SignIn
Kerala Kaumudi Online
Thursday, 28 March 2024 10.59 PM IST

പാലക്കാട് മെഡി.കോളേജും വെള്ളാനകളുടെ നാടും

palakkadu-medical-college

കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് വർഷം എട്ടായിട്ടും പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഒരു നിയമനം പോലും പി.എസ്‌.സി വഴി നടത്തിയിട്ടില്ലെന്ന വിശേഷത്തിൽ അത്ഭുതം തോന്നുന്നില്ലേ നിലവിലുള്ള 135 അദ്ധ്യാപകരിൽ 114 പേരെയും നേരത്തെ ജോലിക്കു കയറി പിന്നീട് സ്ഥിരപ്പെടുത്തിയതാണ്. 245 അദ്ധ്യാപക ഇതര ജീവനക്കാരിൽ ഭൂരിഭാഗം ആളുകളും ആരംഭകാലം മുതൽ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവേണൻസ്, പട്ടികജാതി വികസന വകുപ്പിന്റെ വിവിധ സ്ഥാപനങ്ങൾ, കുടുംബശ്രീ പോലെയുള്ള ഏജൻസികൾ എന്നിവവഴി നിയമിക്കപ്പെട്ടവരാണ്. പലഘട്ടങ്ങളിലായി വിവധ ഏജൻസികൾ വഴി നടത്തിയ കരാർ നിയമനങ്ങളും താത്കാലിക നിയമനങ്ങളുമാണ് ഇന്ന് പാലക്കാട് ഗവ. മെഡിക്കൽ കോളജിനെ നിലനിറുത്തുന്നത്. യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സ്ഥാപനമായി മാറിയെന്ന ആക്ഷേപങ്ങളെ തുടർന്ന് വിജിലൻസ് അന്വേഷണം വരെ നടന്നെങ്കിലും നിയമനം മാത്രം പി.എസ്.സിക്ക് വിട്ടില്ല. സാങ്കേതിക കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് വകുപ്പും ബന്ധപ്പെട്ട അധികൃതരും.

ഭരണസമിതി

ശുപാർശയ്ക്ക്

അംഗീകാരമില്ല

പട്ടികജാതി വികസന വകുപ്പിനു കീഴിൽ മുഖ്യമന്ത്രി ചെയർമാനും പട്ടികവിഭാഗ വികസനവകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിനാണു കോളേജിന്റെ ചുമതല. സ്പെഷൽ ഓഫീസർ തലവനായ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിൽ നിയമനങ്ങൾ നടത്തിയാണ് 2014ൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആരംഭിച്ചത്. അത്തരത്തിൽ നിയമിച്ച അദ്ധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ബി.ജെ.പി നേതാവ് പി.രാജീവ് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു.

അദ്ധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം പിന്നാലെവന്ന പിണറായി സർക്കാർ പിൻവലിച്ചു. കേസിലെ തുടർനടപടികൾ റദ്ദാക്കിയതായി കോടതിയിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ശേഷം നേരത്തെയുള്ള തീരുമാനം പിൻവലിച്ച് ഈ അദ്ധ്യാപകരെ ഇടതുസർക്കാർ തന്നെ സ്ഥിരപ്പെടുത്തി. നിയമനങ്ങൾ പി.എസ്‌.സി വഴിയാക്കണമെന്ന് 2020ൽ കോളേജ് ഭരണസമിതി ശുപാർശ ചെയ്തെങ്കിലും സ്പെഷ്യൽ റൂ‍ൾ അംഗീകരിക്കപ്പെടാത്തതാണ് നിയമനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം വൈകാൻ ഇടയാക്കുന്നത്.

സർക്കാരിന്റെ കീഴിലുള്ള സൊസൈറ്റിയായി പ്രവർത്തിക്കുന്നതിനാൽ നിയമനം പി.എസ്‍‌.സി എങ്ങനെ ഏറ്റെടുക്കുമെന്ന സാങ്കേതികപ്രശ്നം ഉന്നയിക്കുന്നുണ്ട് അധികൃതർ. പലതരത്തിൽ തിരുകിക്കയറ്റലുകൾ നടക്കുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു വർഷമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നിയമനം നടക്കുന്നത്. അദ്ധ്യാപക നിയമനം കോളേജ് ഭരണസമിതി നിയോഗിച്ച ഉന്നതസമിതിയുടെ നേതൃത്വത്തിലും. പക്ഷേ, ഇതൊന്നും ഒരു ശാശ്വത പരിഹാരമല്ല. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കണം.

നീരസം

മറച്ചുവെച്ചില്ല

മുഖ്യമന്ത്രി

മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ (എം.സി.ഐ)യുടെ അംഗീകാരം കിട്ടുന്നതിനാണ് അദ്ധ്യാപക തസ്തികകളിൽ സംവരണം നോക്കാതെ നിയമനങ്ങൾ നടത്തിയത് എന്നാണ് ഒരു വാദം. എം.സി.ഐയുടെ സ്ഥിരം അംഗീകാരം കിട്ടണമെങ്കിൽ അദ്ധ്യാപക നിയമനങ്ങൾ സമയബന്ധിതമായി സ്ഥിരപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയേയും കഴിഞ്ഞ സർക്കാരിലെ മന്ത്രി എ.കെ.ബാലനെയും തെറ്റിദ്ധരിപ്പിച്ചതായി ഒരു വിഭാഗം ജീവനക്കാർ പറയുന്നു.

എം.സി.ഐ സ്ഥിരാംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും മെയിൻ ബ്ലോക്ക് ഉദ്ഘാടനവും നിർവഹിക്കാൻ 2019 ജൂലൈ ഒൻപതിന് പാലക്കാട് എത്തിയ മുഖ്യമന്ത്രി ഇതു മനസിലാക്കി. അവിടെ നിന്നു മടങ്ങിയ ശേഷം എ.കെ.ബാലനേയും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറേയും വിളിച്ച് ഇതിലെ നീരസം അറിയിച്ചു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അദ്ധ്യാപക ജീവനക്കാരുടെ നിയമനം സ്ഥിരപ്പെടുത്തിയതിനു പിന്നിൽ പ്രവർത്തിച്ചത് വകുപ്പ് മന്ത്രിമാരല്ല. ആശുപത്രിയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഉപജാപക സംഘങ്ങളാണ്. തരംപോലെ ഇടത്തും വലത്തും നിൽക്കുന്നവരും ദളിത് വിരുദ്ധരുമായ ചിലരാണ് ഈ സംഘത്തിലുള്ളത്.

നിബന്ധനകളൊന്നും

പാലിക്കപ്പെട്ടില്ല

മെഡിക്കൽ കോളേജ് തുടങ്ങാൻ 50 ഏക്കർ ഭൂമിയും 100 കോടി രൂപയുമാണ് 2013ൽ അനുവദിച്ചത്. യാക്കര വില്ലേജിൽ 1987ൽ ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസിനു സംസ്ഥാന സർക്കാർ അനുവദിച്ച 100 ഏക്കറിൽ ഉപയോഗിക്കാതിരുന്ന 72.77 ഏക്കർ തിരിച്ചെടുത്ത് അതിൽ നിന്നാണ് 50 ഏക്കർ നൽകിയത്. മെഡിക്കൽ കോളേജ് നിർമ്മാണത്തിന് പട്ടികജാതി, വർഗ വികസന വകുപ്പിന് ഭൂമി കൈമാറി 2013 ഫെബ്രുവരി 23ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ചില നിബന്ധനകളുണ്ട്. അതിൽ ആദ്യത്തേത് ഇപ്രകാരമായിരുന്നു; ഭൂമി ലഭ്യമായി ഒരു വർഷത്തിനകം തന്നെ പ്രവർത്തനമാരംഭിക്കണം. ഒരു വർഷത്തിനകം ആരംഭിക്കാനായില്ലെങ്കിലും തൊട്ടടുത്ത വർഷം സെപ്തംബർ ഒന്നിന് തുടക്കമിടാൻ കഴിഞ്ഞു. പക്ഷേ, വർഷം എട്ടുകഴിഞ്ഞിട്ടും ആ ദൗത്യം പൂർത്തിയായിട്ടില്ലെന്നത് ഖേദകരവും സർക്കാരിന്റെയും വകുപ്പുകളുടെയും കാര്യക്ഷമതയും മെഡിക്കൽ കോളേജിനോടുള്ള താത്പര്യവും എത്രയാണെന്ന് വ്യക്തമാക്കുന്നതുമാണ്.

നിബന്ധനകളിൽ മറ്റൊന്ന് അനുവദിച്ച ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാൻ പാടുള്ളൂ എന്നതായിരുന്നു. എന്നാൽ, അഞ്ചേക്കർ ഭൂമി ഇതിൽനിന്നു സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിനു കൈമാറി. 80 ശതമാനം കേന്ദ്ര വിഹിതവും 20 ശതമാനം സംസ്ഥാന വിഹിതവും ചേർന്ന, പട്ടികവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിനു പ്രത്യേകം വകയിരുത്തിയ എസ്.സി.പി ഫണ്ട് പട്ടികവിഭാഗങ്ങൾക്കു ഗുണം കിട്ടുന്ന വിധം വേണം ചെലവഴിക്കാനെന്നു കേന്ദ്ര ഗവൺമെന്റ് മാർഗ നിർദ്ദേശമുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും ഫണ്ട് ദുരുപയോഗം ഉണ്ടായിട്ടുള്ളതുകൊണ്ടു കൂടിയാണ് മാനദണ്ഡങ്ങൾ കർക്കശമാക്കിയിരിക്കുന്നത്. എസ്.സി.പി ഫണ്ട് ഉപയോഗിക്കുമ്പോൾ കുറഞ്ഞത് 50 ശതമാനം ഗുണഭോക്താക്കൾ പട്ടികജാതിക്കാരായിരിക്കണം. പക്ഷേ, ഇതെല്ലാം തുടക്കം മുതൽ കാറ്റിൽപ്പറത്തിയാണ് മെഡിക്കൽ കോളേജ് യാക്കരയിൽ ഉയർന്നത്.

പട്ടികവിഭാഗങ്ങൾക്ക്

പ്രാതിനിധ്യമില്ല

പട്ടികജാതി വകുപ്പിനു കീഴിലെ എസ്.സി, എസ്.ടി റെസിഡൻഷ്യൽ എജ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലാണ് പാലക്കാട് ഗവ. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയത്. നിലവിൽ സൊസൈറ്റി ഫോർ ദി മാനേജ്‌മെന്റ് ഒഫ് ഐ.ഐ.എം.എസിനാണ് ഭരണച്ചുമതല. ഇതിലും പട്ടികവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ല. പട്ടികവിഭാഗങ്ങൾ ഏറ്റവുമധികമുള്ള ജില്ലയാണ് എന്നതും മറ്റ് വലിയ ആശുപത്രികളില്ല എന്നതും കൂടിയാണ് പാലക്കാട് തന്നെ എസ്.സി മെഡിക്കൽ കോളേജ് തുടങ്ങാൻ കാരണം. തുടക്കത്തിൽ 305 അനുവദനീയ തസ്തികകളാണ് ഉണ്ടായിരുന്നത്. 124 അദ്ധ്യാപകർ, 181 അനദ്ധ്യാപകർ. 2019ൽ അദ്ധ്യാപകരുടെ എണ്ണം 161 ആയി. ഇതിൽ പട്ടികവിഭാഗക്കാർ 17 മാത്രം. അതായത് 75 ശതമാനത്തിനു പകരം പത്തു ശതമാനം. പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സ്‌പെഷ്യൽ റൂൾസ് നിർമ്മിച്ച് സംവരണ തസ്തികകളിലെ നിയമനം സ്ഥിരപ്പെടുത്താൻ കഴിഞ്ഞ സർക്കാർ അവസാന കാലത്ത് തീരുമാനിച്ചിരുന്നു. അതുകൂടി ചേർന്ന ഫയലാണ് സെക്രട്ടേറിയറ്റിലുള്ളത്. ഉടനെ ഈ ഫയലുകളിൽ തീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ ഉദ്യോഗാർത്ഥികൾ കാത്തിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADU MEDICAL COLLEGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.