SignIn
Kerala Kaumudi Online
Friday, 19 April 2024 7.29 AM IST

സായാഹ്നത്തിൽ അവ‌‌ർക്ക് സാന്ത്വനമേകുക

palliative-care

ഒരു രോഗിയുടെയും കുടുംബത്തിന്റെയും ശാരീരിക-സാമൂഹിക-സാമ്പത്തിക-ആത്മീയ-മാനസിക പ്രശ്‌നങ്ങൾക്ക് സമ്പൂർണ്ണമായ പരിചരണം നൽകുകയെന്നതാണ് പാലിയേറ്റീവ് കെയർ എന്ന മേഖലയുടെ ലക്ഷ്യം. ഒക്ടോബറിലെ രണ്ടാം ശനിയാഴ്ചയാണ് പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്നത്. ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല ഈ ദിനത്തിന്റെ പ്രാധാന്യം. ''ഹൃദയങ്ങളെയും സമൂഹങ്ങളേയും സുഖപ്പെടുത്തുന്നു'' എന്നതാണ് ഈ വർഷത്തെ പ്രമേയം. ആരും പിന്തള്ളപ്പെടാതെ എല്ലാവർക്കും സമതയോടെയുള്ള സാന്ത്വനപരിചരണം എന്നതായിരുന്നു കഴിഞ്ഞവർഷത്തെ ആശയം. ദുഃഖത്തിന്റെ അനുഭവവും സുഖപ്പെടുത്തലിന്റെ ആവശ്യകതയും ലോകത്തെമ്പാടുമുള്ള മനുഷ്യരെ ഒന്നിപ്പിക്കുന്നു എന്നതാണ് സാന്ത്വനത്തിന്റെ അന്തഃസത്ത.

നാടൊന്നാകതെ പാലിയേറ്റീവ് ദിനമായി ആചരിക്കുമ്പോഴും പാലിയേറ്റീവ് കെയറിനെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അറിവ് പരിമിതമാണ്. മരണാസന്നനായ രോഗിക്ക് നൽകുന്ന അന്ത്യകൂദാശപോലെയാണ് പലരും പാലിയേറ്റീവ് കെയറിനെ കാണുന്നത് . മെഡിസിൻ പഠനത്തിന്റെ കരിക്കുലത്തിൽ നിന്ന് അടുത്തകാലം വരെഅറിഞ്ഞോ അറിയാതെയോ വിട്ടുപോയ പാഠഭാഗങ്ങളായിരുന്നു പാലിയേറ്റീവ് കെയർ . സാന്ത്വനപരിചരണരംഗത്ത് അതികായകനും ആദരണീയനുമായ ലോകമറിയുന്ന പത്മശ്രീ ഡോ. എം.ആർ. രാജഗോപാലിന്റെയും കൂട്ടരുടെയും നിതാന്ത ജാഗ്രതയുടെയും കഠിന പരിശ്രമങ്ങളുടേയും ഫലമായി ഈ അടുത്തകാലത്ത് എം.ബി.ബി.എസ് പാഠ്യക്രമത്തിൽ പാലിയേറ്റീവ് കെയറിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗനിർണയം മുതൽ ജീവിതാന്ത്യവും കടന്ന് സാന്ത്വനപരിചരണം വ്യാപിച്ചുകിടക്കുന്നു. 'ഇനിയൊന്നും ചെയ്യാനില്ല. വീട്ടിൽ കൊണ്ടുപൊയ്‌ക്കൊള്ളൂ' എന്ന് ഡോക്ടർ പറയുമ്പോൾ പകച്ചുപോകുന്ന രോഗിയുടേയും കുടുംബത്തിന്റെയും മുമ്പിൽ 'ഞങ്ങളുണ്ട് കൂടെ' എന്ന സമാശ്വാസത്തിന്റെ ചിരാതുകൾ തെളിയിക്കാൻ പാലിയേറ്റീവ് കെയറിനാവുന്നുണ്ട്. ഒരുപക്ഷേ ആവശ്യമുള്ളതിന്റെ നേരിയ ശതമാനമേ ആകുന്നുള്ളൂ എങ്കിലും.
കനലുകൾ ഊതിക്കത്തിക്കാൻ കഴിഞ്ഞെങ്കിലേ ഉയിർത്തെഴുന്നേൽപ്പ് സാദ്ധ്യമാകൂ എന്ന തിരിച്ചറിവാണ് പാലിയേറ്റീവ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്. 1973 ൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഇരുളടഞ്ഞ ഒരു കോണിൽ ഡോ. എം.ആർ. രാജഗോപാലും ഡോ. സുരേഷ്‌കുമാറും ചേർന്ന് രൂപം നൽകിയ കേരളത്തിലെ പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിന് കാലാന്തരങ്ങളിലൂടെ കൈവന്ന ചലനങ്ങൾ 2003 ൽ പാലിയം ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ഉദയത്തോടെ ആഗോളവ്യാപകമായി. ഡോ.എം.ആർ. രാജഗോപാൽ ആധുനിക പാലിയേറ്റീവ് കെയറിന്റെ അമരക്കാരനായി 75-ാം വയസ്സിലും ഈ രംഗത്തെ തേജസുറ്റതാക്കുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി അദ്ദേഹം രൂപീകരിച്ച പാലിയം ഇന്ത്യ എന്ന സംഘടന ഇന്ന് ലോകാരോഗ്യ സംഘടനയുടെ കൊളാബറേറ്റിംഗ് സെന്റർ എന്നതിനുമപ്പുറം ഐക്യരാഷ്ട്രസഭയുടെ ഉപഘടകമായ ഇക്കണോമിക് ആന്റ് സോഷ്യൽ കൺസൾട്ടിംഗ് സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര സമ്മേളനങ്ങളിലും ചർച്ചകളിലും പങ്കെടുക്കാനുള്ള അവസരം, മറ്റ് സന്നദ്ധ സംഘടനകളുമായി ആശയവിനിമയത്തിനും അവരോട് ചേർന്ന് അഭിപ്രായരൂപീകരണത്തിനും ഇത് അവസരമൊരുക്കുന്നു. അംഗരാജ്യങ്ങൾ, യു.എൻ സെക്രട്ടേറിയറ്റ് എന്നിവരുമായി സ്വന്തം അനുഭവസമ്പത്ത് പങ്കിടാനും കഴിയും. 2008 ലെ കേരള പാലിയേറ്റീവ് കെയർ പോളിസി രൂപീകരണത്തിനും ഈ കേന്ദ്രം കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
പാലിയേറ്റീവ് കെയർ രോഗിയെ തേടിയെത്തുന്ന തലത്തിലെത്തിക്കാൻ ഇനിയുമായിട്ടില്ല. ആവശ്യമുള്ളതിന്റെ രണ്ടുശതമാനം പേർക്കു മാത്രമേ ഇന്നും പാലിയേറ്റീവ് കെയർ ലഭ്യമാകുന്നുള്ളൂ. വേദനാഹരണത്തിനുപയോഗിക്കുന്ന ഓറൽ മോർഫിൻ പോലുള്ള മരുന്നുകൾ നമ്മുടെ മിക്ക മെഡിക്കൽ കോളേജുകളിൽ പോലും ലഭ്യമല്ല. അതിന്റെ കണക്കെടുപ്പിലും മറ്റുമുള്ള ബുദ്ധിമുട്ടുകൾക്ക് ആരും സന്നദ്ധരല്ലതന്നെ. നാട്ടിലെ വേദനിക്കുന്ന മനുഷ്യരിൽ 98 ശതമാനം പേർക്കും മോർഫിൻ കിട്ടുന്നില്ല. ഇത് ഒരു ജനാധിപത്യരാജ്യത്ത് സംഭവിക്കാൻ പാടില്ല. ഓരോ നിമിഷവും 10 ലക്ഷംപേർ കാൻസറിന്റെ വേദനയിൽ പുളയുകയാണ്. വേദന സഹിക്കാനാവാതെ വരുമ്പോൾ പലരും ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ വർഷവും 26000 ലേറെ ഭാരതീയർ ആരോഗ്യപരമായ ദുരിതം കാരണം സ്വയം ജീവിതമൊടുക്കുന്നു. മോർഫിന്റെ ദുരുപയോഗം ആകുന്നിടത്തോളം തടഞ്ഞുകൊണ്ടുതന്നെ വേദനിക്കുന്നവർക്ക് അതിന്റെ ലഭ്യത ഉറപ്പുവരുത്തണം. പല രാജ്യങ്ങളും ഇത് നേടിയിട്ടുണ്ട്. ദരിദ്രരാഷ്ട്രമായ ഉഗാണ്ടയുൾപ്പെടെ. ഒരു കാൻസർരോഗി എപ്പോഴും ആഗ്രഹിക്കുന്നത് വേദനാഹരണമാണ്.
മിന്നൽ പ്രളയവും മേഘവിസ്‌ഫോടനങ്ങളും ചക്രവാതച്ചുഴികളുമൊക്കെ സൃഷ്ടിക്കുന്ന ദുരന്തങ്ങളിൽ മുറിവേൽക്കുന്ന മനസ്സുകൾക്ക് ശുഭകര ഔഷധവുമായി സാന്ത്വന പരിചരണത്തിന്റെ പുതിയ സരണികളുണ്ടാകും. എല്ലാവരും പറയും 'ഞങ്ങളുണ്ടാകും കൂടെ' എന്ന്. പക്ഷേ പല രോഗികളും തിക്താനുഭവങ്ങൾ നേരിടേണ്ടി വരുന്നു. ഈ അവസ്ഥയ്‌ക്ക് മാറ്രം വരുത്താൻ സമൂഹം പ്രതിജ്ഞാബദ്ധമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALLIATIVE CARE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.