SignIn
Kerala Kaumudi Online
Friday, 29 March 2024 3.39 PM IST

ഗണേശിന്റെ വീറും വിലാപവും

photo

കേരള കോൺഗ്രസുകൾ കർഷക പാർട്ടിയാണെന്നാണ് കേട്ട ചരിത്രം. കോട്ടയം, ഇടുക്കി ജില്ലകളിൽ ആളും ആരവവും കാട്ടുന്ന കേരള കോൺഗ്രസ് പാർട്ടികൾക്ക് റബർ കൃഷിയും മലയോരങ്ങളിലെ നാണ്യവിളകളുമാണ് പണ്ടേയുള്ള ഇഷ്ടവിഷയം. പിന്നെയാെരു കേരളകോൺഗ്രസിനെ കാണണമെങ്കിൽ കൊല്ലത്ത് ചെല്ലണം. സ്ഥാപക നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ പേരിലാണ് അതറിയപ്പെടുന്നത്, കേരള കോൺഗ്രസ് ബി. തട്ടകം കൊട്ടാരക്കരയാണ്. ഇപ്പോൾ അവിടുന്ന് ലേശം വടക്കോട്ട് വേര് പടർത്തിയിട്ടുണ്ട്. ഇതോടെ പത്തനംതിട്ട എല്ലാ കേരള കോൺഗ്രസുകളുമുള്ള ജില്ലയായി. നേരത്തെ പേരിന് മാത്രം കേരള കോൺഗ്രസ് ബിക്ക് ആളുണ്ടായിരുന്ന ജില്ലയാണ് പത്തനംതിട്ട. കൊട്ടാരക്കരയിൽ നിന്ന് അത് പത്തനംതിട്ടയിലേക്ക് തല നീട്ടിയിട്ട് ഒരാഴ്ചയായി. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുമെന്ന് പറയുംപോലെയാണ് കാര്യം. പത്തനംതിട്ടയിലെ കേരള കോൺഗ്രസ് എമ്മിലുണ്ടായ പൊട്ടിത്തെറി പിളർപ്പായി മാറി. അത് ഗുണം ചെയ്തത് ഇവിടെ സ്വാധീനമില്ലാതിരുന്ന കേരള കോൺഗ്രസ് ബിയ്ക്കാണ്. പിളർന്ന് മാറിയത് ചില്ലറക്കാരല്ല. മാണി ഗ്രൂപ്പിന്റെ സംസ്ഥാന സമിതിയംഗവും തൊഴിലാളി വിഭാഗമായ കെ.ടി.യു.സിയുടെ ജില്ലാ പ്രസിഡന്റുമായ പി.കെ.ജേക്കബിന്റെ നേതൃത്വത്തിൽ വലിയൊരു വിഭാഗം കേരള കോൺഗ്രസ് ബിയിലേക്ക് ചേക്കറി. മുൻ നഗരസഭ വൈസ് ചെയർമാൻ കൂടിയായ പി.കെ ജേക്കബിന് പത്തനംതിട്ടയിൽ സൗഹൃദവലയങ്ങളേറെയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ നിലവിലുണ്ടായിട്ടു പോലും ജേക്കബ് വിളിച്ചു കൂട്ടിയ ലയന സമ്മേളനത്തിൽ ഇരുനൂറ്റമ്പതോളം പേർ തടിച്ചുകൂടി. കൂട്ടത്തിൽ പത്തനംതിട്ട നഗരസഭയിലെ രണ്ട് കൗൺസിലർമാരുമുണ്ടായിരുന്നു. മാണി ഗ്രൂപ്പ് പത്തനംതിട്ടയിൽ ഒരു സമ്മേളനം നടത്തിയാൽ കഷ്ടിച്ച് നൂറ്റമ്പത് പേരെ തികയ്ക്കാൻ കഴിയുകയില്ല. പക്ഷെ, പി.കെ ജേക്കബ് ഒന്ന് സടകുടഞ്ഞെഴുന്നേറ്റപ്പോഴേക്കും ഇരുന്നൂറ്റമ്പത് പേരാണ് സമ്മേളനത്തിനെത്തിയത് !. മാണി ഗ്രൂപ്പിന് ഇത് ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. നിലവിലെ മാണി ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് എൻ.എം രാജുവിന്റെ ഏകാധിപത്യ ശൈലിയിൽ പ്രതിഷേധിച്ചായിരുന്നു ജേക്കബിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ പിളർപ്പ്.

പിളർപ്പിലെ പരിഭവം

ലയന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് കേരള കോൺഗ്രസ് ബി ചെയർമാൻ കെ.ബി. ഗണേശ് കുമാറാണ്. കാര്യങ്ങൾ തുറന്നു പറയുന്ന രാഷ്ട്രീയക്കാരനാണ് ഗണേശ് കുമാർ. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയെന്ന വിശേഷണത്തെക്കുറിച്ച് കൂടുതലൊന്നും അദ്ദേഹത്തിന് പറയാനില്ലായിരുന്നു. പക്ഷെ, ഒരു കാര്യം അദ്ദേഹം എല്ലാ കേരള കോൺഗ്രസുകാരെയും ഒാർമിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലേക്ക് നോക്കിയാൽ, കേരള കോൺഗ്രസ് പോലുള്ള അവിടുത്തെ പ്രാദേശിക പാർട്ടികൾ ദേശീയ രാഷ്ട്രീയത്തെ വരെ നിയന്ത്രിച്ചിട്ടുണ്ട്. ബീഹാറിലും ഉത്തർപ്രദേശിലുമൊക്കെ ധാരാളം ചെറുപാർട്ടികളുണ്ട്. അവർ ദേശീയ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഒന്നിച്ചുനിന്ന് ശക്തി കാട്ടിയതുകൊണ്ടാണ്. എന്നാൽ, കേരളത്തിലെ പ്രാദേശിക പാർട്ടികളായ കേരള കോൺഗ്രസുകൾക്ക് ഡൽഹിയിലേക്ക് എത്തി നോക്കാൻ പോലും കഴിയുന്നില്ല. ഇവിടെ കൂട്ടത്തല്ല് ഒഴിഞ്ഞ നേരമില്ലാതായിരിക്കുന്നുവെന്നാണ് ഗണേശിന്റെ പരിഭവം. പല കാലങ്ങളിലും അധികാരത്തിന് വേണ്ടി ഭിന്നിച്ചു പോയ നേതൃത്വമാണ് കേരള കോൺഗ്രസിനെ ശിഥിലമാക്കിയതെന്ന് അദ്ദേഹം പരിതപിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ കേരള കോൺഗ്രസിന് മാത്രമേ ഇൗ ഗതികേട് അനുഭവിക്കേണ്ടി വന്നിട്ടുള്ളൂവെന്ന് അദ്ദേഹം രോഷം കൊള്ളുകയും ചെയ്തു. എന്നിരുന്നാലും യഥാർത്ഥ മതേതര ജനാധിപത്യ പാർട്ടി കേരള കോൺഗ്രസ് ബി ആണെന്നതിൽ അദ്ദേഹം അഭിമാനം കൊണ്ടു.

സുരേഷ് ഗോപിക്കൊരു ഷിറ്റ് !

വില്ലനായും പ്രതിനായകനായും വെള്ളിത്തിരയിൽ ശോഭിച്ച ഗണേശിന് രാഷ്ട്രീയത്തിൽ എതിരാളികൾക്ക് നേരെ കൊമ്പുകോർക്കുന്നതിലും മികവുണ്ട്. പാവങ്ങളുടെയും കർഷകരുടെയും കണ്ണീരൊപ്പേണ്ടവരാണ് കേരള കോൺഗ്രസുകാരെന്ന് ഒാർമിപ്പിച്ച ഗണേശ്, കർഷകരുടെ വേദന ചൂണ്ടിക്കാട്ടി നടൻ സുരേഷ് ഗോപിക്ക് നേരെ ഷിറ്റടിച്ചു. തേങ്ങയ്ക്ക് വിലയില്ലാതായ കാലത്ത് ഒരു നേതാവ് നാടുനീളെ തെങ്ങിൻ തൈകളുമായി നടക്കുകയാണെന്ന പരിഹാസം ഗണേശന്റെ സിനിമാ കാലത്തെ സമകാലികനായ സുരേഷ് ഗോപിക്കു നേരെയായിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷം പ്രമാണിച്ചായിരുന്നു സുരേഷ് ഗോപിയുടെ തെങ്ങിൻ തൈ വിതരണം. ഡൽഹിയിൽ കർഷകരുടെ സമരം നടക്കുമ്പോൾ പ്രധാനമന്ത്രി മിണ്ടാതെ നടക്കുന്നു. പൊലീസ് കർഷകരെ അടിച്ചോടിക്കുന്നു. കർഷകർക്ക് യാതൊരു വിലയും നൽകാത്ത ഭരണമെന്ന വിമർശനം ചെന്നെത്തിയത് സുരേഷ് ഗോപിക്കു നേരെയായിരുന്നു.

കേരള കോൺഗ്രസുകൾ കർഷക പാർട്ടികളെന്നാണ് പൊതുവെ കേട്ടിരിക്കുന്നത്. ഗാന്ധിമാർഗം സാക്ഷാൽ കോൺഗ്രസിനുള്ളതും. കർഷക വിഷയങ്ങൾക്ക് പഴക്കം വന്നിട്ടാകാം ഗണേശ് പാർട്ടിയുടെ പുതിയ നയം കൂടി പ്രഖ്യാപിച്ചു. അത് ഗാന്ധിമാർഗമാണ്. മഹാത്മാ ഗാന്ധിയുടെ ആദർശമാണ് കേരള കോൺഗ്രസ് ബിയെ നയിക്കുന്നതെന്ന് അദ്ദേഹം ലയന സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാവങ്ങളെയും പട്ടികവിഭാഗങ്ങളെയും സേവിക്കാനാണ് ഗാന്ധിജി ഉപദേശിച്ചതെന്ന് സമ്മേളനത്തിൽ ഒാർമിപ്പിച്ചപ്പോൾ തഴക്കവും പഴക്കവുമുള്ള നേതാക്കൾ ഇത് നയവ്യതിയാനമോ അടവു നയമോ എന്നു സംശയിച്ചു. മരണച്ചടങ്ങുകൾ പങ്കെടുത്ത് ഫോട്ടോ ഫേസ് ബുക്കിലിടുന്ന പാർട്ടി ലൈനിൽ നിന്നുളള മാറ്റം നേതാക്കളിലും പ്രവർത്തകരിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനസേവനം എന്ന ഗാന്ധിമാർഗത്തെ ഗണേശ്കുമാർ ഒാർമിപ്പിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.