിൽ അണിനിരന്നത്.

അങ്ങനെ രൂപമെടുത്ത എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിത്തിളക്കത്തിലാണ്. ഇന്ന് മുതൽ സംഘടനയുടെ വജ്രജൂബിലി ആഘോഷം തിരുവനന്തപുരത്ത് നടക്കും.

അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണം എന്നതടക്കം ജീവനക്കാരുടെ വിവിധങ്ങളായ അവകാശസംരക്ഷണങ്ങൾ നേടിയെടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ച എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിലേക്ക് കടക്കുമ്പോൾ, കേരളം സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് സിവിൽ സർവീസിനെ ഗ്രസിച്ചിരിക്കുന്ന അഴിമതിയെപ്പറ്റിയാണെന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രി തന്നെ ജീവനക്കാർക്കിടയിലെ അഴിമതിയെപ്പറ്റി കഴിഞ്ഞ ദിവസം രൂക്ഷവിമർശനമുയർത്തി. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽസർവീസ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണമെന്ന് നേരത്തേ മുതൽ എൻ.ജി.ഒ യൂണിയൻ അവകാശപ്പെടുമ്പോൾ, പുതിയകാലത്തുയരുന്ന വിമർശനങ്ങളെ ഈ സംഘടനയ്ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. വജ്രജൂബിലി സമ്മേളനവും മുന്നോട്ടുവയ്ക്കുന്ന ഈ ശക്തമായ മുദ്രാവാക്യം അതുകൊണ്ടുതന്നെ കാലികപ്രസക്തമാകുന്നു. അഴിമതിരഹിതവും കാര്യക്ഷമവുമായ 1987ലെ രജതജൂബിലി സമ്മേളനം മുതലിങ്ങോട്ട് സിവിൽസർവീസിനായുള്ള പ്രതിബദ്ധതയോടെയുള്ള പോരാട്ടം തന്നെയാണ് എൻ.ജി.ഒ യൂണിയൻ മുഴക്കിക്കൊണ്ടിരിക്കുന്നത്. വജ്രജൂബിലി തിളക്കത്തിൽ നിൽക്കുമ്പോൾ ഇതെത്രത്തോളം സിവിൽസർവീസിൽ പ്രാവർത്തികമായി എന്നതാണ് അവർ സ്വയംവിമർശനപരമായി പരിശോധിക്കുന്നതും .

സിവിൽ സർവീസ് മേഖല കൈയാളുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന് ജനങ്ങളുമായുള്ള ബന്ധം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു എന്നതാണ് കാലങ്ങളായി ഉയർന്നുകേൾക്കുന്ന മുറവിളി. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളോട് മാന്യമായും വിനയത്തോടെയുമുള്ള ഇടപെടൽ ഉറപ്പാക്കുമെന്നാണ് സർവീസ് സംഘടനകൾ എപ്പോഴും വ്യക്തമാക്കാറ്. എന്നാൽ പൊതുജനങ്ങളോടുള്ള നിഷേധാത്മകമായും ഗർവോടെയുമുള്ള പെരുമാറ്റം എത്രത്തോളം കുറയ്ക്കാനായി എന്നതൊരു ചോദ്യമാണ് ഇപ്പോഴും. പുതിയ തലമുറ ജീവനക്കാരിൽ വളരെയേറെ മാറ്റം പ്രകടമാണെങ്കിലും പൂർണമായി മാറിയെന്ന് പറയുക അസാദ്ധ്യം. കാര്യക്ഷമമായ സിവിൽസർവീസ് എന്ന മുദ്രാവാക്യം എത്രത്തോളം വിജയിച്ചു എന്ന സ്വയം വിമർശനപരമായ വിലയിരുത്തൽ എൻ.ജി.ഒ യൂണിയനിൽ നിന്നുണ്ടാകുമോ? അതാണ് ഈ അവസരത്തിൽ സമൂഹം പ്രതീക്ഷിക്കുന്നത്.

ഇടതുപക്ഷത്ത് പലതട്ടുകളായി കിടന്ന സർവീസ് സംഘടനകളെല്ലാം പിൽക്കാലത്ത് എൻ.ജി.ഒ യൂണിയന് കീഴിൽ ഒന്നായെങ്കിലും മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പോലെ ഇപ്പോഴും വേറിട്ട് പ്രവർത്തിക്കുന്ന സി.പി.എം അനുകൂല സംഘടനകളുണ്ട്. ഇക്കഴിഞ്ഞ ദശാബ്ദങ്ങളിൽ പല സംഘടനകളും എൻ.ജി.ഒ യൂണിയനിലേക്ക് ലയിച്ചിട്ടുണ്ട്. ഈ പ്രക്രിയ ഇനിയും ഊർജിതമാക്കാൻ വജ്രജൂബിലി സമ്മേളനം പ്രേരകമാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ എൻ.ജി.ഒ യൂണിയൻ നേതാക്കൾ.

നാഴികക്കല്ലുകളായ

പ്രക്ഷോഭങ്ങൾ

എൻ.ജി.ഒ യൂണിയൻ രൂപീകൃതമായ ശേഷം എണ്ണമറ്റ അവകാശസംരക്ഷണ സമരങ്ങൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്. അതിലേറ്റവും പ്രധാനം 54 ദിവസം നീണ്ടുനിന്ന 1973 ലെ പണിമുടക്കാണ്. സി.പി.എം അനുകൂല അദ്ധ്യാപകസംഘടനകളും ഇതിൽ അണിചേർന്നു. ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഉടലെടുക്കുന്നത് ഈ സമരത്തോടെയാണ്. അന്നുയർത്തിയ മുദ്രാവാക്യങ്ങളെല്ലാം അംഗീകരിക്കപ്പെടാതെയാണ് സമരം അവസാനിച്ചതെങ്കിലും സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണം എന്ന രീതി നടപ്പായത് ഈ സമരത്തിന്റെ അനന്തരഫലമായിരുന്നു എന്നാണ് എൻ.ജി.ഒ യൂണിയൻ അവകാശപ്പെടുന്നത്.

1978ലെ പണിമുടക്കിലൂടെ നേടിയെടുത്തതാണ് ഗ്രേഡ് ആനുകൂല്യം. 13 ദിവസത്തെ പണിമുടക്കിലൂടെ നേടിയെടുത്തതാണിത്. ലീവ് സറണ്ടർ ആനുകൂല്യത്തിനായുള്ള 1992ലെ സമരമായിരുന്നു മറ്റൊരു വലിയ സമരം. 21 മാസം കുടിശ്ശികയായി കിടന്ന ശമ്പള ആനുകൂല്യങ്ങൾ നേടിയെടുത്തത് 1985ൽ നടത്തിയ ഏഴ് ദിവസത്തെ പണിമുടക്കിനെത്തുടർന്നായിരുന്നു.

പിന്നീട് നടന്ന ഏറ്റവും വലിയ സമരം 2002ലേതായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാ സർവീസ് സംഘടനകളും യോജിച്ചു എന്നതാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതായത്, അന്നത്തെ ഭരണകക്ഷിയായിരുന്ന യു.ഡി.എഫിനെ അനുകൂലിക്കുന്ന സർവീസ് സംഘടനകളടക്കം പങ്കെടുത്തു. സിവിൽസർവീസ് മേഖലയിലെ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുകയും സിവിൽസർവീസിന്റെ വലിപ്പം കുറയ്ക്കുകയും ചെയ്യുന്നതടക്കമുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ അന്നത്തെ എ.കെ. ആന്റണി സർക്കാർ നടത്തിയ നീക്കമാണ് 32 ദിവസം നീണ്ടുനിന്ന വിജയകരമായ പണിമുടക്കിലേക്ക് നയിച്ചത്. സർക്കാർ പിൻവലിഞ്ഞു. പിന്നീട് 2013ൽ എൻ.ജി.ഒ യൂണിയന്റെ മുൻകൈയിൽ പങ്കാളിത്ത പെൻഷൻ പരിഷ്കാരത്തിനെതിരെ പണിമുടക്കുണ്ടായി. പക്ഷേ പങ്കാളിത്ത പെൻഷൻ പദ്ധതിക്കാര്യത്തിൽ ഇടതുപക്ഷം ഭരിക്കുന്ന ഇക്കാലത്തും ഒരു പുനഃപരിശോധന സംഭവിച്ചിട്ടില്ല.

രാജ്യത്തിന്റെ സാമൂഹ്യ മുന്നേറ്റങ്ങൾക്ക് പിന്നിലെ സിവിൽസർവീസിന്റെ പങ്ക് നിർണായകമാണ്. ജനകീയ സർക്കാരുകളുടെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്കെത്തിക്കുന്നതിൽ നിസ്തുലമായ പങ്കാണ് സിവിൽ സർവീസ് വഹിക്കുന്നത്. എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിലേക്ക് കടക്കുമ്പോൾ ഈയൊരു ബോധമാണ് ഉറക്കെ മുഴങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NGO UNION DIAMOND JUBILEE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.