SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.36 PM IST

പ്ലസ് വൺ ; തെക്ക് വടക്ക് അസന്തുലിതാവസ്ഥ

plus-two

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ സീറ്റുകളുടെ എണ്ണക്കുറവ് കനത്ത വെല്ലുവിളിയാകുന്നു. മലബാർ മേഖലയിൽനിന്ന് ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് വ ണ്ണിന് പ്രവേശനം ലഭിക്കണമെങ്കിൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അരലക്ഷത്തിലധികം സീറ്റുകൾ വേണ്ടിവരും. മലബാറിലെ അഞ്ചു ജില്ലകളിൽ മാത്രം 60,215 സീറ്റുകളുടെ കുറവാണുള്ളത്. സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള മറ്റു സിലബസുകളിൽ പത്താം ക്ലാസ് വിജയിച്ചുവരുന്നവരെക്കൂടി പരിഗണിക്കുമ്പോൾ സീറ്റ് ക്ഷാമം ഇനിയും കൂടും. ഇതോടെ ഇഷ്ടവിഷയത്തിൽ തുടർപഠനത്തിന് അവസരം ലഭിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

2021 -2022 അക്കാഡമിക വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികളുടെ ആകെ എണ്ണം 4,21,957. നിലവിൽ കേരളത്തിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 3,61,307 പ്ലസ് വൺ സീറ്റുകൾമാത്രം. മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളാൻ പര്യാപ്തമല്ലെന്ന് മാത്രമല്ല വലിയ ശതമാനം വിദ്യാർത്ഥികൾ പുറത്തുനിൽക്കേണ്ടിവരുന്നത് സാമൂഹ്യ ദുരവസ്ഥയാണ്. മലപ്പുറം ജില്ലയിൽ മാത്രം 30,903 സീറ്റുകളുടെ കുറവാണുള്ളത്. പാലക്കാട്ട് 10132 സീറ്റും കോഴിക്കോട്ട് 8579 സീറ്റും കുറവാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലായി 9686 സീറ്റുകളുടെ കുറവുള്ളപ്പോൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ആകെ 9251 സീറ്റുകൾ കൂടുതലാണ്. പ്ലസ് വൺ പ്രവേശനത്തിൽ പതിവായി പ്രകടമാകുന്ന ഈ അസന്തുലിതാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണം. മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം തേടിയശേഷം ശാശ്വത പരിഹാരം മുന്നോട്ടു വയ്ക്കാൻ സർക്കാർ തയ്യാറാവണം.

കേരളത്തിൽ സർക്കാർ സ്കൂളുകളിൽ ആകെയുള്ളത് 1,41,050 പ്ലസ് വൺ സീറ്റുകളാണ്. എയ്ഡഡ് സ്‌കൂളുകളിൽ 1,65,100 സീറ്റുകളും അൺ എയ്ഡഡ് മേഖലയിൽ 55,157 സീറ്റുമുണ്ട്. 27,525 വി.എച്ച്.എസ്.ഇ സീറ്റുണ്ട്.

സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള മറ്റു സിലബസുകളിൽ പത്താംക്ലാസ് ജയിച്ചുവരുന്നവരും സംസ്ഥാന സിലബസിൽ സേ പരീക്ഷയെഴുതി വിജയിച്ചു വരുന്നവരെയും കൂടി പരിഗണിക്കുമ്പോൾ സീറ്റ് ക്ഷാമം രൂക്ഷമാകും. എല്ലാ വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം തേടുന്നവരല്ലെന്ന് വാദിച്ചാണ് സർക്കാർ ഇതിനെ പ്രതിരോധിക്കുന്നത്. ഐ.ടി.ഐകളിൽ 33,326 സീറ്റും പോളിടെക്നിക്കുകളിൽ 11,790 സീറ്റുമുണ്ടെന്നും സർക്കാർ പറയുന്നു.

അധികസീറ്റ് വേണ്ട,

പുതിയ ബാച്ച് മതി

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാനായി വിദ്യാഭ്യാസ മന്ത്രി മുന്നോട്ട് വയ്ക്കുന്നത് അധിക സീറ്റ് അനുവദിക്കാമെന്ന വാഗ്‌ദാനമാണ്. എന്നാൽ അതുകൊണ്ട് മാത്രം ഇൗ പ്രശ്നത്തിന് പരിഹാരമാവില്ല. മെറിറ്റ് സീറ്റ് പരിഗണിച്ചാൽ ഈ വർഷം മലപ്പുറത്തു മാത്രം മുപ്പതിനായിരത്തിലധികം സീറ്റുകളുടെ കുറവ് വരും. മലപ്പുറത്ത് ഈ വർഷം എസ്.എസ്.എൽസി വിജയിച്ച കുട്ടികളുടെ എണ്ണം 77691. ആകെയുള്ള മെറിറ്റ് സീറ്റ് 46750. കുറവ് 30903.
പാലക്കാടും കോഴിക്കോടും പതിനായിരത്തിലധികം സീറ്റുകളുടെ കുറവുണ്ട്. പാലക്കാട് ആകെ വിജയിച്ചവരുടെ എണ്ണം 38955. മെറിറ്റ് സീറ്റുകളുടെ എണ്ണം 28823, കുറവ് 10132. ഇത്തവണ കോഴിക്കോട് ജില്ലയിൽ പത്താംക്ലാസ് വിജയിച്ചവരുടെ എണ്ണം 43496. ജില്ലയിൽ ആകെയുള്ള മെറിറ്റ് സീറ്റ് 34917, കുറവ് 8579.

ഓരോ വർഷവും ഉണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാനുള്ള ഏക വഴി മലബാർ ജില്ലകളിൽ സ്ഥിരമായി അധികസീറ്റ് അനുവദിക്കുകയാണ്. സീറ്റ് അനുവദിക്കുന്നത് വൈകുന്തോറും വിദ്യാർത്ഥികൾ സ്വകാര്യ സ്ഥാപനങ്ങളെയും ഓപ്പൺ സ്‌കൂളുകളെയും ആശ്രയിക്കേണ്ട അവസ്ഥയിലാകും. എല്ലാ വർഷവും ഉണ്ടാകുന്ന ഈ അനിശ്ചിതത്വം മലബാർ മേഖലയിലെ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നെന്ന് വിദഗ്ധർ പറയുന്നു.

കഴിഞ്ഞവർഷവും സീറ്റ് വർദ്ധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. അത് ശാശ്വത പരിഹാരമല്ലെന്നതാണ് യാഥാർത്ഥ്യം. 50 വിദ്യാർത്ഥികൾ പഠിക്കേണ്ട ക്ലാസ് മുറികളിൽ 65ഉം അതിന് മുകളിലും വിദ്യാർത്ഥികൾ ഇരുന്ന് പഠിക്കേണ്ട സാഹചര്യമാണുള്ളത്. ഇതിനനുസരിച്ചു ലാബ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക വലിയ കടമ്പയാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക ഹയർ സെക്കൻഡറി സ്‌കൂളുകളും പ്രവർത്തിക്കുന്നതു നിലവിലുള്ള ഹൈസ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം ഉപയോഗിച്ചാണ്. അതുതന്നെയാണ് ഈ വർഷവും സംഭവിക്കാൻ പോകുന്നത്. താത്കാലിക ബാച്ചുകളോ കേവലം സീറ്റ് വർദ്ധനയോ അല്ല ഈ പ്രശ്നത്തിന് പരിഹാരം. മറിച്ച് മതിയായ അടിസ്ഥാന സൗകര്യം ഉറപ്പാക്കിക്കൊണ്ട് പുതിയ ബാച്ചുകൾ അനുവദിക്കണം.

എ പ്ലസുകാർ കുറഞ്ഞു

ഇഷ്ടവിഷയം കിട്ടുമെന്ന പ്രതീക്ഷയിൽ വിദ്യാർത്ഥികൾ

30 ശതമാനം മാർജിനൽ സീറ്റുകളും 79 അഡീഷണൽ ബാച്ചുകളും അനുവദിച്ചാണ് കഴിഞ്ഞവർഷം കേരളത്തിൽ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കിയത്. കഴിഞ്ഞ തവണ സമ്പൂർണ എ പ്ലസ് നേടിയവരുടെ എണ്ണവും കൂടുതലായതിനാൽ പലർക്കും ഇഷ്ടപ്പെട്ട സ്‌കൂളുകളിൽ ഇഷ്ടപ്പെട്ട ബാച്ചുകൾ ലഭിച്ചില്ലെന്നും പരാതികളുണ്ടായി.

എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയശതമാനം കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും 99 നു മുകളിലായെങ്കിലും എ.പ്ലസ് വിജയം നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അതിനാൽ കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള കോമ്പിനേഷൻ തിരഞ്ഞെടുത്ത് പഠിക്കാനുമുള്ള അവസരം ലഭിക്കുമെന്ന ആശ്വാസമുണ്ട്.

താത്‌കാലിക പരിഹാരമെന്ന നിലയിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്ന് അദ്ധ്യാപകർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. സീറ്റ് കൂട്ടുകയല്ല, ബാച്ചുകളുടെ എണ്ണം കൂട്ടുകയാണു പരിഹാരമെന്നും ഇവർ പറയുന്നു.

ആദ്യ റൗണ്ടുകളിലെ അലോട്ട്മെന്റുകൾക്കുശേഷം, താത്‌കാലികമായി സീറ്റ് കൂട്ടുകയെന്ന പതിവു കീഴ്‌വഴക്കങ്ങൾക്കും അപ്പുറം ശാശ്വത പരിഹാരം നിർദ്ദേശിക്കാൻ സർക്കാരിന് കഴിയണം. സീറ്റ് കൂടുതലുള്ള ജില്ലകളിൽനിന്നു കുറവുള്ള ജില്ലകളിലേക്കുള്ള സീറ്റ് / ബാച്ച് പുനഃക്രമീകരണം നടപ്പാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUS ONE SEATS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.