SignIn
Kerala Kaumudi Online
Friday, 19 April 2024 7.36 AM IST

സമരത്തിൽ വലഞ്ഞ് ജനങ്ങൾ ആരോഗ്യവകുപ്പിന് അടിയന്തര ചികിത്സ വേണം

pg

പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന ഡോക്ടർമാരെ മറ്റ് പ്രതിഷേധക്കാരെപ്പോലെ കാണുക, സമരം കടുത്തശേഷം ചർച്ചയ്ക്ക് വിളിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും തീരുമാനിച്ച് മൗനത്തിലാകുക... ബഹുമാനപ്പെട്ട ആരോഗ്യവകുപ്പിനോട് ഒരപേക്ഷയുണ്ട്, ഈ സമീപനം ഇനിയെങ്കിലും ഒന്ന് മാറ്റണം. കാരണം ഡോക്ടർമാരുടെ ചെറിയ പ്രതിഷേധങ്ങൾക്ക് പോലും വലിയ വിലകൊടുക്കേണ്ടി വരുന്നത് രോഗികളാണ്. ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരന് മാത്രമേ അതിന്റെ പ്രയാസം മനസിലാകൂ. ആരോഗ്യപ്രവർത്തകരെ പരസ്യമായി സമരംഗത്തേക്ക് ഇറക്കിവിടുന്നത് ആരോഗ്യകരമല്ലെന്നത് ഇനിയെങ്കിലും വകുപ്പ് തിരിച്ചറിയണം. ഇപ്പോൾ ആരോഗ്യ മേഖലയിലെ വിവിധ തലങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് നിലനില്‌ക്കുന്നത്.

ഗവ.മെഡിക്കൽ കോളേജ് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ (കെ.എം.പി.ജി.എ), ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ), കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ), കേരള ഗവ. ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ (കെ.ജി.ജെ.പി.എച്ച്.എൻ ആൻഡ് എസ്.യു) തുടങ്ങിയ സംഘടനകളാണ് ചെറുതും വലുതുമായ രീതിയിൽ പ്രതിഷേധവുമായി രംഗത്തുള്ളത്. ഇവയെല്ലാം ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്ന സംഘടകളാണെന്നത് ശ്രദ്ധേയമാണ്. ചർച്ചകളിലൂടെ അനുനയത്തിലെത്താവുന്ന വിഷയങ്ങളാണ് ഇവരെല്ലാം ഉന്നയിക്കുന്നത്.

ഇതിൽ മെഡിക്കൽ കോളേജ് പി.ജി ഡോക്ടർമാർ രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അത്യാഹിത ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്‌കരിച്ച് സമരത്തിന്റെ രീതി മാറ്റിയതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലായി 1600 പി.ജി ഡോക്ടർമാരാണ് ഇപ്പോഴുള്ളത്.

2021ലെ ഒന്നാം വർഷ പി.ജി അഡ്മിഷൻ കേന്ദ്രസർക്കാർ അനന്തമായി നീട്ടികൊണ്ടു പോകുന്നതാണ് പ്രതിഷേധത്തിന് കാരണം. നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് അയക്കണമെന്നും പുതിയ പി.ജി ബാച്ച് വരുന്നത് വരെ താത്കാലികമായി ജൂനിയർ ഡോക്ടർമാരെ മൂന്ന് മാസത്തേക്ക് നിയമിച്ച് ജോലിഭാരം കുറയ്ക്കണം. നേരത്തെ ലഭിച്ചിരുന്ന സ്റ്റൈപെന്റിലെ നാല് ശതമാനം വർദ്ധന അനുവദിക്കണം എന്നിവയാണ് പി.ജി ഡോക്ടർമാർ ഉന്നയിക്കുന്ന ആവശ്യം.

ചർച്ച, സമരം, പുറത്താക്കൽ

ഡിസംബർ ഒന്നുമുതൽ സമരം തുടങ്ങിയെങ്കിലും സർക്കാർ അനങ്ങിയില്ല, എട്ടിന് അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് പറഞ്ഞതോടെ ഏഴിന് രാത്രിയിൽ അസോസിയേഷൻ പ്രതിധിനികളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ചർച്ചയ്ക്ക് വിളിച്ചു. കൂടുതൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കണം എന്ന ആവശ്യം മാത്രം അംഗീകരിച്ചു. വാക്കാലുള്ള ഉറപ്പും. പ്രതിനിധികൾ ഓഫീസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് സമരം പിൻവലിച്ചതായി മന്ത്രിയുടെ അറിയിപ്പും വന്നു. പ്രതിനിധികൾ സംഘടനയുമായി കൂടി ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പി.ജി ഡോക്ടർമാർക്കിടയിലും ഭിന്നതയായി, നിലവിലെ നേതൃത്വം ഒഴിഞ്ഞു, പുതിയ ഭാരവാഹികളായി. ആരോഗ്യമന്ത്രിയുടെ വാക്കാലുള്ള ഉറപ്പ് വിശ്വസിക്കാനാകില്ലെന്നാണ് പി.ജി ഡോക്ടർമാർ പറയുന്നത്. അതിന് അവർ പറയുന്ന കാരണം ഇങ്ങനെ , കൊവിഡ് ചികിത്സ മെഡിക്കൽ കോളേജിൽ മാത്രം ചുരുങ്ങിയതോടെ പഠനം നടക്കുന്നില്ലെന്നും അതിനാൽ ജില്ലാ താലൂക്ക് ആശുപത്രികളിലേക്ക് കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് പിജി ഡോക്ടർമാർ ആവശ്യപ്പെടുകയും അത് മന്ത്രി ഉറപ്പു നല്‌കുകയും ചെയ്തിരുന്നു. എന്നാൽ അത് ഇപ്പോഴും തുടരുകയാണ്. അതുപോലെയാണ് നാല് ശതമാനം സ്റ്റൈപ്പന്റ് വർദ്ധനവും ആരോഗ്യവകുപ്പ് ധനകാര്യവകുപ്പിനെ പഴിചാരുന്നതല്ലാതെ നടപടിയില്ലെന്നും പി.ജി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താലാണ് ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി രേഖാമൂലമുള്ള ഉറപ്പ് ലഭിച്ച ശേഷം സമരം പിൻവലിച്ചാൽ മതിയെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. എന്നാൽ അതിനിടെ സമരം ചെയ്യുന്ന ഡോക്ടർമാരെ ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കിയാണ് സർക്കാർ സമരക്കാരെ നേരിട്ടത്. അതേസമയം സംസ്ഥാനത്ത് വിവിധ മെഡിക്കൽ കോളേജുകളിലായി 373 ജൂനിയർ ഡോക്ടർമാരെ നിയമിക്കാൻ കഴിഞ്ഞ ദിവസം രാത്രിയിൽ ആരോഗ്യവകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ മറ്ര് ആവശ്യങ്ങളും കൂടി അംഗീകരിക്കണമെന്നും ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടുള്ള സമരം തുടരുകയാണ്.

കാണാതെ പോകരുത് ഇവരെയും

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് വരെയുള്ള ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർമാർ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിൽപ്പ് സമരത്തിലാണ്. ശമ്പളപരിഷ്‌കരണത്തിൽ വെട്ടികുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാനുള്ള സമരം ഒത്തുതീർപ്പായില്ലെങ്കിൽ അതും വരുംദിവസങ്ങളിൽ രോഗീപരിചരണത്തെ ബാധിക്കും. ശമ്പളപരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അദ്ധ്യാപകർ സമരരംഗത്തുണ്ടെങ്കിലും പി.ജി ഡോക്ടർമാർ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇപ്പോൾ പ്രതിഷേധം മയപ്പെടുത്തിയത്. സൂചനാസമരമെന്ന നിലയിൽ കഴിഞ്ഞദിവസം സ്വയം പഠനം അവസാനിപ്പിച്ചിരുന്നു. തിരുവനന്തപുരം ആര്യനാട് വാക്സിൻമാറി കുത്തിവച്ച സംഭവത്തിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിനെ മാത്രം സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ജെ.പി.എച്ച്.എൻമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവർ കഴിഞ്ഞ ദിവസം വാക്സിനേഷൻ ഉൾപ്പെടെ ബഹിഷ്‌കരിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PG DOCTORS STRIKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.