SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.21 PM IST

ഒരു പാട്ടും എളുപ്പമല്ലാതാകുമ്പോൾ...

-niyamasabha

ഒരു പാട്ടും എളുപ്പമല്ല എന്ന് കേരള നിയമസഭയിലിപ്പോൾ ഏറ്റവും ആധികാരികമായി പറയാൻ അവകാശമുള്ളത് ഗായിക കൂടിയായ അരൂർ അംഗം ദലീമയ്ക്കാണെന്ന കാര്യത്തിൽ തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. പി.ജെ. ജോസഫ് പോലും തർക്കിക്കില്ല. പാട്ട് അഭ്യസിച്ച് പാട്ടുകാരിയാവാൻ കഠിനമായ സാധകമൊക്കെ വേണമെന്നാണ് ദലീമ പറഞ്ഞുവയ്ക്കുന്നത്. അത്തരം കഠിനാദ്ധ്വാനത്തിലൂടെ സംഭവിക്കുന്ന പാട്ടിന്റെ ഹൃദ്യത ഇന്നത്തെ സംസ്ഥാന ആരോഗ്യവകുപ്പിനുണ്ടെന്ന് ദലീമ മാർക്കിട്ടു. ഗായിക മാത്രമല്ല, കവി കൂടിയാണ് താനെന്ന് ദലീമ തെളിയിച്ചു. സ്വന്തം കവിത ആലപിച്ച് അവർ പിണറായി സർക്കാരിനെ സ്തുതിച്ചു.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ച നടന്ന ഈ ദിവസത്തിൽ തന്നെയാണ് നമ്മുടെ ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ ജന്മദിനമെന്ന കാര്യവും വെളിപ്പെടുത്തിയത് ദലീമയാണ്. അവർ മന്ത്രിക്ക് പിറന്നാളാശംസ നേർന്നു. കെ.ടി. ജലീൽ കുറേക്കൂടി ഉച്ചത്തിൽ മന്ത്രിക്ക് പിറന്നാളാശംസ നേർന്നപ്പോഴാണ് സഭയാകെ അക്കാര്യം ശ്രദ്ധിച്ചത്. മന്ത്രി അങ്ങനെ പ്രത്യേകിച്ചൊരു ജന്മദിനസന്തോഷമൊന്നും മറുപടിപ്രസംഗത്തിൽ പ്രകടിപ്പിച്ചു കണ്ടില്ല.

കേരളത്തിന്റെ പൊതുജനാരോഗ്യസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന സംസാരങ്ങൾ ഇന്നലെ ചർച്ചയിലുണ്ടായത് യാദൃശ്ചികമല്ല. ഡോക്ടർ കൂടിയായ ചവറ അംഗം സുജിത് വിജയൻപിള്ള, കൊവിഡ് പ്രതിരോധ കാര്യങ്ങളെ ഉൾക്കാഴ്ചയോടെ സമീപിച്ചു. ലോക്ക് ഡൗൺ ഇളവ് നൽകിയ ലണ്ടനിൽ മരണങ്ങൾ കുതിച്ചുയർന്നതൊക്കെ ഓർമ്മിപ്പിച്ച അദ്ദേഹം അൺലോക്കിന് സമയമായില്ലെന്ന നിഗമനത്തിലായിരുന്നു.

എ.ഐ.സി.സി എന്നത് ആൾ ഇന്ത്യാ കൊവിഡ് കെയർ സെന്റർ ആണെന്ന് സ്ഥാപിച്ചെടുക്കാൻ കെ. ബാബു (നെന്മാറ) പിടിപ്പത് ശ്രമിച്ചു. മാദ്ധ്യമവൈദ്യന്മാരുടെ ഔഷധത്താലാണത്രെ ജീവൻ നിലനിറുത്തുന്നത്. സുധാകരാദി അമൃതമുപയോഗിച്ചാലും പ്രയോജനമുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ തീർപ്പ്. അതിനാൽ അദ്ദേഹം കോൺഗ്രസിന് പ്രത്യേക മെഡിക്കൽ പാക്കേജ് ശുപാർശ ചെയ്തു. ബാബുവിന്റെ വൈദ്യം അങ്ങ് ബംഗാളിൽ പരീക്ഷിച്ചാൽ മതിയെന്ന് ടി.ജെ. വിനോദ് തിരിച്ചടിച്ചു.

ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചുവീണപ്പോൾ മന്ത്രി വീണ വായിക്കുകയായിരുന്നു എന്ന് കെ.പി.എ. മജീദ് പറഞ്ഞത്, മന്ത്രി വീണ, എന്തോ വായിക്കുകയായിരുന്നു എന്നാണോ, അതോ മന്ത്രി, വീണ വായിക്കുകയായിരുന്നു എന്നാണോ എന്ന് പലരും ചിന്താക്കുഴപ്പത്തിലായി. കോൺഗ്രസിന് 110 കെ.വി ലൈനിൽ നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്നാണ് നെന്മാറ അംഗം ബാബുവിനേക്കാളും അല്പം കടത്തി പി. മമ്മിക്കുട്ടി വിദഗ്ദ്ധോപദേശം നൽകിയത്.

മന്നത്ത് പത്മനാഭൻ ഏതു കാര്യവും സമയം നോക്കിയാണ് തുടങ്ങിയത് എന്നതിനാൽ ഒന്നും നശിച്ചുപോയിട്ടില്ലെന്ന് ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞു. നല്ല മുഹൂർത്തത്തിലാരംഭിച്ച കേരള കോൺഗ്രസിനിപ്പോൾ സമയം വ്യാഴം പതിനൊന്നിലാണത്രെ. കെ.എം. മാണി എന്ന പ്രതിരോധമരുന്ന് ഉള്ളിടത്തോളം ഒരു വൈറസിനും അതിനെ നശിപ്പിക്കാനാവില്ലെന്ന് കൂടി പറഞ്ഞിട്ടേ അദ്ദേഹം തൃപ്തിപ്പെട്ടുള്ളൂ.

കെ.എം. മാണി മരിച്ചശേഷം കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് പോയപ്പോൾ സമയം നോക്കിയിട്ടില്ലെന്ന് കണ്ടുപിടിച്ചത് എൽദോസ് പി. കുന്നപ്പിള്ളിലാണ്. അതിന്റേതായ കുഴപ്പമുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോൺഗ്രസിന് തള്ളപ്പൂച്ചയുടെ സ്വഭാവമാണെന്ന് എൽദോസിനെ പി. ബാലചന്ദ്രൻ ഓർമ്മിപ്പിച്ചു. പ്രസവിച്ചാലുടൻ തലക്കുഞ്ഞിനെ തിന്നുന്ന പൂച്ചയെ മനസിലാക്കാൻ വാലറ്റക്കാരനായ എൽദോസ് ഇനിയും സമയമെടുക്കുമെന്ന് ബാലചന്ദ്രൻ ഓർമ്മിപ്പിച്ചു. യു.ഡി.എഫ് സർക്കാരുകൾ തകർത്ത ആരോഗ്യമേഖലയെ തിരിച്ചുപിടിച്ചത് ഇടതുസർക്കാരുകളാണെന്ന് 2001 മുതലിങ്ങോട്ടുള്ള കാര്യങ്ങൾ പറഞ്ഞ് ടി.ഐ. മധുസൂദനൻ സമർത്ഥിക്കാൻ നോക്കി.

കെ.ടി. ജലീലും ലീഗും കുഞ്ഞാലിക്കുട്ടിയും ഒരുമിച്ചുണ്ടായാൽ സഭയിലെന്താണ് സംഭവിക്കുക എന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ആരോഗ്യമാണ് ചർച്ചാമേഖലയെങ്കിലും ജലീൽ മലപ്പുറം ജില്ലാ സഹകരണബാങ്കിലേക്ക് സ്വാഭാവികമായി കടന്നുചെന്നു. അവിടെ കള്ളപ്പണനിക്ഷേപമുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെ മകന് പങ്കുണ്ടെന്നുമൊക്കെയാണ് ജലീൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്. അവിടെയുള്ളത് മകന്റെ എൻ.ആർ.ഐ അക്കൗണ്ടാണെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടതാണെന്നും അത് സഭയിൽ ഹാജരാക്കാമെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ജലീൽ മൈലേജ് കിട്ടാനെപ്പോഴും പുട്ടിന് പീരയിടുന്നത് പോലെ തന്നെപ്പറ്റി പറയുന്നുവെന്നാണ് അദ്ദേഹത്തിന്റെ തോന്നൽ.

മാദ്ധ്യമപ്രവർത്തകനായ കെ.എം.ബഷീറിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ, അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നീതിനിഷേധം പി.സി. വിഷ്ണുനാഥ് ചർച്ചാവേളയിൽ ഓർമ്മിപ്പിച്ചു.

'വിദ്യാധനം സർവധനാൽ പ്രധാനം' എന്ന ചൊല്ലിൽ പൂർണമായും വിശ്വസിക്കുന്നവരായതിനാൽ, കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരായ പ്രതിഷേധപരിപാടികൾ പ്രതിപക്ഷം ഇന്നലെ പരണത്തുവച്ചു. പ്ലസ് വൺ പ്രവേശനം എല്ലാ കുട്ടികൾക്കും കിട്ടാത്ത ആശങ്കാജനകമായ അവസ്ഥ അടിയന്തരപ്രമേയ നോട്ടീസായി എം.കെ. മുനീറും മറ്റും കൊണ്ടുവന്നു. മുഖ്യമന്ത്രിക്കാണ് നോട്ടീസ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പക്ഷേ സഭയിലില്ലായിരുന്നു. മന്ത്രി ശിവൻകുട്ടിയാണെങ്കിൽ, മന്ത്രി 'വിനയൻ'കുട്ടിയെന്ന ഭാവത്തിലായിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ആശങ്കകളിലും അദ്ദേഹം അർത്ഥം കണ്ടു. പ്രതിപക്ഷവുമായി എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് അദ്ദേഹം തയാർ. തന്റെ ഓഫീസിൽ വേണ്ട, പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക് താൻ വന്നോളാം എന്നുവരെ പറഞ്ഞു. എന്നിട്ടും വിഷയം സഭ നിറുത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷമിറങ്ങിപ്പോയി. വിജയിച്ച എല്ലാ കുട്ടികൾക്കും അവരാഗ്രഹിക്കുന്ന വിഷയത്തിൽ പ്ലസ് വൺ പഠനം നടക്കാത്ത സ്ഥിതിയാണെന്ന് മുനീറും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഓർമ്മിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.