SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.23 PM IST

പ്രക്ഷുബ്‌ധമായ കാലഘട്ടത്തിന്റെ ഔഷധം

pathradhipar-k-sukumaran

കേരളീയ സമൂഹം അത്ര ശോഭനമല്ലാത്ത കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ജനാധിപത്യത്തിനും മതേതരത്വത്തിനും വലിയ വെല്ലുവിളി ഉയരുകയാണ്. കേരളത്തിന്റെ സനാതന മൂല്യങ്ങളിൽ വിള്ളൽ വീഴ്ത്തിയും ന്യൂനപക്ഷങ്ങളിൽ ഭീതിവിതച്ചും തമ്മിലടിപ്പിച്ചും ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ചില ശക്തികൾ നടത്തുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് അതിൽ വർഗീയനിറം കലർത്തി പ്രചരിപ്പിച്ച് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് ശ്രമം.

ഗുരുദേവന്റെ പ്രസക്തി
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത് എന്ന ഗുരുദേവ സൂക്തമാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രസക്തമായ മന്ത്രം. കേരളത്തെ ഭ്രാന്താലയമായി വിശേഷിപ്പിച്ചിരുന്ന കാലഘട്ടത്തിൽ പ്രകാശഗോപുരമായി ശ്രീനാരായണ ഗുരുദേവൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകർ കടന്നുവന്നു. പിന്നീട് കോൺഗ്രസ് ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ അനീതിക്കും അതിക്രമങ്ങൾക്കും ജാതിവിവേചനത്തിനുമെതിരെ സംഘടിത പോരാട്ടം നടത്തിയാണ് കേരളത്തെ ആധുനികതയിലേക്കും പുരോഗമനത്തിലേക്കും നയിച്ചത്.

കേരളത്തിൽ ആദ്യമായി സാമൂഹിക വിപ്ലവം കൊടുങ്കാറ്റായി വീശിയ കാലഘട്ടത്തിൽ, ജീവിക്കാൻ നിയോഗം ലഭിച്ച പത്രാധിപർ കെ. സുകുമാരൻ ഗുരുവിന്റെ അക്ഷരലോകത്തെ ഏറ്റവും വലിയ ശിഷ്യനായിരുന്നു. ശ്രീനാരായണ ധർമ്മത്തെ പത്രധർമ്മമാക്കി മാറ്റിയ ഗുരുവിന്റെ അരുമശിഷ്യൻ. പത്രാധിപർ കെ.സുകുമാരൻ മൺമറഞ്ഞിട്ട് 40 വർഷം തികയുമ്പോൾ കേരളത്തിന് ഇപ്പോൾ വേണ്ടത് മറ്റൊരു നവോത്ഥാനമാണെന്ന് ഞാൻ കരുതുന്നു.

ഗുരുദേവ ദർശനങ്ങളിലേക്കുള്ള മടക്കം, സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടം, പുരോഗമന ചിന്താസരണികളുടെ ശാക്തീകരണം, നിർഭയവും നിഷ്പക്ഷവുമായ മാദ്ധ്യമപ്രവർത്തനം, സമുദായമൈത്രി തുടങ്ങിയ കാര്യങ്ങൾ ചരിത്രത്തിൽ നിന്നു പഠിച്ച് ഈ കാലഘട്ടത്തിലേക്കു സന്നിവേശിപ്പിക്കാനുള്ള അവസരമായാണ് ഞാൻ ഈ അനുസ്മരണത്തെ കാണുന്നത്.

കുളത്തൂർ പ്രസംഗം
കേരളം ഏറെ പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെ കടന്നുപോയ 1903- 1981 കാലഘട്ടത്തിലാണ് കെ. സുകുമാരൻ ജീവിച്ചത്. ഒരേ വയസുള്ള എസ്.എൻ.ഡി.പി യോഗവും പത്രാധിപരും കേരളത്തെ ഇളക്കിമറിച്ച പ്രസ്ഥാനങ്ങളായി. 1954ൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ കൈയിൽ തന്നെയായിരുന്നു ദീർഘകാലം എസ്.എൻ.ഡി.പിയുടെ കടിഞ്ഞാൺ. ശ്രീനാരായണ ഗുരുദേവനായിരുന്നു പത്രാധിപരുടെ കൺകണ്ട ദൈവം.
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' എന്ന ഗുരുവചനമാണ് അദ്ദേഹത്തെ നയിച്ചത്. കേരള കൗമുദിയിൽ പത്രാധിപർ ഓരോ ദിവസവും ആരംഭിച്ചത് ഗുരുസ്മരണയോടെ തൃപ്പാദങ്ങളിൽ എന്ന് പേപ്പറിൽ എഴുതിക്കൊണ്ടാണ്. സംസ്ഥാനത്തെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭ പിന്നാക്ക, മുസ്ലീംന്യൂനപക്ഷ, അവശ ക്രൈസ്തവ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ, ഉദ്യോഗ സംവരണം ഏർപ്പെടുത്തുന്നതിനെതിരെ നിലപാടെടുത്തപ്പോൾ പത്രാധിപർ നടത്തിയ ഉജ്വലമായ പോരാട്ടം കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിലെ ഏടാണ്.

സാമ്പത്തിക സംവരണം ഇന്ത്യയിലാദ്യമായി അവതരിപ്പിച്ചത് ഇ.എം.എസ് ആയിരുന്നു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി മുന്നാക്കക്കാർ മാത്രം ഉൾപ്പെടുന്ന ഏഴംഗ ഭരണപരിഷ്‌കാര കമ്മിറ്റി, മുന്തിയ സർക്കാർ ഉദ്യോഗങ്ങളിൽ സമുദായ സംവരണം പാടില്ലെന്ന് ശുപാർശ ചെയ്തിരുന്നു. സംവരണം ഏർപ്പെടുത്തിയാൽ ജനങ്ങളിൽ ജാതിചിന്ത ഉണരുമെന്നും ഭരണത്തിന്റെ കാര്യക്ഷമത തകരുമെന്നുമൊക്കെയാണ് സമിതി അന്ന് ചൂണ്ടിക്കാട്ടിയത്.
1958ൽ ഗുരുദേവ സമാധി ദിനത്തിൽ കുളത്തൂർ ശ്രീനാരായണ വായനശാലയിൽ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് വേദിയിലിരിക്കെ കെ. സുകുമാരൻ ഇതിനു നല്കിയ മറുപടിയാണ് കുളത്തൂർ പ്രസംഗം എന്ന പേരിൽ ചരിത്രത്തിലിടം പിടിച്ചത്. കമ്മിറ്റിയിലെ അംഗങ്ങളുടെ പേരെടുത്തു പറഞ്ഞ്, ഇങ്ങനെയൊരു റിപ്പോർട്ടിന്റെ അടിയിൽ ആദ്യത്തെ ഒപ്പിട്ടത് കമ്യൂണിസ്റ്റ് മന്ത്രിസഭയെ നയിക്കുന്ന നമ്പൂതിരിപ്പാടാണെന്ന് തനിക്ക് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക സംവരണമെന്ന ആപ്പിന്റെ ഉഗ്രമായ അറ്റം ശ്രീനാരായണ ശിഷ്യന്മാരുടെ അണ്ണാക്കിൽ അതിസമർത്ഥമായി അടിച്ചുകയറ്റിയിരിക്കുന്നു എന്ന് പത്രാധിപർ മുഖ്യമന്ത്രിയെ നോക്കി ഗർജിക്കുക തന്നെ ചെയ്തു. പ്രസംഗം മുഴുവൻ അക്ഷോഭ്യനായി കേട്ടിരുന്ന മുഖ്യമന്ത്രി പ്രതികരിക്കാതെ സ്ഥലംവിട്ടു. പിന്നീട് ഈ റിപ്പോർട്ട് സർക്കാർ തള്ളി.
ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറാൻ പത്രാധിപരും അദ്ദേഹത്തിന്റെ പത്രവും വഹിച്ച പങ്ക് പക്ഷേ, ആ സിംഹഗർജനത്തിന് തടസമായില്ല. സാമ്പത്തിക സംവരണവാദം ഉയർത്തി ഇ.എം.എസ് പിന്നീട് രംഗത്തുവന്നപ്പോഴൊക്കെ കെ. സുകുമാരന്റെ കുപ്രസിദ്ധമായ കുളത്തൂർ പ്രസംഗം എന്ന് നിന്ദാസൂചകമായി പരാമർശിച്ച് ആത്മസംതൃപ്തി അടഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പിന്നാക്ക, മുസ്ലീംന്യൂനപക്ഷ, അവശ ക്രൈസ്തവ വിഭാഗങ്ങൾ ഇന്നും വിദ്യാഭ്യാസ, ഉദ്യോഗ സംവരണം അനുഭവിക്കുന്നത് പത്രാധിപർ അന്ന് സാക്ഷാൽ ഇ.എം.എസിനെ തീപാറുന്ന വാക്കുകളിലൂടെ കീഴടക്കിയതു കൊണ്ടാണ്. വലിയൊരു ജനവിഭാഗത്തെ മോചനത്തിലേക്കു നയിച്ചത് സംവരണമാണ്. കേരളം കൈവരിച്ച പുരോഗതിയുടെ ചാലകശക്തിയായി ഇതു മാറുകയും ചെയ്തു. കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ മാഗ്നകാർട്ടയായി കുളത്തൂർ പ്രസംഗം ചരിത്രത്തിലിടം നേടി. സംവരണത്തിനു ഭീഷണി ഉയർന്ന സന്ദർഭങ്ങളിലൊക്കെ കേരള കൗമുദി, കുളത്തൂർ പ്രസംഗം പുന: പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൗമുദിയുടെ തുടക്കം
കൊല്ലത്തിനടുത്തുള്ള മയ്യനാടെന്ന ഗ്രാമത്തിൽ നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ കേരള കൗമുദിയെ ദിനപത്രമാക്കി തലസ്ഥാനനഗരിയിൽ നിന്നാരംഭിച്ചതും രാപകൽ നീണ്ട കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമായി മുൻനിര പത്രമാക്കിയതും പത്രാധിപരാണ്. കെ. സുകുമാരന്റെ ജീവിതവും കേരള കൗമുദിയുടെ ചരിത്രവും ചരിത്രത്തിൽ ഒന്നായാണ് ഒഴുകുന്നത്. 400 രൂപ കടംവാങ്ങി വാടക കെട്ടിടത്തിൽ ആരംഭിച്ച പത്രം അച്ചുനിരത്തി വാടക പ്രസിൽ അച്ചടിച്ച് വിതരണത്തിനു വിട്ടുകഴിയുമ്പോൾ പുലരാറാകും. തളർന്ന് പ്രസിന്റെ ചുവട്ടിൽ പത്രക്കടലാസിൽ തന്നെ കിടന്നുറങ്ങിയ നാളുകളെക്കുറിച്ച് പത്രാധിപർ പറയുമായിരുന്നു.

ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും ശരംതൊടുന്ന അർജുനനെപ്പോലെ എഴുത്തിൽ മാത്രമല്ല, പ്രസംഗത്തിലും ജ്വലിച്ചുനിന്ന പത്രാധിപരാണ് അദ്ദേഹം. മൂർച്ചയേറിയ മുഖപ്രസംഗങ്ങൾ, ലേഖനങ്ങൾ, വാർത്തകൾ തുടങ്ങിയവ കേരള കൗമുദിയുടെ എക്കാലത്തെയും പ്രത്യേകതയാണ്. അത് സി.വി. കുഞ്ഞുരാമനിൽ നിന്നാരംഭിച്ച് പുത്രൻ കെ.സുകുമാരനിലൂടെ കേരള കൗമുദിയുടെ മഹത്തായ പാരമ്പര്യമായി മാറുകയാണുണ്ടായത്. സമുദായ താത്പര്യം സംരക്ഷിക്കുന്നതിൽ അണുവിട വ്യതിചലിച്ചിട്ടുമില്ല. എന്നാൽ, കേരള കൗമുദിയെ ഒരു വർഗീയ ദിനപത്രമാക്കാതിരിക്കാൻ കെ. സുകുമാരൻ മുതൽ ദീപു രവി വരെയുള്ള എല്ലാ പത്രാധിപന്മാരും വളരെ ശ്രദ്ധിച്ചിട്ടുണ്ട്.
വ്യത്യസ്ത സമുദായങ്ങൾ സഹവർത്തിത്വത്തോടും സമഭാവനയോടും കൂടി കഴിയുന്ന നാടാണു കേരളം. വ്യത്യസ്ത ആദർശങ്ങളോടെ പ്രവർത്തിക്കുന്ന നിരവധി രാഷ്ട്രീയകക്ഷികൾക്കിടയിലും കേരളത്തെയും മലയാളികളെയും ചേർത്തു നിറുത്തുന്ന പൊതുഘടകങ്ങളാണ് ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യനീതിയിലുമുള്ള അചഞ്ചലമായ വിശ്വാസം. കേരള കൗമുദി എക്കാലവും മലയാളികളെ ചേർത്തുനിറുത്തിയിട്ടേയുള്ളൂ. വിശ്വാസ്യതയാണ് ഒരു മാദ്ധ്യമത്തിന്റെ കരുത്ത്. 110 വർഷം പിന്നിട്ട കേരള കൗമുദി ജനം വായിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം വിശ്വാസ്യത നിലനിറുത്താൻ ആ പത്രത്തിന് സാധിച്ചെന്നു തന്നെയാണ്.

ഗാന്ധിയനായ പത്രാധിപർ

രാഷ്ട്രീയരംഗത്തും സാഹിത്യ, സാംസ്‌കാരിക, സാമുദായിക മണ്ഡലങ്ങളിലും കഴിവും പ്രാപ്തിയും സ്വഭാവശുദ്ധിയുമുള്ള ചെറുപ്പക്കാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. മതമോ, രാഷ്ട്രീയമോ ഒന്നും പരിഗണിക്കാത്ത കലർപ്പില്ലാത്ത പരിഗണനയായിരുന്നു അത്. കേരള കൗമുദിയുടെ പ്രോത്സാഹനവും സ്‌നേഹവും എനിക്ക് എന്നും ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷത്തോടു ചേർന്നു നിന്നിട്ടുള്ള പത്രാധിപർ കെ. സുകുമാരൻ പ്രത്യക്ഷത്തിൽ ഒരു കോൺഗ്രസുകാരനായിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. എന്നാൽ അദ്ദേഹം മരണംവരെ ഗാന്ധിത്തൊപ്പി അണിഞ്ഞിരുന്നു. ഗാന്ധിയനായ പത്രാധിപരായിരുന്നു അദ്ദേഹം.
'അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം' എന്ന ഗുരുദേവ ദർശനമാണ് ഈ കാലഘട്ടത്തിലെ പ്രത്യേക സ്ഥിതിവിശേഷത്തിനുള്ള മറുമരുന്ന്. ഗുരുദേവന്റെ പ്രിയപ്പെട്ട ശിഷ്യൻ പത്രാധിപർ കെ. സുകുമാരൻ പ്രക്ഷുബ്‌ധമായ ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാൻ പ്രചോദനവും പ്രകാശവും നല്കിയ സമാദരണീയനാണ്. ദീപ്തമായ ഈ ചരിത്രമാണ് നമുക്ക് മാർഗദീപമാകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHRADHIPAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.