SignIn
Kerala Kaumudi Online
Thursday, 25 April 2024 4.32 PM IST

വിഴിഞ്ഞം സമരവും നിയമസഭയുടെ മനസും

photo

സംസ്ഥാനത്തിന്റെ കാര്യത്തിൽ കുട്ടിക്കളി പറ്റില്ലെന്നത് കൊണ്ടാണ് വിഴിഞ്ഞം തുറമുഖപദ്ധതി തുടരട്ടെ എന്ന് ഇടതുസർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തി. പദ്ധതി പൊതുമേഖലയിലാകാനുള്ള അദമ്യമായ ആഗ്രഹം വെടിഞ്ഞ്, അദാനിക്ക് കൊടുത്തതിനോട് പൊരുത്തപ്പെട്ട മുഖ്യമന്ത്രിയുടേയും ഭരണകക്ഷിയുടേയും ത്യാഗമനസിനെ പ്രതിപക്ഷം മാനിച്ചെന്ന് തോന്നുന്നു. വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ സമരം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി വാശി ഉപേക്ഷിക്കണമെന്നുവരെ പ്രതിപക്ഷം ഉപദേശിച്ചതാണ്. എന്നാൽ ചർച്ചയ്ക്കൊടുവിൽ സമാധാനകാംക്ഷിയായ മുഖ്യമന്ത്രിയുടെ സാരോപദേശത്തിൽ പ്രതിപക്ഷത്തെ സന്ദേഹമനസുകളെല്ലാം അലിഞ്ഞു. അങ്ങനെ രണ്ടേമുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന വിഴിഞ്ഞം ചർച്ച സഭയ്ക്കകത്ത് അല്ലലില്ലാതെ കടന്നുപോയി.

സമൂഹത്തിന് പുരോഗതി അന്യമായിക്കൂടാ, സമാധാനത്തിന് ഭംഗവും വന്നുകൂടാ എന്ന മുഖ്യമന്ത്രിയുടെ ഉപദേശം പ്രതിപക്ഷം കേട്ടു. അതിനാൽ പ്രമേയത്തിലുറച്ച് നിന്നവർ ഭംഗം സൃഷ്ടിച്ചില്ല.

വനിതകളെ സഭാനിയന്ത്രണത്തിനുള്ള പാനൽ അദ്ധ്യക്ഷരാക്കിയ മാതൃക, രക്ഷയില്ലാതെ ഗോഡൗണിൽ കഴിയുന്ന പെൺമക്കൾക്ക് കാവലിരിക്കേണ്ടി വരുന്ന മത്സ്യത്തൊഴിലാളി അമ്മമാരുടെ കാര്യത്തിലും കാണിച്ചിരുന്നെങ്കിൽ എന്നൊക്കെ ചോദിച്ച് പ്രമേയം അവതരിപ്പിച്ച എം. വിൻസന്റ് ഗദ്ഗദകണ്ഠനായി. കരയുകയാണോ എന്ന ചോദ്യം ഭരണപക്ഷത്ത് നിന്ന് ഉയർന്നപ്പോൾ 'നിങ്ങൾക്ക് കരച്ചിൽ വരാത്തത് മനസിന്റെ പ്രശ്നമാണെന്ന് '.വിൻസന്റ് തിരിച്ചടിച്ചു.

യു.ഡി.എഫിന്റെ കാലത്തേ വികസനം നടക്കാവൂ എന്ന് ചിന്തിക്കുന്ന വൈകല്യം സജി ചെറിയാൻ പ്രതിപക്ഷത്തിൽ കണ്ടെത്തി. "മിസ്റ്റർ സി.എം, യൂ ഷുഡ് ആക്ട് ആസ് എ സ്റ്റേറ്റ്മാൻ...അങ്ങേയ്ക്കിതെന്ത് പറ്റി? മുഖ്യമന്ത്രി ഉയർന്നുനിന്ന് പ്രവർത്തിക്കണം"- രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയെ ഉപദേശിക്കാനുണ്ടായിരുന്നത് ഇത്രയുമാണ്. സമരക്കാരിലെ ഉയർന്ന നേതാവിനോട് താൻ സംസാരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചു. അത് സ്റ്റേറ്റ്സ്മാൻഷിപ്പാണോ എന്നറിയില്ലെന്നും പറഞ്ഞു.

വിഴിഞ്ഞം വിഷയത്തിലെ നിലപാട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി: "സമരക്കാർക്കും സർക്കാരിനുമിടയിൽ കുറുക്കനായി നിന്ന് ചോരകുടിക്കാൻ ഞങ്ങളില്ല. മുഖ്യമന്ത്രി ഇടപെട്ട് സമരം തീർക്കണം."

അബ്ദുറഹ്മാന്റെ പേരിനെ അധിക്ഷേപിച്ചിട്ട് ലീഗുകാർ പോലും അഴകൊഴമ്പൻ നിലപാടെടുത്തെന്ന് മുഹമ്മദ് മുഹസിൻ പറഞ്ഞതിൽ ലീഗുകാർ പ്രകോപിതരായി. മന്ത്രിക്കെതിരായ അധിക്ഷേപത്തെ ലീഗ് ശക്തിയായി അപലപിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എന്നാൽ അതുവച്ച് രാഷ്ട്രീയമുതലെടുപ്പിനില്ലെന്നും വ്യക്തമാക്കി.

വിഴിഞ്ഞത്തിന്റെ മറവിൽ വിമോചനസമരത്തിന്റെ പരിപ്പ് വേവിക്കാനൊരുങ്ങുന്ന ചിലരെയാണ് വി.ജോയി കണ്ടത്. 59ലെ വിമോചനസമരത്തോട് നെഹ്റുവിന് താത്‌പര്യമില്ലായിരുന്നെന്ന് പ്രതിപക്ഷത്തെ അദ്ദേഹം ഓർമ്മിപ്പിച്ചത് ആർ. ശങ്കറിന് നെഹ്റു അയച്ച കത്ത് വായിച്ചുകൊണ്ടാണ്.

സഭാനിയന്ത്രണത്തിനുള്ള പാനലിലേക്ക് ചരിത്രത്തിലാദ്യമായി വനിതകളെ മാത്രമുൾപ്പെടുത്തിയ സ്പീക്കർ എ.എൻ. ഷംസീറിന് മുക്തകണ്ഠ പ്രശംസയാണ് ലഭിച്ചത്. തീരുമാനത്തെ ഖത്തർ ലോകകപ്പിൽ ജർമ്മനി- കോസ്റ്റാറിക്ക കളി നിയന്ത്രിക്കാൻ മൂന്ന് വനിതാറഫറിമാരെ നിശ്ചയിച്ചതിനോട് ഉപമിച്ചത് നെന്മാറ കെ. ബാബുവാണ്. അദ്ധ്യക്ഷക്കസേരയിൽ ആദ്യഊഴം കിട്ടിയ പാനൽഅംഗം യു. പ്രതിഭയെ അംഗങ്ങൾ ഡസ്കിലിടിച്ച് വരവേറ്റു.

പൊതുപ്രവർത്തകർക്കെന്തിന് പൊലീസ് സുരക്ഷയെന്ന ചോദ്യമുയർത്തിയ കെ.ബി. ഗണേശ് കുമാറിന്റെ പോക്കെങ്ങോട്ടെന്ന് പെട്ടെന്ന് ഒരാശങ്കയുണ്ടായി. ഐ.പി.എസുകാർ വീട്ടുജോലിക്കുൾപ്പെടെ പൊലീസുകാരെ വയ്ക്കുന്നത് കാരണം ക്രമസമാധാനപാലനത്തിന് പൊലീസിനെ കിട്ടാനില്ലെന്ന ഉപക്ഷേപത്തിനിടയിലാണ് ഗണേശിന്റെ 'വഴിവിട്ട' പോക്ക്. മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും സുരക്ഷ വേണമെന്ന് അടുത്ത സെക്കൻഡിൽ ഗണേശ് പറഞ്ഞപ്പോൾ ആശങ്കപ്പെട്ടവർക്കും ആശ്വാസമുണ്ടായി. ഗണേശിന്റെ ഉപക്ഷേപം മുഖ്യമന്ത്രിക്ക് രസിച്ചു. എറണാകുളത്ത് പൊതുയോഗത്തിൽ പ്രസംഗിച്ച് ഇറങ്ങിവന്നയാളെ ഒരു കാരണവുമില്ലാതെ കുത്തിയ കേസ് പറഞ്ഞ് സുരക്ഷാ അനിവാര്യതയുടെ കാര്യം മുഖ്യമന്ത്രി ഗണേശിനെ ഓർമ്മിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.