SignIn
Kerala Kaumudi Online
Friday, 19 April 2024 2.28 AM IST

കരുവന്നൂരും മുട്ടിലും ചില്ലറ 'വനരോദന'ങ്ങളും

niyamasabha

മുക്കാൽ സഹകരണം കൂട്ടണം അരക്കാൽ മുട്ടിൽ മരം മുറി എന്ന സമവാക്യത്തിൽ പ്രതിപക്ഷവും മുക്കാലേ അരക്കാലും സഹകരണസംരക്ഷണം എന്നതിൽ ഭരണപക്ഷവും ചക്കിലാടുമ്പോലെ കറങ്ങി നിന്ന ദിവസമായിരുന്നു. ഇടയ്ക്ക് കാൽകഴഞ്ച് മുട്ടിലിലേക്ക് കടന്ന് സ്വയം പ്രതിരോധം തീർക്കാനുള്ള ബാദ്ധ്യത സി.പി.ഐക്കാരും നിറവേറ്റി ചാരിതാർത്ഥ്യമടഞ്ഞു. സംഗതി സഹകരണവും വനവും വകുപ്പുകളുടെ ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ചയാകുമ്പോൾ ഇങ്ങനെയൊക്കെയാകാനേ തരമുള്ളൂ. പതിവ് ശൗര്യക്കാരില്ലായിരുന്നെങ്കിലും ഉള്ളവർ അവരവരുടെ ശൗര്യം പരമാവധി പ്രകടിപ്പിക്കാൻ മത്സരിക്കാതിരുന്നില്ല. കരുവന്നൂരും മുട്ടിലിലുമൊക്കെ ഉണ്ടായിട്ടും കെ.ടി. ജലീലിനെയൊക്കെ പോലുള്ള ചില്ലറ പോരാളികളുടെ അഭാവത്തിലാകാം ചർച്ചയിൽ അത്രകണ്ട് തീ പാറുകയുണ്ടായില്ല.

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലേക്ക് പ്രതിപക്ഷത്തെ എല്ലാവരും കടന്നുകയറി. ഒറ്റപ്പെട്ട സംഭവത്തെ പെരുപ്പിച്ച് സഹകരണമേഖലയെ തകർക്കാനുള്ള പ്രതിപക്ഷനീക്കത്തിൽ ആശങ്കാകുലരാവുകയല്ലാതെ ഭരണപക്ഷത്തിന് വേറെ വഴിയൊന്നുമുണ്ടായില്ല. കരുവന്നൂർ എന്ന പേര് പോലും പറയാനവർ വല്ലാതെ മടിച്ചു. മുട്ടിലിലെ മരംകൊള്ളയിലേക്ക് നയിച്ചത് റവന്യുവകുപ്പ് ഇറക്കിയ ഉത്തരവായിരുന്നില്ല എന്ന് ശക്തിയായി ന്യായീകരിക്കാൻ തന്റെ 'തണ്ടും തടിയും' സി.പി.ഐയിലെ പി.എസ്. സുപാൽ നല്ലവണ്ണം വിനിയോഗിച്ചു. പ്രതിരോധിക്കേണ്ട ബാദ്ധ്യത സി.പി.ഐക്കാർക്ക് മാത്രമാണെന്ന് ധരിച്ചുവച്ചതിനാലാണോ എന്നറിയില്ല,​ സി.പി.എം അംഗങ്ങൾ പലരും മുട്ടിലിലേക്ക് കടന്നുചെന്നില്ല.

സഹകരണവകുപ്പുണ്ടാക്കി അമിത്ഷായെ മന്ത്രിയാക്കിയതോടെ, സഹകരണമേഖലയിൽ സംഘപരിവാർ അജൻഡ അടിച്ചേല്പിക്കാനുള്ള നീക്കം എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് നൽകിയത് സി.കെ. ഹരീന്ദ്രനാണ്. പാർട്ടി പൊലീസ് സ്റ്റേഷനും കോടതിയുമൊക്കെയുണ്ടെങ്കിലും കരുവന്നൂർ സഹകരണബാങ്കിലേത് പോലുള്ള തട്ടിപ്പുകൾ സി.പി.എം അന്വേഷിച്ചാൽ ജനത്തിന് നീതി കിട്ടില്ലെന്ന് സനീഷ് കുമാർ ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച ജപ്പാനിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും മിയാവാക്കി വനത്തിന്റെ ഉപജ്ഞാതാവുമായ മിയാവാക്കിയെ വനംവകുപ്പിന്റെ ചർച്ചയിൽ പി.എസ്. സുപാലെങ്കിലും അനുസ്മരിച്ചു. കർഷകർ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിച്ചുമാറ്റാൻ അവരെ അനുവദിച്ചുള്ള സദുദ്ദേശപരമായ ഉത്തരവിനെ ചിലയാളുകൾ ദുരുപയോഗിച്ചതാണ് മുട്ടിൽ സംഭവത്തിന് കാരണമെന്ന് അദ്ദേഹം വാദിച്ചു.

വിമർശിക്കാൻ പറയുകയല്ല, സാർ എന്ന് പറഞ്ഞ് പി. അബ്ദുൾഹമീദ് കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതിയുടെ തട്ടിപ്പിനെതിരെ ഘോരഘോരം പ്രസംഗിച്ച് തൃപ്തിയടഞ്ഞു. ഒരു അഴിമതി പറയുമ്പോൾ മറ്റൊരു ബാങ്കിന്റെ കഥ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ഭരണപക്ഷത്തെ ഉപദേശിച്ചു.

ടോക്കിയോ ഒളിമ്പിക്സിൽ വനംകൊള്ള ഇനമായി ഏർപ്പെടുത്തിയിരുന്നെങ്കിൽ കേരളസർക്കാരിന് സ്വർണം ഉറപ്പാണെന്നാണ് സണ്ണി ജോസഫിന്റെ ഭാവന. വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ ഇവിടത്തെ വനം, റവന്യു മന്ത്രിമാരുടെ കാൽക്കൽവീണ് ദക്ഷിണ വച്ച് ശിഷ്യത്വം സ്വീകരിച്ചേനെയെന്നും അദ്ദേഹത്തിന്റെ ഭാവന പിന്നെയും കാടുകയറി.

സ്വന്തം ഭാര്യയെ മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തുന്ന നൂതനരീതി ഇടതുമുന്നണി പരീക്ഷിക്കുകയാണെന്നാണ് യു.എ. ലത്തീഫിന്റെ ഗുരുതരമായ ആക്ഷേപം. യു.ഡി.എഫ് ഒരു നീർക്കോലിയെ പോലും ഇങ്ങനെ കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പെരുമ്പാമ്പിനെക്കൊണ്ട് നാടിനെയാകെ വിഴുങ്ങിച്ചവരാണ് നിങ്ങളെന്ന് ലത്തീഫിന് വി. ജോയി വക ചൂടോടെ മറുപടി കിട്ടി. മുസ്ലിംലീഗിന്റെ കൈവശമുണ്ടായിരുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ ബി.ജെ.പിക്ക് വിറ്റുവെന്ന ആരോപണവും അദ്ദേഹമുയർത്തി. കരുവന്നൂരിൽ പിടിച്ചുള്ള പ്രതിപക്ഷ ആരോപണത്തിന് സ്വന്തം മണ്ഡലമായ പൂഞ്ഞാറിലെ, കോൺഗ്രസ് ഭരിക്കുന്ന സഹകരണബാങ്കിനെ എടുത്തിട്ട് പ്രതിരോധിക്കാൻ മാണിഗ്രൂപ്പിലെ സെബാസ്റ്റ്യൻ കുളത്തിങ്കൽ മടിച്ചില്ല. തെളിവായി അദ്ദേഹം ഒരു നിക്ഷേപകയുടെ കത്തും അവതരിപ്പിച്ചു.

കോട്ടയം മണിപ്പുഴയിലെ അർബൻ സഹകരണബാങ്കിന്റെ ജപ്തിഭീഷണിയിൽ മനംനൊന്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്തതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശൂന്യവേളയിൽ അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. സംസ്ഥാനത്ത് അടച്ചിടൽ അനിശ്ചിതമായി നീണ്ടപ്പോൾ ഒന്നരമാസം കൊണ്ട് ഇരുപത് പേർ ആത്മഹത്യ ചെയ്തെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഇപ്പോൾ മരിച്ച രണ്ട് മക്കളുടെ ആ ഉമ്മയുടെ പ്രാർത്ഥന കേൾക്കാനദ്ദേഹം സഹകരണമന്ത്രിയോട് അഭ്യർത്ഥിച്ചു.

മണിപ്പുഴ ബാങ്കിൽ നിന്ന് നോട്ടീസയച്ചത് ഏഴ് മാസം മുമ്പായിരുന്നെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ ഓർമ്മിപ്പിച്ചു. സർഫാസി നിയമപ്രകാരം വായ്പ തിരിച്ചുപിടിക്കാൻ നിയമനടപടി വരെ സ്വീകരിക്കാമായിരുന്നിട്ടും ബാങ്കുകാർ ചെയ്തില്ലെന്നാണ് മന്ത്രി പറഞ്ഞത്. നമുക്ക് രണ്ടുപേർക്കും കാര്യങ്ങളൊക്കെ അറിയാമല്ലോ- തിരുവഞ്ചൂരിനോട് അദ്ദേഹം എടുത്തുപറഞ്ഞു.

സാധാരണ കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്താൽ സർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റേണ്ടതില്ലെങ്കിലും, ഇവിടെ കൊവിഡ് മഹാമാരി സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം മനസിലാക്കാൻ വിമുഖത കാട്ടുന്ന സർക്കാരിനെ പ്രതിക്കൂട്ടിൽ കയറ്റിയേ തീരൂവെന്ന് പ്രതിപക്ഷനേതാവ് വാശിപിടിച്ചു. ജനം ദുരിതമനുഭവിക്കുമ്പോൾ ഞങ്ങളുണ്ട് കൂടെ എന്ന് അവരെ ചേർത്തുനിറുത്തി പറയുന്നവരാണ് ജനങ്ങളുടെ ഭരണാധികാരികളെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ഇവിടെ കണ്ണും കാതുമില്ലാത്ത സർക്കാരിനെയേ അദ്ദേഹം കാണുന്നുള്ളൂ. അതിനാൽ ഇറങ്ങിപ്പോയി.

കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങൾ ആരോഗ്യമന്ത്രി വീണ ജോർജ് സഭയിൽ അവതരിപ്പിച്ചു. കൊവിഡ് രണ്ടാം തരംഗം ഉയർത്തുന്ന വെല്ലുവിളിയും പൊതുസമൂഹത്തിന്റെ സഹകരണത്തോടെ നേരിടാൻ സർക്കാരുദ്ദേശിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.