SignIn
Kerala Kaumudi Online
Friday, 19 April 2024 4.05 PM IST

ദൈവചിന്തകളും തിരുവഞ്ചൂരിന് മാത്രമറിയുന്ന ആത്മാവും

thiruvanchur-radhakrishna

സോവിയറ്റ്നാട്ടിൽ ലെനിനെ പ്രാർത്ഥിച്ച കുട്ടികൾക്ക് റൊട്ടിയും വെണ്ണയും എത്തിച്ചുകൊടുത്ത് കബളിപ്പിച്ചെന്ന കഥ ഡോ.എം.കെ.മുനീർ വിവരിച്ചു. ബൈബിളിൽ തൊട്ട് പ്രാർത്ഥിക്കാനാദ്യം പറഞ്ഞു. ആരും ഭക്ഷണമെത്തിച്ചില്ല. ലെനിനെ പ്രാർത്ഥിക്കാൻ പറഞ്ഞു. പ്രാർത്ഥിച്ചപ്പോൾ പറഞ്ഞവർ തന്നെ ഭക്ഷണമെത്തിച്ചെന്നാണ് കഥ. ക്രിസ്തുവല്ല, ലെനിനാണ് ദൈവമെന്ന് സ്ഥാപിക്കാനായിരുന്നുവത്രെ അത്. അന്ന് റൊട്ടിയും വെണ്ണയും കിട്ടിയ കുട്ടികളത് വിശ്വസിച്ചു. കേരളത്തിൽ ഇന്നങ്ങനെ വിശ്വസിക്കുന്നത് ഭരണപക്ഷത്തെ എം.എൽ.എമാരാണെന്നാണ് മുനീർ പറയുന്നത്. "ലെനിന് പകരം അവർ പിണറായി ദൈവമെന്ന് വിശ്വസിക്കുന്നു. ഇത്ര വലുതായിട്ടും കുട്ടികളുടെ ബുദ്ധി. റൊട്ടിക്കും വെണ്ണയ്ക്കും പകരം ഇവിടെയുള്ളത് കിറ്റാണ്. പച്ചീരി ദേവീക്ഷേത്രത്തിന് മുന്നിൽ പിണറായിയുടെ ചിരിക്കുന്ന മുഖത്തിന് കീഴെ അന്നം തരുന്നവനാണ് ദൈവമെന്നെഴുതി വച്ച ഫ്ലക്സ് തെളിവ് " - സാഹചര്യത്തെളിവുകൾ മുനീർ നിരത്തി.

മറുപടി കൊടുത്തത് ടി.ഐ. മധുസൂദനനാണ്. പിണറായിയെ ദൈവമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യസ്നേഹിയും ഭാവിയെ ഉറ്രുനോക്കുന്ന കേരളത്തിന് വഴികാട്ടിയുമാണ് മധുസൂദനന് പിണറായി. പിണറായിയിൽ തങ്ങൾക്കഭിമാനമുണ്ടെന്നദ്ദേഹം പറഞ്ഞു. "നമ്മുടെ മനസ്സിൽ കാപട്യമില്ലാത്തതിനാൽ അത് പറയാൻ മടിയില്ല"- മധുസൂദനൻ പറഞ്ഞു. 'പിള്ള'മനസ്സിൽ കാപട്യമില്ലെന്ന് വേണമെങ്കിൽ മുനീറിന് വ്യാഖ്യാനിക്കാം.

നടപ്പു സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെയും 2013 മുതലിങ്ങോട്ടുള്ള വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകളെയും സംബന്ധിച്ച ചർച്ചയിലാണ് ദൈവചിന്തകൾ മുഴങ്ങിക്കേട്ടത്. ഇവയുടെ ധനവിനിയോഗ ബില്ലുകളും പാസാക്കി.

ചർച്ച പൊതുവിൽ കറങ്ങിനിന്നത് പുതിയ ബഡ്ജറ്റിന്റെയും കെ-റെയിലിന്റെയും പരിസരങ്ങളിലാണ്. പിണറായിസർക്കാരിനെ വിലയിരുത്താൻ ചർച്ച തുടങ്ങിവച്ച സി.കെ. ഹരീന്ദ്രൻ കാൾമാർക്സിനെ കൂട്ടുപിടിച്ചു. വെറും ഭരണമല്ലിത്. ഭരിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ്.

മിതമായും സാരമായും കാര്യങ്ങളെങ്ങനെ അവതരിപ്പിക്കാമെന്നതിന് ഉത്തമോദാഹരണമായി മന്ത്രി ബാലഗോപാലിന്റെ ബഡ്ജറ്റിനെ സി.കെ. ആശ വിശേഷിപ്പിച്ചു. മിതംച,സാരംച, മിതോജി വാഗ്മിത. ആ അർത്ഥത്തിൽ ധനമന്ത്രി തികഞ്ഞ വാഗ്മി. കഴിഞ്ഞ അഞ്ചുകൊല്ലം കഥയും കവിതയുമൊക്കെയായി ബഡ്ജറ്റവതരിപ്പിച്ച തോമസ് ഐസകിന് വാഗ്മിത്തം പോരെന്നാണോ ഉദ്ദേശിച്ചത് ?- ആശ വ്യക്തമാക്കിയില്ല.

തൊഴിലില്ലാത്ത യുവാക്കളെ വഞ്ചിച്ചൊരു ബഡ്ജറ്റ് അൻവർസാദത്ത് മുമ്പ് കണ്ടിട്ടില്ല. പഞ്ചേന്ദ്രിയങ്ങളുടെയും ശേഷി നഷ്ടപ്പെട്ടയാൾ ആനയെ കണ്ടെന്നപോലെ, അൻവർസാദത്തിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിലയിരുത്തി.

മാത്യു.ടി.തോമസ് ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. കടലാസിലൊതുങ്ങുന്ന കർഷകക്ഷേമബില്ലും സേവനാവാകശ ബില്ലും മറ്റും പൊടിതട്ടിമിനുക്കി ജനത്തിന് പ്രയോജനപ്രദമാക്കണം. നടക്കുമോ, എന്തോ!

കെ.എസ്.ആർ.ടി.സി പ്രതിസന്ധിയെപ്പറ്റി ശൂന്യവേളയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊടുത്തത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ്. യു.ഡി.എഫ് കാലത്ത് കൊടുത്തതിന്റെ ഇരട്ടിയിലുമധികം തുക പിണറായിസർക്കാർ കൊടുത്തതിൽ മന്ത്രി ആന്റണിരാജു അഭിമാനിച്ചു. അന്ന് 1500കോടിയേ കൊടുക്കേണ്ടി വന്നുള്ളൂവെങ്കിൽ ഇന്ന് 5000കോടി കൊടുത്താലും തീരാത്ത കുഴപ്പമാണ് കെ.എസ്.ആർ.ടി.സിയിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യാഖ്യാനിച്ചു.

വലിയൊരു കെ-റെയിൽ 'അശ്വത്ഥാത്മാ'വിന്റെ രൂപത്തിൽ വരുമെന്ന് പ്രതീക്ഷിച്ച് ആനയെ കുത്തിക്കൊല്ലരുതെന്നാണ് തിരുവഞ്ചൂരിന്റെ അഭ്യർത്ഥന. അതേതാത്മാവ് എന്നാരും ചോദിക്കാത്തത് നന്നായി.

തികട്ടിത്തികട്ടി വരുന്ന കെ-റെയിലിൽ തട്ടി അവസാനയാമത്തിൽ ബഹിഷ്കരണവുമുണ്ടായി. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ-റെയിൽവിരുദ്ധ സമരത്തിനിറങ്ങിയ സ്ത്രീകളെയടക്കം പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭവിട്ടു. കെ-റെയിൽ വിരുദ്ധസമരത്തിന് പിന്തുണ കിട്ടാത്ത കോൺഗ്രസ് നടത്തുന്ന അതിക്രമമായി ചങ്ങനാശ്ശേരി സംഭവമെന്ന് മുഖ്യമന്ത്രി. അത് കേൾക്കാൻ പ്രതിപക്ഷമില്ലായിരുന്നു. അവർ സഭാകവാടത്തിലിരുന്ന് മുദ്രാവാക്യം മുഴക്കുമ്പോൾ പ്രതിപക്ഷമില്ലാത്ത സഭയിൽ കൂടുതൽ ചർച്ചയില്ലാതെ എട്ട് ധനവിനിയോഗബില്ലുകൾ പാസായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.