SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.43 PM IST

ഉൾപ്പാർട്ടി കഥകളിലേക്ക് ഒരു പുസ്തകം

onv

എന്റെ ഒ.എൻ.വി- അറിവുകൾ, അനുഭവങ്ങൾ, ഓർമ്മപ്പെടുത്തലുകൾ എന്ന,​ പിരപ്പൻകോട് മുരളിയുടെ പുസ്തകം സ്വന്തം പാർട്ടിയിലെ ജില്ലാ നേതൃത്വത്തിൽ നിന്ന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുടെ തുറന്നു പറച്ചിലുകളിലൂടെയും ശ്രദ്ധ നേടുകയാണ്. അതിലൊരു പ്രധാനഭാഗമാണ് ഒ.എൻ.വിക്ക് തലസ്ഥാനത്തൊരുക്കിയ പൗരസ്വീകരണവുമായി ബന്ധപ്പെട്ടത്.

അതിങ്ങനെ :

അദ്ധ്യാപക ജീവിതത്തിൽ നിന്ന് 1986 മാർച്ച് 31ന് ഔദ്യോഗികമായി വിരമിച്ച ഒ.എൻ.വിക്ക് പുരോഗമനകലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി തലസ്ഥാനത്ത് യാത്രയയപ്പും പൗരസ്വീകരണവുമൊരുക്കി. പാർട്ടിയിൽ സർവശക്തനായിരുന്ന എം.വി. രാഘവൻ പാർട്ടിയെ വെല്ലുവിളിച്ച് പുറത്താകുന്ന കാലം. പുരോഗമന കലാസാഹിത്യസംഘത്തിന്റെ ജില്ലയിലെ വളർച്ചയ്ക്ക് തടയിടാൻ പാർട്ടി സംഘടനാ ഫ്രാക്‌ഷനുകളെ അന്നത്തെ ജില്ലാ സെക്രട്ടറി ഉപയോഗിച്ചതിന്റെ ഭാഗമായി ഈ സ്വീകരണത്തിൽ നിന്ന് ഒ.എൻ.വിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സർവീസ് സംഘടനാ കേഡർമാർ പുരോഗമന കലാസാഹിത്യസംഘത്തിൽ പ്രവർത്തിക്കരുതെന്ന നയം ഭാരവാഹികളെക്കൊണ്ട് അടിച്ചേല്പിച്ചു. അതോടെ യൂണിറ്റ്, ജില്ലാ നിലവാരങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ധ്യാപകരും എൻ.ജി.ഒമാരുമായ സഖാക്കൾ ധർമ്മസങ്കടത്തിലായി. പാർട്ടി അനുമതിയോടെ പു.ക.സയിൽ പ്രവർത്തിക്കുക അസാദ്ധ്യമായി.

പു.ക.സ മുൻകൈയെടുത്ത് 86 ഏപ്രിൽ ആദ്യവാരം ഒ.എൻ.വിക്ക് യാത്രയയപ്പും പൗരസ്വീകരണവും നടത്താൻ അനുവാദത്തിന് ജില്ലാ നേതൃത്വത്തിന് കത്തെഴുതി. ജനുവരിയിലാണ് കൊടുത്തത്. ഫെബ്രുവരിയിൽ വാചാ അനുമതി തന്നു. ജില്ലാ പാർട്ടിയിലെ പരമോന്നതൻ കോളേജ് അദ്ധ്യാപക ഫ്രാക്‌ഷനിലെ ചില സ്വന്തക്കാരെ വിളിച്ചുവരുത്തി കോളേജദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും പേരിൽ പാരലൽ ആയി വിപുലമായ മറ്റൊരു യാത്രയയപ്പിന് ഏർപ്പാടാക്കി. ഫെബ്രുവരിയിൽ പി.ഗോവിന്ദപ്പിള്ളയുടെ അദ്ധ്യക്ഷതയിൽ പു.ക.സ പരിപാടിയുടെ സ്വാഗതസംഘം രൂപീകരണവേളയിലാണ് ഈ വിവരമറിയുന്നത്. മാർച്ച് 15ന് ഇതിന്റെ നോട്ടീസിറങ്ങിയപ്പോൾ അദ്ഭുതപ്പെട്ടത്, അതിൽ പു.ക.സ ജില്ലാകമ്മിറ്റിയുടെ താക്കോൽസ്ഥാനത്തെ ചിലർ കൂടി ഉൾപ്പെട്ടാണ് ഈ സമ്മേളനം പ്ലാൻ ചെയ്തത് എന്നതിലായിരുന്നു. ജില്ലയിലെ പു.ക.സയിൽ എന്തോ കടുത്ത പരീക്ഷണം വരാൻ പോകുന്നെന്നും സ്വീകരണവുമായി മുന്നോട്ട് പോയാൽ എന്റെ പൊതുജീവിതം പല പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നും മനസിലായി. രണ്ട് ദിവസം കഴിഞ്ഞ് ഒ.എൻ.വി എന്നെ ഫോണിൽ വിളിച്ച് അടിയന്തരമായി കാണാനാവശ്യപ്പെട്ടു.

നേരിൽചെന്ന എന്നോട് യാത്രയയപ്പ് സമ്മേളനം ഒഴിവാക്കണമെന്ന് സാർ പറഞ്ഞു. നമുക്ക് രണ്ട് പേർക്കും വേണ്ടപ്പെട്ട, പാർട്ടിയുമായി ബന്ധപ്പെട്ട വ്യക്തി സ്വീകരണം മാറ്റിവച്ചില്ലെങ്കിൽ മുരളിയുടെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞു. സാറിനോട് പറഞ്ഞയാളെ എനിക്കറിയേണ്ട, പക്ഷേ സാർ പിന്മാറിയാൽ എന്റെ പൊതുപ്രവർത്തനം ഞാനവസാനിപ്പിക്കും എന്ന് മറുപടി നൽകി. എന്റെ വികാരവിക്ഷുബ്ധത മനസിലാക്കി, ശരി നമുക്കിതിവിടെ നിറുത്താം, മുരളി പരിപാടിയുമായി മുന്നോട്ട് പോകൂവെന്ന് ഒ.എൻ.വി പറഞ്ഞു. ഞാനെന്നുമുണ്ടാകും, ഈ സംഭവം മറ്റാരുമറിയരുത് നമ്മൾ രണ്ടാളും അറിഞ്ഞാൽ മതിയെന്നും പറഞ്ഞു. ലോകം കീഴടക്കിയ വിജിഗീഷുവെ പോലെ ഒ.എൻ.വിയുടെ ഇന്ദീവരത്തിൽ നിന്ന് ‌ഞാനെന്റെ അക്ഷരകലയിലേക്ക് മടങ്ങി...

യാത്രയയപ്പ് സമ്മേളനം ഏപ്രിൽ എട്ടിനായിരുന്നു. ഏഴിന് ആളുകളെ പരമാവധി നേരിൽ പോയി ക്ഷണിച്ച് രാത്രി പത്തോടെ വീട്ടിലെത്തുമ്പോൾ അവിടെ എന്റെ ഉടപ്പിറപ്പുകളെപ്പോലെയുള്ള മൂന്ന് യുവനേതാക്കൾ കാത്തിരിക്കുന്നു. മൂന്ന് പേരും പരിഭ്രാന്തരാണ്. അതിൽ സംസാരിക്കാൻ മിടുക്കനായ യുവജനനേതാവ് പറഞ്ഞു, സാർ നാളത്തെ ഒ.എൻ.വിയുടെ യാത്രയയപ്പ് സമ്മേളനം മാറ്റിവയ്ക്കണം. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, എന്തുപറ്റിയെന്ന് തുറന്ന് പറയൂ. ജില്ലാ പാർട്ടി നേതൃത്വം എതിരാണ്, അതിൽ ഞങ്ങളോട് പങ്കെടുക്കരുതെന്ന് നേരിട്ട് വിളിച്ചുപറഞ്ഞു.

ഞാൻ പാർട്ടി ജില്ലാ കമ്മിറ്റി മെമ്പറാണല്ലോ. എങ്കിലത് ആദ്യം എന്നോടാണല്ലോ തുറന്നുപറയേണ്ടത്. തന്നെയുമല്ല, ഞാനെഴുതിക്കൊടുത്ത് പാർട്ടിയിൽ നിന്ന് അംഗീകാരം വാങ്ങിയതുമാണല്ലോ. എന്നോട് സംസാരിച്ച സഖാവ് പറഞ്ഞു: നമ്മളൊക്കെ ആ എം.വി.ആർ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് നിൽക്കുകയാണ്. ആ കലി ഇപ്പോഴും അടങ്ങിയിട്ടില്ല. അതിനിടയിൽ പുതിയ ആപത്തിൽ ചെന്നുചാടുന്നത് ബുദ്ധിയല്ല. അതുകൊണ്ട് സാർ പിന്മാറണം. കൂട്ടത്തിൽ മുതിർന്ന സഖാവ് പറഞ്ഞു, നാളെ സമ്മേളനം നടന്നാൽ സാറിന്റെ പേരിൽ നടപടി വരും. അതുകൊണ്ട് ഞങ്ങളെയോർത്ത് സാറെങ്കിലും പങ്കെടുക്കരുത്. ഒ.എൻ.വി സാറിനോട് ഞങ്ങൾ പറഞ്ഞുകൊള്ളാം.

ക്ഷോഭം മനസിലടക്കി ഞാൻ പറഞ്ഞു. നിങ്ങൾക്ക് എന്നോടുള്ള സ്നേഹം നന്നായറിയാം. ഇക്കാര്യത്തിൽ ഇനി നമ്മൾ തമ്മിൽ സംസാരം വേണ്ട. ഭാവിയുള്ള ചെറുപ്പക്കാരാണ് നിങ്ങൾ. പാർട്ടി തീരുമാനം നിങ്ങളനുസരിക്കണം. നാളെ വരേണ്ട. പാർട്ടിയെന്ന് പറഞ്ഞ് ഏതെങ്കിലും വ്യക്തിക്ക് തോന്നുന്ന എന്ത് തോന്ന്യാസവും പാർട്ടി തീരുമാനമായി അംഗീകരിക്കാനെനിക്ക് ബുദ്ധിമുട്ടാണ്. പാർട്ടി നേതൃത്വം എന്നോട് നേരിട്ടോ എഴുതിയോ തന്നാൽ ഞാൻ വിട്ടുനിൽക്കാം.

പിറ്റേന്ന് സമ്മേളനത്തിലെ ഉദ്ഘാടനപ്രസംഗത്തിൽ തിരുനെല്ലൂർ കരുണാകരൻ ഒ.എൻ.വിയെ പ്രകോപിപ്പിക്കാൻ വി.എസിനും ഇ.എം.എസിനും ഒ.എൻ.വിയെപ്പറ്റി രണ്ടഭിപ്രായമെന്ന് വിമർശിച്ചു. അടിയന്തരാവസ്ഥയെ പിന്താങ്ങിയ കവിയെന്ന് വി.എസും ഒ.എൻ.വി ഇപ്പോഴും കമ്മ്യൂണിസ്റ്റ് കവിയെന്ന് ഇ.എം.എസും പറയുന്നു. മുരളിയും ഗോവിന്ദപ്പിള്ളയും ഇതിലാരുടെ കൂടെയന്നും ചോദിച്ചു. ആണും പെണ്ണും കെട്ട സി.പി.ഐ സാംസ്കാരികനയത്തിന്റെ തനിയാവർത്തനമാണ് തിരുനെല്ലൂർ നടത്തിയതെന്ന് പി.ജി അദ്ധ്യക്ഷപ്രസംഗത്തിൽ മറുപടി പറഞ്ഞു. തിരുനെല്ലൂർ എത്ര പ്രകോപിപ്പിച്ചാലും ഞാൻ പ്രകോപിതനാവില്ലെങ്കിലും ഞാൻ കമ്മ്യൂണിസ്റ്റ് തറവാട്ടിലെ ഒരംഗമാണെന്നായിരുന്നു ഒ.എൻ.വിയുടെ മറുപടിപ്രസംഗം.

എം.വി.ആർ വിഷയത്തിൽ എന്റെ മേൽ നടപടിയെടുക്കാനാവാതെ പോയ നിരാശയിൽ ജില്ലാ നേതൃത്വം യാത്രയയപ്പിലെ തിരുനെല്ലൂരിന്റെ പ്രസംഗവും കഥ എഴുതിയതിന് മണമ്പൂർ രാജൻബാബുവിനെ പിരിച്ചുവിട്ട കരുണാകരൻ സർക്കാരിനെതിരെ ഞാനെഴുതിയ സിംഹാസനങ്ങൾ എന്ന കവിതയെ പാർട്ടി സെക്രട്ടറിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വ്യാഖ്യാനിച്ചും പരാതിയുണ്ടാക്കി എന്നെ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തി.

അങ്ങനെ സി.പി.എമ്മിനകത്തെ ഉൾപ്പാർട്ടി പോരിന് പിന്നിലെ കഥകളിലേക്ക് കൂടി ഇറങ്ങിച്ചെല്ലുന്നു ഈ ഒ.എൻ.വി പുസ്തകം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PIRAPPANKODU MURALI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.