SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.52 AM IST

ലഹരി നുരയുന്ന കേരളം, ഇരകളായി വിദ്യാർത്ഥികൾ

photo

സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർത്ഥികളിൽ ഉൾപ്പെടെ മാരകലഹരി മരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ പിടികൂടിയത് 15 കിലോയോളം എം.ഡി.എം.എയാണ്. 2021 ജനുവരി മുതൽ 2022 മേയ് വരെ സംസ്ഥാനത്ത് എക്‌സൈസ് പിടികൂടിയത് പത്തരകിലോ എം.ഡി.എം.എയാണ് 43 അരകിലോ ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. 7533 കിലോ കഞ്ചാവാണ് കഴിഞ്ഞ ഒരു വർഷക്കാലം സംസ്ഥാനത്ത് പിടികൂടിയത്. കൂടാതെ കഴിഞ്ഞ മാസത്തനിടെ 25ഓളം കേസുകളും റിപ്പോർട്ടു ചെയ്തു.

കൂടാതെ ലഹരി മരുന്നുമായി പിടിയിലാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
സംസ്ഥാനത്ത് നിരോധിത ലഹരി മരുന്നുകളുടെ ഉപയോഗം വലിയതോതിൽ വർദ്ധിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ ഉപയോഗം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. എക്‌സൈസ് പിടികൂടുന്ന ലഹരി മരുന്നുകളുടെ 20 ഇരട്ടിയിലധികം ലഹരി മരുന്നാണ് യഥാർത്ഥത്തിൽ കേരളത്തിലേക്ക് ഒഴുകുന്നത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളായ പെൺകുട്ടികളുടെ ഇടയിൽ പോലും മാരക ലഹരി മരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നു എന്നതാണ് ആശങ്കാജനകം. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളാണ് ലഹരി മരുന്ന് മാഫിയയുടെ കെണിയിൽ വീഴുന്നതിൽ ഭൂരിപക്ഷവും. 10 - 15 വയസുമുതലുള്ള കുട്ടികൾ ലഹരി മരുന്നുപയോഗിക്കുന്നവരുടെ ഭാഗമായി മാറുന്നുണ്ട്. തമാശയ്ക്കുവേണ്ടിയാണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ലഹരി ഉപയോഗിച്ച് തുടങ്ങുന്നതെങ്കിലും പിന്നെ അതിന് അടിമകളായി മാറുകയാണ്.

മുമ്പെല്ലാം കഞ്ചാവ് പോലുള്ള ലഹരികളെപ്പറ്റി മാത്രമേ ധാരണയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ എം.ഡി.എം.എ ഉൾപ്പെടെയുള്ളവ സജീവമായി വിൽക്കപ്പെടുന്നു. ഒരുകിലോ എം.ഡി.എം.എയുടെ വിപണിമൂല്യം അഞ്ചരക്കോടിയോളം വരും. അതിന് നല്ലൊരു മാർക്കറ്റായി കേരളം മാറി.
പരിശോധനകൾ കർശനമാണെങ്കിലും ബോധവത്കരണത്തിലൂടെമാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കൂ.

ന്യൂജൻ സംവിധാനത്തിന്റെ ഭാഗമായ സമൂഹമാദ്ധ്യമങ്ങളും ഫോണുകളും ഈ അവസ്ഥയ്ക്ക് പ്രധാന കാരണമാണ്.

വളരെ ചെറിയ പ്രായത്തിൽത്തന്നെ ലഹരി മരുന്ന് ഉപയോഗിച്ച് തുടങ്ങിയവരാണ് പിടിക്കപ്പെടുന്നവരിൽ ഏറെയും. സുഹൃത്തുക്കൾ മുഖേനെയാണ് ഭൂരിപക്ഷവും ലഹരി മരുന്നുകളിലേക്കെത്തുന്നത്. എം.ഡി.എം.എ പോലുള്ളവ ഉപയോഗിക്കുമ്പോൾ വലിയ ഊർജം ലഭിക്കുന്നുണ്ടെന്നാണ് പ്രതികൾ പറയുന്നത്. ഊർജം ലഭിച്ചെന്ന് പ്രചരിപ്പിച്ചാണ് പലരും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്.

പുതിയ തലമുറയിലെ ലക്ഷക്കണക്കിന് കുട്ടികളാണ് ആ മാരകവിപത്തിന് ഇരയാകുന്നത്. അവർക്കിടയിലെല്ലാം മയക്കുമരുന്നിനെതിരായ ബോധവത്കരണം സംഘടിപ്പിക്കേണ്ടതുണ്ട്. കൊലപാതകങ്ങളുടെ കാര്യത്തിലും ആത്മഹത്യയുടെ കാര്യത്തിലുമെല്ലാം മയക്കുമരുന്നിന്റെ സാന്നിധ്യം കാണാം.

ഒരു തലമുറതന്നെ അപകടത്തിലേക്ക് ചാടാതിരിക്കണമെങ്കിൽ നല്ലരീതിയിലുള്ള ബോധവത്കരണം യുവതിയുവാക്കൾക്കിടയിൽ നടത്തേണ്ടതുണ്ട്. അത് വിദ്യാർത്ഥികളിൽ നിന്ന് ആരംഭിക്കണം.

ലഹരി എത്തുന്ന വഴികൾ

വിദേശത്തുനിന്നും ഇന്ത്യയിലെ മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് ലഹരിമരുന്നുകളെത്തുന്നത്. തീരത്തുകൂടി ലഹരിമരുന്നുകൾ കടത്തുന്നതും കൂടുതലാണ്. ഇത്തരം ലഹരിക്കടത്ത് സംഘങ്ങൾക്ക് വലിയൊരു ശൃംഖലയുണ്ട്. എവിടെനിന്നാണ് ഇവയെത്തുന്നതെന്ന് കൃത്യമായി അറിയാനാകില്ല. ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളാണ് പ്രഭവ കേന്ദ്രമെന്നാണ് വിവരം. കേരളത്തിലേത് കാരിയർമാർ മാത്രമാണ്. ഇതിന്റെ പ്രധാനപ്പെട്ട കണ്ണികളെ കണ്ടെത്തുകയാണ് പ്രധാനം. നിലവിൽ ഈ ശൃംഖലയുടെ ഏറ്റവും ഇങ്ങേയറ്റത്തുള്ള ചെറിയ വിൽപ്പനക്കാരോ ഉപയോഗിക്കുന്നവരോ ഒക്കെയാണ് പിടിക്കപ്പെടുന്നത്. എവിടെനിന്ന്, ആരാണ് ഇത്രയധികം വിലയുള്ള ലഹരിമരുന്നുകൾ വലിയതോതിൽ കേരളത്തിലേക്ക് എത്തിക്കുന്നത് എന്നതിനെപ്പറ്റി അന്വേഷണത്തിൽ ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഒരുവിഭാഗം യുവാക്കളാണ് ഇതിന്റെയെല്ലാം വക്താക്കൾ. മറ്റ് ലഹരികൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഗന്ധമൊന്നും എം.ഡി.എം.എയ്ക്ക് ഇല്ലാത്തതുകൊണ്ട് അത് കൂടുതൽ ഉപയോഗിക്കാൻ യുവാക്കൾ തയ്യാറാകും. കാരണം രക്ഷിതാക്കൾക്കോ ബന്ധുക്കൾക്കോ യാതൊരു സംശയവും തോന്നില്ല. പക്ഷേ കുറച്ച് മാസങ്ങൾ കൊണ്ട് അയാളുടെ അവസ്ഥതന്നെ മാറും. നിരന്തരമായി എം.ഡി.എം.എ ഉപയോഗിക്കുന്നവരുടെ മാനസികനില തകരാറിലാകും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊറിയർ വഴിയും ലഹരിയെത്തുന്നുണ്ട്. അയക്കുന്നതെവിടെ നിന്നാണെന്നും ആരാണെന്നുമുള്ള വിവരങ്ങളാണ് കിട്ടാതിരിക്കുന്നത്. കേരളത്തിൽ ലഹരി എത്തിക്കുന്നത് ഇവിടെയുള്ളവർ മാത്രമല്ല. അന്യസംസ്ഥാന തൊഴിലാളികൾ വഴിയും ലഹരിയെത്തുന്നുണ്ട്.

ഇപ്പോൾ ലഹരി കാരിയർമാരാകാൻ ലഹരിക്ക് അടിമയാകണമെന്നില്ല . കാരണം എം.ഡി.എം.എ പോലുള്ള മയക്കുമരുന്നിന് വൻ തോതിൽ സാമ്പത്തികലാഭം നേടിത്തരാൻ സാധിക്കുന്നു.

കർശനപരിശോധനകളിലൂടെ ഇനിയെങ്കിലും മാരകലഹരിക്ക് തടയിട്ടില്ലെങ്കിൽ നമ്മുടെ ഭാവിതലമുറ നാശത്തിലേക്ക് പതിക്കുമെന്ന് ഉറപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.