SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.20 AM IST

അധികൃതർ പറഞ്ഞ സേഫ് അത്ര സേഫല്ല

photo

ആന്ധ്ര സ്വദേശികളായ തീർത്ഥാടകർ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴി ളാഹ വിളക്കുവഞ്ചിയിൽ അപകടത്തിൽപ്പെട്ടത് മണ്ഡലകാലം ആരംഭിച്ച് മൂന്നാം ദിവസമായിരുന്നു. തീർത്ഥാടകർ സഞ്ചരിച്ച വലിയ ബസ് റോഡിന് കുറുകെ മറിഞ്ഞ് കുട്ടികളടക്കം നാൽപ്പത്തിനാല് പേർക്കാണ് പരിക്കേറ്റത്. അഞ്ചുപേർക്ക് ഗുരുതരപരിക്കാണ് സംഭവിച്ചത്. അപകടം നടന്നയുടൻ നാട്ടുകാർ പൊലീസിനും ഫയർഫോഴ്സിലും വിളിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിലേറെ വൈകിയാണ് രക്ഷാപ്രവർത്തനത്തിന് പൊലീസിനും ഫയർഫോഴ്സിനും എത്തിയത്. അപ്പോഴേക്കും പരിസരങ്ങളിലുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ബസിൽനിന്ന് ചെറിയ പരിക്കുകളോടെ പുറത്തിറങ്ങിയവരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു.

അപകടമുണ്ടായ പത്തനംതിട്ട - പമ്പ റോഡ് മോട്ടോർ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണിൽ ഉൾപ്പെട്ടതാണ്. ഇരുപത്തിന്നാല് മണിക്കൂറും സേവനസന്നദ്ധരായ സേഫ് സോൺ അധികൃതർ അപകടസ്ഥലത്തെത്താൻ ഏറെ വൈകി. അപകടമുണ്ടായി ഒരു മണിക്കൂറായപ്പോഴാണ് പമ്പ പൊലീസും വിവരമറിഞ്ഞത്.

സുരക്ഷ അപര്യാപ്തം

തീർത്ഥാടന കാലത്ത് സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ളാഹ. ശബരിമല പാതകളിൽ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യണമെന്ന് എല്ലാ തീർത്ഥാടനകാലത്തും മന്ത്രിമാരുടെ അവലോകന യോഗങ്ങളിൽ നിർദേശിക്കാറുള്ളതാണ്. എന്നാൽ ഉദ്യോഗസ്ഥർ അത് ഗൗരവത്തിലെടുക്കാറില്ല. കഴിഞ്ഞ ദിവസം അപകടം നടന്ന ളാഹ വിളക്കുവഞ്ചിക്കവലയിൽ ഇത്തവണ സുരക്ഷാ ക്രമീകരണങ്ങളൊന്നും നടപ്പായില്ല. വളവിലെ ബ്ളിങ്കിംഗ് ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ല. റോഡിന് ഇരുവശത്തേക്കും വാഹന ഗതാഗതം നിയന്ത്രിക്കുന്ന ഫ്ളക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ ഇപ്പോഴില്ല. തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ഇവയെല്ലാം സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിനോടും പൊതുമരാമത്ത് വകുപ്പിനോടും നിർദേശിച്ചിരുന്നതാണ്. ഇപ്പോൾ പെരുനാട് മുതൽ ളാഹ വരെ തെരുവ് വിളക്കുകളുമില്ല.

ബസിന്റെ ഡ്രൈവറെ കുറ്റപ്പെടുത്തി രക്ഷപെടാനാണ് അധികൃതരുടെ ശ്രമം. ബസ് അപകടത്തിൽ പെടുമ്പോൾ അമിത വേഗതയിലായിരുന്നെന്നും അതാണ് അപകടത്തിന് വഴിവച്ചതെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടുപിടുത്തം. വിളക്കുവഞ്ചിയിലെ അപകട വളവ് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. പെട്ടെന്ന് വളവ് കണ്ടപ്പോൾ ബസ് തിരിച്ചതും അപകടത്തിന് കാരണമായെന്നാണ് നിഗമനം. ഡ്രൈവർ സമയോചിതമായി പ്രവർത്തിച്ചിരുന്നില്ലെങ്കിൽ ബസ് കൊക്കയിൽ പതിക്കുമായിരുന്നു.

നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിന്ന് ക്രെയിൻ എത്തിച്ച് ബസ് ഉയർത്തേണ്ടിയിരുന്നു. ബസിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നിരവധി തീർത്ഥാടകർ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. സേഫ് സോൺ പ്രദേശമായിട്ടുകൂടി മുപ്പത് കിലോമീറ്ററിലധികം അപ്പുറത്ത് നിന്നാണ് രക്ഷാസംവിധാനങ്ങൾക്ക് എത്താനായത്. അത്രയും താമസത്തിന് ഇടവരുത്താതെ, ളാഹ പാേലുള്ള അപകടവളവുകളിൽ തീർത്ഥാടന കാലത്ത് മുഴുവനും രക്ഷാ പ്രവർത്തനത്തിന് സംവിധാനം ഏർപ്പെടുത്തേണ്ടിയിരിക്കുന്നു.

മയക്കത്തിലെ ഡ്രൈവിംഗ്

ദൂരെ സ്ഥലങ്ങളിൽ നിന്നുവരുന്ന അയ്യപ്പന്മാരുടെ വാഹനങ്ങൾ പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തി മുതൽ ഓരോ ഇരുപത് കിലോമീറ്ററിലും നിറുത്തി ഡ്രൈവർമാർക്കും തീർത്ഥാടകർക്കും കുറഞ്ഞത് അഞ്ച് മിനിറ്റ് നിർബന്ധമായി വിശ്രമിക്കാൻ സാഹചര്യം ഒരുക്കണമെന്ന് നിർദേശം ഉയർന്നിട്ടുണ്ട്.

അപകടസാദ്ധ്യത കൂടിയ മേഖലകളിൽ റോഡിനു കുറുകെ സ്ഥാപിക്കുന്ന സോളാർ അധിഷ്‌ഠിത എൽ.ഇ.ഡി ജാഗ്രതാ സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തിയാൽ ഡ്രൈവർമാർക്ക് വാഹനം നിയന്ത്രിക്കാൻ സഹായകരമാകും. ഡ്രൈവർമാർക്കായി മൊബൈൽ ആപ്ലിക്കേഷനും ഗതാഗതവകുപ്പും ജില്ലാ ഭരണകൂടവും മുൻകൈയെടുത്ത് നടപ്പാക്കണം. ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ വേഗം, സ്ഥാനം, അപകടമുണ്ടായാൽ തൽക്ഷണ വിവരങ്ങൾ തുടങ്ങിയവ അറിയാനും മുന്നറിയിപ്പുകൾ നൽകാനും സാധിക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സേഫ് സോൺ എന്നത് രേഖകളിലൊതുങ്ങാതെ, അപകട സാദ്ധ്യത സ്ഥലങ്ങളിൽ സന്നാഹങ്ങളുമായി രക്ഷാപ്രവർത്തകർ നിലയുറപ്പിക്കണം. രാത്രി വൈകി ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മയങ്ങിപ്പോവുക സ്വാഭാവികമാണ്. അതൊഴിവാക്കാൻ വാഹനം നിറുത്തിച്ച് ക്ഷീണമകറ്റാൻ അനുവദിക്കണം. ഏറെ വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള ദേശീയപാതയിൽ രാത്രി വാഹനങ്ങൾ അധികൃതർ നിറുത്തിച്ച് ഡ്രൈവർമാർക്ക് കട്ടൻചായ കൊടുത്തിരുന്നു. അതേപോലെ ശബരിമല തീർത്ഥാടനപാതയിലും വേഗത നിയന്ത്രിക്കാനും ഡ്രൈവർമാരുടെ മയക്കം ഒഴിവാക്കാനുമുള്ള നടപടികൾ സേഫ്സോൺ പദ്ധതിയുടെ ഭാഗമാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P T A DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.