SignIn
Kerala Kaumudi Online
Thursday, 25 April 2024 7.45 PM IST

ഇന്ധന സബ്സിഡി ; എന്ത് രസകരമായ ആചാരം!

niyamasabha

സ്കൂൾ കുട്ടികൾക്കായി ഓടാൻ കെ.എസ്.ആർ.ടി.സിക്ക് ഇന്ധന സബ്സിഡിയൊക്കെ കൊടുത്ത് കാലത്തെ രസകരമാക്കി മുന്നോട്ട് നയിക്കുന്ന സർക്കാരിനെ മനസിൽ സങ്കല്പിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പുളകിതനായി. ക്രൂഡോയിൽ വില ബാരലിന് 82 ഡോളറിൽ നില്‌ക്കുന്ന കാലത്ത് കേരളത്തിലിപ്പോൾ 30 രൂപയ്ക്ക് പെട്രോൾ കിട്ടേണ്ടതാണെന്ന് അദ്ദേഹം കണക്ക് നിരത്തി. കേന്ദ്രം അത് സമ്മതിക്കാതെ നികുതി കൂട്ടിക്കൂട്ടി കൊള്ളയടിക്കുമ്പോൾ അതിന്റെ ഒരധിക വരുമാനം കേരളത്തിനും കിട്ടുന്നുണ്ടെന്ന് പ്രതിപക്ഷനേതാവിനറിയാം. " അപ്പോ, അതിലൊരു ഫ്യുവൽ സബ്സിഡിയൊക്കെ കൊടുത്താൽ എന്ത് രസമായേനെ? "- സദ്ഭരണത്തിന് ചില ചെപ്പടിവിദ്യകളെന്ന മട്ടിൽ അദ്ദേഹം വിളമ്പുന്നത് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും കേട്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷേ സദ്ഭരണത്തിന് സബ്സിഡിയെന്ന ഒറ്റമൂലിയെപ്പറ്റിയൊന്നും ചിന്തിക്കുന്ന മാനസികാവസ്ഥയിലായിരുന്നോ അവർ എന്ന് നിശ്ചയമുണ്ടായില്ല.

പെട്രോൾ, ഡീസൽ വിലവർദ്ധന ജനത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിടുന്നത് ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശൂന്യവേളയിൽ കൊണ്ടുവന്ന അടിയന്തരപ്രമേയം.

മോദിയും അമിത്ഷായും കേന്ദ്രസർക്കാരും കക്കാനിറങ്ങുമ്പോൾ ഫ്യൂസൂരിക്കൊടുക്കുന്ന സമീപനമാണ് കേരളത്തിലെ സർക്കാരിന്റേതെന്ന് ഷാഫി കടുപ്പിച്ച് പറഞ്ഞത്, ഇന്ധനവില ഉയരുമ്പോൾ കിട്ടുന്ന അധികനികുതി വരുമാനം സംസ്ഥാനസർക്കാർ ഉപേക്ഷിക്കുന്നില്ലെന്ന് സമർത്ഥിക്കാനായിരുന്നു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടത്തുന്ന നികുതിഭീകരതയാണ് ഇന്ധനക്കൊള്ളയ്ക്ക് പിന്നിലെന്നാണ് ഷാഫിയുടെ നിരീക്ഷണം.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് പോയി. അവിടെ പെട്രോളിന് 121 രൂപയാണെന്ന് പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു. കേന്ദ്രസർക്കാർ സെസ്സും അഡിഷണൽ സ്പെഷ്യൽ ഡ്യൂട്ടിയും അടിക്കടി കൂട്ടിയപ്പോൾ അഞ്ച് വർഷത്തിനിടയിൽ ഒരിക്കൽപോലും നികുതി കൂട്ടാത്ത അപൂർവം സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് മന്ത്രി അവകാശപ്പെട്ടു. എല്ലാത്തിനുമുപരി, ഇന്ധന വില നിർണയാധികാരം കമ്പോളത്തിന് വിട്ടുകൊടുത്ത് എല്ലാ കുഴപ്പവുമുണ്ടാക്കി വച്ചതിന് കോൺഗ്രസിനെ പഴിയും പറഞ്ഞു.

രാജസ്ഥാനിലെ ജനം എന്ത് ചെയ്യുന്നുവെന്ന് നോക്കി തീരുമാനമെടുക്കാനല്ല നിങ്ങളെയും ഞങ്ങളെയും ഇവിടേക്ക് അയച്ചിരിക്കുന്നതെന്നായി ഷാഫി. അത് ഇവിടത്തെ കാര്യം പറയാനാണ്. മന്ത്രിക്ക് ഇത് കേട്ടപ്പോൾ പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന സിനിമാഡയലോഗാണ് ഓർമ്മയിലെത്തിയത്.

ജനങ്ങളുടെ മേൽ ക്രൂരമായ ഭാരം അടിച്ചേല്പിച്ച് നികുതിഭീകരത നടത്തുന്ന ബി.ജെ.പിയുടെ മഹാ അപരാധത്തെ വീര്യംകുറച്ചു കാട്ടാനാണ് കോൺഗ്രസിന് മേൽ ആക്ഷേപം ചൊരിയുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെയും പക്ഷം. ക്രൂഡോയിൽ വില ബാരലിന് 145 ഡോളറിൽ നിൽക്കുമ്പോഴാണ് കമ്പോള ഇടപെടൽ സുഗമമാക്കാൻ മൻമോഹൻസിംഗിന്റെ സർക്കാർ വിലനിർണയാധികാരം വിട്ടുകൊടുത്തത് എന്നദ്ദേഹം സമർത്ഥിച്ചു. അതനുസരിച്ച് കാര്യങ്ങൾ നടന്നാൽ ഇന്ന് വില കുത്തനെ കുറയേണ്ടതാണ്. അതിനാൽ ഇനിയെങ്കിലും കോൺഗ്രസിനെ പറയാതിരിക്കൂ എന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.

പറഞ്ഞിട്ടെന്ത് പ്രയോജനം! പാചകവാതക വിലവർദ്ധനവിനെതിരെ ശ്രദ്ധക്ഷണിക്കൽ പ്രമേയം കൊണ്ടുവന്ന കെ.വി. സുമേഷ് വീണ്ടും അതുതന്നെ പറഞ്ഞു. വിലനിർണയാധികാരം കുത്തകകൾക്ക് വിട്ടുകൊടുത്ത കോൺഗ്രസാണ് നികുതിഭീകരതയ്ക്ക് തുടക്കമിട്ടത് എന്ന്.

മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനും ക്ഷീരസഹകരണസംഘങ്ങളുടെ ഭരണസമിതി കാലാവധി പരിഷ്കരിക്കുന്നതിനുമുള്ള കേരള സഹകരണസംഘം രണ്ടാം നമ്പർ ഭേദഗതി ബില്ലും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ അംഗങ്ങൾക്ക് ഒരു ടേം കൂടി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതിനുള്ള ഭേദഗതി ബില്ലും സഭ പാസാക്കി.

കേരള ബാങ്കിലേക്ക് മലപ്പുറം ജില്ലാബാങ്കിനെ ലയിപ്പിക്കുന്നതിലുള്ള കടുത്ത വിയോജിപ്പ് പ്രതിപക്ഷം രേഖപ്പെടുത്തി. നഷ്ടത്തിലോടുന്ന കേരള ബാങ്കിലേക്ക് ലാഭത്തിലോടുന്ന മലപ്പുറം ബാങ്കിനെ ലയിപ്പിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യരുതെന്ന് സജീവ് ജോസഫ് അഭ്യർത്ഥിച്ചു. 1150 കോടിയുടെ നഷ്ടത്തിലോടുന്ന കേരള ബാങ്കിലേക്ക് നല്ല നിലയിൽ പ്രവർത്തിക്കുന്ന ജില്ലാബാങ്കുകളെക്കൂടി ലയിപ്പിച്ച് അവയെയും മുക്കണോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. കേരളബാങ്കിന്റെ രക്ഷാകർത്തൃസ്ഥാനം സ്വയമേറ്റെടുത്ത് പൊരുതാനിറങ്ങിയത് കടകംപള്ളി സുരേന്ദ്രനാണ്. ഒരുവേള കുഴൽനാടൻ- കടകംപള്ളി സംവാദം തന്നെ അരങ്ങേറി. നഷ്ടത്തിനകത്തൊരു ലാഭം ഒളിച്ചിരിപ്പുണ്ടെന്ന കണക്കൊക്കെ കടകംപള്ളി നിരത്തി കേരളബാങ്കിനെ ലാഭത്തിൽ നിറുത്താൻ കഠിനാദ്ധ്വാനം ചെയ്തു.

സഹകരണബാങ്കുകളെ കറവപ്പശുവാക്കുകയെന്ന ദൗത്യം വിജയിപ്പിക്കാനാണ് മലപ്പുറം ജില്ലാബാങ്കിനെ മാത്രം ഒഴിവാക്കി കേരള ബാങ്ക് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് സേവ്യർ ചിറ്റിലപ്പള്ളി കുറ്റപ്പെടുത്തി.

പള്ളിമണിയും ബാങ്ക് വിളിയും അമ്പലത്തിലെ സുപ്രഭാതവും ഒരുമിച്ച് കേട്ടുണരുന്ന എൻ.എ.നെല്ലിക്കുന്നല്ലാതെ ദേവസ്വം ബില്ലിൽ സംസാരിക്കേണ്ടത് മറ്റാരാണ് ! ചർച്ച കൂടാതെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതി ബിൽ പാസാക്കാനുള്ള മന്ത്രി കെ. രാധാകൃഷ്ണന്റെ തന്ത്രപരമായ നീക്കത്തിന് നെല്ലിക്കുന്നിന്റെ വിലാപം അങ്ങനെ വിലങ്ങുതടിയായി!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.