SignIn
Kerala Kaumudi Online
Friday, 19 April 2024 11.43 PM IST

അസ്തിത്വാന്വേഷണ പരീക്ഷണങ്ങൾ

cartoon

അസ്തിത്വ പ്രതിസന്ധി - അതാണ് പതിനഞ്ചാം നിയമസഭയുടെ ഒന്നാം നാളിൽ സഭയുടെ നേരം കെടുത്തിയ പ്രധാനികളിലൊന്ന്. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അസ്തിത്വം ചികയാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശ്രമിച്ചു. അതിലും കഠോരമായി മന്ത്രി ശിവൻകുട്ടി പ്രതിപക്ഷനേതാവിന്റെ അസ്തിത്വത്തെ തോണ്ടാൻ നോക്കി. ഇതിനെയാണ് 'അസ്തിത്വാന്വേഷണ പരീക്ഷണങ്ങളെന്ന്' വിളിക്കേണ്ടത്.

മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും പ്ലസ് വൺ പ്രവേശനത്തിന്, ഇഷ്ടപ്പെട്ട സീറ്റോ സ്കൂളോ കിട്ടുന്നില്ലെന്ന പരാതിയാണ് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ്. ഷാഫി സീറ്റുകളുടെ കമ്മിക്കണക്കുകൾ കുറേ നിരത്തിയെങ്കിലും മന്ത്രിയുടെ കണക്കിൽ പലജില്ലകളിലും സീറ്റുകൾ മിച്ചമാണ്. മന്ത്രിപറഞ്ഞ കണക്കനുസരിച്ചാണെങ്കിൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കുട്ടികളെ ഇവിടേക്ക് കൊണ്ടുവന്ന് ചേർക്കാമല്ലോ എന്ന് പ്രതിപക്ഷനേതാവ് ഫലിതം പറഞ്ഞു.

കർണാടകയിലും തമിഴ്നാട്ടിലും എസ്.എസ്.എൽ.സി പരീക്ഷ നടത്താത്തതിനാൽ ഇവിടെ ഹയർസെക്കൻഡറിക്ക് പ്രവേശിപ്പിക്കാനാവില്ലെന്ന്, സംഗതി സീരിയസായെടുത്ത മന്ത്രി ശിവൻകുട്ടി എഴുന്നേറ്റു പറഞ്ഞു. അപ്പോൾ, 'അങ്ങയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് ഒരു പ്രണാമം' എന്ന് പ്രതിപക്ഷനേതാവിൽ നിന്ന് ആത്മഗതമുയർന്നു. വ്യക്തിപരമായ വിമർശനത്തിന് മറുപടി പറഞ്ഞേ തീരൂവെന്ന മനസുമായി എഴുന്നേറ്റ മന്ത്രിയെ പ്രതിപക്ഷനേതാവ് ഗൗനിച്ചില്ല. സ്പീക്കർ അപേക്ഷിച്ചു നോക്കി. എന്ത് പ്രയോജനം! ചട്ടത്തിലില്ലല്ലോ വഴങ്ങണമെന്ന്. നിസഹായതയുടെ നെടുവീർപ്പുയർന്നത് സ്പീക്കറിൽ നിന്നാണ്. ആ നെടുവീർപ്പിന്റെ കാറ്റടിച്ചിട്ടായിരിക്കാം പ്രതിപക്ഷനേതാവിന് ചെറിയൊരു മാനസാന്തരം സംഭവിക്കുകയും മന്ത്രി ശിവൻകുട്ടി പറയാനുള്ളത് പറയുകയും ചെയ്തു.

തനിക്ക് വിവരമില്ലായ്മയെന്നുദ്ദേശിച്ച കവിയെ തിരുത്താനാണദ്ദേഹം ശ്രമിച്ചത്. ഇന്ത്യാ മഹാരാജ്യത്ത് പത്താംതരം ബോർഡ് പരീക്ഷ നടത്തുന്ന ഏക സംസ്ഥാനം കേരളമാണെന്നും കർണാടകയും തമിഴ്നാടും ഓൾപാസ് ആണെന്നും മന്ത്രി വാദിച്ചു. അതിനാലവർക്കിവിടെ ഏകജാലകപ്രവേശനം സാദ്ധ്യമല്ല. "ഞാൻ അദ്ദേഹത്തെ പ്രതിപക്ഷനേതാവാക്കിയത് ആരാണെന്നൊന്നും പറഞ്ഞില്ലല്ലോ, സാർ... " ശിവൻകുട്ടി തിരിച്ചടിക്കാനൊരുമ്പെട്ടു.

മന്ത്രി കാര്യങ്ങളിനിയും മനസിലാക്കാനുണ്ടെന്ന ഭാവത്തിലായിരുന്നു പ്രതിപക്ഷനേതാവ്. സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയുമൊക്കെ എല്ലാ സംസ്ഥാനത്തും ഒരുപോലെയാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ അത് പഠിച്ച് കേരളത്തിലേക്കെത്തുന്ന മലയാളികളുണ്ടെന്ന് മന്ത്രി മനസിലാക്കണമെന്നുമൊക്കെ അദ്ദേഹം ശഠിച്ചു.

പ്രതിപക്ഷശൗര്യം ഇറങ്ങിപ്പോക്കിലവസാനിച്ച ശേഷം ഇതേവിഷയം കുറച്ചു മധുരതരമായി കെ.കെ. ശൈലജ ശ്രദ്ധക്ഷണിക്കൽ പ്രമേയമായി അവതരിപ്പിച്ചു. അതിനുള്ള മറുപടിവേളയെ മന്ത്രി വീണ്ടും പ്രതിപക്ഷനേതാവിന് മറുപടിക്കുള്ള അവസരമാക്കി. "ഇദ്ദേഹത്തെ ആരാണ് പ്രതിപക്ഷനേതാവാക്കിയതെന്ന് അദ്ദേഹത്തിന്റെ ചുറ്റിലുമിരിക്കുന്നവരടക്കം ചോദിക്കുന്നുണ്ട്. ധിക്കാരവും മറ്റുള്ളവരോടുള്ള പുച്ഛവുമാണ് അദ്ദേഹത്തിന്റെ സ്വഭാവം "- മന്ത്രി കുറ്റം കണ്ടു. താൻ സർവവിജ്ഞാനകോശം കേറിയ ആളെന്ന നിലയിലല്ല ഇവിടെയിരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി മുൻവാദത്തിലുറച്ചുനിന്നു. സർവജ്ഞപീഠം കയറിയ ശങ്കരാചാര്യരെ കേട്ടിട്ടുണ്ടെങ്കിലും സർവവിജ്ഞാനകോശം കേറിയ ആളുകളെപ്പറ്റി അധികമാരും കേട്ടിട്ടില്ലാത്തതിനാൽ മന്ത്രിയെ ആരും ചോദ്യം ചെയ്യാനൊന്നും പോയില്ല!

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലും പഞ്ചായത്തീരാജ്-മുനിസിപ്പൽ ഭേദഗതി ബില്ലുകളും നഗര-ഗ്രാമാസൂത്രണ ഭേദഗതി ബില്ലും സഭയിന്നലെ പരിഗണിച്ചു. ജനങ്ങളുടെ സമ്മർദ്ദം മനസിലാക്കി നിയമങ്ങൾ നിർമ്മിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവർ ഇടതുപക്ഷവും അങ്ങനെ നിർമ്മിച്ച നിയമങ്ങൾ നടപ്പാക്കാത്തവർ വലതുപക്ഷവുമാണെന്ന് പ്രതിപക്ഷത്തിന് സ്റ്റഡിക്ലാസ് കൊടുത്തത് ബില്ലുകളവതരിപ്പിച്ച മന്ത്രി ഗോവിന്ദനാണ്. ഈ നിയമസഭയിൽ ഇടതുവശത്തിരിക്കുന്ന ഞങ്ങൾ തന്നെയാണ് ഇടതുപക്ഷമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തീർത്തുപറഞ്ഞു. മദ്ധ്യവർത്തി ഇടതുപക്ഷമായ കോൺഗ്രസിനെ മന്ത്രി അധിക്ഷേപിക്കുന്നുവെന്ന് വിഷ്ണുനാഥ് ക്രമപ്രശ്നമുയർത്തി. തൊഴിലുറപ്പിന്റെ പിതൃത്വം കോൺഗ്രസിന് മാത്രമെന്ന് പി.ടി.തോമസും മാത്യുകുഴൽനാടനും മറ്റും ശബ്ദമുയർത്തി. ഗോവിന്ദനെ തിരുത്താൻ അവയ്ക്കൊന്നുമായില്ല. ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയെ തോണ്ടി ലീഗിനെ നോവിക്കാനുള്ള ചോദ്യം ഭരണപക്ഷം തന്ത്രപരമായി ചോദ്യോത്തരവേളയിൽ തിരുകിക്കയറ്റി. രാഷ്ട്രീയകക്ഷികളെ ദുസൂചനയോടെ പരാമർശിക്കുന്ന ചോദ്യം കീഴ്‌വഴക്കലംഘനമായി പ്രതിപക്ഷനേതാവ് ഉയർത്തിക്കാട്ടി. രാഷ്ട്രീയം പറയരുതെന്ന് സ്പീക്കർ നിഷ്കർഷിച്ചെങ്കിലും ഡി.കെ. മുരളിക്ക് ഹരിതയെപ്പറ്റി പറയുന്നതിൽ നിന്ന് സ്വന്തം നാക്കിനെ പിടിച്ചുനിറുത്താനായില്ല. ലീഗ് നിര ഇളകിയത് മിച്ചം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.