SignIn
Kerala Kaumudi Online
Friday, 29 March 2024 5.36 AM IST

സ്‌നേഹവിളക്കേന്തിയ മാലാഖമാർ

photo

ഇന്ന് ലോക നഴ്സസ് ദിനം

...............................................

ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനം ഇന്ന്. ' വിളക്കേന്തിയ വനിത' എന്ന് ലോകം വിശേഷിപ്പിക്കുന്ന ആ മഹതിയുടെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്സസ് ദിനം. ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസിന്റെ (ഐ.സി.എൻ) നേതൃത്വത്തിൽ മേയ് ആറ് മുതൽ 12 വരെ ദിനാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നു.

ജനനം മുതൽ മരണം വരെ മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നേർസാക്ഷികളാണ് നഴ്സുമാർ. കാവൽ മാലാഖയെന്ന കേൾക്കാൻ ഇമ്പമുള്ള വിളിപ്പേരിൽ നിന്നും മുന്നണിപ്പോരാളിയിലേക്കുള്ള പരിവർത്തനമാണ് ഓരോ നഴ്സിന്റേയും ജീവിതം. ഭീതിനിറച്ച് കൊവിഡ് താണ്‌ഡവത്തിൽ പി.പി.ഇ കിറ്റിനുള്ളിൽ ഉരുകിയൊലിക്കുമ്പോഴും രോഗികളെ ജീവന്റെ കരതൊടുവിക്കാൻ ഓരോ നഴ്‌സും സ്വന്തം ജീവൻ മറന്ന് പോരാടി. രോഗികളുടെ കുടുംബാംഗങ്ങൾ പോലും ജീവഭയത്താൽ ഉൾവലിഞ്ഞപ്പോഴാണ് വെല്ലുവിളി നഴ്സിംഗ് സമൂഹം സധൈര്യം ഏറ്റെടുത്തത്.

രോഗബാധിതരെ നഴ്സുമാർ രണ്ടുകൈയും നീട്ടി സ്വീകരിച്ച് സ്‌നേഹവും പരിചരണവും നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. വാക്‌സിൻ വിതരണം ഉൾപ്പടെയുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നഴ്സുമാരുടെ പങ്ക് ലോകം അംഗീകരിച്ചു.

വാതിലടഞ്ഞ

കൊവിഡ് കാലം

കൊവിഡ് കാലത്തെ ത്യാഗപൂർണമായ ഈ പ്രവർത്തനത്തിന് വലിയ വിലയും നൽകേണ്ടിവന്നു അവർക്ക്. നിരവധി നഴ്സുമാർക്ക് ജീവൻ നഷ്ടമായി. അനേകം പേർ ഇന്നും പോസ്റ്റ് കൊവിഡ് പ്രയാസങ്ങളിൽ ജീവിക്കുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ സാമൂഹ്യമായ ഭ്രഷ്ടിന് പോലും നമുക്കിടയിലെ നിരവധി നഴ്സുമാർ വിധേയരായി. പലർക്കും വീടൊഴിഞ്ഞ് പോകേണ്ടിവന്നു. ബന്ധുജനങ്ങൾ അകന്നു പോകുന്നത് വേദനയോടെ കാണേണ്ടിവന്നു. വാഹനത്തിൽ കയറാൻ ഉടമകളും സഹയാത്രികരും അനുവദിക്കാത്ത സാഹചര്യം, വീട്ടുസാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.. തൊഴിലിടങ്ങളിലെ സ്ഥിതി ഇതിലും ഭയാനകമായിരുന്നു. പി.പി.ഇ കിറ്റും മാസ്‌കും ഉൾപ്പെടെ സ്വയരക്ഷയ്ക്ക് ആവശ്യമായ സാമഗ്രികൾ പോലും ആവശ്യത്തിന് ലഭിക്കാതെ വിഷമിക്കുന്ന നഴ്സുമാരുടെ ദുരവസ്ഥ വികസിതരാജ്യങ്ങളിലെ പഞ്ചനക്ഷത്ര ആശുപത്രികളിൽ നിന്നുപോലും മാദ്ധ്യമങ്ങൾ ലോകത്തെ അറിയിച്ചു.

രോഗബാധിതരായ നഴ്‌സുമാരെ നിഷ്‌കരുണം അകറ്റിനിറുത്തുകയും ചികിത്സ നിഷേധിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ആശുപത്രികൾ വരുമാനത്തിൽ ഇടിവ് സംഭവിച്ചെന്ന കാരണം പറഞ്ഞ് നഴ്‌സുമാരെ ജോലിയിൽ നിന്ന് പുറത്താക്കുകയും ശമ്പളം നിഷേധിക്കുകയും ചെയ്തു. ഗർഭിണികളായവരെ പോലും പുറത്താക്കി ഹോസ്റ്റലുകൾ അടച്ചു.

കരയുന്ന മാലാഖ

നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങൾക്കുനേരെ പൊതുവിൽ അധികാരികളും സമൂഹവും കണ്ണടയ്ക്കുന്നതാണ് അനുഭവം. കൊടിയ ചൂഷണമാണ് സ്വകാര്യമേഖലയിൽ ഈ വിഭാഗം അനുഭവിക്കുന്നത്. മിനിമം വേതനം ഉറപ്പുവരുത്തണമെന്ന സുപ്രീംകോടതി നിർദ്ദേശംപോലും ഭാഗികമായെങ്കിലും നടപ്പിലാക്കിയത് കേരളമുൾപ്പെടെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് കേരളത്തിൽ ഇത് ഏറെക്കുറെ സാദ്ധ്യമാക്കിയത്.
അമിത ജോലിഭാരത്താൽ വീർപ്പുമുട്ടുന്നവരാണ് നഴ്സുമാർ. 1961ലെ സ്റ്റാഫ് പാറ്റേണുമായാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ ഇപ്പോഴും പ്രവർത്തിക്കുന്നത്. അത് മാറ്റിയെടുക്കാനുള്ള ആത്മാർത്ഥ പരിശ്രമങ്ങൾ സമീപവർഷങ്ങളിലുണ്ടായെങ്കിലും ലക്ഷ്യത്തിലെത്താൻ ഇനിയുമേറെ മുന്നോട്ട് പോകണം. ബഡ്‌ജറ്റിലൂടെ ആരോഗ്യമേഖലയ്‌ക്ക് മികച്ച പരിഗണന നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിയണം.

ലോകാംഗീകാരം നേടിയവരാണ് മലയാളി നഴ്സുമാർ. കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനം ചെലുത്തുന്ന പ്രവാസി മലയാളികളിൽ പ്രഥമഗണനീയർ. സംസ്ഥാനത്തെ ഗുണമേന്മയുള്ള നഴ്സിംഗ് വിദ്യാഭ്യാസമാണ് ഇത് സാദ്ധ്യമാക്കിയത്. ഈ മേഖലയും പോരായ്മകൾ തിരിച്ചറിഞ്ഞ് ശക്തിപ്പെടുത്തേണ്ടതുണ്ട്.

ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്സുമാരുടേതാണ് വരുംനാളുകൾ. ഇത് മുന്നിൽക്കണ്ട് നഴ്സിംഗ് രംഗത്ത് കൂടുതൽ നിക്ഷേപമുണ്ടാവണമെന്നാണ് ഐ.സി.എൻ ആവശ്യപ്പെടുന്നത്. ചികിത്സാ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് നഴ്സിംഗ് മേഖലയിലും കൂടുതൽ വൈവിദ്ധ്യവത്കരണം ഉണ്ടാകണം. നഴ്സിംഗ് മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളെ ഏകോപിപ്പിച്ച് നഴ്സിംഗ് ഡയറക്ടറേറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പ്രാധാന്യമുണ്ട്.



കേരള ഗവ.നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NURSES DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.