SignIn
Kerala Kaumudi Online
Saturday, 20 April 2024 6.43 AM IST

ദേവീ ജഗജനനീ...

parassala-ponnammal

ഇരുപത്തിരണ്ട് വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് നവരാത്രി മണ്ഡപത്തിൽ വനിതയെ പാടിച്ച് ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗമുണ്ടായത്. തിരുവിതാംകൂർ രാജകുടുംബം സ്ത്രീകൾക്ക് മേധാവിത്വമുള്ള കുടുംബം തന്നെയായിരുന്നു. എന്നിട്ടും നവരാത്രി മണ്ഡപത്തിൽ വനിതകൾക്ക് എന്തുകൊണ്ടോ പ്രവേശനം നിഷിദ്ധമായി. പതിനാറാം വയസു മുതൽ എന്നെ മഥിച്ചുകൊണ്ടിരുന്ന പ്രശ്നമായിരുന്നു അത്. നിരന്തരമായ കൂടിയാലോചനകൾക്കൊടുവിലാണ് വനിതയെ പാടിക്കാൻ ട്രസ്റ്റ് തീരുമാനിക്കുന്നത്. അപ്പോഴും, ആരും പ്രതീക്ഷിക്കാത്ത പേരായിരുന്നു പ്രൊഫ. പാറശ്ശാല ബി. പൊന്നമ്മാളിന്റേത്. പക്ഷേ, കൊട്ടാരം ട്രസ്റ്റ് വനിതകളെ പാടിപ്പിക്കാമെന്ന ചരിത്രപരമായ തീരുമാനമെടുക്കുമ്പോൾ എന്റെ മനസിലേക്ക് സ്വാഭാവികമായി തെളിഞ്ഞുവന്നത് പൊന്നമ്മാൾ ടീച്ചറുടെ മുഖമായിരുന്നു.

എനിക്കന്ന് അവരെ നേരിൽ പരിചയമില്ല. എന്റെ ഗുരുനാഥൻ വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യരും ടീച്ചറും ഒരേ സമയത്ത് സ്വാതിതിരുനാൾ മ്യൂസിക് അക്കാഡമിയിൽ പഠിച്ചവരും പഠിപ്പിച്ചവരുമാണ്. വലിയശാല ബ്രാഹ്മണ തെരുവിലാണ് ഇരുവരുടെയും താമസം. എൺപതുകളിൽ, ആകാശവാണിയിലെ ഉദയഗീതം പരിപാടിയിലൂടെ പൊന്നമ്മാൾ ടീച്ചറുടെ സ്വരം എന്നെ തഴുകിയുണർത്തിയിരുന്നു. സ്വാതിതിരുനാൾ മഹാരാജാവ് രചിച്ച നൂറോളം വരുന്ന ശ്ലോകങ്ങളിൽ പത്മനാഭശതകം... എന്നുതുടങ്ങുന്ന വരികൾ പൊന്നമ്മാൾ ടീച്ചർ പാടുന്നത് എന്നിൽ അവാച്യമായ അനുഭൂതിയുണർത്തി.

വനിതയെ മണ്ഡപത്തിൽ പാടിക്കാൻ ട്രസ്റ്റ് തീരുമാനിച്ചത് ഒരു ദിവസം രാവിലെ 11മണിക്കാണ്. 2005ലെ നവരാത്രി സംഗീതോത്സവം അവസാനിച്ചതിന് തൊട്ടുപിന്നാലെ. 11.15ആകുമ്പോൾ ഞാൻ വലിയശാലയിലെത്തി. ടീച്ചറുടെ വീടറിയില്ലായിരുന്നു. അന്വേഷിച്ച് കണ്ടുപിടിച്ചു. എന്നെ അവർക്കറിയില്ലായിരുന്നു. ഞാൻ കവടിയാർ കൊട്ടാരത്തിലേതാണെന്ന് പരിചയപ്പെടുത്തിയപ്പോൾ അവരിൽ വല്ലാത്ത അമ്പരപ്പായിരുന്നു. കൊട്ടാരത്തിൽ നിന്നൊരാൾ ഇങ്ങനെ സാധാരണക്കാരനായെത്തുന്നത് പഴമക്കാരായ തിരുവിതാംകൂറുകാർക്ക് അത്ര പെട്ടെന്ന് ഉൾക്കൊള്ളാനാവാത്തതായിരിക്കാം.

നവരാത്രി മണ്ഡപത്തിൽ ആദ്യമായി വനിതയെ പാടിക്കാനെടുത്ത തീരുമാനം ഞാനവരെ അറിയിച്ചു. അത് ടീച്ചറായിരിക്കണമെന്ന് പറഞ്ഞു. എന്റെ മാത്രമായ തീരുമാനത്തിന് ട്രസ്റ്റ് അനുവാദം നൽകുകയാണുണ്ടായത്. എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നാണ് ടീച്ചറുടെ ആദ്യ പ്രതികരണം. അടുത്ത വർഷത്തെ നവരാത്രിക്കാണ്. ഇനി 12 മാസമുണ്ട്. ഇനിയൊരു വർഷം ഞാനുണ്ടാകുമോ എന്നറിയില്ലെന്ന് ടീച്ചർ പറഞ്ഞു. മണ്ഡപത്തിൽ തറയിലിരുന്ന് പാടാനുള്ള പ്രയാസം വിവരിച്ചു. അന്നവർക്ക് 82 വയസുണ്ട്. നിലത്തിരുന്ന് പരിശീലിച്ച് നോക്കാനഭ്യർത്ഥിച്ച് ഞാൻ മടങ്ങി. ഒരു മാസം കഴിഞ്ഞ് വിളിച്ചപ്പോഴും നിലത്തിരിക്കാനുള്ള പ്രയാസം അവർക്ക് മാറിയിട്ടില്ലായിരുന്നു. അവരുടെ മകനാണ് ഉപായം കണ്ടെത്തിയത്. 10-12 അടി പൊക്കത്തിലൊരു സ്റ്റൂൾ അദ്ദേഹം സജ്ജീകരിച്ചു.

മണ്ഡപത്തിൽ 2006ൽ ചരിത്രം തിരുത്തിക്കുറിച്ച് അവർ പാടി. വൈകിട്ട് ആറിന് തുടങ്ങി കൃത്യം 8.30ന് അവസാനിക്കുന്നതാണ് മണ്ഡപത്തിലെ സംഗീതപരിപാടി. സമയനിഷ്ഠ കൃത്യമായി പാലിച്ചവർ പാടി. ശങ്കരാഭരണം രാഗത്തിലെ ദേവി ജഗജനനീ... എന്നു തുടങ്ങുന്ന കീർത്തനമായിരുന്നു അന്നത്തെ പ്രധാനരാഗം. തോടി രാഗത്തിൽ സാമജേന്ദ്ര... എന്നു തുടങ്ങുന്ന വർണത്തിലായിരുന്നു തുടക്കം. ആ വർണം കേട്ടതോടെ, മണ്ഡപത്തിൽ വനിത പാടുന്നതിൽ നെറ്റിചുളിച്ചു നിന്നിരുന്നവർ പോലും പരിപൂർണ നിശ്ശബ്ദരായി. എന്റെ തിരഞ്ഞെടുപ്പ് ശരിയായിരുന്നുവെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. ആ നവരാത്രിക്കാലത്തെ ഒമ്പത് കച്ചേരികളും കേട്ടുകഴിഞ്ഞ് ഒരു ദിവസം അവരെ വീട്ടിൽ ചെന്നുകണ്ട് ഞാൻ പറഞ്ഞു: ഇത്തവണത്തെ ഏറ്റവും മികച്ച കച്ചേരി ടീച്ചറുടേതായിരുന്നു. അതെന്റെ മാത്രം അനുഭവമല്ല. ഇനി എട്ടുവർഷം കൂടി പാടണമെന്ന് പറഞ്ഞു. എട്ടല്ല, പതിമൂന്ന് വർഷം പിന്നെയും പാടി.

വിശ്രമജീവിതത്തിലായിരുന്ന ടീച്ചറെ സംഗീതലോകത്തേക്ക് തിരിച്ചെത്തിച്ചതിന്റെ ചാരിതാർത്ഥ്യമെനിക്കുണ്ട്. എണ്ണവിളക്കിന്റെ പ്രകാശത്തിലാണ് മണ്ഡപത്തിലെ കച്ചേരിയരങ്ങ്. നൈറ്റ് വിഷനുള്ള ക്യാമറയിൽ ഞാൻ പകർത്തിയ ടീച്ചറുടെ കച്ചേരി, പിൽക്കാലത്ത് യൂട്യൂബ് പ്രചാരത്തിലെത്തിയപ്പോൾ അതിലൂടെ പലരും ആസ്വദിച്ചു. വിദേശത്ത് നിന്നടക്കം ടീച്ചർക്ക് ക്ഷണമെത്തി. ചെന്നൈയിലെ സംഗീതസഭാ ഭാരവാഹികൾ ആസ്വദിച്ചു. അടുത്ത വർഷം ജീവിച്ചിരിക്കുമോയെന്ന് എന്നോട് അന്ന് ചോദിച്ച ടീച്ചർ ഫ്ലൈറ്റ് കയറി കച്ചേരിയവതരിപ്പിക്കാൻ പോയി. 2009ൽ അമേരിക്കയിൽ നിരവധി കച്ചേരികൾ പാടി. തൊട്ടടുത്ത വർഷം ഞാൻ പോയപ്പോൾ പലരും ടീച്ചറെപ്പറ്റി ആരാധനയോടെ പറഞ്ഞു. ഇപ്പോൾ ടീച്ചറുടെ വലിയശാലയിലെ വസതിയിൽ സൂക്ഷിക്കാനാവാത്ത വിധം പുരസ്കാരങ്ങളുടെ പെരുക്കമാണ്. എന്റെ ശിഷ്യയായ അമൃത വെങ്കിടേഷ് എന്നിലൂടെ അവരുടെയും ശിഷ്യയായി. നൂറോളം കീർത്തനങ്ങൾ, കെ.സി. കേശവപിള്ളയുടെയും കുട്ടികുഞ്ഞു തങ്കച്ചിയുടെയും സ്വാതിതിരുനാളിന്റെ സഹോദരി രുഗ്മിണിബായിയുടേതുമടക്കം അപൂർവങ്ങളായ മലയാളി കംപോസർമാരുടേതുൾപ്പെടെ നൂറോളം കീർത്തനങ്ങൾ അമൃത അവരിൽ നിന്ന് പഠിച്ചു.

ടീച്ചറുടെ 90ാം ജന്മദിനത്തിൽ വലിയശാലയിൽ ഞാനും അമൃതയും ചേർന്നുള്ള സംഗീതക്കച്ചേരി അവർക്ക് അ‌ർച്ചനയായി ഒരുക്കി. നൂറാം പിറന്നാളിന് ടീച്ചറാകണം പാടേണ്ടത് എന്ന് പറഞ്ഞപ്പോൾ ചിരിച്ചു. ടീച്ചറുടെ ശതാഭിഷേകത്തിന് ബ്രാഹ്മണ ആചാരപ്രകാരം തലയിൽ അഭിഷേകം നടത്തുന്ന ചടങ്ങുണ്ട്. അടുത്ത ബന്ധുക്കൾ ചെയ്യേണ്ടത്. ബ്രാഹ്മണനല്ലാത്ത എന്നെക്കൊണ്ട് അത് ചെയ്യിച്ചത് ജീവിതത്തിലെ മഹാഭാഗ്യമായി. ശരിക്കും എന്റെ രക്തബന്ധത്തിലുള്ള അമ്മൂമ്മയുടെ സ്ഥാനമാണ് പൊന്നമ്മാൾ ടീച്ചർക്ക് എന്നും. പൊന്നമ്മാൾ എന്ന പേരിനെ അന്വർത്ഥമാക്കുന്ന വിധം പൊന്നുപോലെയുള്ള മനസിനുടമയാണവർ. മുഖത്ത് ഭാവഭേദമില്ലാതെയാണവർ പാടുക. പാടിയതിൽ കളയാനായി ഒന്നുമുണ്ടാവില്ല. ശുദ്ധസംഗതികൾ ആ കണ്ഠത്തിലൂടെ ഒഴുകിയെത്തി. ഈ പ്രായത്തിലും ഇതെങ്ങനെയെന്ന് ചോദിച്ചവരോട്, ഞാൻ പാടുന്നു എന്ന് മാത്രമായിരുന്നു ടീച്ചറുടെ ഉത്തരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARASALA PONNAMMAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.