SignIn
Kerala Kaumudi Online
Friday, 19 April 2024 8.14 AM IST

മുദ്രാവാക്യ പയറ്റിൽ പറന്നുപോയ ആദ്യദിനം

niyamasabha

കറുത്ത ഷർട്ടിട്ട് ആറ് പേർ. മുൻനിരക്കാരായ ഒരഞ്ച് പേരൊഴികെ 36 പേർക്കും കറുത്ത മാസ്ക്. പ്ലക്കാർഡുകൾ പലവിധം. ബാനറുകൾ രണ്ടുതരം. 'രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് കാടത്തം' എന്ന് നീളത്തിലും വണ്ണത്തിലും ബാനറുകളിൽ കാണാം.

വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട് നിൽക്കുമ്പോൾ ഇവിടെ നിയമസഭയിൽ വന്നിരുന്ന് നിയമനിർമാണപടുക്കളാകുന്നത് ശരിയോ എന്ന ചിന്ത പ്രതിപക്ഷത്തെ ഗ്രസിച്ചതായി തോന്നും അവരുടെ ശരീരഭാഷ കണ്ടാൽ. സ്പീക്കറുടെ സാരോപദേശം കേൾക്കാൻ അവർ ഒരുക്കമായിരുന്നില്ല. സാധാരണഗതിയിൽ ഏത് വിഷയത്തിലും എഴുന്നേറ്റ് പ്രസംഗിക്കാൻ വെമ്പുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നീണ്ട മൗനത്തിലാണ്ടു. പിൻനിരക്കാർ കളമേറ്റെടുത്തു.

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനം അങ്ങനെ ഗുലുമാൽ. ഒമ്പതുമണിക്ക് ബെൽ മുഴങ്ങുമ്പോൾ സഭ ശാന്തഗംഭീരമായിരുന്നു. ജനഗണമന പാടുമ്പോൾ എല്ലാവരും അക്ഷോഭ്യർ. പിന്നാലെ ആദ്യ ചോദ്യത്തിന് മറുപടി പറയാൻ മന്ത്രി എം.വി. ഗോവിന്ദനെ ക്ഷണിച്ചപ്പോഴും അലോസരമില്ല. പകരം പ്രതിപക്ഷനിരയിൽ നിന്ന് ഡസ്കിലടി ഉയർന്നു. പലരും അദ്ഭുതപ്പെട്ട് തിരിഞ്ഞുനോക്കി. തൃക്കാക്കരയിൽ നിന്നുള്ള പുതിയ അംഗം ഉമ തോമസിനെ പ്രതിപക്ഷം വരവേറ്റതാണ്. ഭരണപക്ഷക്കാർ പെട്ടെന്ന് 'മാവിലായിക്കാരായി'.

ഉമ തോമസ് സീറ്റിലിരുന്നു എന്നുറപ്പാക്കിയ ഉടനെ അൻവർ സാദത്ത്, ഷാഫി പറമ്പിൽ, റോജി എം.ജോൺ, എൽദോസ് കുന്നപ്പിള്ളിൽ, സി.ആർ. മഹേഷ്, നജീബ് കാന്തപുരം എന്നീ കറുത്ത കുപ്പായക്കാർ എഴുന്നേറ്റ് പ്രതിഷേധമുദ്രാവാക്യം തുടങ്ങി. പിന്നാലെ നടുത്തളത്തിലേക്കും കുതിച്ചു. പ്ലക്കാർഡുകളും ബാനറുകളും പൊങ്ങി. ചോദ്യോത്തരവേളയാണ്, നിങ്ങളുടെ നോട്ടീസ് ഇത് കഴിഞ്ഞിട്ടെടുക്കാം എന്നെല്ലാം സ്പീക്കർ ഉപദേശിച്ചുനോക്കി. ങേ, ഹേ!

മറുപക്ഷത്തും ഹാലിളകി. സഹികെട്ട സ്പീക്കർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നിന്നു. ബഹളക്കാരെ ഇരുത്താനാണ്. ആര് ഇരിക്കാൻ! സ്പീക്കർ എഴുന്നേറ്റാൽ അംഗങ്ങൾ ഇരിക്കണമെന്ന സഭാചട്ടമൊക്കെ അദ്ദേഹം ഓർമ്മിപ്പിച്ചത് ബധിരകർണങ്ങളിൽ പതിച്ചു. അഞ്ച് മിനിറ്റ് കടന്നുപോയി. സഭ അല്പസമയത്തേക്ക് നിറുത്തുന്നുവെന്ന് അറിയിച്ച് സ്പീക്കർ ചേംബറിലേക്ക് പോയി.

പിന്നെയുണ്ടായത് ഒരുമാതിരി തൃശൂർപൂരത്തിലെ കുടമാറ്റം മോഡലിലുള്ള മുദ്രാവാക്യ പയറ്റാണ്. പല ഈണത്തിലും താളത്തിലും മുദ്രാവാക്യം വിളിക്കാൻ കെല്പുള്ള കലാകാരന്മാർക്ക് ഇരുപക്ഷത്തും പഞ്ഞമില്ലാത്തത് കാരണം സംഗതി ഗംഭീരമായി. ചെറ്റ, പരനാറി, ഗുണ്ടാത്തലവൻ, മരവാഴ എന്നിങ്ങനെയുള്ള കടുത്ത അലങ്കാരപ്രയോഗങ്ങൾ പ്രതിപക്ഷത്തിന്റെ വകയുണ്ടായി. ഭരണപക്ഷക്കാർ അത്രയ്ക്കത്രയ്ക്ക് കടുത്തില്ല. ഇതുപോലൊരു നാറിയ ഭരണം കേരളജനത കണ്ടിട്ടില്ലെന്ന് പ്രതിപക്ഷവും ഇതുപോലൊരു നാറിയ പ്രതിപക്ഷത്തെ കേരള ജനത കണ്ടിട്ടില്ലെന്ന് ഭരണപക്ഷവും വിളിച്ചു. ആർക്കാണ് നാറ്റം കൂടുതലെന്ന് ഉത്തരം പറയേണ്ട ബാദ്ധ്യത കേരളജനതയ്ക്കാണെന്ന മട്ടിലാണ് ആരോപണത്തിന്റെ ഉത്തരവാദിത്വം ഇരുപക്ഷവും കേരളജനതയുടെ പിടലിക്ക് വച്ചുകൊടുത്തിരിക്കുന്നത്. ജനം തീരുമാനിക്കുക.

പത്ത് മണി വരെ ഈ 'കടവല്ലൂർ അന്യോന്യം' സഭയ്ക്കകത്ത് തുടർന്നു. ചോദ്യോത്തരവേളയുടെ സമയം അവസാനിച്ച പത്ത് മണിക്ക് സ്പീക്കർ മടങ്ങിയെത്തി. അന്തരിച്ച മുൻ സാമാജികർക്കുള്ള ചരമോപചാരപ്രമേയം അദ്ദേഹം അവതരിപ്പിച്ചപ്പോൾ വീണ്ടും സഭ പഴയപടി ശാന്തമായി. എന്നാൽ അത് അവസാനിച്ചയുടനെ രൗദ്രഭാവത്തിലേക്ക് മടങ്ങി. പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ച് പ്രതിപക്ഷഅംഗങ്ങൾ നടുത്തളത്തിലെത്തി. രാഹുൽഗാന്ധിയുടെ വിഷയത്തിൽ ചട്ടം 50 പ്രകാരമുള്ള ടി. സിദ്ദിഖിന്റെ അടിയന്തരപ്രമേയ നോട്ടീസെടുക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. ഫലമുണ്ടായില്ല. പ്രതിപക്ഷനേതാവ് രാവിലെ മുതൽക്കുള്ള മൗനം തുടർന്നു. സഭാനടപടികളോട് സഹകരിക്കാൻ സ്പീക്കർ അഭ്യർത്ഥിച്ചു. ആരും കേട്ടില്ല. ശ്രദ്ധക്ഷണിക്കലുകളും ഉപക്ഷേപങ്ങളും റദ്ദാക്കി മറ്റ് നടപടികൾ വേഗം തീർത്ത് സഭ തൽക്കാലം പിരിഞ്ഞു. സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും ഭേദഗതി ബിൽ പരിഗണിക്കാതെ മാറ്റി. മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം നൽകാനുള്ള സഹകരണസംഘം ഭേദഗതിബിൽ ചർച്ചയില്ലാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

ചൂടുവെള്ളത്തിൽ വീണാൽ പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയിലേക്ക് സഭ മാറിയോ എന്ന് സംശയം. ലോക കേരളസഭയ്ക്കിടയിൽ വിവാദവനിത സഭയിൽ കേറി പൊല്ലാപ്പുണ്ടാക്കിയ ഹാങ് ഓവർ മൊത്തത്തിൽ ബാധിച്ചിരിക്കുന്നു. നിയന്ത്രണത്തിൽ വലഞ്ഞ് മാദ്ധ്യമപ്രവർത്തകർക്കും ശരണം വിളിക്കേണ്ട ഗതിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.