SignIn
Kerala Kaumudi Online
Thursday, 18 April 2024 9.43 PM IST

നോക്കി നിന്ന് കൂലി വാങ്ങിച്ചാൽ കേസെടുക്കാൻ മടിക്കരുത്

nokku-kooli

'നോക്കുകൂലി' എന്ന വാക്ക് കേട്ട് കുറെ നാളായി ഹൈക്കോടതി അമർഷത്തിലായിരുന്നു. പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും യൂണിയൻകാർക്കും തൊഴിലാളികൾക്കും തെല്ലും കൂസലുണ്ടായില്ല. ഒടുവിൽ അറ്റകൈ പ്രയോഗത്തിലേക്ക് കടന്നിരിക്കുകയാണ് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികൾക്കും അവരെ നയിക്കുന്ന യൂണിയൻ നേതാക്കൾക്കുമെതിരെ ക്രിമിനൽ കുറ്റമായ പിടിച്ചുപറി ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സാദ്ധ്യമായ മുഴുവൻ വകുപ്പും ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് സമീപകാല സംഭവങ്ങളെ ഗൗരവത്തിലെടുത്തും സമൂഹത്തെ കാർന്നു തിന്നുന്ന ഒരു കാൻസറിനെ പറിച്ചെടുത്ത് കളയുക എന്ന ലക്ഷ്യത്തോടും കൂടിയാണ്. പരാതി ലഭിച്ചാൽ എല്ലാ വകുപ്പനുസരിച്ചും കേസെടുക്കുമെന്നുറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി ഡിസംബർ എട്ടിനകം സർക്കുലർ പുറപ്പെടുവിക്കണമെന്നും വ്യക്തമാക്കി. മാസങ്ങളായി മുന്നിലെത്തിയ നിരവധി നോക്കുകൂലി കേസുകൾ പരിഗണിച്ചപ്പോൾ തൊഴിലാളി യൂണിയനുകൾക്ക് പലതവണ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കോടതി നിർദ്ദേശങ്ങൾ പുല്ലുവില കല്‌പിച്ചായിരുന്നു തൊഴിലാളികളുടെ അഴിഞ്ഞാട്ടം. പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല നോക്കുകൂലിയെന്ന് ഓരോ സിറ്റിംഗിലും ഹൈക്കോടതി ഓർമ്മിപ്പിച്ചെങ്കിലും ഫലവത്താകുന്ന പ്രവണത ഒരിക്കലുമുണ്ടായില്ല. പണിയെടുക്കാതെ കൂലി വാങ്ങാൻ തുനിഞ്ഞിറങ്ങുന്നവർ ഇനി അഴിക്കുള്ളിലാകുമെന്ന് ഉറപ്പാക്കേണ്ടത് പൊലീസ് സേനയാണ്.

നോക്കുകൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയാൽ ചുമട്ടു തൊഴിലാളി ലൈസൻസ് റദ്ദാക്കാനും പിഴയീടാക്കാനും വ്യവസ്ഥ ചെയ്‌ത് കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് ഇനി സർക്കാരും നിലപാട് വ്യക്തമാക്കണം. ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതിക്ക് ആലോചനയുണ്ടെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നതാണ്. വെറുതേ ഉത്തരവിട്ടതുകൊണ്ട് മാത്രം ഫലമില്ലെന്ന് വിലയിരുത്തിയാണ് പൊലീസ് മേധാവിയോട് സർക്കുലർ പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചത്. ഡിസംബർ എട്ടിന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ പൊലീസ് മേധാവിക്ക് കോടതിക്ക് മുന്നിൽ നടപടി മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയേ മതിയാകൂ.

നോക്കുകൂലിയെന്ന അപരിഷ്‌കൃത രീതി സംസ്ഥാനത്ത് മാത്രമാണ് നടമാടുന്നതെന്ന് വിശദമായി പരിശാേധിച്ചാൽ വ്യക്തമാകും.

വെറുതെ നോക്കിനില്‌ക്കുന്നതിന് കൂലി ലോകത്ത് മറ്റൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. പരാതി ലഭിച്ചാൽ തൊഴിലാളിയെ മാത്രം ശിക്ഷിച്ചിട്ട് കാര്യവുമില്ല. അവരെ നയിക്കുന്ന യൂണിയൻ നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചാലേ അപരിഷ്‌കൃത രീതികൾ പൂർണമായും സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാൻ കഴിയൂ. ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിച്ചത് നോക്കുകൂലിയിൽ കോടതി ഇടപെട്ടതു കൊണ്ടാണെന്നും സിംഗിൾബെഞ്ചിന്റെ നിരീക്ഷണം പൂർണമായും ശരിയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. കഴിഞ്ഞ ഒരു വർഷമായി കോടതി ഇടപെടൽ അത്തരത്തിലായിരുന്നു. നോക്കുകൂലി സമൂഹത്തിൽ നിന്ന് തുടച്ചുനീക്കുക തന്നെ വേണമെന്ന ഉറച്ച തീരുമാനത്തിലാണ് കോടതി ഓരോ കേസുകളും പരിഗണിച്ചിരുന്നത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ക്രിമിനൽ കുറ്റമായ പിടിച്ചുപ്പറി കേസിലെ സാദ്ധ്യമായ മുഴുവൻ കുറ്റങ്ങളും ചുമത്തിയാൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാം. പുതിയ ഉത്തരവ് പ്രകാരം ഇക്കാര്യത്തിൽ പൊലീസ് മേധാവിക്ക് സർക്കുലർ ഇക്കാതെ നോക്കിയിരിക്കാനാവില്ല. എന്നാൽ, മറ്റൊരു കാര്യം ഒാർക്കുന്നതും നല്ലതായിരിക്കും. നോക്കുകൂലി ചോദിച്ചാൽ ക്രിമിനൽ കേസ് എടുക്കണമെന്ന് 2012 ൽ പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു. 2018 മേയ് ഒന്നു മുതൽ നോക്കുകൂലി നിരോധിച്ച് സർക്കാർ ഉത്തരവും ഇറക്കിയിരുന്നു. ഇതെല്ലാം നിലനില്‌ക്കെയാണ് പകൽവെളിച്ചത്തിൽ ഒരു മയവുവുമില്ലാതെ യൂണിയൻ നേതാക്കളും തൊഴിലാളികളും നോക്കുകൂലിക്കായി കൈനീട്ടുന്നത്.

നോക്കുകൂലി നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയപ്പോൾ നിരവധി നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. ഇത് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നതാണ്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു ലേബർ വകുപ്പിന്റെ വീരവാദം. ഇതിന്റെ ഭാഗമായി ജില്ലകളിൽ കളക്‌ടർ ചെയർമാനായും ജില്ലാ ലേബർ ഓഫീസർ കൺവീനറുമായി സമിതികൾ നിലവിൽ വന്നിരുന്നു. തൊഴിലാളികളെ ബോധവത്‌‌കരിക്കാൻ യൂണിയനുകൾ മുന്നിട്ടിറങ്ങുമെന്ന ഉറപ്പ് നൽകിയെങ്കിലും ഒന്നും നടപ്പായില്ല. ടോൾഫ്രീ നമ്പർ നൽകി ലേബർ കമ്മിഷണറേറ്റിൽ പ്രത്യേക സെല്ലും തുടങ്ങിയിരുന്നു. മിനിട്ടുകൾക്കുള്ളിൽ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി പരിഹരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജില്ലാ ലേബർ ഓഫീസർമാർ നിജപ്പെടുത്തിയ കൂലി പട്ടികയുടെ അടിസ്ഥാനത്തിലെ കൂലി വാങ്ങാൻ കഴിയൂ. പട്ടികയിൽപ്പെടാത്ത ഇനങ്ങൾക്ക് ഉഭയകക്ഷി സമ്മതപ്രകാരം കൂലിയെന്നായിരുന്നു നിബന്ധന.

ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിൽപ്പെടാത്ത ഗാർഹിക ആവശ്യങ്ങൾക്കും കാർഷികോത്പന്നങ്ങളുടെ കയറ്റിറക്കുമതിക്കും ഇഷ്‌ടമുള്ളവരെ നിയമിക്കാം. അംഗീകൃത തൊഴിലാളികളെ വിളിച്ചാൽ അതത് മേഖലകളിലെ കൂലി നൽകണം. കൂലിക്ക് തൊഴിലാളി കൺവീനർ ഒപ്പിട്ട് ഇനം തിരിച്ചുള്ള രസീത് തൊഴിലുടമയ്‌ക്ക് നൽകണം. തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയോ, നാശനഷ്‌ടം വരുത്തുകയോ ചെയ്‌താൽ ലേബർ ഓഫീസർ പൊലീസിനെ വിവരമറിയിക്കണം. അമിത കൂലി വാങ്ങിയത് ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ലേബർ ഓഫീസർ തിരികെ വാങ്ങി തൊഴിലുടമയ്‌ക്ക് നൽകണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് ഒരു ദാക്ഷിണ്യവും കൂടാതെ തുടർച്ചയായി നിയമലംഘനം അരങ്ങേറിയത്.

നോക്കുകൂലിയെ കേരളത്തിൽ നിന്ന് വേരോടെ പിഴുതെറിയണമെന്നും ആ വാക്ക് ഇനി കേൾക്കരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നോക്കുകൂലി ചോദിച്ചാൽ കൊടിയുടെ നിറം നോക്കാതെ പൊലീസ് കർശന നടപടി സ്വീകരിക്കണം.

സർക്കാർ ധീരമായി

മുന്നോട്ടു വരണം

കേരളം അക്രമോത്സുകമായ ട്രേഡ് യൂണിയനിസമുള്ള സംസ്ഥാനമാണെന്ന പ്രതിച്ഛായ മാറണം. ട്രേഡ് യൂണിയനുകൾ ഇല്ലെങ്കിൽ ചൂഷണം നടക്കാം. എന്നാൽ, യൂണിയനുകൾ നിലകൊള്ളേണ്ടത് നിയമപരമായ അവകാശങ്ങൾക്കാണ്. അടിപിടിയുണ്ടാക്കാനല്ല യൂണിയൻ രൂപീകരണം. മറ്റ് സംസ്ഥാനങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ ഏതുതലം വരെ പോകുന്നുവെന്ന് നോക്കണം. കോടതിയുടെ ഈ നിരീക്ഷണങ്ങൾ നടപ്പാകണമെങ്കിൽ സർക്കാർ ധീരമായി മുന്നോട്ടു വരണം. യൂണിയനുകളെ അഴിച്ചുവിടുന്ന രീതിക്ക് ഇനിയെങ്കിലും ഒരവസാനമുണ്ടാകണം. ഇക്കാര്യത്തിൽ കൊടിയുടെ നിറം നോക്കിയോ ബാഹ്യസമ്മർദ്ദമോ ഇല്ലാതെ നടപടിയെടുക്കാൻ പൊലീസിന് കഴിയണമെന്നും ഹൈക്കോടതി പലതവണ പറഞ്ഞെങ്കിലും നിർദ്ദേശങ്ങൾ ചവറ്റുകുട്ടയിലാണ് വീണത്. ഈ തിരിച്ചറിവാണ് ക്രിമിനൽ കുറ്റമായ പിടിച്ചുപറി കേസ് ചുമത്തണമെന്ന കർശന ഉത്തരവിലേക്ക് കോടതിയെ നയിച്ചത്. ഇപ്പോൾ കോടതി ഉത്തരവുണ്ട്. ലേബർ വകുപ്പിന്റെ കർശന മാർഗ നിർദ്ദേശങ്ങളുമുണ്ട്. നോക്കുകൂലി ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കാൻ പൊലീസിന് പൂർണമായ അധികാരവും ലഭിച്ചു. ആ അധികാരം എത്രമാത്രം ഫലപ്രദമായി വിനിയോഗിക്കുന്നുവെന്നാണ് കണ്ടറിയേണ്ടത്. പന്ത് ഇപ്പോൾ തങ്ങളുടെ കോർട്ടിലാണെന്ന തിരിച്ചറിവാണ് ഇനി പൊലീസിന് വേണ്ടത്. ഒരു കാര്യം ഉറപ്പാണ്. നോക്കുകൂലി കേസുമായി ഇനി ആരെങ്കിലും കോടതിയുടെ മുന്നിലെത്തിയാൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടെത്തി മറുപടി നൽകേണ്ടി വരും. ഉത്തരവ് നടപ്പാക്കിയില്ലെന്ന് ഉറപ്പായാൽ ഒരു പക്ഷേ കോടതിയലക്ഷ്യ നടപടി വരെ നേരിടണം. അത്തരമൊരു സാഹചര്യം ഒഴിവാക്കി മലയാളികളുടെ നിഘണ്ടുവിൽ നിന്ന് നോക്കുകൂലിയെന്ന വാക്കുതന്നെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NOKKUKOOLI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.