SignIn
Kerala Kaumudi Online
Thursday, 25 April 2024 10.51 AM IST

ആ പതിന്നാലാം വകുപ്പിന്റെ കാര്യം

niyamasabha

അന്വേഷിച്ച്, തെളിവെടുത്ത്, ശിക്ഷയും വിധിച്ച് നടപ്പാക്കാനുള്ള പരമാധികാരിയായി ലോകായുക്തയെ വകവച്ച് കൊടുക്കാനാവില്ലെന്ന് മന്ത്രി പി. രാജീവിന് തീർച്ചയുണ്ട്. അങ്ങനെ പരമാധികാരിയാവുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ലോകായുക്തയോ പ്രതിപക്ഷമോ മനസ്സിലാക്കാത്തത് അവരുടെ കഴിവുകേടെന്ന മട്ടിലായിരുന്നു മന്ത്രിയുടെ വ്യാഖ്യാനം. പരമാധികാരം ലോകായുക്തയ്ക്ക് കൊടുക്കുന്ന കേരള ലോകായുക്തനിയമത്തിലെ പതിന്നാലാം വകുപ്പ് ഇത്രയും കാലം ഭരണഘടനയെ പറ്റിച്ച് ഇവിടെ കഴിഞ്ഞുകൂടിയല്ലോ എന്ന് മന്ത്രിയുടെ വാദങ്ങൾ കേട്ട ആരും ചിന്തിച്ചുപോയിട്ടുണ്ടാകും. അമ്പട കള്ളാ, പതിന്നാലാം വകുപ്പേ!

മന്ത്രിയുടെ യുക്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ദഹിച്ചില്ല. നിയമസഭ പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമെന്ന് മന്ത്രി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. നിയമസഭ പാസാക്കിക്കഴിഞ്ഞ നിയമത്തെ ചോദ്യം ചെയ്യാൻ കോടതിക്കേ അധികാരമുള്ളൂ എന്ന് സതീശൻ പലയാവർത്തി പറഞ്ഞു. ആദ്യം തടസ്സവാദം ഉന്നയിച്ചപ്പോൾ, പിന്നീട് ചർച്ചയ്ക്കിടയിൽ. പക്ഷേ മന്ത്രിക്ക് മന്ത്രിയുടേതായ ന്യായീകരണമുണ്ട്. പതിന്നാലാം വകുപ്പ് മാത്രമാണ് ഭരണഘടനാവിരുദ്ധം. "ഈ സഭയിൽ ഒരാൾ ശരിയല്ലെന്ന് വന്നാൽ സഭയാകെ തെറ്റാണെന്ന് പറയാനാകുമോ? ഒരു പൗരൻ തെറ്റ് കാട്ടിയാൽ ലോകമാകെ തെറ്റെന്ന് പറയാനാകുമോ?"- ഇനിയും മന്ത്രിയോട് കൂടുതൽ ചോദിക്കണോ!

ലോകായുക്തയുടെ ജുഡിഷ്യൽ അധികാരത്തെ കവർന്നെടുക്കുന്ന അപ്പലേറ്റ് അധികാരിയായി എക്സിക്യൂട്ടീവ് മാറിയെന്നാണ് പ്രതിപക്ഷനേതാവിന്റെ തടസ്സവാദം. ലോകായുക്ത ജുഡിഷ്യൽ ബോഡിയാണെന്നാര് പറഞ്ഞു?- മന്ത്രിയുടെ ചോദ്യം. സിവിൽ കോടതിയുടെ അധികാരം അതിനുണ്ടല്ലോ എന്ന് നിയമത്തിലെ പതിനൊന്നാം വകുപ്പൊക്കെ ചികഞ്ഞിട്ട് പ്രതിപക്ഷനേതാവ് വാദിച്ചു. അന്വേഷണ സംവിധാനങ്ങൾക്കെല്ലാം സിവിൽ കോടതിയുടെ അധികാരമുണ്ടാകുമെന്നാണ് മന്ത്രിയുടെ മറുപടി.

ബലം കിട്ടാൻ മന്ത്രി മൂടോടെ പിടിച്ചത് ഭരണഘടനയിലാണ്. വീഴാതിരിക്കാനുള്ള കരുതൽ.

ഏതായാലും ഘോരഘോരമായിരുന്നു ചർച്ച. വാദിച്ച് ജയിക്കാൻ അണ്ണാഹസാരെയുടെ ജൻലോക്പാൽ ബില്ല് വരെ മന്ത്രി രാജീവ് എടുത്തുകൊണ്ടു വന്നിരുന്നു. കേന്ദ്രം 2013ൽ പാസാക്കിയ ലോക്പാൽ നിയമത്തിൽ അതിന് ജുഡിഷ്യൽ അധികാരമില്ലെന്ന് മന്ത്രി സമർത്ഥിച്ചു. ഒരു അഴിമതി അന്വേഷിച്ച് കണ്ടെത്തിയാൽ അത് സ്പെഷ്യൽ കോടതിക്ക് കൈമാറാനേ ലോക്പാലിന് അധികാരമുള്ളൂ. ലോകത്ത് ഒരു ഓംബുഡ്സ്മാനുമില്ലാത്ത അധികാരം കേരളത്തിലെ ലോകായുക്തയ്ക്കുണ്ടായാൽ! അടിസ്ഥാന നിയമശാസ്ത്രത്തിന് വിരുദ്ധമാണ് അതെന്ന് മന്ത്രി കരുതുന്നു. നിയമസഭ അത് മനസ്സിലാക്കി ഭേദഗതി കൊണ്ടുവന്നാൽ സഭ അതിന്റെ ദൗത്യം ശരിയായി നിറവേറ്റിയെന്നാണ് അർത്ഥമെന്നും മന്ത്രി പറഞ്ഞുവച്ചു.

സ്വാഭാവികനീതി നിഷേധമാണ് നിലവിലെ ലോകായുക്ത നിയമത്തിൽ കെ.കെ. ശൈലജ കണ്ടത്. ഒരാളെ കുറ്റക്കാരനാക്കിയാൽ അയാൾക്ക് പറയാനും അവസരം കിട്ടേണ്ടേ?

രക്തസാക്ഷിയായി അവതരിച്ചത് കെ.ടി. ജലീലാണ്. സാധാരണ പൗരന് കിട്ടേണ്ട പ്രാഥമികനീതി നിഷേധിക്കപ്പെട്ടവനായി, ലോകായുക്തവിധിയിൽ വീണുപോയ അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. ഇ. ചന്ദ്രശേഖരൻനായർ കൊണ്ടുവന്ന നിയമത്തിന്റെ പല്ലും നഖവും എടുത്ത് കളയുമ്പോൾ മൂകസാക്ഷിയായിരിക്കുന്ന സി.പി.ഐക്കാർ ആ പഴയ നേതാവിനെ ഒറ്റിക്കൊടുക്കുകയാണെന്നാണ് മാത്യു കുഴൽനാടന്റെ ഓർമ്മപ്പെടുത്തൽ.

മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സഹകരണസംഘം ഭേദഗതിബില്ലും ലോകായുക്ത ഭേദഗതി ബില്ലുമടക്കം ആറ് ബില്ലുകളാണ് സഭ ഇന്നലെ ചർച്ചചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ഇന്ത്യ പിടിച്ചടക്കിയ ബ്രിട്ടീഷുകാർക്ക് ചില നാട്ടുരാജാക്കന്മാർ കൂട്ടുനിന്നത് പോലെ സഹകരണമേഖലയെ പിടിച്ചടക്കുന്ന കേന്ദ്രഭരണത്തിന് മലപ്പുറത്ത് യു.ഡി.എഫ് കൂട്ടുനിൽക്കുകയാണെന്ന് എ.എൻ. ഷംസീർ കുറ്റപ്പെടുത്തി. ലീഗുകാരനായ എൻ. ഷംസുദ്ദീന് അതൊന്നും ബോധിച്ച മട്ടില്ല. മലപ്പുറം ബാങ്കിനെ കിട്ടാത്തത് കൊണ്ടാണ് ഈ ബില്ലിങ്ങനെ ഭേദഗതി ചെയ്തുകൊണ്ടേയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ബോദ്ധ്യം.

ദിവസം മൂന്ന് ബില്ലുകൾ കൊണ്ടുവരുന്നതിനെ എതിർത്തവരിപ്പോൾ ദിവസം ആറ് ബില്ലുകളുമായി വരുന്നത് നിയമനിർമാണത്തെ പരിഹസിക്കലാണെന്ന് പി.സി. വിഷ്ണുനാഥ് ആരോപിച്ചു. അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ ചിറകരിയുന്ന ബില്ലിന് പോലും അരമണിക്കൂർ ചർച്ചയോ? ഈ തീരുമാനമെടുത്ത കാര്യോപദേശക സമിതിക്ക് റിപ്പോർട്ട് മടക്കി അയയ്‌ക്കണമെന്ന് അദ്ദേഹം വാദിച്ചുനോക്കി. പ്രത്യേകസാഹചര്യത്തിലെടുക്കേണ്ടി വന്ന തീരുമാനമായതിനാൽ അംഗീകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. സ്പീക്കർ അതുൾക്കൊണ്ടു. വിഷ്ണുവിന്റെ ആവശ്യം ഭൂരിപക്ഷ പിന്തുണയില്ലാതെ തള്ളപ്പെട്ടു.

വിഴിഞ്ഞം പുനരധിവാസപദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിൽ സർക്കാരിന്റെ പരാജയം ആരോപിച്ചായിരുന്നു ശൂന്യവേളയിൽ എം. വിൻസന്റിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കെതിരെ കാപ്പ ചുമത്തിയില്ല എന്നതിലദ്ദേഹം 'ആശ്വസിച്ചു'. മത്സ്യബന്ധനവകുപ്പിലെ നേട്ടപ്പട്ടിക നിരത്തിവായിച്ച് മന്ത്രി അബ്ദുറഹ്മാനും വിഴിഞ്ഞം പദ്ധതിയുടെ ശരീരശാസ്ത്രം വിവരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലും തൃപ്തിയടഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.