SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.40 PM IST

അടിയന്തരപ്രമേയ ആവലാതികളിൽ വലഞ്ഞ് സഭ

niyamasabha

'അടിയന്തരപ്രമേയോ ഫോബിയ' സർക്കാരിനെ പിടികൂടിയതായി പ്രതിപക്ഷം വിശ്വസിക്കുന്നു. ചൊവ്വാഴ്ചത്തെ ലൈഫ് മിഷൻ കോഴ ഇടപാടിന്മേലുള്ള അടിയന്തരപ്രമേയ നോട്ടീസ് സൃഷ്ടിച്ച 'അത്യാഹിത'ത്തിന്റെ 'ഹാങോവർ' സ്പീക്കർ എ.എൻ. ഷംസീറിൽ ചില രാസമാറ്റങ്ങൾ സൃഷ്ടിച്ചെന്ന് പ്രതിപക്ഷം സംശയിച്ചു. ചട്ടത്തിന് മാത്രമേ തന്നെ സ്വാധീനിക്കാനാവൂ എന്നും മറ്റ് രോഗലക്ഷണങ്ങളൊന്നും വെറുതെ സംശയിക്കേണ്ടെന്നും സ്പീക്കർ പ്രതിപക്ഷത്തോട് പറഞ്ഞെങ്കിലും അവരത് ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ പ്രകടമാക്കിയില്ല. തുടർച്ചയായ രണ്ടാം ദിവസത്തിലും അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ സഹികെട്ട പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി.

ചൊവ്വാഴ്ചവരെ കണ്ട സ്പീക്കറുടെ മുഖമേയല്ല രണ്ട് ദിവസമായി പ്രതിപക്ഷം കാണുന്നത്. പ്രതിപക്ഷത്തോട് സ്നേഹാർദ്രമായി ഇടപഴകിയ സ്പീക്കറെ കാണാനാവുന്നില്ല.

ബുധനാഴ്ച കേന്ദ്ര ജി.എസ്.ടി വിഹിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. അത് അടിയന്തരപ്രാധാന്യമുള്ള വിഷയമല്ലെന്നും സഭയിൽ ഒരുപാട് തവണ ചർച്ച ചെയ്തതാണെന്നുമായിരുന്നു സ്പീക്കറുടെ വാദം. ഇന്നലെ കെ.എസ്.ആർ.ടി.സിയിലെ ശമ്പളവിതരണം രണ്ട് ഗഡുക്കളാക്കിയുള്ള ഉത്തരവും വിദ്യാർത്ഥി കൺസഷനിൽ മാറ്റം വരുത്താനുള്ള നീക്കവുമാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസായി കൊണ്ടുവന്നത്. അത് ചോദ്യോത്തരവേളയിൽ വിശദമായി ചർച്ചചെയ്തതിനാലും ആറാം തീയതി ഹൈക്കോടതിയിൽ കേസ് വരാനുള്ളതിനാലും പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ വാദിച്ചു.

തുടർച്ചയായി പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കാൻ ഇത് സി.പി.എം സംസ്ഥാനകമ്മിറ്റി യോഗമല്ല, കേരള നിയമസഭയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തർക്കിച്ചു. പ്രതിപക്ഷനേതാവിനോടും സ്പീക്കർ പരിഭവത്തിലാണ്. കഴിഞ്ഞ ദിവസം താൻ അടിയന്തരപ്രമേയം നിഷേധിച്ചത് കാരണമില്ലാതെയാണെന്ന് പ്രതിപക്ഷനേതാവ് സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പരാതി.

കെ.എസ്.ആർ.ടി.സിക്കാര്യം ചോദ്യോത്തരവേളയിൽ വിശദമായി ചർച്ച ചെയ്തതിനാൽ അടിയന്തരപ്രമേയം പറ്റില്ലെന്ന വാദം മുൻസ്പീക്കർമാരുടെ റൂളിംഗിന് വിരുദ്ധമാണെന്ന് സതീശൻ വാദിച്ചു. ശ്രദ്ധക്ഷണിക്കൽ പ്രമേയമായി ഒരു വിഷയം വന്നാൽ പോലും അതേവിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നിഷേധിക്കരുതെന്നാണ് ആ റൂളിംഗ്.

സ്പീക്കർ മയപ്പെട്ടതേയില്ല. ഇതോടെ പ്രതിപക്ഷം പ്രകോപിതരായി നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. 'സി.എം സ്പീക്കറെ പേടിപ്പിച്ചു', 'പേടി പേടി സി.എം പേടി', 'ആരാച്ചാരായി മാറരുതേ...' എന്നിങ്ങനെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചിട്ടും സ്പീക്കർ ഗൗനിച്ചില്ല. ഒടുവിൽ ശാപവാക്കുകൾ ചൊരിഞ്ഞ് പ്രതിപക്ഷനേതാവ് ബഹിഷ്കരണം പ്രഖ്യാപിച്ചു. ഇനിയുമിത് തുടർന്നാൽ ശക്തമായ സമരമായിരിക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയിട്ടുണ്ട്. അതിനാൽ ഇന്നത്തെ അവസ്ഥയ്ക്കായി കാത്തിരിക്കാം.

പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പൊതുമരാമത്ത്, ടൂറിസം, തുറമുഖം വകുപ്പുകളുടെ ധനാഭ്യർത്ഥനചർച്ചയിൽ പങ്കെടുത്ത ഭരണകക്ഷിക്കാരെല്ലാം പ്രതിപക്ഷത്തെയോർത്ത് സഹതപിക്കാൻ സമയം കണ്ടെത്തി. ഓരോ അടിയന്തരപ്രമേയവും അവതരിപ്പിക്കപ്പെടുന്നതോടെ പ്രതിപക്ഷം സ്വയം നഗ്നരാവുന്നതായി ഐ.ബി. സതീഷ് പറഞ്ഞു. വിവാദങ്ങളിൽ അഭിരമിക്കുന്ന കണ്ഠഹോരികളെന്നാണ് ഇ.ടി. ടൈസണിന്റെ നിരീക്ഷണം. നാട്ടിൽ നല്ലത് നടക്കുന്നുവെന്ന സത്യം പറയാതിരിക്കാനാവാത്തത് കൊണ്ടുള്ള വേദിവിടൽ എന്ന് ചീഫ് വിപ്പ് എൻ.ജയരാജ്. ചൊവ്വാഴ്ചത്തെ കോലാഹലത്തിന് കാരണഭൂതനായ മാത്യു കുഴൽനാടനോടുള്ള ദേഷ്യം കെ.യു.ജനീഷ് കുമാർ പറഞ്ഞുതീർത്തു. പ്രഷർകുക്കറിന്റെ സേഫ്റ്റിവാൾവ് പോലെ കേന്ദ്രനയങ്ങൾ ബി.ജെ.പിക്കായി മറച്ചുപിടിക്കുന്ന ചാവേറുകളായി പ്രതിപക്ഷത്തെ വിശേഷിപ്പിച്ച് മറുപടിപ്രസംഗത്തിൽ മരാമത്ത്, ടൂറിസം മന്ത്രി സ്വയമാശ്വസിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.