SignIn
Kerala Kaumudi Online
Thursday, 25 April 2024 4.13 AM IST

ഒറ്റക്കെട്ടായി മുന്നേറാം

kk

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണത്തിന് ഒരു രണ്ടാമൂഴം ഉണ്ടാവുകയാണ്. ഒന്നാമൂഴത്തിന്റെ സദ്ഫലങ്ങളെ ശക്തിപ്പെടുത്തിയും സമാഹരിച്ചും സൃഷ്ടിക്കുന്ന അടിത്തറയിൽ പുതിയ കാലം ആവശ്യപ്പെടുന്ന ഒരു നവകേരളം കെട്ടിപ്പടുക്കുകയാണ് ഈ ഭരണത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ താത്‌പര്യം സംരക്ഷിക്കണമെങ്കിൽ, അവകാശം നേടിയെടുക്കണമെങ്കിൽ, നാടിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണമെങ്കിൽ, അഴിമതിരഹിത വികസനം യാഥാർത്ഥ്യമാവണമെങ്കിൽ, ക്ഷേമം പുലരണമെങ്കിൽ, കേരളത്തിൽ പുരോഗമന ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ അധികാരത്തിൽ തുടരണമെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വിധിയെഴുതിയിരിക്കുകയാണ്. വാക്കിനു വിലയുള്ള ഇടതുപക്ഷ ജനകീയ ബദൽ യാഥാർത്ഥ്യമാവണമെന്ന് ജനങ്ങളാഗ്രഹിക്കുന്നതു കൊണ്ടുതന്നെ ഈ വിജയം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. കേരളം ഒറ്റക്കെട്ടാണെന്നും, നാം ഒന്നായി മുന്നേറുമെന്നും ഒന്നാമതായി തുടരുമെന്നുമുള്ള സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലം നൽകിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്താൽ കേരളത്തിലെ ജനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നെഞ്ചോടു ചേർത്ത് പിടിച്ചെന്നും ജാതി-മത, ലിംഗ-പ്രായ ഭേദമെന്യേ കേരളത്തിലെ ജനങ്ങൾ എൽ.ഡി.എഫിൽ വിശ്വാസം അർപ്പിക്കുന്നുവെന്നും വ്യക്തമാകും. ഇവിടെ വികസനവും ക്ഷേമവുമാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ. സമാധാനവും സ്വൈരജീവിതവുമാണ് ജനങ്ങളാഗ്രഹിക്കുന്നത്. ഇതൊക്കെ ഉറപ്പുവരുത്തുന്നവരോടൊപ്പമാണ് അവർ. അതിനൊക്കെ വെല്ലുവിളിയാകുമെന്ന് കരുതുന്നവരെ ജനം ഈ തിരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹം സഫലമാക്കാനുള്ള യത്നത്തിനു സമർപ്പിതമായിരിക്കും പുതിയ ഭരണം.

നാടിന്റെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതും അതിനായി ജനതയെ ഒന്നായി ചേർത്തു നിറുത്തുന്നതുമായ പുതിയ ഒരു രാഷ്ട്രീയ സമീപനം ഉയർന്നു വരേണ്ടതുണ്ട്. അതിനായി ജനങ്ങളുടെ ഒത്തൊരുമയോടെയുള്ള സഹകരണവും പ്രവർത്തനവും അനിവാര്യമാണ്.

ഒരു മഹാമാരിയുടെ നടുവിലാണ് നാം. സ്വാഭാവികമായും അതിനെ ചെറുക്കാനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുമാണ് പ്രാധാന്യം നൽകുന്നത്. അതിനാവശ്യമായിട്ടുള്ള ഓക്സിജനും, ഐസിയു കിടക്കകളും, വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ
ഉറപ്പുവരുത്തുന്നതോടൊപ്പം കൊവിഡ് രോഗികളുടെ ചികിത്സയുടെയും പരിചരണത്തിനുള്ള അവശ്യ വസ്തുക്കളുടെയും വില നിയന്ത്രിച്ചിട്ടുണ്ട്. ഇതിനു പുറമെ എല്ലാ പ്രായത്തിലുള്ള ജനങ്ങൾക്കും സൗജന്യമായി വാക്സിനേഷൻ ലഭ്യമാക്കുന്നുണ്ട്.

ദുരിതത്തിലായിരിക്കുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനുള്ള കടമയും സർക്കാരിനുണ്ട്. അതുകൊണ്ടാണ് സാമൂഹിക അടുക്കളകളിൽ നിന്നും ജനകീയ ഹോട്ടലുകളിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്നത്. ലോക്ക്ഡൗണിൽ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമേകാൻ ഭക്ഷ്യധാന്യക്കിറ്റും ക്ഷേമപെൻഷനുകളും ബി.പി.എൽ കുടുംബങ്ങൾക്കുള്ള ധനസഹായവുമെല്ലാം മുടങ്ങാതെ വിതരണം ചെയ്യുന്നു. മഹാമാരി ഉയർത്തുന്ന പ്രതിസന്ധികളുടെ ഇടയിലും നാടിന്റെ മുന്നോട്ടു പോക്കിന് വികസന, ക്ഷേമപ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. അവയൊക്കെ പൂർണമായി നിറവേറ്റുമെന്ന് കേരള ജനതയ്ക്കു ഉറപ്പ് നൽകുകയാണ്.

റീബിൾഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായ റെസിലിയന്റ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാംഘട്ടം ലോകബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്‌‌ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും കൺസഷണൽ ഫണ്ടിങ്ങായ 250 ദശലക്ഷം യു.എസ് ഡോളർ പ്രയോജനപ്പെടുത്തി നടപ്പാക്കാനൊരുങ്ങുന്നു. 210 ദശലക്ഷം യു.എസ് ഡോളറിന്റെ ഖരമാലിന്യ സംസ്‌കരണ പദ്ധതിയും ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുകയാണ്.

കഴിഞ്ഞ അഞ്ചുവർഷം ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്തതായിരുന്നു. ഒന്നിനു പിറകെ ഒന്നായി നാം പ്രതിസന്ധികളെ നേരിടുകയും അതിജീവിക്കുകയും ചെയ്തു. ഓഖി, നിപ, പ്രളയം,
കാലവർഷക്കെടുതി, ഉരുൾപ്പൊട്ടലുകൾ എന്നിവയ്‌ക്ക് ശേഷം കൊവിഡും വന്നു. കേരളജനത അവയെ ധീരതയോടെ അതിജീവിച്ചു. ഈ മഹാമാരിയെയും നാം അതിജീവിക്കും.

ദേശീയതലത്തിൽ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ് കേരളത്തിൽ നടപ്പാക്കപ്പെടുന്ന ജനകീയ ബദൽ നയങ്ങൾ. ഇപ്പോൾ നവകേരള നിർമ്മിതിയുടെ പുതിയൊരു ഘട്ടത്തിലേക്കു കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ കഴിഞ്ഞ സർക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയിൽ സ്ഥായിയായ ഒരു വികസന മാതൃക യാഥാർത്ഥ്യമാക്കണം. പാവപ്പെട്ടവർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനൊപ്പം വരുംതലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വേണം. അതിനായി കേരളത്തെ വിജ്ഞാനസമൂഹമായി രൂപാന്തരപ്പെടുത്താനുള്ള വികസന മാതൃകകൾ ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. അഞ്ചുവർഷം കൊണ്ട് ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുള്ളതുമായ സമ്പദ്ഘടന ഇവിടെ സൃഷ്ടിക്കും. ഇന്ത്യയിലെ സ്‌കിൽഡ് ലേബറിന്റെ ഹബ‌ായി മാറാനുള്ള സാദ്ധ്യത കേരളത്തിനുണ്ട്. അടുത്ത 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിതനിലവാരം അന്താരാഷ്ട്രതലത്തിലെ തന്നെ വികസിത, മദ്ധ്യ വരുമാന രാഷ്ട്രങ്ങൾക്ക് സമാനമാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം വികസന പ്രക്രിയ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് ഉറപ്പുവരുത്തും.

കേരളത്തെ ജീവിതഗുണമേന്മയും സുരക്ഷയുമുള്ള സംസ്ഥാനമാക്കി നിലനിറുത്തുന്നതിന് ഉതകുന്ന ക്ഷേമ,സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കും. പശ്ചാത്തലസൗകര്യ മേഖലയിൽ അഞ്ചുവർഷം കൊണ്ട് 60,000 കോടിയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. പശ്ചാത്തല സൗകര്യങ്ങൾ കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കും.

കേരളത്തിന് കൂടുതൽ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസം പോലുള്ള സേവനപ്രദാന വ്യവസായങ്ങളുമാണ്. പുറമേ സോഫ്‌ട് വെയർ നിർമ്മാണം പോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും
നമ്മുടെ വിഭവങ്ങളുടെ മൂല്യവർദ്ധിത വ്യവസായങ്ങളുമാണ് പ്രധാനപ്പെട്ടത് .
ഉത്പാദനവും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കാൻ ഉതകുന്ന
ബയോടെക്‌നോളജി പോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും
പ്രധാനമാണ്. കാർഷിക-കാർഷികാനുബന്ധ,
വ്യവസായ, സാങ്കേതികവിദ്യാ മേഖലകളിൽ നമ്മുടെ ശേഷി മെച്ചപ്പെടുത്തും.

കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയാൻ കൃത്യമായൊരു പരിപാടിയാണ് കേരളത്തിൽ നടപ്പാക്കാൻ പോകുന്നത്.

വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തുക ഉന്നതവിദ്യാഭ്യാസ മേഖലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ഉദാരവത്‌കരണ നയങ്ങൾക്കും വർഗീയ - അമിതാധികാര പ്രവണതകൾക്കുമെതിരെ കേരളം ഒരു ബദൽ അവതരിപ്പിക്കും. കേരളത്തിലെ സർവകലാശാലകൾക്കും അക്കാഡമിക് സ്ഥാപനങ്ങൾക്കും നൂതന സാങ്കേതികവിദ്യാ മേഖലകളോടു സഹകരിച്ചു പ്രവർത്തിക്കാൻ വഴിയൊരുക്കും. അവിടങ്ങളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്റ്റാർട് അപ്പുകൾ ആരംഭിക്കാനും ഹൈ ടെക്‌നോളജി സംരംഭങ്ങളിലേർപ്പെടാനും പ്രോത്സാഹനം നൽകും. അടുത്ത മൂന്നുമുതൽ അഞ്ചുവർഷം കൊണ്ട് കേരളത്തിലെ ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുള്ള ഒരു പുതിയ വികസനപാതയിലേക്ക് പുരോഗമിക്കുന്നതിന് കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം ശക്തിപ്പെടുത്തേണ്ടത് അതിപ്രധാനമാണ്. സുസ്ഥിരവികസനമെന്ന ലക്ഷ്യം നേടാൻ നാടിന്റെ സമാധാനാന്തരീക്ഷം കുറെക്കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. വർഗീയ-വിദ്വേഷ സമീപനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. കേരളം മുന്നോട്ടു വയ്‌ക്കുന്ന ജനകീയ ബദൽ പ്രാവർത്തികമാക്കാൻ അത് അനിവാര്യമാണ്. അതിനുള്ള കാര്യപരിപാടികളായിരിക്കും എൽ.ഡി.എഫ് സർക്കാർ

നടപ്പിലാക്കുക. ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന പിന്തുണ ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരാക്കുകയാണ്. കൂടുതൽ വിനയത്തോടെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന് പ്രവർത്തിക്കാൻ ഈ സർക്കാരും ശ്രമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI 2, PINARAYI GOVT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.