SignIn
Kerala Kaumudi Online
Thursday, 25 April 2024 4.41 AM IST

മഹാമാരിക്കാലത്തെ പരകായപ്രവേശം !

doct

കൊവിഡ് കാലം ഞങ്ങൾ ഡോക്ടർമാർക്ക് ഒരു പ്രത്യേക കാലഘട്ടം തന്നെയായിരുന്നു. കൊവിഡ് കേസ് മാത്രം നേരിട്ട് ചികിത്സിച്ചിരുന്നവർക്ക് ജോലിഭാരം കാരണം നരകതുല്യമായിരുന്നു ജീവിതം. എന്നാൽ കൊവിഡ് കേസുകൾ നേരിട്ട് ചികിത്സിക്കാത്ത ഭൂരിപക്ഷം വരുന്ന ഡോക്ടർമാർക്ക് രോഗികൾ നന്നെ കുറവായിരുന്നതിനാൽ വളരെ വിരസമായിരുന്നു ജീവിതം !

വീട്ടിൽ ലോക്കായി ഇരിക്കുന്നത് കാരണം പകർച്ച വ്യാധികൾ ഒട്ടൊന്നുമില്ല ! ജീവിത ശൈലികളിലൊക്കെ മാറ്റം വന്നതുകൊണ്ട് ജീവിതശൈലീ രോഗങ്ങളും നിയന്ത്രണവിധേയമായി.

രോഗങ്ങളില്ലാത്ത ലോകം വന്നാൽ
ഡോക്ടർമാർക്കൊരു പിഴപ്പെന്ത് ...... എന്ന പി. ഭാസ്‌കരൻ മാസ്റ്ററുടെ വരികൾ അച്ചട്ടായ ഒരു കാലം !

അത്തരം ഡോക്‌ടർമാർക്കൊക്കെ, വരുമാനം കുറഞ്ഞെങ്കിലും, പിരിമുറുക്കമൊന്നുമില്ലാതെ ആവോളം വിശ്രമിക്കാൻ കിട്ടിയ ഒരവസരം കൂടിയായിരുന്നു കൊവിഡ്കാലം !

ആ കാലത്ത് കുട്ടികളെ പുറത്തിറക്കരുതെന്ന സർക്കാർ തിട്ടൂരം കൂടിയായപ്പോൾ എന്നപ്പോലെയുള്ള ശിശുരോഗ ചികിത്സാ വിശാരദന്മാർക്ക് പത്രങ്ങളിലെ ചരമകോളം മുതൽ കുട്ടിച്ചാത്തൻ സേവ ഉൾപ്പടെയുള്ള ക്ലാസിഫൈഡ് പരസ്യം വരെ മുഴുവനായി വായിക്കാൻ സമയം ധാരാളമുണ്ടായിരുന്നു!

അങ്ങനെ അക്കാലത്തെ 'ബാലാരിഷ്ടതകളുമായി' ഒ.പി യിലിരിക്കവേയാണ് എന്റെ സുഹൃത്തിന്റെ വീട്ടുജോലിക്കാരി അവളുടെ ഭർത്താവിനെയും കൂട്ടി എന്നെ കാണാൻ വന്നത്! ആ സുഹൃത്തിന്റെ റഫറൻസ് ചീട്ടുമായിട്ടായിരുന്നു വരവ് !

സൈക്യാട്രിസ്റ്റിനെ തപ്പിയിട്ട് കിട്ടാഞ്ഞിട്ടാണ് വെറും അശുവും ശിശുവുമായ എന്റെയടുക്കലേയ്ക്കുള്ള ഈ റഫറൽ!

ബോലോ ഭായ്.......ഞാൻ തുടക്കമിട്ടു.

തങ്കമണി പറഞ്ഞുതുടങ്ങി.

' ഈ ചേട്ടൻ കൊറോണ പേടി കാരണം ഇപ്പോൾ പുറത്തിറങ്ങാറില്ല.
ജോലിക്ക് ആരും വിളിക്കുന്നുമില്ല.

ഈയിടെയായി ചേട്ടന് ഒരു മൗനവും വല്ലാത്ത സ്വഭാവമാറ്റവും ഇടയ്ക്കിടയ്ക്ക് എന്തോ ബന്ധമില്ലാത്ത രീതിയിലുള്ള സംസാരവും!
എനിക്ക് പേടിയാകുന്നു ഡോക്ടർ!
രണ്ട് പെൺപിള്ളേരാണ്....'

ബന്ധമില്ലാത്ത സംസാരത്തിന് ഉദാഹരണങ്ങൾ പറയാമോ?

ഇതിനകം ഒരു മനഃശാസ്ത്രജ്ഞന്റെ എല്ലാ ഭാവഹാവാദികളും ഞാൻ എടുത്തണിഞ്ഞിരുന്നു !

തങ്കമണി ഓർമ്മയുടെ കയങ്ങളിൽ മുങ്ങിത്തപ്പി!

'ങാ! ഇപ്പോൾ ഒരു സ്വഭാവം തുടങ്ങിയിട്ടുണ്ട്. എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ ഒന്നുകിൽ മുഖത്ത് വെള്ളം ഒഴിച്ച് പറയുന്നതൊന്നും തെളിയാതെ , കഴുകിക്കൊണ്ടിരിക്കും. അല്ലെങ്കിൽ പല്ലുതേച്ചുകൊണ്ടിരിക്കും. അല്ലെങ്കിൽ ബനിയൻ തലവഴി ഇടുകയോ അഴിക്കുകയോ ആവും ..... പറയുന്നതൊന്നും കേൾക്കാൻ പറ്റാറില്ല. ആവർത്തിച്ച് ചോദിച്ചാൽ ദേഷ്യം വരും...'

ഇതെവിടെയോ ഞാൻ കണ്ട സംഭവമാണല്ലോ !

അതെ .....
'പൊൻമുട്ടയിടുന്ന താറാവിൽ' ഇന്നസെന്റ് കെ.പി.എ.സി ലളിതയോട് ഇങ്ങനെ പറയുന്ന ഒരു സീനുണ്ട് !

പെട്ടന്നത് ഞാൻ ഓർത്തെടുത്തു.

സൈക്യാട്രിസ്റ്റുകൾ സിനിമയിൽ കാണിക്കുന്നതുപോലെ ആവേശത്തോടെ ഞാൻ തങ്കമണിയോട്, യെസ്, പറയൂ.....എന്നിട്ട്? കമോൺ.........

തങ്കമണിയും ഉഷാറായി.

' ചേട്ടൻ സദാ ടെൻഷനിലാണ്.....
ഒരു ദിവസം.....'

ങാ! ഒരു ദിവസം?

' ഒരു ദിവസം രാവിലെ 11 മണിക്ക് ഞാൻ ചോദിച്ചു....ചേട്ടന് ചായ എടുക്കട്ടേ എന്ന്... അപ്പോൾ ചേട്ടൻ പറയുകയാണ്.........'

ചേട്ടൻ എന്തുപറഞ്ഞു?

' വേണ്ടി വന്നേക്കും. എന്ന്..... '

വടക്കുനോക്കിയന്ത്രം? തളത്തിൽ ദിനേശൻ?

ഇതുപോലെ മറ്റെന്തെങ്കിലും ഡയലോഗ്?

ഞാൻ രോഗനിർണയത്തിന്റെ അടുത്തെത്തിയതിന്റെ ത്രില്ലിലായി!

' ഒരു ദിവസം, ചേട്ടാ ചോറെടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ പറയുകയാണ്......

ഒന്നും പറയാറായിട്ടില്ലെന്ന്.....'

തങ്കമണി അതും പറഞ്ഞ് വിങ്ങിക്കരയാൻ തുടങ്ങി.....എന്നിട്ട് എന്നോട് സ്വരം താഴ്ത്തി ചോദിച്ചു.

' എന്റെ ചേട്ടന് വട്ടാണോ ഡോക്ടറെ? '

രോഗം പിടികിട്ടി എന്ന മട്ടിൽ ഞാൻ തങ്കമണിയുടെ ഭർത്താവ് നാരായണനെ നോക്കി!

അയാൾ ഏതോ ലോകത്ത് കണ്ണുംനട്ടിരിക്കുന്ന മട്ടിലായിരുന്നു !

തങ്കമണി സിനിമ കാണാറുണ്ടോ? ഞാൻ ചോദിച്ചു.

എന്റെ അപ്രതീക്ഷിത ചോദ്യം കേട്ട് തങ്കമണി അസ്വസ്ഥയായെങ്കിലും പറഞ്ഞു.

' എനിക്കെവിടെയാ ഡോക്ടറെ സമയം....... എപ്പോഴും ജോലിയല്ലേ..... പിന്നെ ചേട്ടന്റെയും കുട്ടികളുടെയും കാര്യം...'

നാരായണൻ സിനിമ കാണാറുണ്ടോ?

' ചേട്ടൻ ഒരു സിനിമ തന്നെ പലതവണ തീയേറ്ററിൽ പോയി കാണാറുള്ള ആളാ.....കൊവിഡ് വന്നതോടെ അതു നിന്നു..... '

ഏതുതരം പടങ്ങളാണ് കാണാറുള്ളത്?
അറിയാമോ?

തങ്കമണി ഉടൻ ഉത്തരം നൽകി.

'ജഗതി, ഇന്നസെന്റ്, ശ്രീനിവാസൻ ഇവരുടെ പടങ്ങളാണ് കൂടുതൽ കാണാറുള്ളത്....'

എന്റെ ആദ്യത്തെ സൈക്യാട്രി കേസിൽ രോഗനിർണയം പെട്ടെന്ന് തന്നെ പൂർത്തിയായി.

ജഗതിയുടെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റെയും സിനിമാ ഡയലോഗുകളിൽ അഭിരമിച്ചിരുന്ന നാരായണന് കൊവിഡ് പ്രോട്ടോകോൾ കാരണം സിനിമ കാണാൻ കഴിയാതെ വന്നപ്പോൾ ഉണ്ടായ മാനസിക ആഘാതവും തുടർന്നുള്ള പരകായപ്രവേശവും !!!

ഇത്രയും നേരം തങ്കമണിയുടെ രോദനം കേട്ടുകൊണ്ടിരുന്ന നാരായണന്റെ നേർക്ക് ഞാനൊന്നു നോക്കി. അയാൾ പെട്ടെന്നു ചാടി എഴുന്നേറ്റു .

നാരായണാ എന്ന് ഞാനൊന്നു ശബ്ദമുയർത്തി വിളിച്ചപ്പോൾ ........നാരായണ കൂരായണ , എനിക്കറിയാൻ മേലായിട്ട് ചോദിക്കുവാ ...താനാരുവാ എന്നു പറയുമെന്നാണ് ഞാൻ കരുതിയത് !

എന്നാൽ അയാൾ എഴുന്നേറ്റ് മുണ്ടിന്റെ മടക്കികെട്ട് അഴിച്ചിട്ട് എന്നെ താഴ്ന്നു വണങ്ങി തൊഴുത് ...... ' വരട്ടേ സാർ '.....എന്നും പറഞ്ഞുകൊണ്ട് 'താളവട്ട'ത്തിലെ ജഗതി നടന്നുപോയതുപോലെ വേഗത്തിൽ സ്ഥലംവിട്ടു!

ലേഖകന്റെ ഫോൺ - 9447055050

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARAKAYA PRAVESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.