SignIn
Kerala Kaumudi Online
Saturday, 20 April 2024 8.25 AM IST

യുദ്ധഭൂമിയിൽ നിന്ന് കരുതലിന്റെ ഗംഗ

operationganga

ഒരു പ്രവാസിയുടെ ഏറ്റവും വലിയ ആത്മവിശ്വാസം,​ ഏതു പ്രതിസന്ധിഘട്ടത്തിലും മാതൃരാജ്യം കൂടെയുണ്ടാകും എന്നതാണ്. ഇതിനു തെളിവാണ് യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ ആനന്ദക്കണ്ണീർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ ഗംഗയ്‌ക്ക് കരുതലിന്റെ പുണ്യതീർത്ഥം എന്നുകൂടി അർത്ഥമുണ്ട്.

സംഘർഷം തുടങ്ങിയ നാൾ മുതൽ റഷ്യയിലെയും യുക്രെയിനിലെയും ഭരണനേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ടു ബന്ധപ്പെട്ടത് നമ്മുടെ സഹോദരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഉത്‌കണ്‌ഠയിലായിരുന്നു. അദ്ദേഹത്തിന്റെ കരുത്തുറ്റ ഇടപെടലിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാർച്ച് ഏഴിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ ഫോണിൽ വിളിച്ച്,​ സുമിയിൽ ശേഷിച്ചിരുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവച്ചതാണ്. അതേദിവസം തന്നെ മോദി യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയുമായും സംസാരിച്ച് റഷ്യയെയും യുക്രെയിനെയും കൊണ്ട് താത്‌കാലികമായെങ്കിലും ആക്രമണം നിറുത്തിവയ്പിക്കാനും 'മനുഷ്യസ്‌നേഹ ഇടനാഴി'യിലൂടെ നമ്മുടെ വിദ്യാർത്ഥികളെ യുദ്ധമുഖത്തുനിന്ന് രക്ഷിക്കാനും അവസരമൊരുക്കി.

കരുത്തും സ്വാധീനവും

80 വിമാനങ്ങളും രണ്ടു ഡസനോളം കേന്ദ്രമന്ത്രിമാരുമാണ് ഓപ്പറേഷൻ ഗംഗയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചത്. രക്ഷാദൗത്യത്തിന് ഇന്ത്യ നൽകിയ പ്രാധാന്യമാണ് ഇതു വ്യക്തമാക്കുന്നത്. വ്യോമസേനാ വിമാനങ്ങൾക്കു പുറമേ സ്വകാര്യ കമ്പനികളുടെ വിമാനങ്ങളും ദൗത്യത്തെ സഹായിച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നൊക്കെ ഇന്ത്യൻ വിമാനങ്ങളുടെ ഇരമ്പലുയർന്നു.

ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, വി.കെ സിംഗ് എന്നീ കേന്ദ്രമന്ത്രിമാരെ നേരിട്ട് യുദ്ധമേഖലകളിലേക്ക് അയച്ചാണ് പ്രധാനമന്ത്രി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടംവഹിച്ചത്. ഇന്ത്യൻ പൗരന്മാരെ രക്ഷിച്ചുകൊണ്ടുള്ള ആദ്യവിമാനം ഫെബ്രുവരി 26ന് മുംബയിലെത്തുമ്പോൾ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ അവരെ സ്വീകരിക്കാൻ ഇന്ത്യ കാത്തുനില്ക്കുകയായിരുന്നു. ന്യൂഡൽഹി വിമാനത്താവളത്തിലും ഇന്ത്യൻ പൗരന്മാരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രിമാർ പൂച്ചെണ്ടുകളുമായി കാത്തുനിന്നു.

22,​000 ഇന്ത്യൻ പൗരന്മാർ യുക്രെയിനിലുണ്ടെന്നായിരുന്നു ജനുവരിയിൽ നമുക്കുള്ള ആദ്യ വിവരം. ഫെബ്രുവരി 24ന് റഷ്യ യുക്രെയ്‌നിൽ ആക്രമണം തുടങ്ങുന്നതിന് ഒരുമാസം മുൻപു തന്നെ നമ്മൾ, ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികളുടെ ആദ്യ ചുവടുവയ്പുകൾ നടത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും ശക്തമായ സൈനിക നടപടിയുടെ മദ്ധ്യത്തിൽ നിന്നാണ് നമ്മുടെ പൗരന്മാരെ രക്ഷിച്ചെടുത്തത്.

ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്നതിന് ഇന്ത്യ നൽകിയ മുൻഗണനയ്ക്കു മുന്നിൽ മറ്റു രാജ്യങ്ങളും യുദ്ധത്തിൽ കക്ഷികളായ റഷ്യയും യുക്രെയിനും അമ്പരന്നെന്നാണ് മുൻകാല നയതന്ത്ര ഉദ്യോഗസ്ഥർ പല ചർച്ചകളിലും പറഞ്ഞുകേട്ടത്. കനത്ത വെടിവയ്പും ഷെല്ലാക്രമണവും കാരണം സുമിയിൽ നിന്നുള്ള രക്ഷാപ്രവർത്തനം മറ്റിടങ്ങളിലേക്കാൾ ദുഷ്‌കരമായല്ലോ. അങ്ങനെയാണ് താത്‌കാലിക വെടിനിറുത്തലെന്ന ആശയം തന്നെ റഷ്യ, യുക്രെയ്‌ൻ ചർച്ചകളിൽ വന്നത്.

മറ്റൊരു രാജ്യത്തെ യുദ്ധത്തിനിടെ, അതിൽ കക്ഷിയല്ലാത്ത ഒരു രാജ്യം സ്വന്തം പൗരന്മാരുടെ രക്ഷയ്ക്കുവേണ്ടി ഇടപെട്ടു നേടാവുന്ന വിജയത്തിന്റെ അങ്ങേയറ്റത്തെ നയതന്ത്ര വിജയമായിരുന്നു അത്. സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെയെല്ലാം സുരക്ഷിതരായി പോളണ്ട് അതിർത്തിയിലെത്തിക്കുകയും ചെയ്തു. പോളണ്ടിലെ റെസോവ് പട്ടണത്തിൽ നിന്ന് പ്രത്യേക വിമാനങ്ങൾ അവരെ ഇന്ത്യയിലെത്തിച്ചു.

135 കോടി ഇന്ത്യൻ ജനതയുടെ കണ്ണും കാതും മനസും ഈ ദിവസങ്ങളിൽ യുദ്ധബാധിത പ്രദേശങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ദുരന്തസാഹചര്യങ്ങളിൽ പറഞ്ഞുകേൾക്കുന്ന 'യുദ്ധകാലാടിസ്ഥാനത്തിലുള്ള' ഇന്ത്യയുടെ ഇടപെടൽ യുദ്ധമുഖത്ത് ലോകം കണ്ടു. ഇത് മിക്കപ്പോഴും നരേന്ദ്ര മോദിയെന്ന ഭരണകർത്താവിനു മാത്രം കഴിയുന്ന ഇച്ഛാശക്തിയുടെയും ഇടപെടൽ ശേഷിയുടെയും മികവുകൂടിയാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ ആന്തരികശക്തിയിലും ബാഹ്യസ്വാധീനത്തിലും വെറുതേയങ്ങ് വിശ്വസിക്കുകയല്ല. മറിച്ച്, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളുടെ മാറ്റത്തിനൊത്ത തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള നേതൃമികവ് കാട്ടിക്കൊടുക്കുകയാണ്. മുൻകാലങ്ങളിൽ നമ്മുടെ വിദേശനയത്തെക്കുറിച്ചുൾപ്പെടെ പറഞ്ഞുകേട്ട പൊങ്ങച്ച വർത്തമാനങ്ങളിൽ നിന്നു വ്യത്യസ്‌തമാണ് പ്രായോഗികതയിലും ആത്മാഭിമാനത്തിലും ഊന്നിയ ഈ സമീപനം. അതുകൊണ്ടുകൂടിയാണ് നമ്മുടെ സഹോദരങ്ങൾ സുരക്ഷിതരായി മടങ്ങിയെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPERATION GANGA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.