SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.14 AM IST

ഞങ്ങൾ കൈകോർക്കുന്നു നിങ്ങൾ ഇടറാതിരിക്കാൻ

photo-

രണ്ട് വർഷം മുമ്പ് അമേരിക്കയുടെ പാരാലിമ്പിക് മെഡൽ ജേതാവ് ബ്ലെയ്ക്ക് ലീപ്പർ രണ്ടു വയസുകാരിയെ നടക്കാൻ പഠിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യമായി കൃത്രിമ കാൽ വച്ചുപിടിപ്പിച്ച കെ .ജെ ഡയർ എന്ന പെൺകുട്ടിയെ നടക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി തവണയാണ് ഇത് പങ്കുവയ്‌ക്കപ്പെട്ടത്.

എന്നാൽ കൗമാരക്കാർ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് കൃത്രിമ കൈകാലുകൾ നൽകി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് കണ്ണൂർ ജില്ലാപഞ്ചായത്തും ജില്ലാ ആശുപത്രിയും.

വിവിധ അവയവങ്ങൾ നഷ്ടപ്പെട്ട് ജീവിതത്തോട് പൊരുതുന്നവർക്ക് കൈത്താങ്ങാവുകയാണ് കണ്ണൂർ ഗവ. ജില്ലാ ആശുപത്രിക്ക് കീഴിലുള്ള ജില്ലാ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ്. ഇവിടെ നിർമ്മിച്ച കൃത്രിമക്കാലുകൾ കഴിഞ്ഞ ദിവസമാണ് ആവശ്യക്കാർക്ക് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി .ദിവ്യ അഴീക്കോട് സ്വദേശി അനുരാഗിന് കൃത്രിമക്കാൽ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അതൊരു നൊമ്പരമുണർത്തുന്ന കാഴ്ചയായിരുന്നു.

ജയ്പ്പൂരിലും മറ്റും കൃത്രിമ കൈകാലുകൾക്കായി പരക്കം പായുന്നവർക്ക് നമ്മുടെ നാട്ടിൽ നിന്നുതന്നെ അനുയോജ്യമായവ കിട്ടുമെന്ന് അറിയുമ്പോൾ ഉള്ള ആശ്വാസം പറഞ്ഞറിയിക്കാനാവില്ല . മറ്റു സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്നവയ്ക്ക് ഗുണനിലവാരം കുറവാണെന്ന പരാതിയെ തുടർന്നാണ് ഇത്തരമൊരു സംരംഭത്തിന് ജില്ലാ ആശുപത്രിയും ജില്ലാപ്പഞ്ചായത്തും മുന്നിട്ടിറങ്ങിയത്.

ഇതുവരെ ഈ കേന്ദ്രത്തിൽ നിർമ്മിച്ചിരുന്നത് പരമ്പരാഗത രീതിയിലുള്ള കൃത്രിമക്കാലുകളായിരുന്നു. ആദ്യമായാണ് ആധുനിക രീതിയിലുള്ള കൃത്രിമക്കാലുകൾ നിർമ്മിക്കുന്നത്. ഇത് രോഗിയെ പരിശീലിപ്പിച്ച ശേഷം ഘടിപ്പിക്കുന്നതിനാൽ, അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നു. മുട്ടിന് മുകളിൽ വച്ചുപിടിപ്പിക്കാവുന്ന മൂന്ന് കൃത്രിമക്കാലുകൾ, മുട്ടിന് താഴെ നിന്നും വച്ചുപിടിപ്പിക്കുന്ന പത്ത് കൃത്രിമക്കാലുകൾ എന്നിവയും മുട്ടിന് താഴെ പിടിപ്പിക്കുന്ന ഒരു കൈയുമാണ് ആദ്യ ഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ളത്. റിയാദിൽ ഡിസംബറിലുണ്ടായ വാഹനാപകടത്തിലാണ് മയ്യിൽ സ്വദേശി ടി.വി.സന്തോഷ് കുമാറിനു കാൽനഷ്ടമായത്.കാൻസർ മൂലം കാൽ നഷ്ടപ്പെട്ടതിനെ തുടർന്നാണ് എൻജിനീയറിംഗ് വിദ്യാ‌ർത്ഥി അനുരാഗ് സഹായം തേടിയെത്തിയത്. ഇങ്ങനെ ജീവിതം പ്രതിസന്ധിയിലായ പലരെയും ജീവിതത്തിലേക്ക് തിരികെകൊണ്ടു വരികയാണ് ഈ ഉദ്യമത്തിലൂടെ.

ബി.പി.എല്ലിന്

പൂർണമായും സൗജന്യം

വിപണിയിൽ 20,000 രൂപ വിലവരുന്ന കൃത്രിമ കാലുകൾ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായും മ​റ്റുള്ളവർക്ക് സാധനസാമഗ്രികളുടെ ചാർജ് മാത്രം നൽകിയും സ്വന്തമാക്കാം. നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഒരു കൃത്രിമ അവയവ നിർമ്മാണ യൂണി​റ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ജില്ലാ ആശുപത്രിയിലേക്ക് ഈ സേവനത്തിനായി എത്തുന്നത്.

നേരത്തെ കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളേജിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലും കാൽ നഷ്ട്ടപ്പെട്ടവർക്കുള്ള കൃത്രിമ കാൽ വിതരണ ക്യാപ് സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ 30 പേർക്കാണ് കൃത്രിമ കാൽ ലഭിച്ചത്. ഇതിൽ എട്ട് പേർ വനിതകളായിരുന്നു. രണ്ട് കാലുകളും നഷ്ടപ്പെട്ട രണ്ട് പേരാണുണ്ടായിരുന്നത്. കാൻസർ മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന പത്താംക്ലാസുകാരനാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ.

പ്രയോജനകരവും വ്യത്യസ്തവുമായ സേവനം ചെയ്യണമെന്ന എൻ.എസ്.എസ് വൊളന്റിയർമാരുടെ ചിന്തയാണ് കൃത്രിമ കാൽ എന്ന ആശയത്തിലെത്തിയത്. 2018-19 കാലയളവിൽ 50 പേർക്ക് കൃത്രിമ കാൽ നൽകിയിട്ടുണ്ട്. പിന്നീട് നിരവധി പേർ സഹായവുമായി എത്തിയതോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകിരിൽ നിന്നും പിരിവ് നടത്തിയാണ് ആവശ്യമായ തുക കണ്ടെത്തിയത്.

പ്രതീക്ഷ നഷ്ട്ടപ്പെട്ടവർക്ക് ആശ്രയം

കാൻസർ,​പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ബാധിച്ചും മറ്റ് അപകടത്തിലൂടെയും കൈകാലുകൾ നഷ്‌ടപ്പെട്ടവരുടെ ആശ്രയകേന്ദ്രം കൂടിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ അവയവ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റ്. ഒപ്പം കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളേജിലെ എൻ.എസ്.എസും.കാസർകോട് ,​വയനാട് ,​കണ്ണൂർ എന്നിവിടങ്ങളിലുള്ള നിരവധി പേ‌ർക്ക് കോളേജിലെ എൻ.എസ്.എസിന്റെ സഹായം ലഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നവരും നിരവധിയാണ്. അടുത്ത ഘട്ടത്തിൽ കൂടുതൽ പേർക്ക് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

പി.പി. ദിവ്യ

പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ജില്ലാ കൃത്രിമ അവയവ നിർമ്മാണ യൂണിറ്റിനായി മാ​റ്റിവെക്കാറുണ്ട്. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 20 പേരെ ആദ്യ ഘട്ടത്തിൽ പരിഗണിക്കും. ഇത്തരം അത്യാഹിതങ്ങൾ സംഭവിച്ച സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ORTHOTIC DEVICES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.