SignIn
Kerala Kaumudi Online
Saturday, 20 April 2024 8.07 AM IST

മന്ത്രി രാജേഷിന്റെ ആദ്യ അടിയന്തരപ്രമേയ പരീക്ഷണം

niyamasabha

സ്പീക്കർ കസേരയിലിരുന്ന് ഒരു വർഷത്തോളം അനേകമനേകം അടിയന്തരപ്രമേയ നോട്ടീസുകൾ കൈകാര്യം ചെയ്തിട്ടുള്ള എം.ബി. രാജേഷിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ വേഷപ്പകർച്ചയിലെ ആദ്യ ഊഴത്തിൽ അടിയന്തരപ്രമേയ പരീക്ഷണത്തിനായി സ്വയം സമർപ്പിക്കേണ്ടി വന്നത് യാദൃശ്ചികമായിരുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ നിയമനക്കത്തിനെ ചൊല്ലിയുള്ള രാഷ്ട്രീയം പുകയുമ്പോൾ അതങ്ങനെയല്ലേ സംഭവിക്കൂ. പ്രതിപക്ഷം സഭ സ്തംഭിപ്പിച്ച് മന്ത്രി രാജേഷിന്റെ ആദ്യ പരീക്ഷണത്തെ 'അവിസ്മരണീയ'മാക്കിക്കൊടുത്തു.

മന്ത്രി മോശമാക്കിയില്ല. ഈ പ്രതിപക്ഷം ഭരണപക്ഷത്തായിരുന്ന കാലത്തെ ശുപാർശക്കത്തുകളൊക്കെയെടുത്ത് അമ്മാനമാടാൻ അദ്ദേഹം ശ്രമിക്കുകയുണ്ടായി. പ്രതിപക്ഷത്തിന്റെ നടുത്തളത്തിലിറങ്ങലും മുദ്രാവാക്യം വിളിയുമൊക്കെയായി പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ ആദ്യദിവസം ശൂന്യവേളയിൽ അടിച്ചുപിരിഞ്ഞു എന്നത് നേര്. പക്ഷേ അതിനൊരു ഉശിരില്ലാതെ പോയി. പ്രതിപക്ഷനേതാവ് പ്രസംഗിക്കുന്നതിനിടയിൽ ഭരണപക്ഷത്തെ ചിലരെഴുന്നേറ്റ് പ്രതിരോധിക്കാൻ നോക്കിയതിൽ കാരണം കണ്ടെത്തിയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കർ ഭരണപക്ഷക്കാരെ ഒരുവിധം അടക്കിയിരുത്തിയിട്ടും അടങ്ങാൻ കൂട്ടാക്കാതിരുന്നപ്പോഴാണ് പ്രതിപക്ഷത്തിന്റെ മനസിലിരിപ്പ് ബോദ്ധ്യമായത്. പിന്നെയെല്ലാം ശഠപഠാന്ന് തീർത്ത് സഭ ഇന്നലത്തേക്ക് പിരിഞ്ഞു.

രണ്ടരമാസം മുമ്പത്തെ 'സ്പീക്കർ രാജേഷി'നെ നിയന്ത്രിക്കേണ്ട നിയോഗത്തിലായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ. സ്പീക്കറായിരിക്കുമ്പോൾ മന്ത്രിമാരെ സമയത്തിന്റെ വില ഓർമ്മിപ്പിക്കാൻ മടിക്കാതിരുന്ന മന്ത്രി രാജേഷിന് സ്വന്തം സമയം പിടിവിട്ട് പായുന്നത് തടയാൻ കഠിനപ്രയത്നം നടത്തേണ്ടിവന്നു. പതിനൊന്ന് മിനിറ്റ് പിന്നിട്ടപ്പോൾ സമയം ചാടിച്ചാടിപ്പോകുന്നത് സ്പീക്കർ ഷംസീർ ഓർമ്മിപ്പിച്ചു. മന്ത്രി അപ്പോൾ മന്ത്രിയായി:

" ഇത് വളരെ പ്രധാനപ്പെട്ട നോട്ടീസായത് കൊണ്ടാണ്. "

സ്പീക്കർ ഓർമ്മിപ്പിച്ചു: "സാധാരണ ഇതിനൊരു ടൈം ഉണ്ട്. അതാണ്." പിന്നെ മന്ത്രി അധികം നീട്ടിക്കൊണ്ടുപോയില്ല. പ്രതിപക്ഷനേതാവിനോട് ഔദാര്യവാനായും മന്ത്രി വി. ശിവൻകുട്ടി മുതൽ കടകംപള്ളി സുരേന്ദ്രൻ വരെയുള്ള ഭരണകക്ഷി പ്രമുഖരോട് കർക്കശക്കാരനായും ഷംസീർ ആദ്യദിവസം നിഷ്പക്ഷമുദ്ര കാട്ടി.

വസ്തുതകളുടെ പിൻബലമില്ലാതെ വ്യാജവും കൃത്രിമവും അർദ്ധസത്യത്തിന്റെ മാത്രം പിൻബലമുള്ളതുമായ കത്തിനെച്ചൊല്ലിയുള്ള ആരോപണമെന്നാണ് പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിലുള്ള അടിയന്തരപ്രമേയ നോട്ടീസിനെ മന്ത്രി രാജേഷ് വിലയിരുത്തിയത്. എഴുതിയ ആൾ എഴുതിയിട്ടില്ലെന്നും കിട്ടിയെന്ന് പറയപ്പെടുന്നയാൾ കിട്ടിയിട്ടില്ല എന്നും പറയുന്നതായ കത്തിന്റെ പകർപ്പ് മാത്രമാണിതെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ഒരു കത്തിനെ അനവധി കത്തുകളുയർത്തി പ്രതിരോധിക്കാൻ ശ്രമിച്ച മന്ത്രി രാജേഷ്, ഉമ്മൻചാണ്ടി ഭരണകാലത്ത് പലരുമയച്ച ശുപാർശക്കത്തുകൾ വായിക്കുന്നില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉയർത്തിക്കാണിച്ചു. ചിലതൊക്കെ വായിച്ചുവിട്ടു.

ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പണ്ട് ഇ.എം.എസ് പറഞ്ഞത് മാതിരിയാണല്ലോ മന്ത്രിയുടെ പറച്ചിൽ എന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ തോന്നൽ. മന്ത്രി വ്യാജക്കത്ത് എന്ന് പറഞ്ഞുകഴിഞ്ഞാൽ കത്ത് വിവാദത്തിന്മേൽ നടക്കുന്ന അന്വേഷണത്തിന് എന്ത് പ്രസക്തി എന്നദ്ദേഹം ചോദിച്ചു. പട്ടിപിടുത്തക്കാർ തൊട്ട് യൂണിവേഴ്സിറ്റി അസിസ്റ്റന്റുമാരെ വരെ പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ കത്ത് വഴി നിയമിക്കുന്ന നാണംകെട്ട ഭരണമെന്ന് വിഷ്ണുനാഥ് പരിതപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.