SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.57 PM IST

രണ്ടാം വരവിൽ കൂടുതൽ കരുത്തനായി പിണറായി

pinarayi-vijayan

കണ്ണൂർ : കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത പിണറായി പാറപ്രത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്കുള്ള ദൂരം സമരത്തിന്റെയും സഹനങ്ങളുടെയും മുൾപ്പാത മാത്രമല്ല. അടുപ്പത്തിന്റെയും ആത്മബന്ധത്തിന്റെയും കൂടിയുമാണ്. പാർട്ടിയും കേരളവും പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ആത്മവിശ്വാസം പകർന്ന് മുന്നിൽ നിന്ന ചരിത്രമാണ് അദ്ദേഹത്തെ ഇക്കുറി കൂടുതൽ പിന്തുണയുള്ള നേതാവാക്കുന്നത്.അതാണ് പിണറായിയെ കൂടുതൽ ശക്തനാക്കുന്നതും.

പിണറായി ഇരട്ടചങ്കനും ക്യാപ്റ്റനുമൊക്കെയായത് കടുത്ത അനുഭവങ്ങളിലൂടെയാണ്. ആ കരുത്തിലാണ് ചരിത്രം തിരുത്തി രണ്ടാം തവണ മുഖ്യമന്ത്രിയാകുന്നത്. ഉറച്ച തീരുമാനങ്ങൾ. പുറത്തു പാർട്ടിയുടെ ശത്രുക്കളും അകത്തു വിഭാഗീയതയുും വാളോങ്ങിയ കാലത്തും വിട്ടുവീഴ്ച ഇല്ലാത്ത കാ‌ർക്കശ്യം. സ്ഥാനാർത്ഥി നിർണയം മുതൽ മന്ത്രിമാരെ തിരഞ്ഞെടുത്തതിൽ വരെ നിശ്ചയദാർഢ്യം. സി. പി. എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു തലമുറമാറ്റം.

ചെത്തുതൊഴിലാളി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകൻ വിജയൻ പോരാട്ടങ്ങളിൽ പാകപ്പെട്ടാണ് കേരളത്തിന്റെ നായകനായത്. ചെത്തുകാരന്റെ മകൻ എന്ന പരിഹാസങ്ങളിലും തൊഴിലിലെ മഹത്വം ഉയർത്തി അഭിമാനം പൂണ്ടു.വിമർശനമഴയിൽ നനയാതെയും ആരോപണക്കാറ്റിൽ ഉലയാതെയും പാർട്ടിയെ നയിച്ച കമ്മ്യൂണിസ്റ്റ് കരുത്ത് മുഖ്യമന്ത്രിക്കസേരയ്‌ക്ക് വെറും അലങ്കാരമല്ല.

1945 മേയ് 24നാണു പിണറായി വിജയന്റെ ജനനം. ചേരിക്കൽ ബേസിക് എൽ.പി. സ്‌കൂളിലും ആർ.സി. അമല ബേസിക് സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. പെരളശേരി ഹൈസ്‌കൂളിൽ നിന്നു മികച്ച നിലയിൽ ജയിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം നെയ്‌ത്തു ജോലി ചെയ്തു പണമുണ്ടാക്കി ഒരു വർഷത്തിനു ശേഷമാണ് തലശേരി ബ്രണ്ണൻ കോളജിൽ ചേർന്നത്. അടിസ്ഥാന വർഗത്തിന്റെ അവകാശപ്പോരാട്ടത്തിലേക്കു വിജയൻ ചെന്നെത്തി. വിദ്യാർത്ഥി - യുവജന സംഘടനാ പ്രവർത്തനത്തിൽ ശക്തനായി. 1970ൽ, 26ാം വയസിൽ കൂത്തുപറമ്പ് എം.എൽ.എയായി. 77ലും 91ലും അവിടെ ജയം ആവർത്തിച്ചു. 96ൽ പയ്യന്നൂരിൽ ജയിച്ച് നായനാർ മന്ത്രിസഭയിൽ സഹകരണ,​ വൈദ്യുതി മന്ത്രിയായി. അവിടെ രണ്ടുവർഷത്തിൽ താഴെ മാത്രം. എന്നിട്ടും മികച്ച ഭരണാധികാരിയെന്ന പേര് നേടി. പിന്നീട് പാർട്ടി സെക്രട്ടറിയായി രണ്ടു പതിറ്റാണ്ട്. ധർമ്മടത്തു നിന്ന് 2016 ൽ നിയമസഭയിൽ. മുഖ്യമന്ത്രി എന്ന നിലയിലുള്ള ക്ഷേമ -വികസന പ്രവർത്തനങ്ങളും രാഷ്‌ട്രീയ ധീരതയും ജനങ്ങൾ അംഗീകരിച്ചു. കേരളത്തിന്റെ ക്യാപ്റ്റനെന്ന് വിളിച്ചു. ഓഖിയും രണ്ട് പ്രളയവും നിപ്പയും കൊവിഡും വന്നപ്പോഴും മുന്നിൽ നിന്നു നയിച്ചു.സമസ്ത മേഖലകളിലും മുന്നേറ്റം സാദ്ധ്യമാക്കി. അവശ വിഭാഗങ്ങളെ ചേർത്തുപിടിച്ചു. ഗെയ്ൽ പൈപ്പ് ലൈൻ, തലശേരി - മാഹി ബൈപ്പാസ്, ദേശീയപാത സ്ഥലമെടുപ്പ് തുടങ്ങിയവ യാഥാർത്ഥ്യമാക്കി. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വൻ പദ്ധതികളാണ് രണ്ടാം പിണറായി സർക്കാരിനെ കാത്തിരിക്കുന്നത്.

ആരു വിളിച്ചാലും ഫോണെടുക്കുന്ന, പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുന്ന പിണറായിയെ, ശരീരഭാഷയിൽ ധാർഷ്‌ട്യം ചാർത്തി കുറ്റപ്പെടുത്തുന്നവരും യഥാർത്ഥ പിണറായി അതല്ലെന്ന് അറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.